Image

മൃതശരീരങ്ങള്‍ എന്തു ചെയ്യും?- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 April, 2020
മൃതശരീരങ്ങള്‍ എന്തു ചെയ്യും?- (ഏബ്രഹാം തോമസ്)
കൊറോണ വൈറസ് ബാധ മൂലം മരണം പെരുകുമ്പോള്‍ മൃതശരീരങ്ങള്‍ എന്തു ചെയ്യും.

പുതിയതായി മരിക്കുന്നവരും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചവരും മോര്‍ച്ചറികളില്‍ കാത്തിരിപ്പ് തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കു സാമൂഹിക അകലം പാലിക്കണം എന്ന നിയമം കാരണം സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിക്കുവാന്‍ കഴിയുന്നില്ല.

ഇല്ലിനോയിയിലെ ഒരു മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയായ മെഡ് അലയന്‍സ് ഗ്രൂപ്പിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരന്തരം ടെലിഫോണ്‍ കാളുകളും ഇമെയിലുകളും വന്നു കൊണ്ടിരിക്കുന്നു. എല്ലാം ആവശ്യപ്പെടുന്നത് കൂടുതല്‍ റെഫ്രിജിറേറ്റ് ചെയ്ത ട്രെയിലറുകള്‍ അയയ്ക്കാനാണ്. ഹോസ്പിറ്റലുകള്‍, ഹെല്‍ത്ത് സിസ്റ്റംസ്, കൊറോണറുടെ ഓഫീസുകള്‍, കൗണ്ടി, സ്റ്റേറ്റ് ഹെല്‍ത്ത്, എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകള്‍, ഫ്യൂണറല്‍ ഹോമുകള്‍ എന്നിവയില്‍ നിന്നെല്ലാമാണ് ആവശ്യങ്ങള്‍ വരുന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക വക്താവ് ക്രിസ്റ്റി പെന്‍സോള്‍ പറഞ്ഞു. കമ്പനിക്ക് സ്വന്തമായി ഉണ്ടായിരുന്ന എല്ലാ ട്രയിലറുകളും വാടകയ്ക്ക് നല്‍കിക്കഴിഞ്ഞു. പുതിയതായി ഓര്‍ഡര്‍ നല്‍കിയവ നിര്‍മ്മാണം പൂര്‍ത്തിയായി എത്താന്‍ 18 ആഴ്ചകളെടുക്കും.

യു.എസ്. മെഡിക്കല്‍ വിദഗ്ദ്ധരും പ്രസിഡന്റ് ട്രമ്പും കൊറോണ വൈറസില്‍ നിന്നുള്ള മരണം ദേശവ്യാപകമായി 2,40,000 ല്‍ അധികം ആയേക്കാമെന്ന് പറയുമ്പോള്‍ എവിടെ ഇത്രയും മൃതശരീരങ്ങള്‍ താല്‍ക്കാലികമായെങ്കിലും സൂക്ഷിക്കും എന്ന് ചോദ്യം ഉയരുന്നു, എല്ലാവരും-നഗരങ്ങളും ഹോസ്പിറ്റലുകളും, പ്രൈവറ്റ് മെഡിക്കല്‍ ഗ്രൂപ്പുകളും സ്ഥലം കണ്ടെത്താന്‍ തകൃതിയായി അന്വേഷണം തുടരുന്നു.

പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നത് മോര്‍ച്ചറിയിലുള്ള ശരീരങ്ങള്‍ ഏറ്റെടുക്കുവാന്‍ നിലവിലെ സാഹചര്യത്തില്‍ ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അസാധാരണ കാലതാമസം കൂടിയാണ്. മരിച്ചത് എങ്ങനെ ആയിരുന്നാലും സോഷ്യല്‍ ഡിസ്‌റ്റെന്‍സിംഗ് സംസ്‌കാര ചടങ്ങുകള്‍ വൈകുവാന്‍ കാരണമാകുന്നു.

ഇത് അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്‌പെയിനില്‍ മാഡ്രിഡിൽ  ഒരു ഐസ് റിങ്ക് താല്‍ക്കാലിക മോര്‍ഗായി മാറ്റി. കാരണം നഗരത്തിന്റെ ഫ്യൂണറല്‍ സര്‍വീസസിന് മൃതശരീരങ്ങള്‍ സ്വീകരിക്കുവാന്‍ കഴിയില്ല എന്നറിയിച്ചു. ഇറ്റലിയില്‍ എംബാം ചെയ്ത ശരീരങ്ങള്‍ ചര്‍ച്ച് ഹാളുകളിലും വെയര്‍ ഹൗസുകളിലും വച്ചിരിക്കുകയാണ്. സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നത് വരെ.
ഇക്വഡോര്‍ നഗരം ഗയാക്വിലില്‍ പ്ലാസ്റ്റിക്കിലോ തുണിയിലോ പൊതിഞ്ഞ് തങ്ങളുടെ ബന്ധുക്കളുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തൊഴില്‍ ഭാരം അധികമായതിനാല്‍ മോര്‍ഗ് ജീവനക്കാര്‍ എടുക്കുന്നത് വരെ മൃതശരീരങ്ങള്‍ ഈ കാത്തിരിപ്പ് തുടരും.

മരണം പതിനായിരം കടന്നിരിക്കുകയാണ് ന്യൂയോര്‍ക്കില്‍. ന്യൂയോര്‍ക്ക് നഗരത്തില്‍ അധികാരികള്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കുവാന്‍ റെഫ്രിജിറേറ്റഡ് ട്രക്കുകള്‍ വാങ്ങി. ബ്രൂക്ക്‌ലിന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ ഒരു ജീവനക്കാരന്‍ വെളുത്ത പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഒരു ശരീരം ഒരു ഗര്‍ണിയില്‍ കൊണ്ടു വന്നപ്പോള്‍ ഒരു ഫോര്‍ക്ക്‌ലിഫ്റ്റ ഓപ്പറേറ്റര്‍ അത് സൂക്ഷ്മതയോടെ റെഫ്രിജിറേറ്റര്‍ ട്രെയിലറിലേയ്ക്ക് മാറ്റി.

ദേശവ്യാപകമായുള്ള മോര്‍ഗുകളില്‍ എത്ര ശരീരങ്ങള്‍ വയ്ക്കാനാവും എന്ന കൃത്യമായ കണക്ക് ആരുടെ പക്കലും ഇല്ല. നഗരങ്ങളും കൗണ്ടികളും എമര്‍ജന്‍സി പ്ലാനുകള്‍ സ്റ്റേറ്റിന്റെ പരിഗണനയ്ക്ക അയയ്ക്കാറുണ്ടെങ്കിലും ഒരു ബാലന്‍സിംഗ് സംഭവിക്കാറില്ല. നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ എക്‌സാമിനേഴ്‌സ് പോലെയുള്ള  സംഘടനകള്‍ക്കും ഈ വിവരമില്ല.

സാധാരണമായി അമേരിക്കയിലെ മോര്‍ഗുകള്‍ക്ക് 200 മുതല്‍ 300 വരെ ശരീരങ്ങള്‍ സൂക്ഷിക്കുവാന്‍ കഴിയും.

വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു മോര്‍ഗിന് 270 ശരീരം വരെ സ്വീകരിക്കാം. ആവശ്യമായി വന്നാല്‍ ഫെഡറല്‍ സഹായം തേടുമെന്ന് അധികാരികള്‍ പറഞ്ഞു. ഡാലസില്‍ എമര്‍ജന്‍സി ഒരുക്കങ്ങളുടെ ഭാഗമായി ഒരു റെഫ്രിജിറേറ്റഡ് ഭാഗം തയ്യാറാക്കുന്നുണ്ട്. ഷിക്കാഗോയില്‍ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസിന് പുറത്ത് ഒരു ട്രെയിലര്‍ ഉപയോഗിക്കുന്നു. ആവശ്യമായി വന്നാല്‍ ഒരു റെഫ്രിജിറേറ്റഡ് വെയര്‍ഹൗസ് ഉപയോഗിക്കും.

ഇതിനിടയില്‍ ഫെഡറല്‍ എമര്‍ജെന്‍സി മാനേജ്‌മെന്റ് ഏമന്‍സി(Fema) ഒരു ലക്ഷം ബോഡി ബാഗുകള്‍ ആവശ്യപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.

മൃതശരീരങ്ങള്‍ എന്തു ചെയ്യും?- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക