Image

പട്ടിണിയെന്ന് ബംഗാള്‍ സ്വദേശിയുടെ പ്രചാരണം; കണ്ടെത്തിയത് സദ്യവട്ടത്തിനുള്ള സാധനങ്ങള്‍

Published on 04 April, 2020
പട്ടിണിയെന്ന് ബംഗാള്‍ സ്വദേശിയുടെ പ്രചാരണം; കണ്ടെത്തിയത് സദ്യവട്ടത്തിനുള്ള സാധനങ്ങള്‍
പിറവം : രണ്ട് ആഴ്ചയിലേറെയായി പട്ടിണിയാണെന്നും സഹായം എത്തിക്കണമെന്നും നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അതിഥി തൊഴിലാളിയുടെ ക്യാംപില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മത്സ്യ– മാംസാദികള്‍  ഉള്‍പ്പെടെ സദ്യവട്ടത്തിനുള്ള ഒരുക്കങ്ങള്‍. വ്യാജപ്രചാരണം നടത്തിയതിന് ബംഗാള്‍ സ്വദേശി മിനാറുള്‍ ഷേയ്ഖിനെ (28) അറസ്റ്റ് ചെയ്തു. ബിസ്കറ്റ് പോലും ലഭിക്കുന്നില്ലെന്നും അങ്ങേയറ്റം പ്രതിസന്ധിയാണെന്നും സുഹൃത്തിന്റെ സഹായത്തോടെ ബംഗാളില്‍ പ്രചാരണം നടത്തുകയായിരുന്നു.

ഒപ്പം ഇയാളുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയിരുന്നു. വിവരം ശ്രദ്ധയില്‍പെട്ട ബംഗാള്‍ ഇന്റലിജന്‍സ് വിഭാഗം കേരള എഡിജിപി ടി.കെ.വിനോദ്കുമാറിന് വിവരം കൈമാറി. എഡിജിപി കലക്ടര്‍ എസ്.സുഹാസിനെ വിവരം അറിയിച്ചു. കലക്ടര്‍ അറിയിച്ചതനുസരിച്ച് പിറവം നഗരസഭാധ്യക്ഷന്‍ സാബു കെ.ജേക്കബിന്റെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അഗ്‌നിശമന നിലയത്തിനു സമീപത്തുള്ള ഇയാളുടെ ക്യാംപ് കണ്ടെത്തി.

പാകം ചെയ്ത മത്സ്യ–മാംസ വിഭവങ്ങള്‍ക്കു പുറമേ അരി, മുട്ട, പച്ചക്കറികള്‍, തേങ്ങ, മസാലക്കൂട്ടുകള്‍ തുടങ്ങിയവയുടെ ശേഖരവും പരിശോധനയില്‍  കണ്ടെത്തി. 14 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെല്ലാം ജോലിക്കു പോയിരുന്നു. നഗരസഭ അതിഥിതൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണം മിനാറുളും ഒപ്പമുള്ളവരും വാങ്ങിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നു കിട്ടുന്നതിനു പുറമേ സ്വദേശത്തു നിന്നു കൂടി സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നാടകം നടത്തിയതെന്നാണ്  പ്രതി പൊലീസിനോടു പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക