Image

അറിവിന്റെ ആഴപ്പരപ്പിലൂടെ സഞ്ചരിച്ച പ്രിയ എഴുത്തുകാരന്‍ (ഫ്രാന്‍സിസ് തടത്തില്‍)

Published on 09 April, 2020
അറിവിന്റെ ആഴപ്പരപ്പിലൂടെ സഞ്ചരിച്ച പ്രിയ എഴുത്തുകാരന്‍ (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: വിശുദ്ധവാരത്തില്‍ ലോകം മുഴുവന്‍ ശുഭകരമല്ലാത്ത വാര്‍ത്തകള്‍ ശ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ഇന്നത്തെ പ്രഭാതം ഞെട്ടലുളവാക്കുന്ന മറ്റൊരു വാര്‍ത്തയുമായാണ് എന്നെ തട്ടിയുണര്‍ത്തിയത്. കൊറോണ വൈറസ് റിപ്പോര്‍ട്ടിന്റെഅവസാന അപ്പ് ഡേറ്റും നടത്തി രാത്രി വൈകിയാണ് കിടന്നത്. ഇ മലയാളി എഡിറ്റര്‍ രാവിലെ വിളച്ചത് സമയം തെറ്റിയായിരുന്നു. പതിവ് സമയം തെറ്റിയുള്ള വിളിയില്‍ പന്തികേട് തോന്നി. ജോസഫ് പടന്നമാക്കല്‍ സാറിന്റെ മരണ ദുതായിരിക്കുമതെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെകൂടി അദ്ദേത്തെക്കുറിച്ചു സംസാരിച്ചതാണ്.

ന്യൂജേഴ്‌സിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റിയെന്ന് കേട്ടപ്പോള്‍ ഉള്ളില്‍ പ്രതീക്ഷയുടെ ചെറിയ നിഴല്‍ ഉണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പ്5 ശതമാനം മാത്രം സാധ്യതകള്‍ എന്നായിരുന്നു ഡോക്ടര്‍കൂടിയായ മകള്‍ പറഞ്ഞിരുന്നത്. ന്യൂജേഴ്സിയിലേക്ക് മാറ്റുമെന്ന് കേട്ടപ്പോള്‍ പ്രതീക്ഷ ഏറി. എന്നാല്‍ ദുഖത്തിന്റെ ദിവസമാക്കി മാറിയിരിക്കുകയാണ്ഈപെസഹാ വ്യാഴാഴ്ച.

കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി മരണ വാര്‍ത്തകള്‍ മാത്രം ചെയ്ത് മനസ് മരവിച്ച അവസ്ഥയിലാണ്. ഓരോ മരണങ്ങളും ഉള്ളില്‍ ഒരു നീറ്റല്‍ നല്‍കുന്നുണ്ടെങ്കിലും മനസ് മരവിച്ചു കൊണ്ടിരിക്കുകയായിരുന്നു. നാളെ ആര് എന്ന ക്രൂരമായ ജിജ്ഞാസയാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. മരണത്തിന്റെ മുഖം ഇത്ര വികൃതമാണെന്നറിയുന്നത് ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാടിലൂടെയാണ്. എനിക്കെന്തോ അദ്ദേഹം അങ്ങനെ ആരൊക്കെയോ ആണ്.

അമേരിക്കയില്‍ എത്തിയ ശേഷമാണ് ഇ-മലയാളി വായിച്ചു തുടങ്ങുന്നത്. മലയാളി സംഘടനകളുടെ വാര്‍ത്തകള്‍ കൊണ്ട് മുഖരിതമായിരുന്ന ഇ-മലയാളിയില്‍ ഒരിക്കല്‍ ഒരു ലേഖനംവായിക്കാനിടയായി. കത്തോലിക്ക സഭയെക്കുറിച്ചായിരുന്നു അത്. ലേഖനത്തിന്റെ നീളക്കൂടുതല്‍ കാരണം വായിക്കണോ എന്ന് സംശയിച്ചു.ആദ്യത്തെ ഒന്നു രണ്ടു ഖണ്ഡികകള്‍ വായിച്ചപ്പോള്‍ കൂടുതല്‍ വായിക്കാന്‍ തോന്നി.ലൈംഗിക പീഡനത്തില്‍ മില്യണുകള്‍ പിഴയടക്കാന്‍ ശിക്ഷിച്ചുകൊണ്ട്അമേരിക്കയിലെ കത്തോലിക്ക സഭയ്ക്കെതിരെ വന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലായിരുന്നു ആ ലേഖനം. സഭയെക്കുറിച്ചുള്ള എന്റെ ജ്ഞാനം വെറും അല്‍പ്പമാണെന്നു തോന്നിപ്പോയ നിമിഷം. അത്ര ആധികാരികമായിരുന്നു ലേഖനത്തിലെ ഓരോ വരികളും. ലേഖനത്തിനു താഴെ എഴുത്തുകാരനായ ജോസഫ് പടന്നമാക്കലിനെപുകഴ്ത്തിയും ഇകഴ്ത്തിയും വായനക്കാരുടെ നിരവധി കമന്റുകള്‍ . കുറിക്കുകൊള്ളുന്ന മറുപടികള്‍വിമര്‍ശനങ്ങള്‍ക്കു നല്‍കുകയും ചീത്തവിളികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്.

അന്നു മുതലാണ് ഞാന്‍ ഇ-മലയാളിയുടെ വായനക്കാരനായി മാറിയത്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ എല്ലാം തന്നെ ഞാന്‍ വായിക്കുമായിരുന്നു. ലേഖനങ്ങള്‍ കൃത്യമായ കണക്കുകള്‍ നിരത്തികൊണ്ടുള്ളഏറെ ആധികാരികത നിറഞ്ഞവയായിരുന്നു.അദ്ദേഹം ഒരു സാധാരണ പത്രപ്രവര്‍ത്തകനായിരുന്നില്ല. ലേഖനങ്ങളിലായിരുന്നു ശ്രദ്ധ.കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ഓരോ വിഷയങ്ങളിലെയും അറിവുകളുടെ ആഴപ്പരപ്പുകള്‍ എന്നെ വിസ്മയിപ്പിച്ചുട്ടുണ്ട്. പരന്ന വായനയുംചിന്തയും ഉള്ളവര്‍ക്കു മാത്രമേ അങ്ങനെ എഴുതാന്‍ പറ്റുകയുള്ളു. കാരണം കാടടച്ചു വേദി വെയ്ക്കുന്ന തരത്തില്‍ ഇന്നുവരെ ഒരു ലേഖനവും അദ്ദേഹത്തിന്റേതായി ഞാന്‍ കണ്ടിട്ടില്ല.

പിന്നീട് ഞാന്‍ ഇമലയാളിയില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്റെ എല്ലാ ലേഖനങ്ങള്‍ക്കും നല്ല കമന്റുകള്‍ എഴുതുമായിരുന്നു. എന്റെ ലേഖനങ്ങളിലെ വസ്തുതകള്‍ കോര്‍ത്തിണക്കിയാണ് അദ്ദേഹത്തിന്റെ കമന്റുകള്‍. അവ മറ്റു പലരുടെയും കമന്റുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മനസിരുത്തി വായിക്കാതെ എഴുതാന്‍ പറ്റാത്ത കമന്റുകളാണേറെയും.

യശഃശരണീയനായ സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിനെക്കുറിച്ചു വന്ന എന്റെ ഒരു ലേഖനത്തില്‍ എന്റെ പിതാവിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം എന്നെ അടുത്തറിയുന്നത്. കോഴിക്കോട് ദേവഗിരി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന എന്റെ പിതാവ് പരേതനായ പ്രൊഫ. ടി. കെ. മാണിയുടെ അരുമ ശിഷ്യനായിരുന്നു അദ്ദേഹമെന്ന് അദ്ദേഹം ആ ലേഖനത്തിനു കമന്റ് ഇട്ടപ്പോള്‍ അറിയിച്ചിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായ തനിക്ക് മാണിസാര്‍സൗജന്യമായി സ്വകാര്യ ട്യൂഷന്‍ നല്‍കിയതിനെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

അന്നു മുതല്‍ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പം തോന്നിത്തുടങ്ങി. എന്റെ ആരെക്കെയോ ആണെന്നുള്ള തോന്നല്‍. ഫോട്ടോയില്‍ അത്ര പ്രായം തോന്നുകയില്ലെങ്കിലും പിതാവിന്റെ ശിഷ്യനാണെന്നു കേട്ടപ്പോള്‍ അദ്ദേഹം പ്രായമുള്ള ആളാണെന്നു മനസിലായി. കരണം എന്റെ പിതാവ് മരിച്ചിട്ടു 17 വര്‍ഷവും ജോലിയില്‍ നിന്ന് വിരമിച്ചിട്ടു 38വര്‍ഷവുമായി.

അതിനു മുന്‍പ് അദ്ദേഹത്തെ നേരില്‍ കാണാന്‍ പോകാന്‍ പലകുറി ആലോചിച്ചിട്ടും പലകാരണങ്ങളാല്‍ നടന്നില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായ തോമസ് കൂവള്ളൂര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ടുപോകാമെന്നു ഉറപ്പു നല്‍കിയിരുന്നതാണ്. പക്ഷെ എന്റെ അസൗകര്യങ്ങള്‍ മൂലം അത് നടന്നില്ല. എന്റെ രോഗാവസ്ഥ മൂലം യാത്രചെയ്യാന്‍ പറ്റാത്തതുമൂലമാണ് അത് നടക്കാതിരുന്നത്.

രണ്ടുവര്‍ഷം മുന്‍പ്ഇമലയാളി സാഹിത്യ അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ഞാന്‍ ആദ്യമായി കാണുന്നത്. നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം കോളേജ് പഠനകാലത്തെ അനുഭങ്ങള്‍ വിവരിച്ചു വാചാലനായി. അന്നാണ് അദ്ദേഹം ന്യൂയോര്‍ക്ക് പുബ്ലിക്ക്ലൈബ്രറി സിസ്റ്റത്തില്‍ സീനിയര്‍ ലൈബ്രെറിയാനാണെന്ന് അറിയുന്നത്. സെന്‍ട്രല്‍ ലൈബ്രറിയില്‍ 40 വര്‍ഷക്കാലം ജോലിചെയ്തപ്പോള്‍ അദ്ദേഹം വായിക്കാത്ത പുസ്തകങ്ങള്‍ വിരളമായിരിക്കും. ഇത്രയേറെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള മറ്റൊരു മലയാളി ഇവിടെ ഉണ്ടാകുമോ എന്ന് സംശയമാണ്. റഫറന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തതിരുന്നതിനാല്‍ എല്ലാ പുസ്തകങ്ങളുടെ ഉള്ളടക്കവും അദ്ദേഹം ഹൃദ്യമാക്കിയിട്ടുണ്ടാകാം.

അദ്ദേഹത്തെ നേരില്‍ കാണും മുന്‍പ് എനിക്കുണ്ടായിരുന്ന ധാരണകള്‍ക്കും അപ്പുറമായിരുന്നു അദ്ദേഹത്തിന്റെ അറിവെന്നു എനിക്ക് ബോധ്യമായി. ഓരോ വിഷയങ്ങളിലും അദ്ദേഹം കൈക്കൊള്ളുന്ന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കും. പലപ്പോഴും വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും പ്രതികൂലിച്ചും അനുകൂലിച്ചും കമന്റുകള്‍ വന്നാലും അദ്ദേഹത്തിന്റെ കുലുക്കമില്ലാത്ത നിലപാടുകളാണ് ജോസഫ് പടന്നമാക്കല്‍ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്.

ഈ വര്‍ഷം ആദ്യം സുധീര്‍ പണിക്കവീട്ടിലിന്റെ കഥാസമാഹാരം പുസ്തകമായി ഇറങ്ങിയപ്പോള്‍ ആ പുസ്തകം വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് പടന്നമാക്കല്‍ സാര്‍ എഴുതിയ റിവ്യൂ ആണ്. ഓരോ കഥകളിലൂടെയും സൂക്ഷമായി സഞ്ചരിച്ച അദ്ദേത്തിന്റെ റിവ്യൂ വായിച്ച ഞാന്‍ സുധീര്‍ പണിക്കവീട്ടിലിനോട് ഒരു പുസ്തകം ചോദിച്ചു വാങ്ങുകയായിരുന്നു. പിന്നീട് ഇറങ്ങിയ എന്റെ 'നാലാം തൂണിനപ്പുറം' എന്ന പുസ്തകത്തെക്കുറിച്ചും റിവ്യൂ എഴുതി. ഒരു ചെറിയ റിവ്യൂ ആയിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട് ഓരോ അധ്യായങ്ങളിലൂടെയും ഏറെസൂക്ഷമമായി കടന്നു ചെന്ന് ഒരൊറ്റ ലേഖനത്തിലൂടെ ആ പുസ്തകത്തെ സംക്രമിച്ചെഴുതി.

അമേരിക്കന്‍ മലയാളികളില്‍ എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും അറിവും ജ്ഞാനവുമുള്ള മറ്റൊരു എഴുത്തുകാരനില്ല. രോഗശയ്യയിലാകും മുന്‍പുവരെ എഴുത്തിനെ ഗാഢമായി പ്രണയിച്ച, തനതായ ശൈലികൊണ്ട് വായനക്കാരെ അറിവിന്റെ ഉത്തുംഗശൃഗംത്തില്‍ എത്തിച്ച ജോസഫ് പടന്നമാക്കല്‍ എന്ന പേരില്‍ ഇനി ഒരു ലേഖനവുംഉണ്ടാകില്ല.... അവസാനമായി ഒന്ന് കാണാന്‍, ആശ്രുപൂജയര്‍പ്പിക്കാന്‍ പോലും കഴിയാതെ വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ നെഞ്ചകം ഉരുകുകയാണ്.

ജോസഫ്പടന്നമാക്കല്‍ എന്ന വ്യക്തിയുടെ ദേഹവിയോഗം അവരുടെ കുടുംബാംഗങ്ങളുടെ മാത്രം നഷ്ട്ടമല്ല, വായനയെ സ്‌നേഹിക്കുന്ന മുഴുവന്‍ അമേരിക്കന്‍ മലയാളികളുടെകൂടി നഷ്ട്ടമാണ്. ഏതു വിഷയത്തെക്കുറിച്ചും പതിവായി എഴുതാറുണ്ടായിരുന്ന ജോസഫ് പടന്നമാക്കല്‍ എന്നഎഴുത്തുകാരന്റെ ലേഖനങ്ങളുടെ അഭാവം നാംതിരിച്ചറിയാനിരിക്കുന്നതേയുള്ളു. ഒരു പക്ഷേ കൊറോണക്കാലം കഴിയുമ്പോള്‍ നാം നികത്താനാവാത്തആ വിടവ് തിരിച്ചറിയും. അദ്ദേഹത്തിനു പകരം വയ്ക്കാന്‍ നിലവില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മറ്റൊരു എഴുത്തുകാരനുണ്ടാകില്ല. സൗമ്യ സ്വഭാവവും ചുണ്ടില്‍എപ്പോഴുംതൂകുന്ന പുഞ്ചിരിയുമായി ആ നിഷ്‌കളങ്ക മുഖം വായനക്കാരുടെയുള്ളില്‍ എന്ന് നിലനില്‍ക്കും. 
Join WhatsApp News
George Abraham 2020-04-10 11:23:40
Malayalee Community lost a scholar, historian and a skilled writer. He will be sorely missed. His unique perspectives on issues have been refreshing always. Many pieces of his writing were not only educational but also necessitated introspection and re-thinking. I have learned a lot from his writings. May God bless his soul!
George Thumpayil 2020-04-10 16:27:41
ഹൃദയസ്പര്‍ശിയായി ഫ്രാന്‍സിസ് പ്രിയ സുഹൃത്തിനെ അനുസ്മരിച്ചിരിക്കുന്നു. കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക