Image

മനം ഇടറരുത്, ഈ വിഷമ ഘട്ടവും കടന്നുപോകും (സിൽജി ജെ ടോം)

സിൽജി ജെ ടോം Published on 09 April, 2020
മനം ഇടറരുത്, ഈ വിഷമ ഘട്ടവും കടന്നുപോകും (സിൽജി ജെ ടോം)
കോവിഡ് 19 ഉയർത്തിയ കൂട്ടമരണങ്ങളിൽ വിറുങ്ങലിച്ചു  നിൽക്കുകയാണ് അമേരിക്ക, മരണങ്ങളിലും രോഗവ്യാപന വാർത്തകളിലും മനം  നൊന്ത്  ഇവിടുത്തെ  മലയാളി സമൂഹവും.   മരണം രണ്ടായിരത്തോടടുക്കുന്ന വാർത്തകളാണ് രണ്ടു ദിവസങ്ങളായി കേൾക്കുന്നത്. അമേരിക്ക അതിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ്  കടന്നു പോകുന്നത്. അമേരിക്കയിൽ  മാത്രമല്ല ലോകമെങ്ങും ഇതുതന്നെ  സ്ഥിതി. ഇറ്റലിയിലെയും   സ്പെയിനിലെയും പോലെ തന്നെ     അമേരിക്കയിലും  കൊറോണ വൈറസ് വ്യാപനത്തിന്റെ പീക് ടൈം ആയതിനാൽ  ആശങ്കയേറുന്നു,മരണങ്ങളേറുന്നു. 

ഒട്ടേറെ സുഹൃത്തുക്കൾ അമേരിക്കയിലുള്ളതുകൊണ്ടുതന്നെ അവിടെ നിന്നെത്തുന്ന ഓരോ വാർത്തകളും എന്നെ ആശങ്കാകുലയാക്കുന്നുണ്ട്. മിക്കവാറും എല്ലാവരും തന്നെ  സുരക്ഷിതരാണെങ്കിലും   കടുത്ത ആശങ്കയിൽ  തന്നെയാണ് മലയാളിസമൂഹം. ഇവിടെയുള്ള ഏതാനും മലയാളികൾ മരണത്തിനു കീഴടങ്ങുകയും  ചെയ്തു.  

പ്രതിരോധ നടപടികളും മുൻകരുതലുകളും സ്വീകരിക്കുന്നതിൽ ട്രമ്പ് ഭരണകൂടത്തിനു തുടക്കത്തിലുണ്ടായ പാളിച്ച  തന്നെയാണ്  കാര്യങ്ങൾ വഷളാക്കിയതെന്നു ആക്ഷേപങ്ങളേറെയുണ്ട്. ചൈനയിലേതിന്  പിന്നാലെ  ഇറ്റലിയുടെ കൂട്ടമരണങ്ങളുടെ ദാരുണകാഴ്ചകളുണ്ടായിട്ടും  ആദ്യഘട്ടത്തിൽ ഭരണകൂടം  ശ്രദ്ധിച്ചില്ലന്നത്‌ ഗുരുതരമായ അലംഭാവം തന്നെ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് കണ്ടതോടെ ഭരണകൂടം അവസരത്തിനൊത്തുയർന്നതു  ആശ്വാസമായി.പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.
ലോക് ഡൗണിലും വീട്ടിനകത്തിരിക്കാൻ  പലരും കൂട്ടാക്കുന്നില്ലെന്നതും  രോഗവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് കേൾക്കുന്നു. 


ഡോക്ടർമാരും റെസ്‌പിരേട്ടറി  തെറാപ്പിസ്റ്റുകളും നേഴ്‌സുമാരുമടക്കം നിരവധി സുഹൃത്തുക്കൾ അമേരിക്കയിലെ   ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നുണ്ട് .അവരൊക്കെയും ആശങ്കയിലാണെങ്കിലും തികഞ്ഞ നിശ്ചയ ദാർദ്ദ്യത്തോടെ  തന്നെ ഈ പ്രതിസന്ധി ഘട്ടത്തിലും തങ്ങളെ  കുറിച്ച് തെല്ലും ചിന്തിക്കാതെ ഓടിനടന്ന് ജോലി ചെയ്യുമ്പോൾ  നാമൊക്കെ എത്രമാത്രം അവരെ കരുതേണ്ടിയിരിക്കുന്നു. അവരാണ് നമ്മുടെ സമൂഹങ്ങളുടെ  കാവൽക്കാർ, ലോകത്തിന്റെ ഏതു  കോണിലായാലും. 
ജീവശ്വാസത്തിനായി മല്ലിടുന്ന കൊറോണ രോഗികൾക്കിടയിൽ ,  വെന്റിലേറ്ററുകളിലായിരിക്കുന്നവര്ക്കിടയില്  എത്ര അസ്വസ്ഥമായിട്ടാവും അവരുടെ ദിനങ്ങളോരോന്നും  കടന്നുപോകുക. തങ്ങളുടെ വിഷമങ്ങൾ മറന്നു രോഗത്തോട് മല്ലിടുന്നവരെ  പുഞ്ചിരിക്കുന്ന   മുഖവുമായി,സാന്ത്വന വാക്കുകളുമായി ചേർത്തുനിർത്തുന്ന എത്രയോ സഹോദരങ്ങൾ. അവരാണ്, അവരുടെ സ്നേഹപരിചരണങ്ങളാണ് ഈ സമൂഹത്തെ ഇത്രമേൽ ചേർത്തുനിർത്തുന്നത്. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനുള്ള മനോബലവും   പ്രതിരോധ ശക്തിയും നമ്മുടെ പ്രിയപ്പെട്ടവർക്ക്   ലഭ്യമാവട്ടെ.


അമേരിക്കയിലെ മലയാളി സമൂഹം ഈ പ്രതിസന്ധി ഘട്ടത്തെയും കടന്നുപോകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.  കാരണം എന്നും കാരുണ്യ  പ്രവൃത്തികളോട്   ചേർന്ന് നിൽക്കാൻ മനസ് കാണിച്ചിട്ടുള്ള ഒരു സമൂഹമാണ് അമേരിക്കയിലെ  മലയാളിസമൂഹം. പ്രളയ കാലത്തെ  കാരുണ്യ പ്രവർത്തികളുടെ കാര്യം മാത്രമല്ല  പറയുന്നത്, അതിനും എത്രയോ പതിറ്റാണ്ടുകൾ മുൻപേ, ('മലയാളം പത്രം'  ഇ മലയാളി സഹായ നിധികളിലൂടെയുംമറ്റും )  എത്രയോ ജീവിതങ്ങൾക്ക്  തുണയായവർ,രോഗാവസ്ഥയിൽ   താങ്ങായവർ,   എത്രയോ പേരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയവർ..അങ്ങനെ   എത്രയോ പേരുണ്ട്   മലയാളികൾക്കിടയിൽ. ഇന്നും  എനിക്കറിയാം,നാട്ടിലെ ആലംബ ഹീനരെ  സഹായിക്കുന്ന, അവരെ  ജീവിതത്തിലേക്ക് കൈ  പിടിച്ചു നടത്തുന്ന പത്രപ്രവർത്തകരുംഡോക്ടർസും സംഘടനാ ഭാരവാഹികളുമടക്കം നിരവധി  സുഹൃത്തുക്കളെ. 

നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക   എന്നുള്ള സ്നേഹവാക്യത്തിൽ തന്നെയാണ് അമേരിക്കൻ മലയാളിയുടെ    ജീവിതം ശിലയിട്ടിരിക്കുന്നത്,   ആരൊക്കെ എന്തൊക്കെ പറ ഞ്ഞാലും .അതുകൊണ്ടുതന്നെ കൊറോണയുടെ ഈ സംഹാര താണ്ഡവത്തിനൊന്നും ഈ മലയാളി സമൂഹത്തെ തളർത്താനാവില്ല, അവർ  ഈ   മഹാ  മാരിയെയും അതിജീവിക്കും. 

കേരളത്തിൽ നിന്ന് ആശ്വാസ വാർത്തകൾ  വരുന്നത് ഈ സാഹചര്യത്തിൽ  മലയാളികളിൽ പൊതുവെ നാടിനെകുറിച്ചു ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.  മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും  അടങ്ങിയ ഭരണ നേതൃത്വത്തിന്റെ കരുതലോടെയുള്ള പ്രവർത്തനങ്ങളിലൂടെ  തുടക്കത്തിലേ ഒരു പരിധി വരെ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാനായി എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസമായത്.രാജ്യത്തു ചെന്നൈയിലും മുംബൈയിലും യു പിയിലുമൊക്കെ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല.  

ഈ   പെസഹാ ദിനത്തിൽ, കൊറോണയെന്ന മഹാമാരി അമേരിക്കൻ   സമൂഹത്തെയും ലോകത്തെയും കൂടുതൽ   നാശം ഏൽപ്പിക്കാതെ കടന്നുപോകട്ടെ എന്ന്  പ്രാർത്ഥിക്കുന്നു. മനോ ധൈര്യത്തോടെ , ഈ  വിഷമ ഘട്ടത്തെയും അതിജീവിച്ചു  കൂടുതൽ    നന്മകളിലേക്കു നമുക്ക്  ചുവടുവെക്കാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക