Image

കോവിഡ് കാലത്തെ കേരളം (യു.എ. നസീർ, ന്യൂയോർക്ക്)

Published on 07 April, 2020
കോവിഡ്  കാലത്തെ കേരളം (യു.എ. നസീർ, ന്യൂയോർക്ക്)
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരി കൊറോണ അഥവാ കോവിഡ് - 19 എന്ന മാരകമായ വൈറസുകൾ ലോകം മുഴുവൻ നിശ്ചലമാക്കി ഭീതി പരത്തി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ,യൂറോപ് വഴി അമേരിക്കയിൽ എത്തിയപ്പോൾ ലോകത്തിലെ എല്ലാ നിലക്കും ഒന്നാം നമ്പർ എന്ന് എല്ലാവരും അംഗീകരിക്കുന്ന അമേരിക്ക കോവിഡ് 19 നാശം വിതച്ചുു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലും ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ്. ഇത് വളരെയേറെ പ്രയാസവും ദുഃഖവുമേറിയതാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകരാജ്യങ്ങളിൽ ശാസ്ത്രസാങ്കേതിക - ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറ്റവും മുന്നേറിക്കൊണ്ടിരിക്കുന്ന, ആധുനിക സൗകര്യങ്ങളിൽ ലോകത്ത് എല്ലാവർക്കും മാതൃകയായ ഒരു രാഷ്ട്രമെന്ന ഖ്യാതിയും മതിപ്പുമുള്ളതുകൊണ്ട് ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് ലോകം മുഴുവൻ വിശിഷ്യ ഇന്ത്യയിലും നമ്മുടെ കേരളത്തിലും എല്ലാവർക്കും വളരെയധികം ജിജ്ഞാസയായിരുന്നു കോവിഡ് വന്നപ്പോൾ അവിടെത്തെ ചികിത്സയെ കുറിച്ച് അറിയാൻ. എന്നാൽ അമേരിക്കയിലെ ആശുപത്രിയിൽ നിന്ന് കേട്ട ചില അപസ്വരങ്ങൾ സത്യം പറഞ്ഞാൽ ലോകത്ത് നിലനിൽക്കുന്ന പല മുൻ ധാരണകളെയും തകിടം മറിക്കുന്ന വാർത്തകളായിരുന്നു. യു.എസിലെ ചികിത്സാസമ്പ്രദായത്തെയും കോവിഡ് വ്യാപനത്തെയും പലരും പല രീതിയിലാണ് സമീപിച്ചത്. പ്രത്യേകിച്ചും ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക ഈ രോഗം കൊണ്ട് ബുദ്ധിമുട്ടി; ഹോസ്പിറ്റലുകളിൽ സൗകര്യം കുറവാണ്: ഇവിടത്തെ ഡോക്ടേഴ്സ്, നഴ്സസ്, പാരാമെഡിക്കൽ സ്റ്റാഫ് ആരുംതന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയൊ, സൂരക്ഷ കവചങ്ങളാ മാസ്കോ പോലുമില്ലാതെയാണ് കോവിഡ് 19നെ പ്രതിരോധിക്കാൻ ഇറങ്ങിയത് എന്നിങ്ങനെയുള്ള വാർത്തകളാണ് ദിനംപ്രതി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഷ്ടകാലത്തിനൊ നല്ലകാലത്തിനൊ ഈ മഹാമാരി വന്ന സമയത്ത് ഞാൻ നാട്ടിലാണ്. എന്റെ കുടുംബം നേരത്തെ ന്യൂയോർക്കിലേക്ക് മടങ്ങിയിരുന്നു. ഞാൻ തിരിച്ചുപോകേണ്ട സമയത്ത് ലോക്ക് ഡൗൺ വന്നത് കൊണ്ട് മടങ്ങാൻ കഴിഞ്ഞില്ല. അമേരിക്ക ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്തു എന്ന ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്. ജനുവരി അവസാനത്തിലാണ് വാഷിങ്ടണിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്. പക്ഷേ ഒരു മുൻകരുതൽ എടുക്കാനോ വേണ്ടത് ചെയ്യാനോ ഭരണ നേതൃത്വത്തിന് കഴിയാതെ പോയി എന്ന് പറയാതെ വയ്യ.

അമേരിക്കയിൽ ഏറിയകൂറും സ്വകാര്യ ആശുപത്രികളാണ്. ഇൻഷുറൻസ് അടിസ്ഥാനത്തിൽ ചികിത്സ നടക്കുന്ന അവിടങ്ങളിൽ ഇത്രയേറെ രോഗികൾ ഒന്നിച്ചു വന്നപ്പോൾ അവിടുത്തെ അപര്യാപ്തതകൾ ലോകത്തിനു മുമ്പിൽ അനാവരണം ചെയ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യപ്പെട്ടുമെന്ന്നമുക്ക് പ്രതീക്ഷിക്കാം. അമേരിക്കയോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികളും ശക്തികളും പരിഹാസ്യമായ ആർട്ടിക്കിൾ കൊണ്ടും ട്രോളുകൾ കൊണ്ടും ഈ സമയത്തെ ഉപയോഗപ്പെടുത്താനും മറന്നില്ല. നിരപരാധികളെ കൊല്ലാനും ,ആയുധങ്ങൾ നിർമ്മിച്ചു ലോകത്ത്ന്റെ സമാധാനം നശിപ്പിക്കാനും ശ്രമിക്കുന്ന സമയത്ത് വേണ്ടത്ര ആരോഗ്യ പരിചരണ കാര്യത്തിൽ ശ്രദ്ധിധിക്കാക്കാമായിരുന്നു എന്നിങ്ങനെെയുള്ള കമന്റുകളാണ് ചിലവ. അതിൻറ പേരിൽ സോഷ്യൽ മീഡിയയിൽ ചില വിശദീകരണങ്ങൾ കൊടുക്കാനും ഞാൻ നിർബന്ധിതനായിരുന്നു.

അതേ സമയം ഈ ദുരന്തത്തെ നമ്മുടെ കൊച്ചു കേരളം എങ്ങനെ കൈകാര്യം ചെയ്തു എന്ന് അമേരിക്കയിൽ നിന്ന് പലരും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കേരളത്തിൽ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തു എന്ന ചിന്തയാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 കണ്ടെത്തിയത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്ന് വന്നവരിലൂടെയാണ് കൊറോണ കേരളത്തിൽ എത്തിയത്. അമേരിക്കൻ മലയാളികൾ വച്ചുപുലർത്തുന്ന പൊതുബോധം കേരളം  മൂന്നുപതിറ്റാണ്ട് മുമ്പത്തെ ചികിത്സ രീതികളും സാങ്കേതിക വിദ്യയും സൗകര്യങ്ങളും തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത് എന്നാണ്. എന്നാൽ കേരളം മറ്റു പല മേഖലയിലും പോലെ ചികിത്സാരംഗത്തും ധാരാളം മാറിയിട്ടുണ്ട്. അമേരിക്കയിൽ ഉള്ളതുപോലെ ഫൈവ് സ്റ്റാർ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ ഇന്ന് കേരളത്തിലും ഉണ്ട്. വിദേശികളടക്കം കേരളത്തിലെ ചികിത്സ തേടിയെത്തുന്നു. ഒരുവേള പ്രസവശുശ്രൂഷക്ക് അമേരിക്കയെ വെല്ലുന്ന സൗകര്യങ്ങൾ ഇവിടെ ലഭിക്കും. കൂടാതെ ചില റിസോർട്ട് ടൈപ്പ് സ്ഥലങ്ങളിൽ പ്രസവാനന്തര ശുശ്രൂ്ഷഷയും നമ്മുടെ പണത്തിനനുസരിച്ചുു ലഭ്യം. സർക്കാർ മെഡിക്കൽ കോളേജുകളിൽ പോലും വലിയ സൗകര്യങ്ങളും അത്യാധുനിക ചികിത്സകളും ലഭ്യമാണ്. സാംക്രമിക രോഗികളെ പരിചരിക്കുന്നവർക്ക് എൻ 95 മാസ്ക് മുതൽ ആധുനിക സുരക്ഷാ കവചങ്ങളും ഉണ്ടെന്നനുള്ളത് എടുത്തു പറയേേണ്ട താണ്.
 കഴിഞ്ഞ രണ്ടു മാസങ്ങളിലായി എന്റെ ഫിസിയോ തെറാപ്പിയും, ബാക്കിയുള്ള സമയങ്ങളിൽ വിവാഹാഘോഷങ്ങളും, സൽക്കാരങ്ങളും, പൊതു പരിപാടികളും ,സാമൂഹ്യ സേവനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും എല്ലാമായി വളരെ തിരക്കിട്ട എന്നാൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു ഇവിടെ. എന്നാൽ ഫിബ്രവരി അവസാനത്തോടു കൂടി തന്നെ മഹാ വിപത്തിന്റെ ആഗമനം ഏറെക്കുറെ എല്ലാവരും മണത്തറിഞ്ഞിരുന്നു. മാർച്ച് ആദ്യവാരത്തോടെ പൊതു പരിപാടികളും, ഷഹീൻ ബാഗുകളും ക്രമീകരിക്കപ്പെട്ടു. മാർച്ച് 28ന് തീരുമാനിച്ചിരുന്ന കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ പി.എസ് വാര്യരുടെ നൂറ്റി അൻപതാം ജന്മ വാർഷിക സെമിനാറുകളും, കോട്ടക്കൽ ഫെസ്റ്റും ഒരു മാസം മുൻപെ കാൻസൽ ചെയ്തപ്പോൾ അതിന്റെ ജനറൽ കൺവീനർ എന്ന നിലക്ക് ചില സുഹൃത്തുക്കൾ ഈ വിനീതനെ കളിയാക്കുക വരെ ചെയതു. എന്നാലും വരാൻ പോകുന്ന വിപത്തിനെ നേരിടാൻ അധികൃതരും, പൊതു ജനങ്ങളും തയ്യാറെടുത്തു വരുന്ന പ്രതീതി തോന്നിച്ചിരുന്നു.

 കോവിഡ് 19 പ്രത്യക്ഷപ്പെട്ട തുടക്കത്തിൽ തന്നെ അത് സഗൗരവത്തിൽ എടുക്കുകയും വിദേശത്തുനിന്ന് വരുന്ന ഓരോ ഫ്ലൈറ്റിലുള്ളവരെയും കോറന്റെെൻ ചെയ്യാനും അവരുടെ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ അവരുട റൂട്ട് മാപ്പ് എടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അത് പ്രസിദ്ധപ്പെടുത്താനും അധികൃതർക്ക് സാധിക്കുന്നു.  ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ    ഓട്ടോറിക്ഷ തൊട്ട് വിമാനങ്ങൾ വരെ എല്ലാ പൊതു ഗതാഗതവും പരിപൂർണ്ണമായി നിശ്ശബ്ധമായി. വാഹനങ്ങൾ പുറത്തിറക്കണമെങ്കിൽ ആവശ്യം കാണിച്ച് പാസ്സ് വാങ്ങണം. അത്യാവശ്യ സർവീസ് ഒഴികെ എല്ലാ ഓഫീസ്സു കളും വ്യാപാര സ്ഥാപനങ്ങളും, ആരാധനാലയങ്ങളും അടച്ചു ജനങ്ങൾ വീട്ടിലിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും പോലീസും ആരോഗ്യവകുപ്പും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരും ഒരുപോലെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി അധികൃതർ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തിക്കൊണ്ടുള്ള ജില്ലാകലക്ടറുടെ എസ്.എം.എസ് അവരുടെ മൊബൈലിലേക്ക് പോകുന്നു. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. ഭക്ഷണവും മരുന്നും ആർക്കും എവിടെയും എത്തിക്കാൻ സദാസന്നദ്ധരാണവർ. എനിക്ക് തന്നെ കോഴിക്കോട് നിന്നും ഒരു മരുന്ന് എത്തിക്കേണ്ടതുണ്ടായിരുന്നു. കൊണ്ടുവരാൻ ഒരു വഴിയുമില്ല. അവസാനം മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് വളണ്ടിയർമാർ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ച് പഞ്ചായത്ത് അതിർത്തികളിൽ വെച്ച് കൈമാറി കൈമാറി ചെയിൻ സർവീസിങ്ങിലൂടെ 48 കിലോമീറ്റർ ദൂരെയുള്ള കോഴിക്കോട് നിന്ന് മൂന്ന് മണിക്കൂറിനുള്ളിൽ കോട്ടക്കലിലെ എന്റെ വീട്ടിലേക്ക് എത്തിച്ചു തരികയായിരുന്നു.  എല്ലാവരും ലോക്ക് ഡൗൺലോഡുമായി പരമാവധി സഹകരിച്ച് വീട്ടകങ്ങളിൽ തന്നെ കഴിയുന്നു. പ്രാദേശിക ഭരണ കുടങ്ങളുടെ കമ്മ്യൂണിറ്റി കിച്ചനും, ഗ്റോസറി കിറ്റുകളും ആവശ്യക്കാരന്റെ വീട്ടിൽ സൗജന്യമായി എത്തുന്നതിന് പുറമേ എന്താവശ്യങ്ങൾക്കും സഹായിക്കാൻ പോലീസിനെ കൂടാതെ സോഷ്യൽ മീഡിയയിൽ വിളിപ്പുറത്ത് സദാ സേവന സന്നദ്ധരായ  ചെറുപ്പക്കാരും തയ്യാറായി നിൽക്കുന്നു.  

സമയബന്ധിതമായി തുറക്കുന്ന കടകൾക്ക് മുന്നിൽ ഹാന്റ് വാഷ് സ്റ്റേഷനും, സാനിട്ടൈ സറും സുലഭം. ആവശ്യമില്ലാതെ പുറത്തിറങ്ങുന്ന ബൈക്കുകളും, കറുകളും, കളിക്കൂട്ടങ്ങളും, നാട്ടിൻ പുറത്തെ മീൻ പിടുത്തക്കാരും വരെ പോലീസിന്റെ ഡ്രോണുകളെ കാണുമ്പോഴെക്കും അപ്രത്യക്ഷരാകുന്നു. എങ്കിലും ആരെങ്കിലും വല്ലപ്പോഴും ചില അബദ്ധങ്ങൾ ചെയ്യുകയും പിടിക്കപ്പെടുകയും ചെയ്യുന്നു.

ഇതാണ് കേരളത്തിന്റെ കോവിഡ് കാലത്തെ ആകത്തുക. കോവിഡ് 19 രോഗത്തെ കേരളത്തിലെ ഉദ്യോഗസ്ഥരും സാധാരണക്കാരും എന്നുവേണ്ട ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ആളുകളും വളരെ ഗൗരവത്തിലും സൂക്ഷ്മതയിലുമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പരമാവധി കൊറോണ വ്യാപനത്തെ തടയിടാൻ ഇന്നേ വരെ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, അടുത്ത ഘട്ടത്തെ നേരിടാനുള്ള മുന്നോരുക്കങ്ങൾ അണിയറയിൽ നടന്നുു വരുന്നു.


കൊറോണക്കാലത്ത് നാട്ടിലായതു കൊണ്ടു, അമേരിക്കയിൽ മഹാമാരി സംഹാര താണ്ഡവമാടിയപ്പോൾ വ്യത്യസ്ഥ പ്രതികരണങ്ങൾ കണ്ടു. പലർക്കും, അമേരിക്കയിലെ ആശുപത്രികളിലെ ചില അപര്യാപ്തതകൾ അറിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണം: ചിലർക്ക് അമേരിക്കയോട് പുച്ഛം, ഇവിടെ ജീവിക്കുന്നവരോട് അസൂയ, ചിലർക്ക് വിദ്വേഷം. ചിലപ്പോൾ ലോക പോലീസ് എന്ന നിലക്ക് ചില രാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന നിരപരാധികളുടെ മനുഷ്യക്കുരുതിയിൽ ഉള്ള മാനുഷികമായ വിയോജിപ്പായിരിക്കാം. ഏതായാലും ചില കമന്റുകൾ കണ്ടപ്പോൾ ചില നാടൻ ഗ്രൂപ്പുകളിൽ ചിലരോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. പക്ഷെ ഒരു കാര്യം. കേരളം വളരെ മാറിപ്പോയിരിക്കുന്നു. മേൽ വിവരിച്ചതു പോലെ ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള ആശുപത്രികളും, അമേരിക്കയെ വെല്ലുണ പ്രസവ ആശുപത്രികളും, പ്രസവ ശുശ്രൂഷാ കേന്ദ്രങ്ങൾ വരെ പണത്തിന്റെ തോതനുസരിച്ചു നമുക്ക് അനുഭവിക്കാം. ജനങ്ങളുടെ ആരോഗ്യ ശുഷ്ക്കാകാന്തിയും ,പൊതു ബോധവും ,അധികൃതരുടെ കരുതലും വളരെ മെച്ചം.ലോക്ക് ഡൗൺ പരിപൂർണ്ണം, പൊതുസ്ഥലത്ത് ഹാന്റ് വാഷ് കേന്ദ്രങ്ങൾ, കടകളിൽ കയറാൻ സാനി ട്ടൈസേഷൻ നിർബന്ധം.  ലോക്ക് ഡൗൺ ആണെങ്കിലും വീട്ടിലിരിക്കുന്നവർക്ക് ഗ്രോസറിയും, മരുന്നും മറ്റും എത്തിക്കാൻ സന്നദ്ദ സംഘടനകൾ സജീവം. വിശക്കുന്നവർക്ക് ഭാഷാ വ്യത്യാസമില്ലാതെ സൗജന്യ ഭക്ഷണം എങ്ങും. ഇന്നലെ എനിക്ക് കോഴിക്കോട് നിന്നും മരുന്ന് കോട്ടക്കലെ വീട്ടിൽ സൗജന്യമായി എത്തിച്ചത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ. ചുരുക്കത്തിൽ, ആധുനിക സൗകര്യങ്ങൾക്കനുസരിച്ച് പൊതുജനങ്ങളുടെ അവബോധവും, പരസ്പര സഹകരണവും വളരെ കൂട്ടിയിരിക്കുന്നു. പഴയ കേരളമല്ല, അത് കൊണ്ട് ആരെങ്കിലും നമ്മളെ താരതമ്യം ചെയ്യുന്നുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാണ് നാട്ടിലെ അനുഭവങ്ങൾ നൽകുന്ന പാഠം.

യു.എ. നസീർ ന്യൂയോർക്ക്
ക്യാമ്പ്: കോട്ടക്കൽ

കോവിഡ്  കാലത്തെ കേരളം (യു.എ. നസീർ, ന്യൂയോർക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക