Image

ലോകാരോഗ്യ ദിനത്തില്‍ നേഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വന്ദനം (ശ്രീനി)

ശ്രീനി Published on 07 April, 2020
 ലോകാരോഗ്യ ദിനത്തില്‍ നേഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വന്ദനം (ശ്രീനി)
''ആരോഗ്യമാണ് ഏറ്റവും സമ്പത്ത്, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ...'' ഈ കൊറോണ ദുരിത കാലത്ത് നാം ഒരിക്കലും മറന്ന് പോകാന്‍ പാടില്ലത്ത അനുഭവ പാഠമാണിത്. ഇന്ന് (ഏപ്രില്‍ 7) ലോകജനത ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ്. ഇത്തവണത്തെ ലോകാരോഗ്യ ദിനത്തില്‍ കൊറോണ വന്നുപെട്ടത് യാദൃശ്ചികം. പക്ഷേ, മരണക്കൊയ്ത്ത് നടത്തുന്ന കൊറോണ മാനവരാശിക്ക് തീര്‍ച്ചയായും ആരോഗ്യ പരിപാലനത്തിനുള്ള പല  മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതൊരു പഠനകാലമായെടുക്കാം. അതിലൂടെ കിട്ടുന്ന അറിവുകള്‍ മാനവരാശിയുടെ അതിജീവനത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനമായിത്തന്നെ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇത്തവണത്തെ ലോകാരോഗ്യ ദിനം കൊറോണയ്‌ക്കെതിരെ സ്വജീവന്‍ പണയം വച്ച് പോരാടുന്ന നേഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. 'റ്റു സപ്പോര്‍ട്ട് നേഴ്‌സസ് ആന്റ് മിഡൈ്വവ്‌സ്' എന്നാണ് ടാഗ്‌ലൈന്‍ തന്നെ. അവരുടെ അക്ഷീണവും സമര്‍പ്പിതവും സുധീരവുമായ സേവനങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.

കൊറോണ നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞല്ലോ. അതിലൊന്നാണ് വ്യക്തി ശുചിത്വം. കൊറോണ വ്യാപനത്തെ പേടിച്ചിട്ടാണെങ്കിലും നമ്മള്‍ കൈകള്‍ ഏപ്പോഴും സോപ്പിട്ട് കഴുകാന്‍ തുടങ്ങി. ശാരീരികമായ അകലം പാലിക്കാനും നിര്‍ബന്ധിതരായിരിക്കുന്നു. അപ്പോള്‍ നമ്മിലേയ്ക്ക് അനുസരണ ശീലവും കടന്നു വന്നിരിക്കുന്നു. ഇതോടൊപ്പം  സാമൂഹികമായ ഒരുമയെന്ന മുദ്രാവാക്യവും മനസില്‍ പതിഞ്ഞിരിക്കുന്നു. കൊറോണയുടെ മുന്നില്‍ നമുക്ക് വലിപ്പ ചെറുപ്പങ്ങളില്ല, ജീതി, മത, വര്‍ണ, വര്‍ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ല. ഈ മഹാമാരിയെ തുരത്താന്‍ മനുഷ്യ സമൂഹം  ഒരുമയുടെ മന്ത്രവും ഉരുവിടുകയാണ്.

കൊറോണ രേഗികളെ പരിചരിക്കുന്ന നേഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും വില നമ്മള്‍ അറിഞ്ഞപ്പോള്‍ സ്‌നേഹിക്കാനും പഠിച്ചു. ഭരണകൂടങ്ങള്‍ രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ മാറ്റി വച്ച് കൂടുതല്‍ ജനകീയമായി. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിപ്പാരംഭിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ വലിയ ഇഴയടുപ്പമുണ്ടായി. ഒരുവശത്ത് പകര്‍ച്ചവ്യാധി ആശങ്കയിലാക്കുന്നുണ്ടെങ്കിലും കുടുംബജീവിതത്തിന്റെ കളിയും കാര്യവും  അവനവന്റെ ഉത്തരവാദിത്വവും സുഖവും ദുഖവുമെന്തെന്ന് അനുഭവിച്ചറിയാന്‍ 24 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രാപ്തമാക്കി. 

ഭാരതീയരുടെ പരമ്പരാഗത ഉപചാര മുദ്രയാണ് നമസ്‌തേ. പക്ഷേ ഇന്ത്യക്കാര്‍ പാശ്ചാത്യരുടെയും മറ്റും അഭിവാദ്യ രീതിയായ ഷേക്ക് ഹാന്‍ഡിലേയ്ക്ക് വഴിമാറി. രണ്ടുപേര്‍ തമ്മില്‍ കാണുമ്പോഴും ഒരാളെ ദിവസത്തില്‍ ആദ്യമായി കാണുമ്പോഴും രണ്ടുപേര്‍ തമ്മില്‍ കുറച്ച് നാളുകള്‍ക്കു ശേഷം കാണുമ്പോഴും ഒരു ജനസമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴും തമ്മില്‍ പിരിയുമ്പോഴുമൊക്കെ കൈകള്‍കൂപ്പി, കൈകള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, ശിരസ് അല്പം കുനിച്ച് 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യുന്നതാണ് ഭാരതീയ ഉപചാരരീതി. വൈറസ് പടരുന്നതിനാല്‍ ഹസ്തദാനം ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. അങ്ങനെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ഉന്ത്യയുടെ നമസ്‌തേ ശീലമാക്കി. അതേസമയം നമസ്‌തേ വെറും ഒരു കൈ കൂപ്പലോ ബഹുമാനിക്കലോ മാത്രമല്ല, ആരോഗ്യപരമായ ഏറെ നേട്ടങ്ങള്‍ ഈ കൈ കൂപ്പലിലൂടെ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊറോണ വിട്ടകലുമ്പോള്‍ നാം പഠിച്ചകാര്യങ്ങള്‍ ശീലമാക്കി, ജീവിത രീതിയാക്കി, സംസ്‌കാരമാക്കി നിലനിര്‍ത്തേണ്ടതുണ്ട്. ഈ ലോകാരോഗ്യ ദിനം ആരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും മൂല്യവുമെല്ലാം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള അവസരമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ലോക ആരോഗ്യ ദിനത്തിന്റെ മുദ്രാവാക്യം 'നഴ്‌സുമാരെയും പ്രസവശുശ്രൂഷകരെയും പിന്തുണയ്ക്കുക' എന്നതാണല്ലോ.

ലോകത്ത് നമ്മുടെ ആരോഗ്യകരമായ ജീവിതം നിലനില്‍ക്കുന്നത് നേഴ്‌സുമാരുടെയും പ്രസവശുശ്രൂഷകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയുമെല്ലാം വിട്ടുവീഴ്ചയില്ലാത്ത ശാഠ്യവും സേവനവും കൊണ്ടാണ്. കൊറോണയുടെ ആഘാതത്തില്‍പ്പെട്ട ലോകം ഭീതിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ നേഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നു നിന്നുകൊണ്ടാണ് നമുക്ക് ആവശ്യമായ സംരക്ഷണവും പരിരക്ഷയും നല്‍കുന്നത്. അതിനാല്‍ തന്നെ ഈ ദിനങ്ങളില്‍ നിസാര ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ നമ്മളവരെ ബുദ്ധിമുട്ടികാകന്‍ പാടില്ല. സ്വയം ആരോഗ്യമുള്ളവരായിരുന്നു കൊണ്ട് നമുക്കവരെ സഹായിക്കാനാവും. 

രോഗങ്ങളെ ഒഴിവാക്കി നിര്‍ത്തുകയെന്നതാണതില്‍ പ്രധാനം. ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിന് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഒരു സുപ്രഭാതത്തില്‍ ഒരാളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റം വരുത്തനാവില്ല. പക്ഷേ അതിനായി പരിശ്രമിച്ചു തുടങ്ങണം. ഭക്ഷണത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തുക. പുകവലി, മദ്യപാനം തുടങ്ങിയവ പതിയെ ഒഴിവാക്കുക സമീകൃത ആഹാരം കഴിക്കുക തുടങ്ങിയ ചെറിയ നല്ല നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് വഴിമാറാനാവും. രോഗപ്രതിരോധ  ശേഷി നേടുകയെന്നതാണ് സുപ്രധാനമായ കാര്യം.

മറ്റൊന്ന് അലസതയെ അകറ്റി എല്ലായ്‌പ്പോഴും സജീവമായിരിക്കണമെന്നതാണ്. ശരിയായ ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നിവയുലൂടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ല മാറ്റങ്ങള്‍ കൊണ്ടുവരുകയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി ശരീരഭാരത്തെ സ്വാധീനിക്കും. അമിതഭാരം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ശ്വസന, ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

ഈ ലോകാരോഗ്യ ദിനവും കൊറോണയും മുഖാമുഖം നില്‍ക്കുമ്പോള്‍ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്ന മാര്‍ഗങ്ങള്‍ നമുക്ക് പിന്തുടരാം. ഇതാ ആ ഹെല്‍ത്ത് ടിപ്‌സ്: *ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.  ഓരോ ഭക്ഷണങ്ങളും ആരോഗ്യവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നവയാണ്. *പതിവായി വ്യായാമം ചെയ്യുക *ശരീരഭാരം ആവശ്യത്തിലധികമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. *എല്ലായ്‌പ്പോഴും സ്വയം ജലാംശമുള്ളതാക്കി നിലനിര്‍ത്തുക. *നല്ല വ്യക്തിശുചിത്വം പാലിക്കുക. *ഭക്ഷണ ക്രമത്തില്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ ജ്യൂസുകള്‍ ഉള്‍പ്പെടുത്തുക *ഇളം ചൂടുള്ള വെള്ളം കുടിക്കുക എന്നതാണ് പ്രഭാതത്തില്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം. *ദിവസവുമുള്ള കുടിവെള്ള ആവശ്യകതകള്‍ നിറവേറ്റാനായി തിളപ്പിച്ചാറ്റിയതും ശുദ്ധമായതുമായ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വെള്ളത്തിലെ എല്ലാ മാലിന്യങ്ങളും ഫില്‍ട്ടര്‍ ചെയ്തു കുടിക്കാനായി വാട്ടര്‍ പ്യൂരിഫയറും ഉപയോഗിക്കാം. 

*ആരോഗ്യകരമായ ഒരു വ്യായാമ ഷെഡ്യൂള്‍ പിന്തുടരുക. ഇതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ആവശ്യമായ വ്യായാമം നല്‍കുക. അതോടൊപ്പം, നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ആന്തരികാവയവങ്ങള്‍ ശക്തിപ്പെടുത്താനും ആവശ്യമായ വ്യായാമങ്ങളും യോഗയും പിന്തുടരുക. *കൃത്യമായ ഇടവേളകളില്‍ സ്വയം ഓയില്‍ മസാജ് ചെയ്യുക, ഇത് ശരീരത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. *ലളിതവും സമതുലിതമായതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. കഴിയുന്നതും വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തന്നെ കഴിക്കാന്‍ ശ്രമിക്കുക. *ടെലിവിഷനോ മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ഇരുന്നുകൊണ്ട് ഒരിക്കലും ഭക്ഷണം കഴിക്കരുത്. *ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. നേരത്തെ അത്താഴം കഴിക്കുന്ന ശീലവും പതിവാക്കണം. *ദിവസവും 7-8 മണിക്കൂര്‍ ഉറക്കം നേടിയെടുക്കുക. ഇത് ഒരു പരിധിവരെ നിങ്ങളുടെ ക്ഷീണത്തെ ഒഴിവാക്കും.

വാല്‍ക്കഷണം

രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ജീവിക്കുന്ന സാഹചര്യം പൊതുവില്‍ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വര്‍ദ്ധിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യ സേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങള്‍, ജനങ്ങളുടെ ജീവിതരീതി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗനീതി, ലിംഗസമത്വം, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മാനസികാവസ്ഥ തുടങ്ങിയവയാണ് ആരോഗ്യം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

 ലോകാരോഗ്യ ദിനത്തില്‍ നേഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വന്ദനം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക