Image

ബോറിസ് ജോണ്‍സണ്‍ ഇന്റന്‍സീവില്‍ ; ബ്രിട്ടനില്‍ വൈറസ് ബാധ മൂന്നിലൊന്നായി കുറഞ്ഞു

Published on 07 April, 2020
ബോറിസ് ജോണ്‍സണ്‍ ഇന്റന്‍സീവില്‍ ; ബ്രിട്ടനില്‍ വൈറസ് ബാധ മൂന്നിലൊന്നായി കുറഞ്ഞു


ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രോഗലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ലണ്ടന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പത്തു ദിവസം മുന്പ് രോഗം സ്ഥിരീകരിച്ച അദ്ദേഹം വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ തുടരുകയായിരുന്നു.

രോഗലക്ഷണങ്ങളില്‍ കുറവു വരാതിരുന്നതിനെ തുടര്‍ന്നു ജോണ്‍സണെ തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്റന്‍സീവ് യൂണിറ്റില്‍ സാധാരണ അവശ്യമായ പതിനഞ്ച് ലിറ്റര്‍ ഓക്‌സിജനു പുറമെ നാല് ലിറ്റര്‍ ഓക്‌സിജന്‍ കൂടി നല്‍കിയാണ് 55 കാരനായ ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണ് ഭരണച്ചുമതല.

ബ്രിട്ടനില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു. 439 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്.

3802 പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തേതിനെ അപേക്ഷിച്ച് 2000 കുറവാണിത്. മരിച്ചവരില്‍ 35 മുതല്‍ 106 വയസ് വരെ പ്രായമുള്ളവരുണ്ട്. ഇതില്‍ പതിനഞ്ച് പേര്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരുമായിരുന്നു. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ആകെ 36 പേരാണ് മരിച്ചത്. 626 പേര്‍ക്ക് പുതിയതായി രോഗവും റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ബോറിസ് ജോണ്‍സന് സന്ദേശം അയച്ചു

കൊറോണ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ അഗ്‌നിപരീക്ഷയെ വേഗത്തില്‍ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. 'ഈ പ്രയാസകരമായ സമയത്ത് ബോറിസ് ജോണ്‍സണിനും കുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും എന്റെ പൂര്‍ണ്ണ പിന്തുണ. ഈ അഗ്‌നിപരീക്ഷയെ അദ്ദേഹം അതിവേഗം മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' മാക്രോണ്‍ ട്വീറ്റ് ചെയ്തു.

മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കി ഫ്രാന്‍സ്

രാജ്യത്ത് എല്ലാവര്‍ക്കും മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയതോടെ മതിയായ സ്റ്റോക്കുകള്‍ ഇല്ലെന്നുള്ള മുറവിളി എല്ലായിടത്തു നിന്നും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ വേഗം ലഭ്യമാക്കുമെന്ന് അധികാരികള്‍ അറിയിച്ചു. ഇതിനകം രോഗബാധിതരായ ആളുകള്‍, അവരുടെ പരിചരണക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാസ്‌ക്കുകള്‍ ധരിക്കേണ്ടതുണ്ടെ ന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതോടെ ആളുകള്‍ പരിഭ്രാന്തിയുടെ നിഴലിലാണ്. ആവശ്യത്തിനു ലഭിക്കില്ല എന്ന കിവദന്തിയും ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. എല്ലാവര്‍ക്കും ഒരുതരം സംരക്ഷണം ഉണ്ടയിരിക്കണം. രണ്ടു ദശലക്ഷം തുണി മാസ്‌കുകള്‍ വരും ദിവസങ്ങളില്‍ ചെറുകിട ബിസിനസുകളുടെ ഒരു ശൃംഖല വഴി നിര്‍മിക്കുമെന്ന് പാരീസ് മേയറിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ നിലവിലെ ലോക്ക്ഡൗണിന് കീഴിലുള്ള ഒരു പ്രധാന ലോജിസ്റ്റിക് വെല്ലുവിളിയാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക