Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ രോഗികളുടെ എണ്ണം 18,000 കടന്നു; 432 പേര്‍ മരിച്ചു

Published on 04 April, 2020
സ്വിറ്റ്‌സര്‍ലന്‍ഡില്‍ രോഗികളുടെ എണ്ണം 18,000 കടന്നു; 432 പേര്‍ മരിച്ചു
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍  കൊറോണ ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ്. ഏപ്രില്‍ രണ്ടിലെ  കേന്ദ്ര  ആരോഗ്യ  മന്ത്രാലയത്തിന്‍റെ  കണക്കനുസരിച്ച്    രാജ്യത്തെ രോഗബാധിതരുടെ എണ്ണം 18,000 കടന്നു.നിലവില്‍ 18,267 പേരാണ് രോഗികള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്ത് 59 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത് .രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണിവ. സൂറിക് സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും പുതുതായി അഡ്മിറ്റാകുന്ന രോഗികളില്‍ കൊറോണ ടെസ്റ്റ് നടത്താന്‍ തീരുമാനമായി.

ആര്‍ഗാവില്‍ ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് ഒത്തുകൂടുന്നതോ മറ്റു ലംഘനങ്ങളോ പരിശോധിക്കുന്നതിനായി സംസ്ഥാന പൊലീസ് സുരക്ഷാ ക്യാമറകള്‍ പരിശോധിച്ച് തുടങ്ങിയതായി വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രായം തിരിച്ചുള്ള രോഗികളുടെ കണക്ക് ഇപ്രകാരമാണ്.

ഒന്‍പത് വയസ്സു വരെയുള്ള കുട്ടികളില്‍ 63 പേര്‍ക്കും 10 നും 19 നുമിടയില്‍ 447 പേര്‍ക്കും 20 നും 29 നുമിടയില്‍ 1978 പേര്‍ക്കും രോഗം ബാധിച്ചു. 30 നും 39 നുമിടയില്‍ രോഗബാധിതര്‍ 2373 ഉം മരണം 2 ഉം ആണ്. 40 നും 49 വയസിനുമിടയില്‍ രോഗബാധിതര്‍ 2825 ഉം മരണസംഖ്യ ഒന്നുമാണ്.

50 നും 59 വയസിനുമിടയില്‍ രോഗബാധിതര്‍ 3812 ഉം മരണസംഖ്യ 11 ഉം ആണ്. 60 നും 69 വയസിനുമിടയില്‍ രോഗികള്‍ 2424 ഉം മരണസംഖ്യ 37 ഉം ആണ്.

70 നും 79 വയസുകാരില്‍ രോഗബാധിതര്‍ 1899 ഉം മരണസംഖ്യ 110 ഉം ആണ്. 80 വയസിനുമേല്‍ പ്രായമുള്ളവരില്‍ രോഗബാധിതര്‍ 2004 പേരും മരണമടഞ്ഞവര്‍ 271 പേരുമാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണമടഞ്ഞവര്‍ 32 നും 100 വയസിനുമിടയില്‍ പ്രായമുള്ളവരാണ്. ജീവന്‍ നഷ്ടമായവരില്‍ പകുതിയിലധികവും 82 വയസിനുമുകളില്‍ പ്രായമുള്ളവരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക