Image

പോരാളികളാകുന്ന നമ്മുടെ മാലാഖമാർ

മുരളി തുമ്മാരുകുടി Published on 05 April, 2020
പോരാളികളാകുന്ന നമ്മുടെ മാലാഖമാർ
അയ്യായിരത്തിനടുത്ത് ഫേസ്ബുക്ക് സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ സമൂഹത്തിലെ എല്ലാ തുറയിലും ജോലി ചെയ്യുന്നവരുണ്ട്. പക്ഷെ ഒരു ഗ്രൂപ്പ് എന്ന നിലയിൽ എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ളത് നേഴ്‌സുമാരിൽ നിന്നാണ്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ഫേസ്ബുക്ക് സുഹൃത്തുക്കളുടെ എണ്ണം ആയിരത്തിന് താഴെ ആയിരുന്നപ്പോഴും, ആയിരക്കണക്കിന് ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്ന കാലത്തും, ഓരോ ഫ്രണ്ട് റിക്വസ്റ്റ് വരുന്പോഴും ഞാൻ അവരുടെ പ്രൊഫൈലിൽ പോയി നോക്കും, പ്രൊഫൈലിൽ അവരുടെ ചിത്രം ഉണ്ടാവുകയും അവർ നേഴ്‌സുമാർ ആണെന്ന സൂചന കിട്ടുകയും ചെയ്താൽ ഉടൻ തന്നെ ആ റിക്വസ്റ്റ് ഞാൻ സ്വീകരിക്കും. ഇപ്പോൾ ഫ്രണ്ട് ലിസ്റ്റ് ഫുള്ളായതിനാൽ അതത്ര എളുപ്പമല്ല. എന്നാലും ഒരു നേഴ്സിന്റെ റിക്വസ്റ്റ് വന്നാലുടൻ ഫ്രണ്ട് ലിസ്റ്റിൽ ഒരിക്കൽ പോലും കമന്റോ ലൈക്കോ ഷെയറോ ചെയ്യാതെ സ്ഥലം മിനക്കെടുത്തി ഇരിക്കുന്നവർ ഉണ്ടോ എന്ന് നോക്കി, അവരെ അടിച്ചു പുറത്താക്കി നേഴ്‌സുമാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കും.

നേഴ്‌സുമാരോടുള്ള ഈ ഇഷ്ടം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. നേഴ്‌സുമാരെ മാലാഖമാരായി ചിത്രീകരിച്ച പോസ്റ്റുകളോ ലേഖനങ്ങളോ വായിച്ച് ഉണ്ടായതുമല്ല. ജീവിതത്തിന്റെ ഭാഗമായി നൂറുകണക്കിന് നേഴ്‌സുമാരെ പരിചയപ്പെടുകയും അവരുടെ തൊഴിലും ജീവിത സാഹചര്യവും മനസ്സിലാക്കുകയും ചെയ്തതിൽ നിന്നുണ്ടായതാണ്. ഇത് കൊറോണക്കാലത്ത് ഞാൻ ആദ്യമായിട്ടല്ല പറയുന്നതും. മുൻപും പലവട്ടം പറഞ്ഞിട്ടുണ്ട്.

എന്റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒരാൾ പോലും നേഴ്‌സല്ല. ഞാൻ വളരുന്ന കാലത്ത് പൊതുവെ ലോവർ മിഡിൽ ക്‌ളാസ്സിൽ നിന്നുള്ളവരും അതിൽ താഴെയുള്ളവരുമാണ് നേഴ്സിങ്ങിന് പോകാറുള്ളത്. ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവർ. സമൂഹം അവരെ അത്ര നല്ല രീതിയിലല്ല നോക്കിക്കണ്ടിരുന്നത്. സാന്പത്തിക നിലയുള്ളവരും സാന്പത്തിക നിലയില്ലെങ്കിലും ‘കുടുംബക്കാർ’ എന്ന് അഭിമാനിക്കുന്നവരും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്ന് പോലും നേഴ്സിങ്ങ് തിരഞ്ഞെടുക്കാത്ത കാലമായിരുന്നു അത്. ഇന്നിപ്പോൾ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, നല്ല കാര്യം.

കാൺപൂരിൽ പഠിക്കാനായി കൊച്ചിൻ - ഗോരഖ്‌പൂർ ട്രെയിനിൽ അന്പത് മണിക്കൂർ നീണ്ട യാത്ര ചെയ്യുന്ന കാലത്താണ് ഞാൻ ആദ്യമായി നേഴ്‌സുമാരെ അടുത്ത് പരിചയപ്പെടുന്നത്. ഓരോ കന്പാർട്ട്മെന്റിലും ധാരാളം നേഴ്‌സുമാരും നേഴ്സിങ്ങ് വിദ്യാർത്ഥികളും ഉണ്ടായിരിക്കും. മിക്കവാറും പേർ കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ളവർ, ഏറെപ്പേർ ഹൈറേഞ്ചിൽ നിന്നുള്ളവർ. എപ്പോഴും കൂട്ടമായിട്ടാണ് അവർ സഞ്ചരിക്കുന്നത്. അവരുടെ ഒരു കൂട്ടം അടുത്തുണ്ടെങ്കിൽ പിന്നെ യാത്ര സുഖമാണ്, കാരണം നമ്മുടെ കാര്യത്തിൽ ഒരു പ്രത്യേക കരുതൽ അവർക്ക് ഉണ്ടാകും. കൊച്ചിൻ - ഗോരഖ്‌പൂർ ട്രെയിനിൽ അന്ന് പാൻട്രി കാർ ഇല്ല. എട്ടോ പത്തോ മണിക്കൂർ ശരിയായി ഭക്ഷണമോ വെള്ളമോ പോലും കിട്ടാതെ ആന്ധ്രയുടെ പല ഭാഗങ്ങളിലും ട്രെയിനുകൾ പിടിച്ചിടുന്നതും അപൂർവമല്ല. ഈ അവസരങ്ങളിൽ ഈ കുട്ടികൾ കൂടെയുണ്ടെങ്കിൽ അവർ എപ്പോഴും വീട്ടിൽ നിന്നുള്ള ഭക്ഷണം കരുതിയിട്ടുണ്ടാകും, അത് മറ്റുള്ളവർക്കും കൂടി പങ്കുവെച്ചേ അവർ കഴിക്കാറുള്ളൂ.

വടക്കേ ഇന്ത്യക്കാരെ പരിചയപ്പെട്ടപ്പോഴാണ് നമ്മുടെ നേഴ്‌സുമാരുടെ വില ഞാൻ ആദ്യമായി മനസ്സിലാക്കുന്നത്. അക്കാലത്ത് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ പ്രധാന ആരോഗ്യ സംവിധാനം എന്ന് പറയുന്നത് ഒരു മലയാളി നേഴ്‌സ് ആണ്. ഏതൊരു ചെറിയ കുഗ്രാമത്തിലും ഒരു മലയാളി നേഴ്‌സ് കാണും. പനി മുതൽ പ്രസവം വരെയുള്ള ഏതു വിഷയവും അവരാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യം മുതൽ കുടുംബകാര്യങ്ങൾ വരെ ആ നാട്ടിലെ സ്ത്രീകൾ ഇവരുമായി ചർച്ച ചെയ്യും. വൈദുതി പോയിട്ട് ടോയ്‌ലറ്റ് പോലും ഇല്ലാത്ത ഗ്രാമങ്ങളാണ്. കള്ളന്മാരും കൊള്ളക്കാരും ഉള്ള, പോലീസുകാർ പോലും പോകാൻ മടിക്കുന്ന ഗ്രാമങ്ങളിലും അവരുണ്ടാകും. സമൂഹത്തിന്റെ സുരക്ഷാകവചം എന്നും അവരുടെ മേലുണ്ട്, അതുകൊണ്ട് ഒറ്റക്ക് താമസിക്കുന്ന ചെറുപ്പക്കാരായ പെൺകുട്ടികൾ ആണെങ്കിൽ പോലും പൊതുവെ നേഴ്‌സുമാർ അവിടെ സുരക്ഷിതരായിരുന്നു. കാരണം പലയിടത്തും ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ഇവരുടെ സാന്നിധ്യമാണ്. ഈ കഥയൊന്നും പക്ഷെ, കുടുംബമഹിമയും സാന്പത്തികശേഷിയും വെച്ച് മാത്രം ആളുകളെ അളക്കുന്ന കേരളത്തിൽ അറിയാറില്ല.

ഇന്ത്യ വിട്ട് ലോകസഞ്ചാരം തുടങ്ങിയപ്പോൾ കൂടുതൽ മലയാളി നേഴ്‌സുമാരെ പരിചയപ്പെട്ടു. അവരോടുള്ള ഇഷ്ടം, ബഹുമാനം, ആരാധന വർദ്ധിച്ചു. ഇരുന്നൂറു കിലോമീറ്റർ മണലാരണ്യത്തിലൂടെ വാഹനം ഓടിച്ചാൽ മാത്രം എത്തുന്ന, വേനൽക്കാല താപനില 50 ഡിഗ്രിക്ക് മുകളിൽ പോകുന്ന മണലാരണ്യ ഗ്രാമങ്ങൾ ഒമാനിലുണ്ട്. അവിടെയും ഒരു മലയാളി നേഴ്‌സ് ഉണ്ടാകും, ആ നാട്ടിലെ എല്ലാവരുടേയും ആദരവ് നേടിക്കൊണ്ട്.

യൂറോപ്പിൽ എത്തിയപ്പോഴാണ് മലയാളി നേഴ്‌സുമാരുടെ മറ്റൊരു മുഖം കാണുന്നത്. ഇന്ത്യയിലെയും മധ്യേഷ്യയിലെയും പോലെയല്ല, യൂറോപ്യൻ രാജ്യങ്ങളിൽ നേഴ്‌സുമാർക്ക് ചികിത്സയിൽ വലിയ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. ആശുപത്രി ജോലികളിൽ രണ്ടു വ്യത്യസ്ത തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ആളുകൾ എന്നതിലുപരി, ഡോക്ടർമാരുടെ പിന്നിലും താഴെയും നിൽക്കുന്നവർ എന്ന രീതിയിൽ നേഴ്‌സുമാരോട് പെരുമാറുന്ന ഡോക്ടർമാർ ഇന്ത്യയിൽ ഇപ്പോഴും ധാരാളമുണ്ട്.

പക്ഷെ യൂറോപ്പിൽ അങ്ങനെയല്ല കാര്യങ്ങൾ എന്നതിനാൽ നമ്മുടെ നേഴ്‌സുമാർ ഏറ്റവും തിളങ്ങി നിൽക്കുന്നത് അവിടെയാണ്. യൂറോപ്പിലെവിടെയും അവർ ബഹുമാനിക്കപ്പെടുന്നു. രണ്ടു പതിറ്റാണ്ടായി ജനീവയിൽ താമസിക്കുന്ന ഞാൻ ഫ്രഞ്ച് പറയാൻ ബബ്ബബ്ബ അടിക്കുന്പോൾ രണ്ടാം വർഷം ജർമ്മൻ ഭാഷയിൽ നാട്ടുകാരോട് സംസാരിക്കുന്ന മലയാളി നേഴ്‌സുമാർ എന്നെ അതിശയിപ്പിക്കാറുണ്ട്. ജർമ്മൻ സംസാരിക്കുന്ന സ്വിസ് പ്രദേശത്തെ ഗ്രാമങ്ങളിൽ പോലും മലയാളി നേഴ്‌സുമാരുണ്ട്, അവർക്ക് സമൂഹത്തിന്റെ ആദരവുമുണ്ട്. സ്വിസ് പൗരത്വം വേണമെങ്കിൽ ആ രാജ്യത്തെ ഭാഷ പഠിക്കുക, നിയമങ്ങൾ അനുസരിച്ചു ജീവിക്കുക, ആ ഗ്രാമത്തിലെ ആളുകളുടെ പിന്തുണ ഉണ്ടായിരിക്കുക എന്നതൊക്കെ നിബന്ധനയിലുണ്ട്. പുറത്തു നിന്നും വന്നു താമസിക്കുന്നവർക്ക് ഇതൊക്കെ വെല്ലുവിളികളാണ്. പക്ഷെ നമ്മുടെ നേഴ്‌സുമാർ എപ്പോഴെങ്കിലും സ്വിസ് പൗരത്വം സ്വീകരിക്കാൻ അപേക്ഷ കൊടുത്താൽ സമൂഹം ഒറ്റയടിക്കാണ് അവരെ പിന്തുണക്കുന്നത്. ഏറ്റവും പ്രൊഫഷണൽ ആയിട്ടാണ് അവർ അവിടെ ജോലി ചെയ്യുന്നത്, ഏറ്റവും മാതൃകാപരമായിട്ടാണ് സമൂഹവുമായി ഇണങ്ങിച്ചേരുന്നത്. അതിന്റെ പ്രതിഫലനമാണ് സമൂഹം അവരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും നൽകുന്ന ആദരവും.

ഇതൊക്കെയാണെങ്കിലും കേരളത്തിൽ നേഴ്‌സുമാരോടുള്ള സമൂഹത്തിന്റെ മനോഭാവം ഇപ്പോഴും ബഹുമാനം കലർന്ന ഒന്നല്ല. അധ്വാനിച്ചു പണം ഉണ്ടാക്കിയവരോടുള്ള കുശുന്പ് ഒരു വശത്ത്, അവരെ എങ്ങനെയെങ്കിലും താഴ്‌ത്തിക്കെട്ടാനുള്ള വ്യഗ്രത മറുവശത്ത്. ലോകത്തെവിടെയും ആദരവ് പിടിച്ചുപറ്റിയ നമ്മുടെ നേഴ്‌സുമാർക്ക് വേണ്ടത്ര അംഗീകാരം ഔദ്യോഗികമായും സാമൂഹികമായും കൊടുക്കാനുള്ള പക്വത നമ്മുടെ സമൂഹം കാണിച്ചിട്ടില്ല എന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല. മുൻപൊരിക്കൽ പറഞ്ഞതാണ്. നോബൽ പ്രൈസ് കമ്മിറ്റി ചില വർഷങ്ങളിൽ വ്യക്തികൾക്കല്ലാതെ പ്രസ്ഥാനങ്ങൾക്ക് നോബൽ പ്രൈസ് നൽകാറുണ്ട്. ഐക്യരാഷ്ട്ര സഭക്കും റെഡ് ക്രോസിനും അങ്ങനെ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു കൂട്ടം ആളുകൾക്ക് ഭാരതരത്‌നം നൽകുന്ന ഒരു കാലം വന്നാൽ അതിൽ ഒന്നാമത് നിൽക്കുന്നത് നമ്മുടെ നേഴ്‌സുമാരാകും, സംശയമില്ല.

ഈ കൊറോണക്കാലത്ത് നമ്മുടെ നേഴ്‌സുമാർ ലോകമെന്പാടും യുദ്ധത്തിലാണ്. എന്റെ സുഹൃത്തുക്കളിൽ നിന്നും അനവധി കഥകൾ എനിക്ക് ദിനംപ്രതി ലഭിക്കുന്നുണ്ട്. വികസിതരാജ്യങ്ങൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ പോലും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ, വേണ്ടത്ര വിശ്രമം ഇല്ലാതെ, വേണ്ടത്ര ടെസ്റ്റുകൾ ചെയ്യാതെ, അനവധി സഹപ്രവർത്തകർ രോഗം ബാധിക്കുകയും മരിക്കുകയും ചെയ്യുന്നത് കണ്ടുകൊണ്ട് അവർ ഓരോ ദിവസവും ജോലിക്കിറങ്ങുകയാണ്. അവർക്ക് ആശങ്കകളുണ്ട്, സ്വന്തം കുടുംബത്തെ പറ്റി, വീട്ടുകാരെ പറ്റി, നാടിനെ പറ്റി. എന്നിട്ടും എല്ലാവരും ധൈര്യത്തോടെ യുദ്ധമുഖത്തേക്ക് പോവുകയാണ്. അവരുടെ ധൈര്യവും അർപ്പണബോധവും എന്നെ ആവേശഭരിതനാക്കുന്നു. ഒരു ആയുസ്സ് മുഴുവൻ നമ്മുടെ നേഴ്‌സുമാർ പരിശീലിച്ചത് ഈ തരത്തിലുള്ള സാഹചര്യങ്ങൾ നേരിടാനാണ്. അവർ യുദ്ധമുഖത്തുള്ളപ്പോൾ ഈ യുദ്ധം നമ്മൾ ജയിക്കുമെന്ന് എനിക്കൊരു സംശയവുമില്ല. കേരളത്തിനകത്തും പരിമിതമായ തോതിൽ ആ യുദ്ധം ഇപ്പോൾ നടക്കുകയാണ്. എവിടെയും മുൻനിരയിൽ നമ്മുടെ നേഴ്‌സുമാരുണ്ട്. ഇനി വരുന്നത് വൻ പോരാട്ടങ്ങളുടെ ദിവസങ്ങളാണ്. ലോകം നേരിടുന്ന ഏതൊരു വെല്ലുവിളിക്കും തുല്യരാണ് അവർ എന്ന് നമ്മെ ഓരോ ദിവസവും ഓർമ്മിപ്പിക്കുന്ന ലോകത്തെന്പാടുമുള്ള നമ്മുടെ നേഴ്സിങ്ങ് സഹോദരിമാരും സഹോദരന്മാരും അവരുടെ ലോകത്തെവിടെയുമുള്ള നേഴ്സിങ്ങ് സഹപ്രവർത്തകരും. അവരാണ് ഈ യുദ്ധത്തിന്റെ നടുവിലും എന്നെ വിശ്വാസഭരിതനാക്കുന്നത്, അവരോടുള്ള നന്ദി എഴുതിയാൽ തീരുന്നതല്ല.

(നേഴ്‌സുമാർ മാത്രമല്ല ഈ യുദ്ധരംഗത്ത് ഉള്ളത്. ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെ, പാരാമെഡിക്കൽ ജോലിക്കാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ വലിയൊരു സൈന്യമാണ് ഇപ്പോൾ ഈ യുദ്ധം നമുക്ക് വേണ്ടി നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്നത്തെ ലേഖനം നേഴ്‌സുമാരെപ്പറ്റിയാണ് എന്ന് മാത്രമേയുള്ളൂ. ഈ യുദ്ധം തീരുന്നതിന് മുൻപ് മറ്റുള്ളവരെപ്പറ്റിയും എഴുതാം. ഈ വർഷത്തെ നോബൽ പ്രൈസ് ആരോഗ്യപ്രവർത്തകർക്കല്ലെങ്കിൽ പിന്നെ മറ്റാർക്കാണ് നൽകേണ്ടത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക