Image

ബ്രിട്ടനില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു, ആകെ അഞ്ചുപേര്‍, ചെറുപ്പക്കാരിലും കോവിഡ് പിടിമൂറുക്കുന്നു

Published on 07 April, 2020
ബ്രിട്ടനില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു, ആകെ അഞ്ചുപേര്‍, ചെറുപ്പക്കാരിലും കോവിഡ് പിടിമൂറുക്കുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു മലയാളികള്‍. ഇതോടെ യൂറോപ്പിലാകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ചവരില്‍ രണ്ടുപേര്‍ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരും ചെറുപ്പക്കാരുമാണ്.

കണ്ണൂര്‍ സ്വദേശി സിന്റോ ജോര്‍ജ് (36) കൊട്ടാരക്കര ഓടനാവട്ടം സ്വദേശിനി ഇന്ദിര ഭാരതി (72), തൃശൂര്‍ ചാവക്കാട് സ്വദേശി ഇക്ബാല്‍ പുതിയകം (56) എന്നിവരാണ് മരിച്ചത്. ഇതില്‍ ഇക്ബാലിന് കോവിഡ് രോഗമായിരുന്നോ എന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹം ചികില്‍സ തേടിയത്.

പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്നു കുട്ടികളുടെ പിതാവാണ് കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശിയായ സിന്റോ ജോര്‍ജ് എന്ന യുവാവ്. ഭാര്യ നിമി. നഴ്‌സിങ് കഴിഞ്ഞ് ബ്രിട്ടനിലെത്തിയ സിന്റോ പത്തുവര്‍ഷമായി ലണ്ടന്‍ സറൈയിലെ റെഡ് ഹില്ലിലായിരുന്നു താമസം. ഒരാഴ്ചയിലേറയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. സംസ്കാരം ലണ്ടനില്‍ തന്നെ നടത്തും.

കൊട്ടാരക്കര ഓടനാവട്ടം ദേവീവിലാസത്തില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യയാണ് ക്രോയിഡണില്‍ മരിച്ച ഇന്ദിരാ ഭാരതി. മുട്ടറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. ക്രോയിഡണിലുള്ള മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ആറുമാസം മുമ്പ് ലണ്ടനിലെത്തിയ ഇവരെ ഒരുമാസം മുമ്പ് സ്‌ട്രോക്ക് ബാധിച്ചതിനെത്തുടന്ന് ടൂട്ടിംങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നാണു കോവിഡ് ബാധിച്ചത്. പത്തുപേരുടെ സാന്നിധ്യത്തില്‍ നാളെ ലണ്ടനില്‍ മൃതദേഹം സംസ്കരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ലണ്ടന്‍ വെംബ്ലിയില്‍ താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി ഇക്ബാല്‍ പുതിയകമാണ് മരിച്ച മറ്റൊരാള്‍. ഒരാഴ്ചയിലേറെയായി പനിയും തൊണ്ടവേദനയും ചുമയും മറ്റുമായി വിശ്രമത്തിലായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ മരിക്കുകയും ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഡോര്‍ചെസ്റ്റര്‍ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയായിരുന്നു.

സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറിയായ ഇക്ബാല്‍ ലണ്ടനിലെ വിവിധ സംഘടനകളുമായും മലയാളി അസോസിയേഷനുകളുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഖബറടക്കം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലുള്ള പീസ് ഓഫ് ഗാര്‍ഡന്‍ ഖബര്‍സ്ഥാനില്‍ നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക