Image

നിസാമുദീന്‍ യാത്ര മറച്ചു വച്ച ഉമ്മയ്ക്കും മകനുമെതിരെ കേസെടുത്തു

Published on 07 April, 2020
നിസാമുദീന്‍ യാത്ര മറച്ചു വച്ച ഉമ്മയ്ക്കും മകനുമെതിരെ  കേസെടുത്തു
പാലക്കാട്: നിസാമുദീനില്‍ പോയ കാര്യം മറച്ചു വച്ച ഉമ്മയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. കുലുക്കല്ലൂര്‍ പുറമത്ര സ്വദേശികള്‍ക്കെതിരെയാണു കേസ്. മാര്‍ച്ച് 9നു നിസാമുദീനിലേക്കു പോയ ഉമ്മയും മകനും 11ന് അവിടെ എത്തുകയും 13നു തിരിച്ചു യാത്ര ആരംഭിക്കുകയും 15നു നാട്ടിലെത്തുകയും ചെയ്തു. എന്നാല്‍, 22, 25 തീയതികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ഈ വി!വരങ്ങള്‍ മറച്ചുവച്ചു.

ഏപ്രില്‍ ഒന്നിനു മുളയന്‍കാവിലെ ബാങ്ക് ശാഖയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ പോയപ്പോള്‍, മാര്‍ച്ച് 13നു നിസാമുദീനില്‍ വച്ചു പണം പിന്‍വലിച്ചതായി മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി വീണ്ടും അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ഇരുവരും നല്‍കിയത്. രണ്ടിനു പഞ്ചായത്തംഗം അന്വേഷിച്ചപ്പോഴും യാത്രാവിവരം മറച്ചു വച്ചു. 

തുടര്‍ന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നേരിട്ടെത്തി ഇരുവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയെങ്കിലും പാലിച്ചില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണു ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ഇരുവരെയും സാംപിള്‍ പരിശോധനയ്ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമുദീനില്‍ നിന്നു തിരിച്ചെത്തിയ ശേഷം ചെര്‍പ്പുളശ്ശേരി, നെല്ലായ എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കിലും പലചരക്കുകടയിലും ഇവര്‍ പോയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക