Image

കോവിഡ് ഭയന്ന് പനിയുടെ ലക്ഷണമുണ്ടായിരുന്ന ആള്‍ ജീവനൊടുക്കി

Published on 08 April, 2020
കോവിഡ് ഭയന്ന് പനിയുടെ ലക്ഷണമുണ്ടായിരുന്ന ആള്‍ ജീവനൊടുക്കി
തിരുവനന്തപുരം: പനിയുടെ ലക്ഷണമുണ്ടായിരുന്ന ആള്‍ കോവിഡ് ബാധയെന്ന് ഭയന്ന് കത്തെഴുതി വച്ച് ജീവനൊടുക്കി. 'ലോകത്ത് കോവിഡ് ബാധിച്ച് ഒരുപാടു പേര്‍ മരിക്കുന്നു. അവരോടൊപ്പം ഞാനും ശാന്തികവാടത്തിലേക്കു പോകുന്നു' എന്ന് കത്തെഴുതി വച്ച കാട്ടായിക്കോണം ശാസ്തവട്ടം ഓമന നഗര്‍ വേങ്ങലില്‍ സൈമണെ (57) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ എഴോടെ സഹോദരി ചായയുമായെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

അവിവാഹിതനായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം യൂണിറ്റില്‍ ഗാര്‍ഡനറായി താല്‍ക്കാലിക ജോലിയായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തു താമസിക്കുന്ന സഹോദരങ്ങളുടെ വീട്ടില്‍ നിന്നാണ് ആഹാരം എത്തിച്ചു കൊടുത്തിരുന്നത്. ഒരാഴ്ച മുന്‍പ് പനിയുടെ ലക്ഷണം ഉണ്ടായിരുന്നതായി പറയുന്നു. കോവിഡ് ബാധയാണെന്ന ആശങ്ക സൈമണ്‍ ബന്ധുക്കളുമായി പങ്കുവച്ചിരുന്നു.

പോത്തന്‍കോട് എസ്‌ഐ വി.എസ്. അജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. മുന്‍പു കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത പോത്തന്‍കോടിനു സമീപ സ്ഥലമായതിനാല്‍ കോവിഡ് ബാധയുണ്ടായിരുന്നോയെന്ന സ്ഥിരീകരണം കഴിഞ്ഞേ മൃതദേഹം വിട്ടു കൊടുക്കൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക