Image

കോഴിക്കോട്ടും, തൃശൂരും 'അജ്ഞാത രൂപം', പോലീസിനു തലവേദനയായി പരാതികള്‍

Published on 04 April, 2020
കോഴിക്കോട്ടും, തൃശൂരും 'അജ്ഞാത രൂപം', പോലീസിനു തലവേദനയായി പരാതികള്‍
തൃശൂര്‍: കേരളത്തെ ആശങ്കയിലും അതിശയത്തിലുമാഴ്ത്തി 'അജ്ഞാത രൂപം' എന്ന അഭ്യൂഹം വ്യാപിക്കുകയാണ്. രാത്രിയില്‍ വീട്ടുപരിസരങ്ങളില്‍ അജ്ഞാത രൂപം ഇറങ്ങുന്നുവെന്ന പ്രചാരണമാണ് കേരളത്തിന്‍െറ പല പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സ്പ്രിങ് ഘടിപ്പിച്ച കാലുമായി കുന്ദംകുളത്തുനിന്ന് 'ചാടിത്തുടങ്ങിയ' അജ്ഞാത മനുഷ്യന്‍ ചങ്ങരംകുളവും കടന്ന് കോഴിക്കോട്ടുവരെ എത്തിനില്‍ക്കുമ്പോള്‍ ഇതിന്‍െറ പിന്നിലെന്തെന്നതും അജ്ഞാതമായിത്തന്നെ തുടരുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഈ പ്രചാരണത്തിനുപിന്നാലെ ആളുകള്‍ ഒന്നടങ്കം പുറത്തിറങ്ങി കൂട്ടംകൂടുന്നത് അധികൃതര്‍ക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല.

സന്ധ്യ ആയാല്‍ വീട്ടുപരിസരങ്ങളില്‍ അജ്ഞാത രൂപം ഇറങ്ങുന്നുവെന്നാണ് പ്രചാരണം. എട്ടടിയോളം ഉയരമുള്ള സ്പ്രിങ് വെച്ച കാലുള്ളയാള്‍ കെട്ടിടങ്ങളില്‍നിന്ന് കെട്ടിടങ്ങളിലേക്ക് ചാടുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ രൂപം മറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹം പരക്കുന്നതോടെ എല്ലാ മേഖലകളിലുള്ളവരും ഉണര്‍ന്നിരിക്കണമെന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്. ബ്ലാക്മാനോ കള്ളനോ എന്നൊന്നുമറിയാത്ത ഈ അജ്ഞാത രൂപി നാട്ടുകാരുടെ മാത്രമല്ല, പൊലീസിന്‍െറയും ഉറക്കം കെടുത്തുകയാണ്. മൂന്നുദിവസം രാത്രിയും പകലും അന്വേഷണം നടത്തിയിട്ടും 'അജ്ഞാത രൂപം' ആരുടെയെങ്കിലും വീട്ടില്‍ കയറുകയോ ആരെയെങ്കിലും ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. കണ്ടവരെന്ന് പറയുന്നവരും ആരുമില്ല. പ്രദേശത്ത് ഒരു മോഷണശ്രമവും നടന്നിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജ പ്രചാരണമാണിതെന്നാണ് കുന്നംകുളം പൊലീസിന്‍െറ അഭിപ്രായം. നൂറോളം പരാതികളാണ് ഇതു സംബന്ധിച്ച് ലഭിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനകാത്ത സ്ഥിതിക്ക് സ്ഥലത്തെ പോലീസ് സുരക്ഷ പിന്‍വലിക്കാനാണ് തീരുമാനം.

മലപ്പുറത്ത് 2017 ഏപ്രില്‍മെയ് മാസങ്ങളില്‍ നടന്ന മോഷണശ്രമത്തിന്‍െറ വീഡിയോയും ചിത്രവും സഹിതമാണ് പ്രചാരണം കൊഴുക്കുന്നത്. എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണിപ്പോള്‍.  കുന്നംകുളം മേഖലയില്‍ പഴഞ്ഞി, ചിറക്കല്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പട്ടിത്തടം, മേലെ പട്ടിത്തടം, പാറക്കുന്ന്, കോട്ടോല്‍, കരിക്കാട്, കല്ലുംപുറം മേഖലകളിലും ചൊവ്വന്നൂര്‍, പന്തല്ലൂര്‍, തിരുത്തിക്കാട്, കക്കാട്, വട്ടം പാടം, വടുതല, വടക്കേക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തിലുള്ള രൂപം പ്രത്യക്ഷപ്പെട്ടെന്നാണ് പ്രചാരണം. പലയിടത്തും സംശയാസ്പദമായി കാണുന്നവരെ വളഞ്ഞിട്ട് മര്‍ദിക്കുന്നതും പതിവായിട്ടുണ്ട്.

അതിനിടെ കോഴിക്കോട്: പന്നിയങ്കര മേഖലയില്‍ അജ്ഞാത മനുഷ്യനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് ഏതാനും ദിവസങ്ങളായി രാത്രിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് നാട്ടുകാരുടെ വാദം. പയ്യാനക്കല്‍ പ്രദേശത്തെ ഒട്ടിയമ്പലംപറമ്പ്, കോഴിക്കല്‍തൊടി, ചെറിയകനാല്‍ വയല്‍, ചൂരല്‍കൊടിവയല്‍, പട്ടര്‍തൊടി, തളയടത്തകാവ് എന്നീ സ്ഥലങ്ങളിലും രാത്രി അജ്ഞാതന്‍ പ്രത്യക്ഷപ്പെടുന്നതായി പരാതിയുണ്ട്. വീടിന്‍െറ ജനലുകളിലും അടുക്കളവാതിലിലും മുട്ടുകയും വീട്ടുകാര്‍ ലൈറ്റിടുമ്പോഴേക്കും ഓടി മറിയുകയുമാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് രാത്രി പൊലീസ് പരിശോധന ഈ മേഖലകളില്‍ ശക്തമാക്കി.

മോഷ്ടാക്കളാവാനുള്ള സാധ്യത കുറവാണെന്നും ആളുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിക്കുകയും മറ്റും ചെയ്യുന്നത് മോഷ്ടാക്കളുടെ രീതിയല്ലെന്നുമാണ് പൊലീസ് പറയുന്നത്. മോഷണത്തിനാണെങ്കില്‍ വീട്ടുകാര്‍ അറിയാത്ത രീതിയിലാണ് പെരുമാറുക. എന്നാല്‍ ഇവിടെ ഇത്തരത്തിലുള്ള രീതിയല്ല സ്വീകരിച്ചത്. പകരം വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന രീതിയാണെന്നും അതിനാല്‍ മോഷണമല്ല ലക്ഷ്യമെന്നുമാണ് കരുതുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാവാനുള്ള സാധ്യതയുമുണ്ട്. അജ്ഞാത രൂപം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശവാസികളുടെ ഭീതിയകറ്റാന്‍ നഗരസഭ തെരുവുവിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നും രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക