Image

ഇതു മരണപോരാട്ടം; മനുഷ്യനും കൊറോണ വൈറസും തമ്മിലുള്ള മരണപോരാട്ടം (ഫ്രാന്‍സിസ് തടത്തില്‍ )

Published on 04 April, 2020
ഇതു മരണപോരാട്ടം; മനുഷ്യനും കൊറോണ വൈറസും തമ്മിലുള്ള മരണപോരാട്ടം (ഫ്രാന്‍സിസ് തടത്തില്‍ )

ന്യൂജേഴ്സി: മനുഷ്യ രാശിയുടെ അന്തകനായി അവതാരമെടുത്ത നോവല്‍കൊറോണ വൈറസ് ഡിസീസ് 19 അഥവാ കോവിഡ് 19 നുമായിലോകജനത ഒറ്റയ്ക്കെട്ടായി സന്ധിയില്ലാ പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഒരു യഥാര്‍ത്ഥ യുദ്ധം തന്നെ. ഇതില്‍ ലോകരാജ്യങ്ങള്‍ എല്ലാവരും കക്ഷിചേര്‍ന്നു കഴിഞ്ഞു. ഇതുവരെ 180 രാജ്യങ്ങള്‍ ചേര്‍ന്ന ഒരു വലിയ സഖ്യകഷി ഒരു വശത്ത്. കൊറോണയുടെ വരവിനു മുന്‍പ് പരസ്പരം കലഹിച്ചരുന്ന മുനുഷ്യര്‍ക്ക് ഇപ്പോള്‍ മതം, സമുദായം, രാഷ്ട്രീയം, ദേശീയവാദം എന്നൊന്നുമില്ല. അവര്‍ക്കൊരൊറ്റ മുദ്രാവാക്യം മാത്രം'ഗോ കൊറോണാ, ഗോ'

ഇവിടെ ഗാന്ധിജിയുടെ സത്യഗ്രഹത്തിനും നിസഹകരണ സമരത്തിനും ബഹിഷ്‌കരണ സമരത്തിനുമൊന്നും സ്ഥാനമില്ല. സമാധാനം, ക്ഷമ എന്നിവകൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. പ്രതിരോധത്തിലൂന്നി പോരാടിയാല്‍ വിജയം ഉറപ്പാണ്. പക്ഷെ നാം മനുഷ്യര്‍ക്ക് പ്രതിരോധമാര്‍ഗം അത്ര ശീലമില്ല. നമ്മള്‍ ഫോര്‍വേഡ് മാത്രമേ കളിക്കൂ.

ചൈനയോടാണു കൊറോണ ആദ്യം യുദ്ധം ആരംഭിച്ചത്. വുഹാനില്‍ അവര്‍ നടത്തിയ ഒളി ആക്രമണം ആകസ്മികമായിരുന്നു. ഏതാണ്ട് ഒന്ന് രണ്ടു മാസങ്ങള്‍ ചൈനയിലെ വുഹാന്‍ പട്ടണം അവര്‍ അക്ഷരാത്ഥത്തില്‍ പിടിച്ചടക്കി കൊടി നാട്ടിയതായിരുന്നു. പോരാട്ട വീരന്മാരായ ചൈനക്കാരുടെ പ്രതിരോധത്തിലൂന്നിയുള്ള ആക്രമണത്തില്‍ തോറ്റു തുന്നംപാടിയ അവര്‍ അടുത്ത രാജ്യത്തേക്ക്നീങ്ങി. ചൈനയിലെ കടുത്ത പോരാട്ടത്തില്‍3336 പേരുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ നാം കരുതി. ഭയങ്കരം തന്നെ. ഈ വൈറസ് ചില്ലറക്കാരനല്ല.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്‍ കണ്ണീരു കുടിച്ചോട്ടെ എന്ന് കരുതിയ അണ്ണന്മാരുണ്ടായിരുന്നു നമ്മുടെ മനുഷ്യരുടെ കൂട്ടത്തില്‍ . ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കുപ്പായം ധരിച്ചിരുന്ന ചൈനക്കാര്‍ക്ക് അങ്ങനെ തന്നെ വരണം. അതോടെ ചൈനയുടെ 'അതിമോഹം' തീരുമല്ലോ എന്നാണ് പലരും കരുതിയത്. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റി. കരുതലോടെ നീങ്ങിയ ചൈന മറ്റു രാജ്യങ്ങളുടെ സമ്പത്തുകള്‍ ആക്രാന്തിയോടെവെട്ടിപ്പിടിച്ചു തുടങ്ങി. അമേരിക്കയുടെ സമ്പത്തിലാണ് ഏറെ കണ്ണ് വച്ചിരിക്കുന്നത്.

പക്ഷെ നമ്മടെ ശത്രുക്കളായ കൊറോണ വൈറസുകള്‍അവിടെ നിന്നും പോയത് ഇറ്റലിയിലേക്കായിരുന്നു. കാല്‍പ്പന്ത് ക്ലബ് കളിക്കാരുടെ നാട്ടില്‍വിമാന മാര്‍ഗം മൈ ലുകള്‍ താണ്ടി അവ അവിടെ ലാന്‍ഡ് ചെയ്തു. വാം അപ്പ്ആകാന്‍ കുറച്ചു കാലം. ഈ സമയംക്ലബ് ഫുട്‌ബോള്‍ പോരാളികളായ ഇറ്റലിക്കാര്‍ അവരെ നിസാരമായിട്ടെടുത്തു. പ്രതിരോധമാണ് നല്ലതെന്ന് ചൈനക്കാര്‍ ഇറ്റലിക്കാരെ ഉപദേശിച്ചു. കളിയില്‍ കേമന്മാരായ തങ്ങളെ കളി പഠിപ്പിക്കേണ്ടന്നയി ഇറ്റലിക്കാര്‍.

അങ്ങനെ അവര്‍ വളരെ അലസതയോടെയുംഎതിര്‍ പക്ഷത്തെ നേരിട്ടു. സ്വന്തം നാട്ടില്‍ ലോകകപ്പില്‍ തൊറ്റു തുന്നം പാടിയ ബ്രസീലിന്റെ അവസ്ഥയായിപ്പോയി ഇറ്റലിക്ക്. തോറ്റപ്പോള്‍ നെഞ്ചുപൊട്ടിക്കരഞ്ഞ നെയ്മറിനെപ്പോലെയാണ്ഇറ്റാലിയന്‍ പ്രധാനമന്ത്രി മോങ്ങിയത്.

ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയതാണ്. ഈ ജൈവശക്തികളെ നേരിടാന്‍ ന്യൂക്ലിയര്‍ ബോംബോ, മിസൈലുകളോ ഒന്നും വേണ്ട. വെറും സോപ്പും വെള്ളവും ഉപയോഗിക്കുക. ഈ വജ്രായുധംമാത്രം മതി. പ്രതിരോധത്തിനായിമാസ്‌ക്ക് അണിയുക. പിന്നെ കളിക്കളത്തില്‍ എല്ലാവരും കൂട്ടം കൂടി നില്‍ക്കാതെ ഡിസ്റ്റന്‍സ് പാലിക്കണം. പാസ് എവിടുന്നൊക്കയാ വരുന്നതെന്നറിയില്ലല്ലോ? കേട്ടില്ല. കേള്‍ക്കാനുള്ള മനസുണ്ടായിരുന്നില്ല. പറഞ്ഞിട്ടെന്താ കാര്യം. ഇപ്പോള്‍ എല്ലാം കൈവിട്ടപോലെയായി. ഇന്ത്യയില്‍ കച്ചവടം ചെയ്യന്‍ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യം മൊത്തമായി സ്വന്തമാക്കിയ പോലെയായി ഇപ്പോള്‍ ഇറ്റലിയിലെ കാര്യങ്ങള്‍. അവര്‍ കളി ജയിച്ചുവെന്നു വേണമെങ്കില്‍ പറയാം. ഓരോ ദിവസവും പോരാളികള്‍ പൊരുതി മരിക്കുന്നു.

ചൈനയില്‍ തുരത്തി ഓടിക്കപ്പെട്ട ഇവര്‍ ഗ്രൂപ്പ് തിരിഞ്ഞു ഏഴു ഭൂഖണ്ഡങ്ങളിലുമുള്ള എല്ലാ രാജ്യങ്ങളിലേക്കുംഅവരുടെ ബെറ്റാലിയനെ അയച്ചു. എല്ലാ രാജ്യങ്ങളിലും അവര്‍ ലാന്‍ഡ് ചെയ്തെങ്കിലും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കാര്യമായി ക്ലച്ചു പിടിച്ചില്ല. എങ്കിലും അവര്‍ അവിടെ തന്നെ തമ്പടിച്ച് കൂടുതല്‍ ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണ്.
ഇറ്റലിയില്‍ നിന്ന് ക്ലബ് ഫുട്ബോളിന്റെ എല്ലാ അടവുകളും പഠിച്ച കൊറോണ പോരാളികള്‍ ഇറ്റലിയിലെ സ്പാനിഷ് ലീഗ് കളിക്കാരുടെ കൂടെക്കൂടി. കളി പഠിപ്പിക്കാമെന്നു പറഞ്ഞു സ്പാനിഷുകാര്‍ അവരെ കൂട്ടിക്കൊണ്ടു വന്നുവെന്നു പറയുന്നതായിരിക്കും ശരി.

അങ്ങനെ കളി പഠിപ്പിക്കാനായി കൊണ്ടുവന്നവര്‍ സ്പാനിഷുകാരെ കിടുകിടാ വിറപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മറുപടിയില്ലാത്ത ഗോളുകളുടെ പെരുമഴയാണ് ഇപ്പോള്‍. അങ്ങനെ യൂറോപ്പ് മുഴുവന്‍ കൊറോണയുടെപൊരിഞ്ഞ പോരാട്ടം.ഇറ്റലിയില്‍ 15,000ല്‍ പരം ആള്‍നാശം വിതച്ച അവര്‍ സ്‌പെയിനില്‍ 12,000 ത്തോളം പേരുടെ ജീവന്‍ അപഹരിച്ചു. ഇതിനിടെ അവന്‍ അമേരിക്കയിലുംസാന്നിധ്യമറിയിച്ചു. ഒപ്പം ഓസ്ട്രേലിയയിലും കാനഡയിലും. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുവരെപണികൊടുത്തു. കാനഡ പ്രധാനമന്ത്രിയുടെ ഭാര്യയെ വീട്ടുതടങ്കലിലുമാക്കി.

എല്ലാ ബോര്‍ഡറുകളും അടച്ചിട്ട അമേരിക്കന്‍ ഭരണകൂടം വിമാനത്താവളങ്ങള്‍ മാത്രം അടച്ചിട്ടില്ല.അമേരിക്കയെ തൊടാന്‍ കൊറോണക്ക് കഴിയില്ലെന്ന് വീമ്പിളക്കിയ ട്രമ്പ് കാര്യങ്ങള്‍ പുല്ലുപോലെയെടുത്തു. അമേരിക്കയിലെ ആരോഗ്യമേഖലയില്‍ വിശ്വാസമര്‍പ്പിച്ച പ്രസിഡണ്ടിന് തെറ്റി അവന്‍ അത്ര നിസാരക്കാരനല്ല! അവന്‍ മെല്ലെ പണി തുടങ്ങി. ഓരോ ദിവസം കഴിയും തോറും അവന്‍ ഗിയര് മാറ്റിത്തുടങ്ങി. വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ അറ്റാക്ക്. പിന്നീട് കൊറോണയ്ക്കു മനസിലായി ന്യൂയോര്‍ക്കാണ് പണി കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം.

ന്യൂയോര്‍ക്ക് പട്ടണത്തിലാണ് ആദ്യം കളി തുടങ്ങിയത്. ന്യൂയോര്‍ക്ക് അടച്ചിടാന്‍ അവര്‍ തയാറായില്ല. കോട്ടവാതില്‍ തുറന്നിട്ട് എമ്പയര്‍ സ്റ്റേറ്റ് നെഞ്ചുവിരിച്ചു തന്നെ നിന്നു. കളി ന്യൂയോര്‍ക്കിനോടാ! ന്യൂയോര്‍ക്ക് വേറെ ലെവലാ! നഗരം അടച്ചിടാന്‍ വിസമ്മതിച്ച ഗവര്‍ണര്‍. സ്‌കൂളുകള്‍ വരെ അടച്ചിടാന്‍ അമാന്തം കാട്ടി. കിട്ടിയ അവസരം മുതലാക്കി അവര്‍ അടി തുടങ്ങി. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ബാറ്റിംഗ് പോലെയായിരുന്നു. ആദ്യം മെല്ലെ തുടങ്ങി. ക്രീസില്‍ ചുവടുറപ്പിച്ച ശേഷം പിന്നെ അടി തുടങ്ങി. തലങ്ങും വിലങ്ങും ഫോറുകളും സിക്‌സറുകളും. ന്യൂയോര്‍ക്കിലേതു മികച്ച ബാറ്റിംഗ് പിച്ചാണെന്നു മനസിലാക്കിയ കൊറോണ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പായിച്ചത് ന്യൂയോര്‍ക്ക് സിറ്റിയിലേക്കായിരുന്നു. ഇപ്പോഴും തുടരുകരാണ് ഓരോ ദിവസവും തകര്‍ത്തു തരിപ്പണമാക്കികൊണ്ടിരിക്കുകയാണ്. കൂറ്റനടികള്‍പലപ്പോഴും ബൗണ്ടറികള്‍ കടന്ന് ന്യൂജേഴ്‌സി വരെയെത്തി. ന്യൂയോര്‍ക്കില്‍ 600 മരണമാണെങ്കില്‍ ന്യൂയോര്‍ക്കിന്റെ അനുജന്‍ (അയല്‍) സംസ്ഥാനമായ ന്യൂജേഴ്സിയും ഒട്ടും മോശമല്ല ഇന്ന് മാത്രം അവിടെ 200 ഇത് പരം ആളുകള്‍ മരിച്ചു.

ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയില്‍ താണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊറോണ ലൂസിയാനയും മിഷിഗനിലുമൊക്കെ പ്രഹരം ശക്തമാക്കിയിട്ടുണ്ട് . കാലിഫോര്‍ണിയയും വാഷിംഗ്ടണ്‍ സ്റ്റേറ്റുമൊന്നും മോശമല്ല. മാസച്യുസ്സസിലും സ്ഥിതി വ്യത്യസ്തമല്ല. വയൊമിങ്ങ് ഒഴികെ എല്ലായിടത്തും സ്‌കോര്‍ചെയതുകൊണ്ടിരിക്കുന്നകൊറോണയുടെ വരുതിയിലാണ് കാര്യങ്ങള്‍ ഇപ്പോഴുള്ളത്. ഫ്‌ലോറിഡ, പെന്‍സില്‍വാനിയ, ഇല്ലിനോയി, ജോര്‍ജിയ, ടെക്‌സാസ്, കണക്റ്റിക്കട്ട്, കൊളറാഡോ, ഇന്ത്യാന, ഒഹായോ എന്നിവിടങ്ങളിലും 100 കടന്നുകൊണ്ട് മരണനിരക്ക് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടിരട്ടിയായി.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നപ്രസിഡണ്ടും സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരും. കൊറോണ നിസാരക്കാരനല്ലെന്നു മനസിലാക്കാന്‍ ലോകരാഷ്ട്രങ്ങളുമായി കൂടിയാലോചന തുടങ്ങി. തലേ ദിവസം വരെ ചൈനയെക്കുറിച്ച് ഏഷണി കണക്കിനു പറഞ്ഞ കപ്പിത്താന്‍ ഒടുവില്‍ ചൈനയുടെ കപ്പിത്താനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പിംഗ് അണ്ണാ മാപ്പാക്കണേ എന്നൊക്കെ പറഞ്ഞൂന്നാണ് കേക്കണത്. ശരിയാണോന്നറിയണമെങ്കില്‍ റഷ്യയുടെ ക്യാപ്റ്റന്‍ പുട്ടിനോട്തന്നെ ചോദിക്കണം. ഏതായാലും കാര്യങ്ങള്‍ ശരിയായി വരാന്‍ ഇനിയും സമയമെടുക്കും.

ഇതിനിടെ ഇന്ത്യയില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനാല്‍ രോഗികളുടെ എണ്ണവും മരിച്ചവരുടെ എണ്ണവും ഏറെക്കുറവാണ്. കൊറോണ മഹാമാരി (പാന്‍ഡെമിക്ക്) ആയി മാറിയപ്പോള്‍ ഇന്ത്യയെ ആണ് അടുത്ത ഏറ്റവും വലിയ എപ്പിസെന്റര്‍ ആയി ഏവരും കരുതിയത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല സമയമോ അതോ കൊറോണയുടെ ഒളിച്ചുകളിയോ, നാഷണല്‍ ലോക്ക് ഡൗണിന്റെ അന്തരഫലമോ ഒന്നും പറയകനാകാത്ത അവസ്ഥയാണിപ്പോള്‍. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഇനിയെന്തു എന്നൊരു ചോദ്യമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്തിനു താങ്ങാനാകുമോ ഇനിയൊരു ലോക്ക് ഡൗണ്‍.

ഇതിനിടെ കൊറോണ രോഗം വരുത്തിയ ക്ഷീണത്തില്‍ നിന്ന് കരകയറിയ ചൈനയുടെ മാര്‍ക്കറ്റ് ശക്തമായി ഉണര്‍ന്നു തുടങ്ങി. ഇന്ന് കൊറോണ രോഗത്തെ പ്രതിരോധിക്കാന്‍ വേണ്ടി ലോകം മുഴുവന്‍കിറ്റുകളും വെന്റിലേറ്ററുകളും സപ്ലൈ ചെയ്യുന്നത് ചൈനയാണ്. ചൈനയില്‍ നിന്ന് ഇതിനകം 4 ചരക്കുവിമാനങ്ങള്‍ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനകം എത്തിക്കഴിഞ്ഞു. ഇതോടെ അമേരിക്കയില്‍ പ്രത്യേകിച്ച് ന്യൂയോര്‍ക്ക് , ന്യൂജേഴ്സി ഹോസ്പിറ്റലുകളില്‍ ഹെല്ത്ത് വര്‍ക്കേഴ്‌സിന് ആവശ്യത്തിനുള്ള ആരോഗ്യസുരക്ഷാ സംവേദങ്ങള്‍ ലഭ്യമാണ്.

നിലവില്‍ അമേരിക്കപോലും ഇനിയെന്ത് എന്ന ആശങ്കയിലാണ്. ട്രില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചുകൊണ്ട് പ്രതിരോധ മേഖലയില്‍ മിസൈലുകളും അണ്വായുധങ്ങളുംയുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളുമുള്ള അമേരിക്കയ്ക്ക്പോലും കേവലം കുഞ്ഞന്‍ വൈറസുകള്‍ക്കു മന്‍പില്‍ കാലിടറി വീണു. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധര്‍ പ്രതിവിധി കണ്ടെത്താനാകാതെ കഷ്ട്ടപ്പെടുകയാണ്. ശ്വാസകോശ രോഗങ്ങള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ മാത്രമാണ് ലോകം മുഴുവനുമുള്ള രോഗികള്‍ക്ക് നല്‍കുന്നത്. ജീവിക്കാന്‍ യോഗ്യതയുള്ളവര്‍ അല്ലെങ്കില്‍ ഭാഗ്യമുള്ളവര്‍ രക്ഷപ്പെടും അല്ലാത്തവര്‍ മരണത്തിനു കീഴടങ്ങും. ഒരു കൂട്ടര്‍ ജീവിതത്തിലേക്ക് വരുമ്പോള്‍ മറ്റൊരു കൂട്ടര്‍ നിത്യജീവനിലേക്കു കടന്നു കയറുന്നു.

മറുവശത്ത് അത്ഭുത ജീവികളായ ശത്രുക്കള്‍ ദൃതഗതിയില്‍ആണ് പടവെട്ടി മുന്നേറുന്നത്.ശാസ്ത്രം നിരത്തുന്ന വാദഗതികള്‍ നിന്നും വ്യക്തമാകുന്നത് അടുത്തെങ്ങും മരുന്നുകളോ വാക്സിനുകളോ ലഭ്യമാകുകയില്ല എന്നാണ്. കുറഞ്ഞത് ഓഗസ്‌ററ് മാസത്തില്‍ മാത്രമായിരിക്കും മരുന്നുകള്‍ അമേരിക്കയില്‍ ലഭ്യമാകുകയുള്ളു. കൊറോണ വൈറസ് വിതയ്ക്കുന്ന വിനാശത്തിന്റെ അപകടം കണക്കിലെടുത്തു പ്രസിഡണ്ടിന്റെ പ്രത്യേക അധികാരമുപയോഗിച്ച് റെഗുലേഷന്‍ മറികടക്കാന്‍പ്രത്യേക പ്രോട്ടോക്കോള്‍ പ്രകാരം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനു അനുമതി നല്കിയാലായിരിക്കും ഏതു സംഭവിക്കുക, അതുപോലെ തന്നെയാണ് വാക്‌സീനിന്റെ കാര്യവും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക