Image

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് കുടിശ്ശിക അടയ്ക്കാനുള്ള അവസാനതീയതി മൂന്നു മാസത്തേയ്ക്ക് നീട്ടുക : എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യന്‍ എംബസ്സിയ്ക്ക് നിവേദനം നല്‍കി.

Published on 06 April, 2020
 ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് കുടിശ്ശിക അടയ്ക്കാനുള്ള അവസാനതീയതി മൂന്നു മാസത്തേയ്ക്ക് നീട്ടുക : എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യന്‍ എംബസ്സിയ്ക്ക് നിവേദനം നല്‍കി.
ദമ്മാം: കൊറോണ മഹാമാരി മൂലം സൗദി അറേബ്യയും, അവിടുള്ള പ്രവാസി സമൂഹവും ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത്,  ദമ്മാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് കുടിശ്ശിക അടച്ചു തീര്‍ക്കാനുള്ള അവസാന തീയതി മൂന്നു മാസത്തേയ്ക്ക് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദമ്മാമിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ  എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യന്‍ എംബസ്സിയ്ക്ക് നിവേദനം നല്‍കി.

 2020 മാര്‍ച്ച് 31 ന് മുന്‍പ് മുഴുവന്‍ ഫീസ് കുടിശ്ശികയും അടച്ചു തീര്‍ക്കാത്ത വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ നടന്നു തുടങ്ങിയിട്ടുള്ള അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ ഉള്‍പ്പെടുത്തണ്ട എന്നാണ് സ്‌ക്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചിരിയ്ക്കുന്നത്. താഴ്ന്ന വരുമാനക്കാരായ ഒട്ടേറെ ഇന്ത്യന്‍ പ്രവാസികളുടെ കുട്ടികള്‍ ഇതുമൂലം പഠനം തുടരാനാകാത്ത അവസ്ഥയിലാണ്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സൗദി സര്‍ക്കാര്‍ ഇക്കാമയും,വിസയും,ലെവിയുമടക്കമുള്ള ഫീസുകള്‍ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊടുത്ത്, പ്രവാസി സമൂഹത്തെ സഹായിയ്ക്കുന്ന നിലപാട് സ്വീകരിച്ചപ്പോഴാണ്, ഇന്ത്യന്‍ പ്രവാസി സമൂഹം ആശ്രയിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഇത്തരത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിയ്ക്കുന്നത്  എന്നത് പ്രതിഷേധാര്‍ഹമാണ്.
ലോകമെങ്ങുമുള്ള രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയിലെയും സാമൂഹിക, വ്യവസായ, തൊഴില്‍  മേഖലകളെ കൊറോണ മഹാമാരി നിശ്ചലാവസ്ഥയില്‍ ആക്കിയിരിയ്ക്കുകയാണ്. കടകളും, വ്യവസായ സ്ഥാപനങ്ങളും, കമ്പനികളും അടച്ചിട്ടിരിയ്ക്കുന്നതിനാല്‍, ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. നിത്യവരുമാനമുള്ള ജോലിക്കാരൊക്കെ പണിയില്ലാതെ വീട്ടില്‍ ഇരിപ്പാണ്. നിത്യജീവിതത്തിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പല പ്രവാസി കുടുംബങ്ങളും.

പൊതുഗതാഗതവും, ടാക്‌സി സര്‍വ്വീസുകളും നിര്‍ത്തലാക്കിയതോടെ, സ്വന്തമായി വാഹനമില്ലാത്തവര്‍ക്കൊക്കെ ദൂരസ്ഥലങ്ങളിലേയ്ക്ക്  പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അതുമൂലം സ്‌ക്കൂളില്‍ വന്നു ഫീസ് അടയ്ക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. സ്‌ക്കൂള്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന സമ്പ്രദായം, ബാങ്ക് അക്കൊണ്ട് പോലും ഇല്ലാത്ത സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുന്നുമില്ല. അതിനാല്‍ കടം വാങ്ങിയെങ്കിലും ഫീസ് അടയ്ക്കാമെന്നു കരുതുന്നവര്‍ക്ക് പോലും, അതിനു കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.

ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്ത്, മാനുഷികമായ പരിഗണന നല്‍കി, ഫീസ് കുടിശ്ശിക അടച്ചു തീര്‍ക്കാനുള്ള കാലാവധി അടുത്ത മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി വയ്ക്കണമെന്നാണ് എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം ഇന്ത്യന്‍ അംബാസ്സിഡര്‍ക്ക് നല്‍കിയ നിവേദനത്തിലെ മുഖ്യമായ ആവശ്യം.

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ മുഖ്യധാരാ സംഘടനകളായ നവോദയ, ഒ.ഐ.സി.സി, നവയുഗം, കെ.എം.സി.സി എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രവാസി കൂട്ടായ്മയാണ് എക്‌സ്പാട്രിയേറ്റ് ജോയിന്റ് ഫോറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക