Image

അതിര്‍ത്തിപ്രശ്‌നത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി, ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

Published on 03 April, 2020
അതിര്‍ത്തിപ്രശ്‌നത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി, ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡല്‍ഹി: അതിര്‍ത്തി റോഡുകള്‍ തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തളളി. 


കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി, ഇരുസംസ്ഥാനങ്ങളും രമ്യമായി പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. ഇതിനായി ഇരുസംസ്ഥാനങ്ങളും പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.


കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിലുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണം.


 കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായുളള സമിതിക്കാണ് രൂപം നല്‍കേണ്ടത്. ഇതില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കണം.


 സമിതിയുടെ തീരുമാനം കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച അറിയിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടി വരുമെന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.


ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹര്‍ജി പരിഗണിച്ചത്. അതിര്‍ത്തി വഴി അവശ്യസര്‍വീസുകളും ചരക്കു നീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹര്‍ജി നല്‍കിയത്.


ആംബുലന്‍സുകള്‍ ഉള്‍പ്പടെ അത്യാവശ്യ വാഹനങ്ങള്‍ പോലും അതിര്‍ത്തി കടന്നുപോകാന്‍ കര്‍ണാടക അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയെ സമീപിച്ചത്.


രോഗികള്‍ക്കായി കാസര്‍കോട് മംഗളൂരു ദേശീയപാത തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 


അതിര്‍ത്തി വഴി ഗതാഗതം പുനസ്ഥാപിച്ചാല്‍ കര്‍ണാടക അതിര്‍ത്തിയിലുള്ളവര്‍ക്ക് അത് ഭീഷണിയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് കര്‍ണാടകം ആവശ്യപ്പെട്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക