Image

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

Published on 05 April, 2020
പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍  പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

ഈ വര്‍ഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്കുവേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

അദ്ദേഹം ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകള്‍ പൂത്താല്‍' എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അര്‍ജുനന്‍ മാഷിന്.

ശ്രീകുമാരന്‍ തമ്പിഎം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകള്‍ പൂത്ത, പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍, മല്ലികപ്പൂവിന്‍ മധുരഗന്ധം...ആ ത്രിസന്ധ്യ തന്‍ അനഘമുദ്രകള്‍, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയില്‍...ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ..അങ്ങനെ പോകുന്ന ഹിറ്റുകളുടെ നിര..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക