Image

സോഷ്യൽ ഡിസ്റ്റൻസിങ് (ഷാജു ജോൺ)

Published on 04 April, 2020
സോഷ്യൽ ഡിസ്റ്റൻസിങ് (ഷാജു ജോൺ)
ഇരുണ്ട ഇടനാഴിയിലൂടെ അയാൾ ഓടുകയാണ് ...മുന്നിൽ കൂരാകൂരിരുട്ട്  . എന്തൊക്കെയോ തട്ടിമറിഞ്ഞു വീഴുന്നു .പിറകിൽ പന്തുപോലെ ഉരുണ്ട എന്തോ പാഞ്ഞടുക്കുന്നു   മുള്ളൻപന്നിയുടെ  മുള്ളുകൾ പോലെ അതിന്റെ ഉരുണ്ട പ്രതലത്തിൽ നിന്നും പച്ച നിറമുള്ള രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. കൊടുങ്കാറ്റിന്റെ വേഗത്തിൽ അത് തന്നെ പിന്തുടരുകയാണ്......... .അയാൾ തിരിഞ്ഞു നോക്കി ..ഒന്നും കാണാൻ വയ്യെങ്കിലും ഇരുട്ടിൽ ആ ഗോളകത്തിന്റെ പച്ചരോമങ്ങൾ വെട്ടിത്തിളങ്ങി ,അവക്ക്  നീളം വച്ച്  ആനയുടെ തുമ്പിക്കൈയുടെ അഗ്രം പോലെ ആയി . അവ  അയാളെ  വലിച്ചെടുക്കാൻ നോക്കുന്നു ................. ..മുന്നിലേക്ക്  ഒടുന്തോറും  പിന്നിലേക്കുള്ള വലിയുടെ ശക്തി കൂടുന്നു ....ഠക്ക് .... പച്ചരോമങ്ങൾ അയാളെ തുമ്പിക്കൈ ദ്വാരത്തിലൂടെ  വലിച്ചകത്തേക്കു കയറ്റുന്നു  ....

അയ്യോ ..കൊറോണ ...കൊറോണ  .................

സോഫയിൽ കിടന്ന പയ്യൻസ് താഴെ വീഴുന്ന ശബ്ദം കേട്ടാണ് കുടുംബം ഒറ്റകെട്ടായി  പയ്യന്സിന്റെ അരികിൽ എത്തിയത് 

"എന്താ മനുഷ്യാ ....നിങ്ങളിങ്ങനെ അലറുന്നത് ...."പയ്യത്തിയുടെ പരിഹാസ ശബ്ദമാണ് പയ്യന്സിനെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചത് . കൂടെ   കുമാരിയുടെയും കോമളന്റെയും ചിരി കൂടി ആയപ്പോൾ പയ്യൻസ് അറിയാതെ  ചൂളിപ്പോയി. ഉച്ചയുറക്കം ഒരു ശീലമായിരുന്നില്ല , വാരാന്ത്യങ്ങളിൽ മാത്രം ഉണ്ടായിരുന്ന ആ സ്വഭാവം , പക്ഷെ  'സ്റ്റേ അറ്റ്  ഹോം' പോളിസി മൂലം മറ്റു  ദിവസങ്ങളിലേക്ക് കുടി പടർന്നു പിടിച്ചു ,ഏതാണ്ടൊരു വൈറസ് പോലെ തന്നെ! 

 ഉറക്കമില്ലാത്ത ഫോണിൽ  മെസേജുകൾ വന്നു നിറഞ്ഞു കൊണ്ടിരുന്നു  ... . 'കൊറോണ'  'കോവിഡ് ' എന്നീ വാക്കുകളില്ലാതെ ഒരു മെസ്സേജും കടന്നു  പോകുന്നില്ല. മെസ്സേജുകളുടെ ആധിക്യം മൂലം ഫോൺ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി  .'നിന്റെ സ്റ്റോറേജ് തീർന്നു ..ഇനി വേണേൽ ഡോളർ അടക്കണം. അല്ലെങ്കിൽ ഞാൻ സ്വയം  ലോക്ക് ഡൌൺ ആകും'. പയ്യന്സിന്റെ മാത്രം അവസ്ഥയായിരുന്നില്ല അത്, കുടുംബത്തിലെ എല്ലാവരുടെയും  ഫോണുകളിൽ നിന്ന് ആ ഭീഷണി ഉയർന്നുകൊണ്ടിരുന്നു  .അവയിൽ നിന്നെല്ലാം   ണീം ..ണീം....ബും ....ബോം   പീ ..ഫു ...എനിക്കിങ്ങനെ വിവിധ  മണിശബ്ദങ്ങൾ ഇടവിടാതെ വന്നുകൊണ്ടിരുന്നു. കോമളന്റെ ഫോണിലെ ശബ്ദം മാത്രം പുതുമയുള്ളതായിരുന്നു, ഒരു തരം കൊലച്ചിരി ശബ്ദം  .....കൊറോണയുടെ ശബ്ദമാണത്രെ !

"അമേരിക്കയിൽ മരണം രണ്ടായിരം  കടന്നു ......." മെസ്സേജുകൾ വായിക്കുന്നതിനിടയിൽ പയ്യത്തി അറിയാതെ നെടുവീർപ്പിട്ടുകൊണ്ടിരുന്നു  

" നീ ഇങ്ങനെ നെടുവീർപ്പുകൾ  ഭക്ഷണമാക്കാതെ !...... മരണത്തെ കുറിച്ച് മാത്രമേ ചിന്തയുള്ളോ ?,കൊറോണയെ പിടിച്ചു കെട്ടിയ മനുഷ്യരുടെ കഥകൾ കുടി വായിക്കൂ ......." ഒരു ഉപദേശമെന്നോണം പയ്യൻസ് പറഞ്ഞു 

"നെടുവീർപ്പു ഭക്ഷണമാക്കിയ മനുഷ്യർ .." അതെവിടെയോ കേട്ടിട്ടുണ്ടല്ലോ, എന്തായാലും നിങ്ങളുടെ മനസ്സിൽ നിന്ന് വന്നതല്ല 

"കൂടുതൽ തപ്പേണ്ട .....ബൈബിളിലെ ഈയോബിന്റെ പുസ്തകം വായിച്ചാൽ മതി ,ഇപ്പോൾ വായിക്കാൻ പറ്റിയ സമയമാ .." പയ്യൻസ് പറഞ്ഞു  
 
"ങ്ങും ...." വീണ്ടും ഒരു നെടുവീർപ്പ് തന്നെ ആയിരുന്നു ഉത്തരം 

"എന്തൊരു ലോകാല്ലേ  .. ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ മേഖലയുള്ള അമേരിക്കയിൽ മരണം  രണ്ടായിരം കടന്നു  ..ആരോട് പരിതപിക്കാൻ ..നമുക്ക് കിട്ടിയ ഒരുക്ക ദിവസങ്ങൾ വെറുതെ അലംഭാവപ്പെട്ടു പോയില്ലേ .."പയ്യത്തി വീണ്ടും ആരോടെന്നില്ലാതെ പറഞ്ഞു .

"ഭയപ്പെടേണ്ട ..ഇപ്പൊ ഗവൺമെന്റ് ഉണർന്നു പ്രവർത്തിക്കുന്നുണ്ട് ..അമേരിക്കയെ തോൽപ്പിക്കാനാവില്ല മക്കളെ ...." പയ്യൻസ് ഒരു സിനിമ ഡയലോഗ് തട്ടി വിട്ടു 

"ദേ  നോക്കിക്കേ ..നേഴ്‌സുമാർ ട്രാഷ് ബാഗ് തുളച്ചു ഗൗൺ ആക്കിയിട്ടു ജോലി ചെയ്യുന്നു ...ആവശ്യത്തിന് പി പി ഇ ഇല്ലാതെ എങ്ങനെ ജോലി ചെയ്യും ..ഇത്രയും അഡ്വാൻസ് ആയ രാജ്യത്ത് ..." പയ്യത്തി പുതിയ പുതിയ മെസ്സേജുകൾ തോണ്ടുന്നതിനിടയിൽ പറഞ്ഞു  

"അതിനു നിങ്ങൾ മാലാഖമാർ ആണ് എന്നല്ലേ പറയുന്നത് ...മാലാഖാമാർക്കു രോഗം വരില്ല "  രംഗം തണുപ്പിക്കാൻ പയ്യൻസ് പറഞ്ഞു 

"എന്തൊക്കെ പറഞ്ഞാലും നമ്മുടെ കൊച്ചുകേരളത്തിൽ ഗവണ്മെന്റ് ചെയ്യുന്നത് കണ്ടോ ..എത്ര നന്നായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ...." പയ്യത്തി ശൈലജ ടീച്ചറുടെ ഫോട്ടോ സ്ക്രോൾ ചെയ്യുന്നതിനിടയിൽ പറഞ്ഞു 

" ഇവിടെ അതൊന്നും പറ്റാഞ്ഞിട്ടല്ല .......എക്കണോമി അഥവാ സാമ്പത്തികം  എന്ന ഒരു കൺസപ്റ് ഉണ്ട് ...ഇവിടെ എല്ലാം ഡോളറിന്റെ തിളക്കത്തിൽ ആണ് വിചാരണ ചെയ്യപ്പെടുന്നത്  " പയ്യൻസ് പറഞ്ഞു 

"മനുഷ്യർ ഇല്ലെങ്കിൽ പിന്നെ സമ്പത്ത് എന്തിനു ?" പയ്യത്തിയുടെ ചോദ്യം ന്യായമാണ് എന്ന് തോന്നി 

കഴിഞ്ഞ ദിവസം ഒരാളുടെ പ്രസംഗം കേട്ടില്ലേ ....'ഞാനുൾപ്പടെ ഉള്ള അപ്പൂപ്പന്മാർ മരിച്ചുവീഴട്ടെ  .....എന്നാലും ഏക്കണോമി  തകരല്ലേ എന്ന് ... 'അതാണ് അമേരിക്ക പയ്യൻസ് മറുപടി പറഞ്ഞു. 

" പിന്നെ അതിനു അങ്ങേരു സ്വന്തമായി ഒരു ഹോസ്പിറ്റൽ തന്നെ  അയാളുടെ  വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ടാകും ...." പയ്യത്തി തന്റെ അസഹ്യത വെളിപ്പെടുത്തി പറഞ്ഞു 

"എപ്പോഴും  നെഗറ്റീവ് ചിന്താഗതികളുമായി ഇരിക്കാതെ പുറത്തേക്കു നോക്ക് ...ഇവിടെ വേനൽ  പിറന്നിരിക്കുന്നു ...പുല്ലുകൾ പച്ചപ്പ്‌ പുതച്ച തുടങ്ങുന്നു ....മരങ്ങൾ പൂക്കാനും കായ്ക്കാനും  തുടങ്ങുന്നു.....പുറത്തേക്കു നോക്ക് .....നാലുമണി സൂര്യന്റെ പ്രകാശത്തിനു എന്തൊരു ഭംഗി എന്ന്  ..." പയ്യൻസ് ഒരു കവിഹൃദയത്തോടെ പയ്യത്തിയോട്  പറഞ്ഞു

"നിങ്ങള്ക്ക് അത് പറയാം നെഞ്ചിൽ നെരിപ്പോടുമായിട്ടാണ്  ഞങ്ങൾ ഹോസ്പിറ്റൽ സ്റ്റാഫ്  നടക്കുന്നത് ..ജീവഭയം എല്ലാവർക്കുമില്ലേ ?"   പയ്യത്തിക്കു ആ സാഹിത്യം ആസ്വദിക്കാനുള്ള മനസ്സ്  വന്നില്ല. .

"പുറത്ത് നല്ല സുഖമുള്ള ചൂട്  ..ഞാൻ ഒന്ന് നടന്നിട്ടു വരട്ടെ ...." പയ്യൻസ് വിഷയം മാറ്റാൻ മറ്റൊരു   ശ്രമം നടത്തി  

"ദേ മനുഷ്യാ ..കുറച്ചു ഉള്ളി വാങ്ങിച്ചോണ്ടുവാ  .....ഇവിടെ ഒരൊറ്റ  ഉള്ളി പോലും ഇല്ല....." ആ ശ്രമം വിജയിച്ചു പയ്യത്തിയുടെ ആലോചന അടുക്കള കാര്യങ്ങളിലേക്ക് മടങ്ങി 
 
"പിന്നെ ..ഇവിടെ കടകൾ മുഴുവനും അടഞ്ഞു കിടക്കുവാ .. ഇൻ സ്റ്റേ ഹോം ഓർഡർ ....പുറത്തിരണരുതെന്നാ  ..എന്നിട്ടാ  ഒരു ഉള്ളി " കടയിൽ പോകാനുള്ള മടി കൊണ്ട് പയ്യൻസ് പറഞ്ഞു 

"എന്നാ  ഞാൻ ഉള്ളി ഇല്ലാതെ കറി  വക്കും ...." ഒരു ഭീഷണി എന്നോണം പയ്യത്തി പറഞ്ഞു 

"മനുഷ്യൻ ഉള്ളി കൊണ്ട് മാത്രമല്ല ജീവിക്കുന്നത് പ്രിയേ ....." മയപ്പെടുത്തനായി പയ്യൻസ് ബൈബിൾ വചനത്തെ കുട്ടു പിടിച്ചു. 

"ദേ മനുഷ്യാ ..എന്നോട് കിന്നരിച്ചാലുണ്ടല്ലോ ..." പയ്യത്തി പക്ഷെ മുഴുവനും പറഞ്ഞില്ല 

"നീ എന്നാ വേണേലും ചെയ്യ് ..എനിക്കിപ്പോ കടേൽ പോവാൻ വയ്യ ......" ശൈലി മാറ്റി ദേഷ്യത്തിൽ പയ്യൻസ്  പറഞ്ഞു .

പയ്യത്തിയുടെ  മുഖത്തെ ദേഷ്യം  കണ്ടതായി ഭാവിക്കാതെ പയ്യൻസ് പുറത്തേക്കിറങ്ങി. .തണുപ്പിൽ  നിന്ന് മോചനം നേടിയ മരങ്ങൾക്ക് ഇലകൾ വരാൻ തുടങ്ങിയിരിക്കുന്നു ..തെളിമയാർന്ന  വേനലിന്റെ ആദ്യ ദിവസ്സം.  ധാരാളം ആളുകൾ സായാഹ്ന സവാരിക്കിറങ്ങിയിട്ടുണ്ട്. .കുടുതലും മദാമ്മമാരും പട്ടികളും ആണ് .സ്വാതന്ത്ര്യം കിട്ടിയ പോലെ പട്ടികൾ മദാമ്മമാരോട് അനുസരണക്കേടു കാണിച്ചു നാലുവഴിക്കുമായിട്ടാണ് ഓടുന്നത് ..

കുറച്ചു നടന്നു കഴിഞ്ഞപ്പോൾ പതുക്കെ വിയർക്കാൻ തുടങ്ങി .അടുത്ത് കണ്ട വീടിന്റെ മുന്നിലെ ഓക്കുമരചുവട്ടിൽ അല്പം വിശ്രമിക്കാം എന്ന് കരുതി അവരുടെ യാർഡിലേക്കു കയറി .പെട്ടെന്നാണ് മലയാളിയായ പാലാക്കാരൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത് , അതേ അവസ്ഥയിൽ നടത്തത്തിന് അല്പം വിശ്രമം കൊടുക്കാൻ തണൽ തേടി എത്തിയതാണ് പാലക്കാരനും ..

"എടാ ഉവ്വേ , ...വീട്ടിലിരി ..എന്ന് പറഞ്ഞിട്ട് നടപ്പാണോ ..." പയ്യൻസ് പാലാക്കാരനെ അഭിവാദ്യം ചെയ്തു 

"അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് ...." പാലാക്കാരൻ പ്രത്യാഭിവാദ്യം ചെയ്തു 

"എന്നാ പറയാനാ എത്ര നേരമാ ഇങ്ങനെ ഭാര്യേടെ മുഖോം നോക്കിയിരിക്കണേ ....."പയ്യൻസ് പറഞ്ഞു 

"അകത്ത് ഭാര്യ ..പുറത്ത് കൊറോണ ..എന്നാ ചെയ്യാനാ ?"പാലാക്കാരൻ തന്റെ പതിവ് ശൈലിയിൽ തന്നെ മറുപടി പറഞ്ഞു 

" അല്ല സാധാരണ ഇണക്കുരുവികളെ പോലെ ഭാര്യകൂടെ ഉണ്ടാകാറുണ്ടല്ലോ   .....ഇന്നെന്നാ തനിച്ച ഒള്ളോ ...?" പയ്യൻസ് ചോദിച്ചു 

"ഓ എന്ന പറയാനാ ......കൊറോണ കാരണം ഓഫ് പോലും കൊടുക്കുന്നില്ല  ഭാര്യക്ക് ജോലി ആണ് ..." ആരോടൊക്കെയോ ഉള്ള പരിഭവം ഉള്ളിൽ ഒളിപ്പിച്ചു പാലാക്കാരൻ പറഞ്ഞു 

"ഇപ്പോൾ ആരെയും കാണാൻ കിട്ടണില്ല ..പള്ളീൽ പോകാത്ത കാരണം ഞായറാഴ്ച ആണെന്ന് പോലും തോന്നണില്ല ..എന്തൊരു  കാലം " പയ്യൻസ് നട്ടുവർത്തമാനം തുടങ്ങി 

" ആകെ ഒരു മൂകത അല്ലെ ?" പാലക്കാരനും പ്രതിവചിച്ചു 

പെട്ടെന്നാണ് ഒരു പോലീസ് കാറു വന്നു നിന്നത്. കാറിൽ നിന്നും കറുത്ത കണ്ണട വച്ച ഒത്ത ശരീരമുള്ള ഒരു  പോലീസ് ഓഫീസർ  ഇറങ്ങി വന്നു.  ഒരു മെക്സിക്കൻ  ശരീരഭാഷയുള്ള ഓഫീസർ ,പക്ഷെ കൂടുതൽ അടുക്കുന്തോറും മലയാളിയെപ്പോലെ തോന്നി.

"കേട്ടോടാവേ  ...ഇവിടെ പോലീസിൽ നമ്മുടെ  ഒരു മലയാളി ഉണ്ടെന്നു പറഞ്ഞു കേട്ടാർന്നു .അയാളാണിതെന്നു തോന്നുന്നു " പോലീസ് ഓഫീസർ  അടുത്ത് വരുന്നതിനിടയിൽ പാലാക്കാരൻ പറഞ്ഞു 

"ഹായ് ഗയ്‌സ് ..ഹൌ ആർ യു ...? ചിരിച്ചുകൊണ്ട് ഓഫീസര്  അഭിവാദ്യം ചെയ്തു .

"ഗുഡ് ..ഗുഡ് ." .പാലക്കാരനും പയ്യൻസും  ഒരേ സ്വരത്തിൽ പ്രത്യഭിവാദ്യം നടത്തി . 

"മലയാളികൾ ആണല്ലേ ..വൈകിട്ട് നടക്കാൻ ഇറങ്ങിയതായിരിക്കും  .." അമേരിക്കൻ പോലീസിൽ നിന്ന്  ശുദ്ധമലയാളത്തിൽ  ഇങ്ങനെ  കേട്ടപ്പോൾ പയ്യൻസ് ആപാദചൂഡം കോരിത്തരിച്ചു പോയി. 

"അതെ ...അതെ ...സാറും   മലയാളി ആണല്ലേ......,  ഒരു മലയാളി പോലീസ് ഓഫിസർ ഉണ്ടെന്നു ഞങ്ങളും കേട്ടാരുന്നു  ?' പയ്യൻസ് ഭവ്യതയോടെ പറഞ്ഞു 

"യാ ...." ഓഫീസർ  പതുക്കെ അമേരിക്കകാരനായി 

"എന്താ പേര്? " പോലീസ് ഓഫീസർ രണ്ടു പേരോടുമായി  ചോദിച്ചു 

"ഞാൻ പയ്യൻസ് ..ഇത് പാലാക്കാരൻ " ഒരു സൗഹൃദസംഭാഷണം ആരംഭിക്കും പോലെ പയ്യൻസ് തുടങ്ങി 

"നിങ്ങൾ ഫാമിലി മെംബേർസ് ആണോ ?"  ഓഫിസറുടെ മറുപടി ചോദ്യത്തിലൂടെ ആയിരുന്നു 

"അല്ല ...പക്ഷെ മോർ ദാൻ എ ഫാമിലി " പാലാക്കാരൻ പയ്യൻസിനോട് കൂടുതൽ ചേർന്ന് നിന്ന് പറഞ്ഞു 

"അപ്പോൾ നിങ്ങൾ ഒരു വീട്ടിൽ താമസിക്കുന്നവരല്ല " ഓഫീസറുടെ  മുഖം മാറാൻ തുടങ്ങി 

"അല്ല " എന്തോ പ്രശ്നമുണ്ടല്ലോ എന്ന് മനസ്സിൽ കരുതി  പയ്യൻസ് മറുപടി പറഞ്ഞു 

"ഇവിടെ നമ്മുടെ കൗണ്ടിയിൽ  സ്റ്റേ അറ്റ്  ഹോം ഓർഡർ ആണ് എന്നറിയാല്ലോ അല്ലെ ? " പോലീസ് ഓഫീസറുടെ മുഖത്ത് ഗൗരവ  ഭാവം കൈവന്നു 

"അറിയാം ..എത്ര നേരമാ അകത്തിരിക്കുന്നത് .." ഒരു സാമാന്യ വൽക്കരണ ചോദ്യം പയ്യൻസ് തൊടുത്തതു വിട്ടു 

"അകത്ത് ഭാര്യ ..പുറത്ത് കൊറോണ " പാലാക്കാരൻ വീണ്ടും ആ തമാശ ഡയലോഗ് ആവർത്തിച്ചു  . 

പട്ടിയുമായി 'ഹായ് ഗയ്‌സ്' എന്ന് പറഞ്ഞു കൈ കാണിച്ചു നടന്നു പോകുന്ന സായിപ്പിനെ ചൂണ്ടികാണിച്ചു കൊണ്ട് പയ്യൻസ് പറഞ്ഞു, "ദേ  നോക്കിയേ .....അകത്തിരുന്നു എല്ലാവരും മടുത്തു "

"ഉം ..ഓക്കേ  .. നടക്കുന്നത് കൊള്ളാം , സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ  പറ്റി അറിയാല്ലോ അല്ലെ ? പോലീസ് ഓഫീസർ  ഗൗരവം വിടാതെ തന്നെ ചോദിച്ചു 

'അതേതു സിങ് .............' എന്ന സോഷ്യൽ മീഡിയയിലെ തമാശ ചോദ്യമാണ് ഉന്നയിക്കാൻ  തോന്നിയത് .പക്ഷെ ഗൗരവംനിറഞ്ഞ പോലീസുകാരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ 'അറിയാം സാർ...........'  എന്നേ  പറയാൻ കഴിഞ്ഞുള്ളു . 

"നമ്മൾ  എത്ര ദുരംമാണ്  പരസ്പരം  പാലിക്കേണ്ടത്  ?" വീണ്ടും ഓഫീസറിൽ  നിന്ന് ചോദ്യമുയർന്നു 

"ആറടി ....അല്ലെ ..?" ഒരു സംശയഭാവത്തിൽ പാലാക്കാരൻ പറഞ്ഞു 

"സംശയം വേണ്ട ആറടി തന്നെ .....നോക്കൂ ഞാനും നിങ്ങളുമായി ആറടിയിൽ കൂടുതൽ  അകലം പാലിച്ചിരുന്നു " പോലീസ് ഓഫീസർ  കൈകൾ നീട്ടി പിടിച്ചു അളക്കും പോലെ ഉത്തരം പറഞ്ഞു 

"നിങ്ങൾ തമ്മിലുള്ള ദുരമെത്ര ?" വീണ്ടും ഓഫീസറിൽ നിന്ന്  ചോദ്യം 

"ആറടി ഇല്ലേ...?" പയ്യൻസിനോട് ചേർന്ന് നിന്ന പാലാക്കാരൻ കുറച്ചു കുടി ദൂരം പാലിക്കാൻ ശ്രമിച്ചു കൊണ്ട്  ചോദിച്ചു  

" ഇല്ല ...നാലടിയിൽ താഴയേ ഉള്ളു "  ദുരം അളന്ന കണ്ണുകളുമായി പോലീസ് ഓഫീസർ  പറഞ്ഞു 

"കയ്യിൽ ഐ ഡി ഉണ്ടോ ? രണ്ടു പേരോടുമായി ഓഫീസർ  ചോദിച്ചു 

മണി പേഴ്‌സും, ലൈസൻസും സാധാരണ പയ്യൻസ് കൊണ്ട് നടക്കാറില്ല പക്ഷെ ഇന്നെന്തുകൊണ്ടോ അവ പോക്കറ്റിൽ ഉണ്ടായിരുന്നു .ചെറിയ ഒരു വിറയലോടെ അതെടുത്ത് പോലീസ് ഓഫീസർക്ക്  കൊടുത്തു  

'ഓക്കേ വെയ്റ്റ് ഹീയർ ' എന്ന് പറഞ്ഞു പോലീസ് ഓഫീസർ  തിരികെ കാറിലേക്ക് നടന്നു കുറച്ചു നേരം കാറിലെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ കുത്തികുറിച്ചു. പയ്യൻസും പാലക്കാരനും കഥയറിയാതെ പരസ്പരം മിഴിച്ചു നോക്കിക്കൊണ്ടിരുന്നു .അല്പസമയത്തിനു ശേഷം  ഒരു തുണ്ടു കടലാസുമായി ഓഫീസർ  മടങ്ങി വന്നു 

" നിയമം ലംഘിച്ചതിന്  നിങ്ങൾക്ക് ടിക്കറ്റ് നൽകേണ്ടിയിരിക്കുന്നു ...  ..  ....." ഒരു തുണ്ടു കടലാസ്സ് അയാൾ പയ്യന്സിനു നേരെ  നീട്ടി 

"താങ്കളുടെ ഐ ഡി ..?" പാലക്കാരനെ നോക്കി ഓഫീസർ  ചോദിച്ചു 

"വീട്ടിലാ ..നടക്കാനിറങ്ങിയതുകൊണ്ട്  എടുത്തില്ല  ...." കാറ്റ് പോയ്‌ക്കൊണ്ടിരിക്കുന്ന  ബലൂണിൽ നിന്ന് വരുന്ന ശബ്ദം പോലെ പാലാക്കാരൻ പറഞ്ഞു 

"അഡ്രസ് പറയു ....." ഗൗരവം വിടാതെ പാലക്കാരനെ നോക്കിക്കൊണ്ടു തന്നെ പോലീസ് ഓഫീസർ  പറഞ്ഞു 

സോഷ്യൽ ഡിസ്റ്റൻസ്  പാലിച്ചു  അഡ്രസ്  പറഞ്ഞു കൊടുക്കുന്നതിനിടയിൽ പാലാക്കാരൻ ഓടാതെ തന്നെ വിയർത്തു കുളിച്ചിരുന്നു  

"നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊള്ളൂ ...ഞാൻ അങ്ങോട്ട് വരാം .." ഔദാര്യ പൂർവം പോലീസ് ഓഫീസർ തിരിഞ്ഞു നടന്നു പോലീസ് കാറിലേക്ക് കയറി  

കയ്യിൽ കിട്ടിയ ടിക്കറ്റുമായി  പയ്യൻസ് വീട്ടിലേക്കു കയറുമ്പോൾ പാലാക്കാരൻ വിഷണ്ണനായി തിരിഞ്ഞു നോക്കി ,തിരിഞ്ഞു നോക്കി നടന്നു പോകുന്നത് കാണാമായിരുന്നു 

വീടിന്റെ വാതിൽ തുറക്കുന്നതിനു മുൻപ് ടിക്കറ്റിലേക്കു ഒന്ന് കുടി പാളി നോക്കി ' ..ദൈവമേ ....നാനൂറു ഡോളർ പിഴ .. ഹോ ...ഉള്ളി മേടിക്കാൻ പോയാൽ മതിയായിരുന്നു ..."  മനസ്സിൽ പയ്യത്തിയുടെ പരിഹാസ ചിരി ഓർത്തു കൊണ്ട് പയ്യൻസ് വീടിന്റെ അകത്തേക്ക് കയറി . അവിടെ പയ്യൻസ് കുടുംബം മൊത്തമായി നാട്ടിലെ പോലീസുകാർ   ആൾക്കാരെ ഏത്തമിടീച്ചു ബോധവൽക്കരിക്കുന്ന  വിഡിയോ കണ്ട്  ആർത്തു ചിരിക്കുകയായിരുന്നു. 

"ഇത്രയൊക്കെ പറഞ്ഞിട്ടും ആൾക്കാർക്ക് എന്താ മനസിലാകാത്തത് ....മനുഷ്യർ കൂട്ടം കൂടാൻ പാടില്ല എന്നും ,പരസ്പരം ആറടിയെങ്കിലും അകലം പാലിച്ചേ നടക്കാവൂ എന്നും  എത്ര തവണ ആ ടീച്ചറമ്മ പറഞ്ഞിരിക്കുന്നു ..." കൂട്ടചിരികൾക്കിടയിൽ പയ്യത്തി പറയുന്നുണ്ടായിരുന്നു .

'ഓ ..ഞാനീ നാട്ടുകാരനല്ല ,മാവിലായിക്കാരനാണ് ....' .എന്ന ഭാവത്തിൽ പയ്യൻസ് ബെഡ്റൂമിലേക്ക് നടന്നു . ചിരിയുടെ അലകൾ   അപ്പോഴും ലിവിങ് റൂമിൽ അലയടിക്കുന്നുണ്ടായിരുന്നു .
സോഷ്യൽ ഡിസ്റ്റൻസിങ് (ഷാജു ജോൺ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക