Image

ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ച്‌ മുപ്പതോളം ലോകരാഷ്ട്രങ്ങള്‍

Published on 08 April, 2020
ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ച്‌ മുപ്പതോളം ലോകരാഷ്ട്രങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍  മരുന്ന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യയെ സമീപിച്ച്‌ മുപ്പതോളം ലോകരാഷ്ട്രങ്ങള്‍ രംഗത്ത് . 


കൊവിഡ് 19 പ്രതിരോധിക്കാനുള്ള മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച്‌ കത്ത് എഴുതി ബ്രസീല്‍. രാമായണത്തില്‍ നിന്നുള്ള ഭാഗം പരാമര്‍ശിച്ചാണ് ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയത്.


'ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ വിശുദ്ധ മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികള്‍ക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച്‌ ഈ ആഗോള പ്രതിസന്ധി മറികടക്കും'.

ബൊല്‍സാനരോ കത്തില്‍ എഴുതി.


കഴിഞ്ഞ ശനിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച്‌ നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. 


ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. 


അതേസമയം മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിന്‍ എന്ന മരുന്നിന് ഇന്ത്യയെ ആശ്രയിക്കുന്ന ലോകരാജ്യങ്ങളുടെ എണ്ണം ഏറി വരികയാണ്. മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിക്കുകയും ഇന്ത്യ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.


അമേരിക്കയ്ക്കും ബ്രസീലിനും പുറമെ ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളും ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു. 


ഇന്ത്യയുടെ ശേഷിയില്‍ വിശ്വാസമര്‍പ്പിച്ച്‌ നമ്മെ ആശ്രയിക്കുന്ന എല്ലാ ലോകരാജ്യങ്ങളെയും സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും കൊവിഡ് മഹാമാരി വ്യാപകമാകുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ പരസ്പരം സഹകരിച്ച്‌ മുന്നോട്ട് നീങ്ങുക എന്നതാണ് ഇന്ത്യയുടെ നയമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്ത വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക