Image

'ദൈവസ്നേഹത്തിന്റെ പൊൻകതിരുകൾ ആശ്വാസമായി എത്തും;' പ്രാർത്ഥനാ കൂട്ടായ്‌മ: കൈകോർത്ത് ചിക്കാഗോ മലയാളികൾ

അനിൽ മറ്റത്തിക്കുന്നേൽ Published on 08 April, 2020
'ദൈവസ്നേഹത്തിന്റെ പൊൻകതിരുകൾ ആശ്വാസമായി എത്തും;' പ്രാർത്ഥനാ കൂട്ടായ്‌മ: കൈകോർത്ത് ചിക്കാഗോ മലയാളികൾ
ചിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയിൽ രൂപീകൃതമായ കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്‌മയുടെ കൗൺസലിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കോൺഫ്രൻസ് കോളിലൂടെയുള്ള പ്രാർത്ഥനാ കൂട്ടായ്‍മക്ക് മികച്ച പ്രതികരണം. ചൊവ്വാഴ്ച വൈകിട്ട് നടത്തപ്പെട്ട പ്രാർത്ഥനാ കൂട്ടായ്മായിലേക്ക് ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറിൽ പരം ആളുകളാണ് പങ്കുചേർന്നത്. ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാനും കൈകോർത്ത് ചിക്കാഗോ മലയാളിയുടെ അഡ്വൈസറി ബോർഡ് മെമ്പറുമായ അഭി. മാർ ജോയി ആലപ്പാട്ട് മെത്രാന്റെയും സുപ്രസിദ്ധ വചന പ്രഘോഷകനും ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ സ്ഥാപകനായ ബ്ര. റെജി കൊട്ടാരവുമാണ് പ്രാർത്ഥനാ കൂട്ടായ്മക്ക് നേതൃത്വം നൽകിയത്.

പ്രതിസന്ധികളിൽ ഉഴലുന്ന ഈ സമയത്ത് വിശ്വാസ തീഷ്ണത കാവലായി കരുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അഭി. മാർ ജോയി ആലപ്പാട്ട് തന്റെ ആമുഖ പ്രാർത്ഥനക്ക് മുന്നോടിയായി ഉദ്‌ബോധിപ്പിച്ചു. പ്രതിസന്ധികളിൽ തളരാതെ ഓരോരുത്തരേയും തങ്ങളുടേതായ സിവിക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനോടൊപ്പം, ആത്മീയമായി ദൈവത്തിനോട് കൂടുതൽ അടുക്കുവാനുള്ള അവസരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുവാനുള്ള അവസരമായി കൂടി ഇതിനെ കാണണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഷമാവസ്ഥയിലൂടെ പോകുന്ന ഏതൊരു വ്യക്തികൾക്കും കുടുംബത്തിനും താങ്ങും തണലുമായി ഈ കൂട്ടായ്മയോടൊപ്പം ചിക്കാഗോ സീറോ മലബാർ രൂപതയും ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ, മരുന്നിനും ലേപനത്തിനും കഴിയാത്തിടത്ത്, ദൈവസ്നേഹത്തിന്റെ പൊൻകതിരുകൾ ആശ്വാസമായി എത്തും എന്ന് പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ബ്രദർ റെജി കൊട്ടാരം ഉദ്‌ബോധിപ്പിച്ചു. തളർച്ചയല്ല മറിച്ച് വിശ്വാസത്താലുള്ള ഉയിർത്തെഴുന്നേൽപ്പാണ് ആത്മീയതയിലൂന്നിയ ചെറുത്ത് നിൽപ്പ് വഴിയായി ദൈവം വാഗ്ദാനം ചെയ്യുന്നത് എന്നും, പ്രതിസന്ധികളിൽ തളരുന്നതായി തോന്നുമ്പോൾ നമുക്ക് വേണ്ടി കുരിശുചുമന്നു തളർന്നവനെ ഓർത്ത് പ്രാർത്ഥിക്കുവാൻ കഴിയണം എന്നും  അദ്ദേഹം ഓർമ്മിപ്പിച്ചു.

ചിക്കാഗോയ്ക്ക് പുറമെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, യു കെ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി നാനൂറോളം പേർ കോൺഫ്രൻസ് കോൾ വഴിയായി നടത്തപ്പെട്ട പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കാളികളായി. പ്രാർത്ഥനാ ശുശ്രൂഷക്ക് മുന്നോടിയായി കൈകോർത്ത് ചിക്കാഗോ മലയാളികൾ എന്ന കൂട്ടായ്‍മയെ പ്രതിനിധീകരിച്ച് ബെന്നി വാച്ചാച്ചിറ ആമുഖ പ്രസംഗവും ബിജി സി മാണി സ്വാഗത പ്രസംഗവും നടത്തി.  ജിതേഷ് ചുങ്കത്ത് നന്ദി പ്രകാശനം നടത്തി. മേഴ്‌സി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള കൗൺസലിംഗ് കമ്മറ്റിയാണ് ഈ പ്രാർത്ഥനാ കൂട്ടായ്‌മയുടെ ഏകോപനം നടത്തിയത്.  

ഏതെങ്കിലും വിധത്തിൽ സഹായം ആവശ്യമുള്ളവർക്കായി കൈകോർത്ത് ചിക്കാഗോമലയാളിയുടെ  ഹെൽപ്പ് ലൈനിലേക്കോ കമ്മറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യർത്ഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈനുമായി  1 833 353 7252 എന്ന നമ്പരിൽ ബന്ധപ്പെടുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക