Image

ഇന്ന് ദു:ഖവെള്ളി - ആൻസി സാജൻ

Published on 10 April, 2020
ഇന്ന് ദു:ഖവെള്ളി - ആൻസി സാജൻ
ഇന്ത്യ എന്ന മഹാരാജ്യത്ത് ജീവിക്കുന്നതിൽ ആശ്വാസവും അഭിമാനവും തോന്നുന്ന ഒരു ദുഃഖ വെള്ളിയാണിന്ന്. ക്രൂശിതന്റെ  പീഡകളോർത്ത് വ്യാകുലം കൊണ്ട് ദു:ഖമാചരിക്കുന്നവരായിരുന്നു നമ്മൾ.എന്നാൽ ഇത്തവണ ശരിക്കും ഇതൊരു ദു:ഖം പുതച്ച വെള്ളിയാഴ്ച തന്നെ. അന്യന്റെ ദുരിതങ്ങളിൽ അനുശോചനവും ആശ്വാസവും പകർന്ന് ആത്മസുഖം അനുഭവിക്കുന്നിടത്ത് സ്വയം കുരിശണിയുന്നവരുടെ അങ്കലാപ്പോടെ പതറി നിൽക്കുന്ന അവസ്ഥ.
     ഇന്ത്യയിലായിരിക്കുന്നു എന്നതിലും അധികമായി,കേരളത്തിലാവാൻ ലോകം തന്നെ ആഗ്രഹിച്ചു പോകുകയാണിന്ന്. രോഗാവസ്ഥയെ അതിജീവിച്ച് വിദേശികൾ പോലും സന്തുഷ്ടരായി നമസ്കരിക്കുകയാണീ നാടിനെ.
    പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും വലിയ സൗഹൃദത്തിലാണെന്നാണ് കേൾവി., ഒരു തരം വാടാ പോടാ, ബന്ധമത്രെ. എന്നാൽ കഴിഞ്ഞ ദിവസം മരുന്നു കൊടുത്തില്ലേൽ തട്ടിക്കളയും' എന്ന ട്രം പിന്റെ ഭയപ്പെടുത്തൽ കേട്ട് അന്ധാളിച്ചു പോയി നമ്മൾ; മോദിയടക്കം. പിറ്റേന്ന് തന്നെ വീണ്ടും സൗഹൃദം ദൃഢമാണെന്ന തോന്നലുണ്ടാവുകയും ചെയ്തു. ഇവിടുത്തെ മരുന്ന് ചെന്നപ്പോൾ അമേരിക്ക തണുത്തു. ഭയന്നിരിക്കുന്നവൻ ഭയപ്പെടുത്തും പോലെ ...
      പാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും നാട്ടിൽ മലേറിയയും പ്ളേഗും പടർന്നപ്പോൾ രക്ഷകനായിത്തീർന്ന ഔഷധമാണ് ഹൈഡ്രോ ക്ലോറോക്കിൻ. പിന്നെയുള്ളത് പാരസെറ്റമോൾ. ഏറിയ പണച്ചിലവൊന്നുമില്ല ഇതിന്. തുച്ഛമായ പൈസയേ ഉള്ളൂ... വിമാന വാഹിനികളും നാനാതരം മിസൈലുകളും അണ്വായുധങ്ങളും സ്വരൂക്കൂട്ടി വയ്ക്കുന്നതിനിടയിൽ മൂക്കിപ്പൊടി പോലുള്ള ഈ വക സാധനങ്ങൾ ആര് ശ്രദ്ധിക്കുന്നു.
     ഇപ്പറഞ്ഞ മരുന്നുകളുടെ കൂട്ട് അമേരിക്കയ്ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. അത്യാഹിതം വന്നപ്പോൾ എടുക്കാനൊട്ടുമില്ല; എന്നാൽ ശേഖരിച്ചു വച്ചവന്റെ പക്കൽ നിന്നും വാരിയെടുത്തങ്ങ് പോകാം എന്ന നീതി. പകരം ഏതാണ്ടൊക്കെ സ്മരിക്കും എന്നാണ് പറയുന്നത്.
     ഇന്ത്യ ജന സാന്ദ്രതയേറിയ നാടായതു കൊണ്ട് ഇവിടുത്തെ കോടാനുകോടി മനുഷ്യർക്കായി സൂക്ഷിച്ചു വച്ച മരുന്ന് മറ്റുള്ളവർക്ക് ഉപകാരമായി.
   ഈ സാഹചര്യത്തിൽ മറ്റൊരു ചിന്തയാണ് വരുന്നത്. ഏതായാലും നാടുനീളെ ഫാക്ടറികൾ തുറക്കാനും വ്യവസായം വളർത്താനുമൊന്നും നമുക്ക് പറ്റില്ല. പക്ഷേ, ടൂറിസവും ആരോഗ്യരംഗവും നമുക്ക് വിളഭൂമിയാവും.ആരോഗ്യപരിപാലനത്തിനും രോഗ ചികിൽസയ്ക്കും ലോകമാകെ നമ്മെത്തേടിയെത്തുന്ന നാളുകളാവും വരാൻ പോകുന്നത്.നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഒട്ടും പിന്നിലല്ല കേട്ടോ.
    വീണ്ടും ദു:ഖ വെള്ളിയിലേക്ക്... കർത്താവിനെയോർത്ത് കണ്ണീർ പൊഴിക്കാത്ത ഒരു ക്രിസ്തു ഭക്തനും ഇവിടെയുണ്ടാവില്ല. അത്രയ്ക്ക് പീഡകളായിരുന്നു ആ ജീവിതം മുഴുവൻ. 'പുൽക്കൂട് തൊട്ടങ്ങേ
പുൽകുന്ന ദാരിദ്ര്യം
കുരിശോളം കൂട്ടായി നിന്നു...'
എന്നു കേൾക്കുന്നതേ നെഞ്ചു വിങ്ങാൻ തുടങ്ങും...
'ക്ലേശങ്ങളെല്ലാം പിന്നിട്ടു നാഥൻ
മൂന്നാം ദിനമുയിർക്കും'
എന്നയിടം വരുമ്പോഴാണ്
നിലവിട്ട സങ്കടം ഒന്നു സമാശ്വസിക്കുന്നത്.
   കുരിശിന്റെ വഴിയിലെ ഏറ്റം വലിയ വേദനയായി അനുഭവപ്പെട്ടത് പരിശുദ്ധ അമ്മ, കുരിശേന്തി അവഹേളിതനായി നിൽക്കുന്ന മകനെ കാണുന്ന രംഗമാണ്.
'കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ " എന്നാണ്
എഴുതിയിട്ടുള്ളത് ,ഒപ്പം 'നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും' എന്ന പ്രവചനം നടുക്കത്തോടെ സ്മരിക്കുന്ന മാതാവിന്റെ ചിത്രവും വിസ്മരിക്ക വയ്യ.
ഓരോ ദു:ഖവെള്ളിയാഴ്ചയും ഈ ഹൃദയതാപങ്ങൾ ഏറ്റുവാങ്ങുന്നവരാണ് നാം.
     ദേവാലയങ്ങളിൽ ആൾക്കൂട്ട ആരാധനകളില്ല. ചുരുക്കം പുരോഹിതരും ചടങ്ങ് ഒപ്പിയെടുത്ത് വിശ്വാസികളിലെത്തിക്കുന്ന സാങ്കേതിക വിദഗ്ധരും മാത്രം...
കർത്താവ് വീടുകളിലെത്തുന്ന വിശുദ്ധവാരമാണിത്.
ഹൃദയത്തിലാണീശ്വരൻ;
സ്നേഹമാണീശ്വരൻ
എന്ന് ആബേലച്ചൻ പണ്ടേ പാട്ടിലൂടെ കേൾപ്പിച്ചതല്ലേ...

ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക