Image

സിനിമയിലെ ധാരാവിയും യഥാര്‍ത്ഥ ചേരിനിവാസികളുടെ കോവിഡ് ഭീതിയും (ശ്രീനി)

ശ്രീനി Published on 06 April, 2020
സിനിമയിലെ ധാരാവിയും യഥാര്‍ത്ഥ ചേരിനിവാസികളുടെ കോവിഡ് ഭീതിയും (ശ്രീനി)
''മോളൂ...ഈ ബോംബെ എന്ന് കേട്ടിട്ടുണ്ടോ...ബേംബെ.  ഇപ്പൊ മുംബൈ എന്നു പറയും. അവിടുത്തെ ചേരികള്‍...സ്ലംസ് ലോകപ്രശസ്തമാണ്. മോഷ്ടാക്കളും പിടിച്ചുപറിക്കാരും ഗുണ്ടകളും കൊള്ളക്കാരുമൊക്കെ ഉള്ള ധാരാവിയിലെ ഒരു ചേരി ഒരൊറ്റ രാത്രികൊണ്ട് ഈ ഞാന്‍ ഒഴിപ്പിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട്. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയൊയും കാരണവരെയും ഇവിടുന്ന് ഇറക്കിവിടുകയെന്ന് പറയുന്നത് പൂപറിക്കുന്നതുപോലുള്ള ഈസിയായുള്ള ഒരു ജോലിയാണ്...''

ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ഈ ഡയലോഗ് സുപരിചിതമാണ്. കൊറോണ വ്യാപനം മാറ്റമില്ലാതെ തുടരുമ്പോള്‍ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു.  എന്നാല്‍ രോഗബാധിതരെ എളുപ്പത്തില്‍ ഒഴിപ്പിക്കാന്‍ ഇത് സിനിമയല്ല. ധാരാവി നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. മുംബൈയിലും കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതാണ് ധാരാവിയിലെ മരണം. സമൂഹ വ്യാപനത്തിന്റെ വക്കിലാണ് മുംബൈ ഉള്ളതെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടരുന്നതാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലെ പ്രധാന വെല്ലുവിളി.

ലോകത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊവിഡ് 19 സമൂഹ വ്യാപനം സംഭവിച്ചാല്‍ വലിയ ദുരന്തമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ പകര്‍ച്ചവ്യാധിയുടെ രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. വിദേശത്തു നിന്ന് എത്തുന്നവരില്‍ മാത്രം രോഗം കാണുന്ന ആദ്യ ഘട്ടവും അവരുമായി ബന്ധപ്പെടുന്നവരില്‍ രോഗം കാണുന്ന പ്രാദേശിക വ്യാപനമെന്ന രണ്ടാം ഘട്ടവുമാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ സമൂഹ വ്യാപനമെന്ന മൂന്നാം ഘട്ടത്തില്‍ വൈറസ് ബാധിതകര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തുക അപ്രായോഗികമാകും.

ഏപ്രില്‍ അഞ്ചാം തീയതി വൈകുന്നേരത്തെ കണക്ക് പ്രകാരം മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗി ബാധിതരുടെ എണ്ണം 700 കടന്നു. 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. അഞ്ചാം തീയതി മാത്രം 13 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ അഞ്ചാം തീയതി രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു. ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാള്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതില്‍ വ്യക്തത ഇല്ല. 

അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ധാരാവിയിലെ ചേരികളില്‍ 10 ലക്ഷത്തിലേറെ പേര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ചേരികളിലുള്ളവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുന്നതിന് ഇതുവരെ ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന നിര്‍ധനരായ ജനങ്ങളിലേറെയും മറ്റ് നിരവധി രോഗങ്ങളാല്‍ അലട്ടുന്നവരുമാണ്. രാജ്യത്ത് കൊറോണ ഏറ്റവും അപകടം വിതയ്ക്കാന്‍ സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകളെ കേന്ദ്രസര്‍ക്കാര്‍ അടയാളപ്പെടുത്തിയിരുന്നു. ഇതില്‍ ഒന്ന് മുംബൈ ആണ്. മുംബൈയില്‍ പ്രധാനം ധാരാവിയും.

ധാരാവിയുടെ ചരിത്രമിങ്ങനെ...സെന്‍ട്രല്‍ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 2.1 ചതുരശ്ര കിലോമമീറ്റര്‍ വിസ്തൃതിയില്‍ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാര്‍ക്കും മറ്റു നാടുകളില്‍നിന്ന് തൊഴില്‍തേടി എത്തിയവര്‍ക്കും ഇവിടം അഭയമായി. മുംബൈയിലെ രണ്ട് പ്രധാന സബ്അര്‍ബന്‍ റെയില്‍പ്പാതകളായ വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍പ്പാതകള്‍ക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. ഇത് ജോലിക്കു പോകുന്നവര്‍ക്കും ചെറുകിട ഉത്പാദകര്‍ക്കും സൗകര്യമായിത്തീരുന്നു. 

വസ്ത്ര നിര്‍മ്മാണം, കളിമണ്‍ പാത്ര നിര്‍മ്മാണം എന്നീ പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ക്കു പുറമേ റീസൈക്‌ളിങ് വ്യവസായവും ഇവിടെ വന്‍തോതിലുണ്ട്. കയറ്റുമതി നിലവാരത്തിലുള്ള തുകല്‍ സാധനങ്ങള്‍, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000ല്‍പ്പരം ഒറ്റമുറി ഫാക്റ്ററികള്‍ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909ല്‍ പ്രസിദ്ധീകരിച്ച 'ഗസറ്റിയര്‍ ഒഫ് ബോംബെ ആന്റ് ഐലന്റി'ല്‍ ധാരാവിയെപ്പറ്റി പരാമര്‍ശമുണ്ട്. ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളില്‍ ഒന്ന് എന്നാണ് അതില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളി മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാര്‍. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനില്‍ പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകള്‍ ക്രമേണ തമ്മില്‍ ചേര്‍ന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. ഇത് ഐലന്‍ഡ് സിറ്റി ഒഫ് ബോംബെയുടെ രൂപീകരണത്തിനു വഴിതെളിച്ചു. 

നദി വറ്റിവരണ്ടതോടെ മുക്കുവര്‍ക്ക് പരമ്പരാഗതരീതിയിലുള്ള ജീവിതമാര്‍ഗ്ഗം അന്യമായി. കാലക്രമേണ നികന്ന ചതുപ്പു നിലങ്ങള്‍ പുറംനാടുകളില്‍നിന്നു വന്ന കുടിയേറ്റക്കാര്‍ താവളമാക്കി. ഈ കുടിയേറ്റക്കാരില്‍ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തില്‍ നിന്നും കൊങ്കണ്‍പ്രദേശത്തു നിന്നും വന്നവരാണ് ആദ്യ കൂട്ടര്‍. ഇവരില്‍ സൗരാഷ്ട്രയില്‍ നിന്നു വന്ന കളിമണ്‍ പാത്ര നിര്‍മ്മാണക്കാരും ഉള്‍പ്പെടുന്നു. ധാരാവിയില്‍ ഇന്നു കാണുന്ന 'കുംഭര്‍വാഡ'കള്‍ ഇങ്ങനെ നിലവില്‍ വന്നവയാണ്. 

ഏതെങ്കിലും ഒരു പ്രത്യേക തൊഴിലില്‍ വൈദഗ്ദ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടര്‍. ഉദാഹരണമായി തമിഴ്‌നാട്ടില്‍ നിന്ന് ധാരാവിയിലെത്തിയ മുസ്ലിങ്ങളായ തുകല്‍പ്പണിക്കാര്‍ ഇവിടെ ടാനിങ് വ്യവസായത്തിനു തുടക്കമിട്ടു. ഉത്തര്‍പ്രദേശില്‍നിന്നു വന്ന എംബ്രോയ്ഡറി തൊഴിലാളികള്‍ റെഡിമെയ്ഡ് വസ്ത്രവ്യാപാരം ആരംഭിച്ചു. തമിഴ്‌നാട്ടില്‍നിന്നു വന്ന തൊഴിലാളികള്‍ ഇവിടെ മുറുക്ക്, ചിക്കി, മൈസൂര്‍പാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങി. അങ്ങനെ ക്രമേണ പണ്ടത്തെ മുക്കുവ ഗ്രാമത്തോട് യാതൊരു സാദൃശ്യവുമില്ലാത്ത ഇന്നത്തെ ചേരിപ്രദേശമായി ധാരാവി മാറി.

അടിസ്ഥാന പൊതുജനാരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ കുറവ് ധാരാവി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. കുടിവെള്ളക്ഷാമം വളരെ രൂക്ഷമാണിവിടെ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മോശപ്പെട്ട ഡ്രെയിനേജ് സംവിധാനവും മണ്‍സൂണ്‍ കാലങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഈ ചേരിയുടെ ഉദ്ധാരണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. സ്ലം റീഹാബിലിറ്റേഷന്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 'റീഡെവലപ്‌മെന്റ് ഒഫ് ധാരാവി' എന്ന പ്രോജക്റ്റ് 2007 ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ചു. മതിയായ പാര്‍പ്പിടസൗകര്യങ്ങളും ഷോപ്പിങ് ക്ലോംപക്‌സും ആശുപത്രികളും സ്‌കൂളുകളും ഒക്കെയുള്ള ഒരു ആധുനിക ടൗണ്‍ഷിപ്പ് ആയി ധാരാവിയെ മാറ്റിയെടുക്കാനാണ് ഈ പുനരധിവാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

വാല്‍ക്കഷണം

സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം കേള്‍ക്കുമ്പോള്‍ അത് എങ്ങനെ നടപ്പാക്കുമെന്ന നിസ്സഹായതയിലാണ് ഈ ചേരിനിവാസികള്‍. ഇടുങ്ങിയ കുടിലുകളില്‍ അഞ്ചോ, ആറോ പേര്‍ തിങ്ങിക്കൂടി കഴിയുന്ന ആയിരക്കണക്കിനു താമസകേന്ദ്രങ്ങള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സ്പര്‍ശിക്കുമ്പോഴോ പകരാവുന്ന കൊറോണ വൈറസിനെ ഇവിടെ അകലെ നിര്‍ത്താന്‍ ഒരു ശാസ്ത്രത്തിനും കഴിയില്ലെന്നത് മുംബൈയുടെ ആധി കൂട്ടുന്നു. ഹോം ക്വാറന്റീന്‍  ധാരാവിയില്‍ നടപ്പാവില്ല. ഔദ്യോഗിക കണക്കിലുള്ള കുടിലുകളുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിനടുത്താണ്. ആയിരക്കണക്കിനു കുടില്‍ വ്യവസായങ്ങളുമുണ്ട്. സമൂഹവ്യാപനം ഉണ്ടായാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നതില്‍ തര്‍ക്കമില്ല.  തര്‍ക്കമില്ലതര്‍ക്കമില്ല. 

സിനിമയിലെ ധാരാവിയും യഥാര്‍ത്ഥ ചേരിനിവാസികളുടെ കോവിഡ് ഭീതിയും (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക