Image

നിഗളം നിമിത്തമോ? (ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 10 April, 2020
നിഗളം നിമിത്തമോ? (ജോണ്‍ വേറ്റം)
ഇപ്പോഴും, മനുഷ്യര്‍ അജ്ഞതയുടെ മുന്നിലും അറിവിന്റെ പിന്നിലുമാണെന്ന് വിശ്വസിക്കാം. കാലങ്ങളും മതങ്ങളും ശാസ്ത്രങ്ങളും നല്‍കിയ നുറുങ്ങ് വെട്ടമാണ് മുന്നിലുളഅളത്. സമ്പൂര്‍ണ്ണ ജ്ഞാനം സിദ്ധിച്ചവര്‍ ഇല്ല. ശാസ്ത്രജ്ഞാനം ദൈവദത്തമാണ്! കൊറോണ വൈറസ്' എന്ന വ്യാധിയെ, ആത്മീയം ഭൗതികം എന്നീ വ്യത്യസ്തതലങ്ങളില്‍ നിന്ന് വീക്ഷിക്കുവാന്‍ തല്‍ക്കാലസ്ഥിതി പ്രേരിപ്പിക്കുന്നു. ഭൗതികതലത്തില്‍ നിന്നു നോക്കുമ്പോള്‍, ഇതൊരു സാംക്രമികരോഗം മാത്രമല്ലെന്ന് തോന്നാം ഒരു സൃഷ്ടിയും മാരകായുധവുമെന്നു സംശയിക്കാം. മത രാഷ്ട്രത്തിന്റെ ഔന്നിത്യം നിശ്ചയിക്കുന്നതിന്, അതിന്റെ സായുധശക്തിയും സാമ്പത്തികനിലയും പരിശോധിക്കുമല്ലോ. ഇവ രണ്ടിലും മുന്തിനില്‍ക്കുന്ന രാജ്യത്തിന്റെ ആയുധശേഷിയെ ജയിക്കാനാവാത്ത അവസ്ഥയില്‍, കീഴ്‌പ്പെടുത്തുന്ന അടവ് സാമ്പത്തികഭദ്രത തകര്‍ക്കുകയെന്ന ഉപായമാണ്. യുക്തിയുള്ള യുദ്ധമുറ. കൊറോണരോഗാണുവിന്റെ പിന്നില്‍ മറ്റെന്താണ്? ഒരു ചെറിയ രാജ്യത്തിനും വലിയ ദ്രോഹം ചെയ്യുവാന്‍ സാധിക്കും എന്ന ദൗത്യമില്ലേ? സര്‍വ്വരാഷ്ട്രങ്ങളും സംഘടിച്ചുണ്ടാക്കുന്ന പൂര്‍ണ്ണമായ നിരായുധീകരണം നിവാരണമാകുമോ? മാനുഷബുദ്ധി രക്ഷാമാര്‍ഗ്ഗം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

ഇപ്പോഴുള്ള സങ്കടാവസ്ഥ കാണുമ്പോള്‍, ഭൂതവര്‍ത്തമാന കാലങ്ങളിലെ നീതിനിയമങഅങളെ അവഗണിച്ചു വഴുതിപ്പോയവഴികളിലുണ്ടായ വ്യര്‍ത്ഥ വിവാദങ്ങളെ ഓര്‍ത്തുപോകും. നിഷ്പക്ഷമതസ്ഥരും നിരീശ്വരവാദികളും പരിണാമസിദ്ധാന്തികളും യുക്തിവാദികളുമടങ്ങിയ ന്യൂനപക്ഷത്തെ ഒഴിച്ചുനിറുത്തിയാല്‍, ഭൂരിപക്ഷജനം ഈശ്വരവിശ്വാസികളാണ്. ജീവനും ജീവിതവും കൊടുക്കുകയും എടുക്കുകയും ചെയ്യുന്ന പരാശക്തിയെ ആശ്രയിക്കുന്നവര്‍. അനുഭവം പാഠമാക്കുന്ന മനുഷ്യന്റെ ബുദ്ധി തെളിക്കുന്നതാണല്ലോ പുരോഗതിയുടെ പാത.
കൊറോണ എന്ന ലാറ്റിന്‍പദത്തിന്റെ മലയാള അര്‍ത്ഥം 'കിരീടം' എന്നാണ്. സൂര്യഗ്രഹണവേളയില്‍, സൂക്ഷ്മദര്‍ശിനിയിലൂടെ സൂര്യനെനോക്കുമ്പോള്‍, അതിന്റെ ചുറ്റുംകാണുന്ന പ്രഭാവലയത്തിനും രോഗവിഷാണുവിന്റെ ആകൃതിക്കും സാമ്യമുള്ളതിനാല്‍, 1968-ല്‍, ശാസ്ത്രജ്ഞന്മാര്‍ നല്‍കിയതാണ് 'കൊറോണ വൈറസ്' എന്ന നാമം. ഇത്, ദൈവികശക്തിയുടെ അടയാളമായും ശിക്ഷയായും കാണപ്പെടുമോ? അപ്രതീക്ഷിതവും, അസാധാരണവും, തടയാനാവാത്തതുമായ വിധത്തില്‍, പൊട്ടിപ്പുറപ്പെടുന്നതാണ് ദണ്ഡനബാധകള്‍! ഫലപ്രദമായ ചികിത്സയും ഭക്ഷണവും ശുചീകരണനടപടികളും ലഭിക്കാത്ത അവസ്ഥയില്‍ ഇത് പടരുന്നു! ഒരു സ്ഥലത്തോ ലോകവ്യാപകമായിട്ടോ ഉണ്ടാകുന്ന ഈ മഹാമാരിക്ക് പ്രകൃതിയോട് ബന്ധവുമുണ്ട്. ദൈവത്തിന്റെ ഭൂമിയിന്മേലുള്ള പരമാധികാരം തെളിയിക്കുന്നതിനും, ഈജിപ്തില്‍ നിന്ന് യിസ്രായേല്‍ ജനതയെ മോചിപ്പിക്കുന്നതിനു വേണ്ടിയും യഹോവയാം ദൈവം പത്ത് ദണ്ഡനവ്യാധികളെ അയച്ചുവെന്നും അവയില്‍ അവസാനത്തേത് മരണദണ്ഡമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.(ബൈബിള്‍-പുറപ്പാട് 11:1, 12:29). ഇതിനോടനുബന്ധിച്ചു മോശക്ക് ലഭിച്ച കല്പനയുടെ അനുസരമാണ്, യഹൂദമതം അനുഷ്ഠിക്കുന്ന 'കടന്നുപോകല്‍' എന്നര്‍ത്ഥമുള്ള, 'പെസഹാ.' യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മയും, അദ്ദേഹം സ്ഥാപിച്ച വിശുദ്ധകുര്‍ബാനയുടെ ദിവസവുമാണ് ക്രിസ്ത്യാനിയുടെ പെസഹാ! ഈജിപ്തിലെ ചരിത്രസ്മാരകങ്ങളും, യിസ്രായേല്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന ബൈബിള്‍ പ്രവചനവും(ആമോസ് 9:14-15) യാഥാര്‍ത്ഥ്യങ്ങളിലേക്കു വെളിച്ചം വീശുന്നു!

'അവര്‍ മാരകരോഗങ്ങളാല്‍ മരിക്കും. ആരും അവരെ കുഴിച്ചിടുകയില്ല. അവര്‍ നിലത്തിനു വളമായി കിടക്കും. വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും. ആരും അവരെക്കുറിച്ചു വിലപിക്കുകയുമില്ല. ആശ്വാസത്തിന്റെ പാനപാത്രം കുടിക്കുവാന്‍ കൊടുക്കുകയില്ല'  എന്ന ഭീതിപ്പെടുത്തുന്ന പ്രവചനം(യിരെമ്യാവ് 16:4-10) ലോകമെങ്ങും വ്യാപിക്കുന്ന വിനാശത്തെ ഓര്‍മ്മിപ്പിക്കുന്നു! ദുഷ്പ്രവൃത്തികളില്‍നിന്നും ആധുനികമനുഷ്യനെ വിടുവിക്കുവാന്‍വന്ന രോഗബാധയാണോ കൊറോണ വൈറസ്? രോഗത്താല്‍ ഒറ്റപ്പെട്ടും, സമ്മര്‍ദ്ദസാഹചര്യത്താല്‍ കെട്ടപ്പെട്ടും കിടക്കുന്നു ജനലക്ഷങ്ങള്‍! എന്നിട്ടും, ജനങ്ങളില്‍ ചിന്താമാലിന്യങ്ങള്‍. പരിഹാസവാക്കുകള്‍. വഴിപിഴച്ച വിമര്‍ശനങ്ങള്‍. വിഭാഗീയതയുടെ ജല്‍പനങ്ങള്‍! അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറച്ചുനില്‍ക്കണമെന്ന നിര്‍ത്ഥകമായ നിര്‍ബന്ധം. ചില ആചാരങ്ങള്‍ അരുതാത്തതാണെന്നു തോന്നിയാലും, ജീവിതശൈലിക്കു മാറ്റം വരുത്താന്‍ ഇഷ്ടപ്പെടാത്തവര്‍ ബഹുലം. അക്കാരണത്താല്‍, കുടുംബസമാധാനവും സ്ഥാപിക്കുവാന്‍ സാധിക്കുന്നില്ല. മതങ്ങളും രാഷ്ട്രങ്ങളും സ്വകാര്യതാല്‍പര്യങ്ങളില്‍ ഒതുങ്ങുന്നു. പൊതുനന്മക്കുവേണ്ടി പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വിമുഖത! അവനവന്റെ പ്രവര്‍ത്തിക്കുതക്ക ഫലം അവനവന്‍ അനുഭവിക്കും എന്ന മുന്നറിയിപ്പ് ഫലം കണ്ടില്ല. ഇപ്പോള്‍, ഗതകാലഘട്ടങ്ങള്‍ പണിത സംസ്‌കാരത്തിന്റെ സ്മാരകചിഹ്നങ്ങളില്‍ തിരിഞ്ഞുനോക്കുന്നത് ഉചിതമായിരിക്കും. നേര്‍ച്ചക്കുവേണ്ടി കുരുതികഴിക്കപ്പെട്ട ജനലക്ഷങ്ങളുടെ ജീവരക്തം കുടിച്ച ബലിക്കല്ലുകള്‍ ഉടയാതെ നില്‍ക്കുന്നു! അനാചാരം കൊളുത്തിയ 'സതി'യുടെ തീനാളങ്ങള്‍ കെട്ടടങ്ങിയോ? വെഞ്ചരിക്കപ്പെട്ട മാരകായുധങ്ങളേന്തിയ കുരിശുയുദ്ധങ്ങളിലും, ലോകമഹായുദ്ധങ്ങളിലും കൊല്ലപ്പെട്ട ജനകോടികളെ മറക്കാമോ? ആധുനികജനതയുടെ അധാര്‍മ്മിക കര്‍മ്മങ്ങളെ വേര്‍തിരിച്ചുകാണണം.
അഴിമതിനിരോധനനിയമം നിലവിലുണ്ടെങ്കിലും, അബന്ധസിദ്ധാന്തങ്ങളും ആദായസൂത്രങ്ങളും നിയമനിഷേധവും പുതിയ ഭാവത്തിലും വേഷത്തിലും പടരുന്നു. കൊലയും, കൊള്ളയും, ബലാത്സംഗവും, മന്ത്രവാദവും, മാംസത്തൊഴിലും, മയക്കുമരുന്നുപയോഗവും, സ്വവര്‍ഗ്ഗരതിയും അനിയന്ത്രിതമായി! കള്ളനാവുകൊണ്ട് ധനസ്‌നേഹികള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങളും, പ്രവചനവരം നല്‍കുന്ന മതഭ്രാന്തമാരെയും, പൊള്ളയായ രോഗശാന്തിനല്‍കുന്ന ആത്മീയനടന്മാരേയും പരിചയപ്പെടണം. ഭ്രൂണഹത്യ എന്ന ശപ്തകര്‍മ്മത്തിലൂടെ, പാപമല്ലെന്ന ചിന്തയാല്‍, ലക്ഷോപലക്ഷം കുഞ്ഞുങ്ങളെ അരിഞ്ഞുതള്ളുന്ന, സ്വകാര്യ ചികിത്സാലയങ്ങളുടെ ചവറ്റുകൊട്ടകള്‍ ദര്‍ശിക്കണം. വമ്പിച്ച വ്യവസായത്തിന്റെ സേവകരായ കടകമ്പോളങ്ങള്‍ വില്‍ക്കുന്ന, നഗ്നചിത്രങ്ങളും ആഭാസസാഹിത്യവും വാങ്ങണം, പാഴ്‌സുഖങ്ങളും മാരകരോഗങ്ങളും പങ്ക്വയ്ക്കുന്ന സാങ്കേതത്തിലും, അശ്ലീലസിനിമയ്ക്കും പോകണം. ദുഷ്പ്രവണതകളോടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ പ്രകടമാകുന്ന സ്വാര്‍ത്ഥതാല്‍പര്യങ്ങളും അക്രമവിളയാട്ടങ്ങളും കാണണം. മതങ്ങള്‍, വികസിത പുരോഗതിക്കുവേണ്ടി സൃഷ്ടിച്ച ആചാരദോഷങ്ങളെയും, സ്ത്രീസമത്വവും മാനുഷികസമത്വവും നിഷേധിച്ച നീതികെട്ട നടപടികളെയും പഠിക്കണം. ഒടുവില്‍, സകലരേയും സഹോദരങ്ങളായി കരുതി സമഭാവനയോടെ പ്രവര്‍ത്തിക്കുന്ന, ധര്‍മ്മാഭിമാനികളുടെ കരുണാസമ്പത്തും കാണണം. പിന്നെ, എവിടെ നില്‍ക്കുന്നുവെന്നറിയാന്‍, ഓരോരുത്തരും സ്വന്തം ഹൃദയത്തില്‍ നോക്കണം. അപ്പോള്‍, ലോകത്ത് അധികം തിന്മയും അല്പം നന്മയുമാണ് ഉള്ളതെന്ന സത്യം മനസ്സിലാക്കാം.

മനുഷ്യനും മനുഷ്യനിര്‍മ്മിത വസ്തുക്കളും നശ്വരമാണെന്നു വിളംബരം ചെയ്യുന്ന സമയമാണിത്. കൊറോണ വൈറസിനെ പൂര്‍ണ്ണമായി നശിപ്പിക്കാനുള്ള 'പ്രതിവിഷം' കണ്ടെത്തിയിട്ടില്ല. എന്നാലും, ഈ ഉഗ്രദോഷിയെ ആവാഹിച്ചുകുടത്തിനുള്ളിലാക്കാനുള്ള കര്‍മ്മങ്ങള്‍ തുടരുന്നു. നേര്‍ച്ചയാണ് ഒരു ആയുധം. സകലമതസ്ഥരും പൂര്‍ണ്ണമനസ്സോടെ അംഗീകരിച്ച ആദായകരമായ ആഹുതി! നിലവിളക്കോ മെഴുകുതിരിയോ സുഗന്ധദ്രവ്യങ്ങളോ കത്തിച്ച് പടിവാതിക്കല്‍ വയ്ക്കുന്നതാണ് അടുത്തമാര്‍ഗ്ഗം. മന്ത്രം കുറിച്ച 'ഹാടകത്തകിട് ' അരയിലോ കഴുത്തിലോ കെട്ടുകയാണ് മറ്റൊരു കര്‍മ്മം. ഓതിച്ചുവാങ്ങിയ ഭസ്മം കൂടെക്കൂടെ ചവയ്ക്കുന്നവരും ഉണ്ട്. 'കുഴിമാടസേവ' വേറൊന്ന്. കോഴിവെട്ടും രക്ഷക്കുവേണ്ടിനടത്തുന്നു. കൊറോണയുടെ സ്ഥാനവും, വിട്ടുപോകുന്നതിനുവേണ്ട പരിഹാരവും കാണുവാന്‍ 'കവടി' നിരത്തുന്നവരും, മഷിനോട്ടക്കാരും കുറവല്ല. ഭാവിനന്മയെക്കുറിച്ചറിയാന്‍ 'വാരഫലം' നോക്കുന്നവര്‍ബഹുബലം. ജീവിതവ്യാപ്തിയറിയാന്‍ ജാതകം നോക്കുന്നവരും, ദീര്‍ഘായുസ്സിനുവേണ്ടി 'ആയുഷ്ടോമം' അനുഷ്ഠിക്കുന്നവരും ഉണ്ടല്ലോ. യേശുവിന്റെ നാമത്തില്‍ കൊറോണയെ ശാസിക്കാനും പിടിച്ചുകെട്ടാനും വാചാലതയുള്ള ദിവ്യന്മാരും, അരയും തലയും മുറുക്കി അരക്കൈ നോക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഇവയെല്ലാം, വിശ്വാസത്തിന്റെ വിരുദ്ധതലങ്ങളില്‍ കാണപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാലും, പരിഹസിക്കാനുള്ളതല്ല.

ലോകം അവസാനിക്കുമെന്ന ശബ്ദം പ്രേഷിതവേലയുടെ വേദിയില്‍ഇപ്പോഴും ഉയരുന്നു. വ്യാഖ്യാനം നിരത്തിവയ്ക്കുന്ന വേദപുസ്തക വിവര്‍ത്തനങ്ങളാണോ അതിന്റെ കാരണം? 'അന്ത്യകാലം' എന്ന വേദപദം ലോകാവസാനത്തെയാണോ അര്‍ത്ഥമാക്കുന്നത്? കൊറോണയുടെ സാന്നിദ്ധ്യം അന്ത്യകാലത്തിന്റെ അഥവാ പ്രപഞ്ചത്തിന്റെ സമ്പൂര്‍ണ്ണനാശത്തിന്റെ മുന്നോടിയാണെന്നു കരുതാമോ? സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കുമെന്നും അത് എന്നേക്കും നിലനില്‍ക്കുമെന്നും(ദാനിയേല്‍ 2:44), ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ നാമവും നിലനില്‍ക്കും'(യെശയ്യാവ് 66:22) എന്നും ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ഗ്ഗദര്‍ശനം സത്യത്തിന്റേതാവണം!

ആത്മീയ പ്രതിഭാസങ്ങള്‍ എന്ത് തന്നെയാലും, സ്‌നേഹമുള്ളവരായി പരസ്പരം ആശ്വസിപ്പിച്ചും, സഹായസഹകരണങ്ങള്‍ നല്‍കിയും, ഐക്യത സ്ഥാപിക്കുവാന്‍ സകലരും സന്നദ്ധരാവണം. 'വിഷപ്പനി' യുടെ വ്യാപനം ഉടനെ അവസാനിക്കും! സമാധാനത്തിന്റെ ഉറവ് തുറക്കപ്പെടും! സുക്ഷിത ജീവിതത്തിന്റെ വിശാലബന്ധുരമായ പാതയും, സത്വരപുരോഗതിയും നമ്മുടെ മുന്നിലുണ്ട്. മതേതര സ്‌നേഹത്തിന്റെ മാധുര്യം അനുഭവിച്ചുകൊണ്ട്, രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അര്‍പ്പിതസേവകര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്, അനുരഞ്ജനത്തിന്റെ ആഹ്വാനവുമായി മുന്നോട്ട് പോകാം.

Join WhatsApp News
നിരീശ്വരൻ 2020-04-10 10:04:36
ലോകത്തിൽ മഹാമാരികൾ പലതും ഉണ്ടായിട്ടുണ്ട് എന്നിട്ടൊന്നും ലോകം അവസാനിച്ചില്ല . സ്പാനീഷ് ഫ്ലുവിലൂടെ അൻപത് തുടങ്ങി നൂറു മില്യൺ ജനങ്ങളാണ് മരിച്ചത് . ഇന്ന് ലോകത്തിന്റെ ജനസംഖ്യ എട്ട് ബില്യൺ . ജനങ്ങളെ ഭയത്തിന്റ മുൾമുനയിൽ നിറുത്തി മുതെലെടുക്കുക എന്നത് എല്ലാ മതത്തിന്റെയും ഏറ്റവും അധാർമ്മികമായ പരിപാടിയാണ് . മരത്തിന്റെ കൊമ്പിൽ ഇരിക്കുന്ന കഴുകനെപ്പോൽ അവർ കാത്തിരിക്കുകയാണ് മനുഷ്യർ അപകടങ്ങളിൽ പെടാൻ . 'പാപം ചെയ്യുന്ന ദേഹി മരിക്കും' 'പാപത്തിന്റെ ശംമ്പളം മരണം അത്രേ ' എന്നൊക്കെ പറഞ്ഞു പേടിപ്പെടുത്തുക, മരിക്കാതിരിക്കാൻ മൃത്യു​​ഞ​്ജയ ഹോമം നടത്തുക, പിന്നെ ശബരിമലക്ക് പോകുക, വേളാങ്കണ്ണി, നിലത്ത് കിടന്നു ഉരുളുക, പുറത്തും നെഞ്ചത്തും ചങ്ങല കൊണ്ട് അടിക്കുക, കവിളിലൂടെ ശൂലം തറച്ചു കയറ്റുക, ഗരുഡാതൂക്കം, പൊങ്കാല, അങ്ങനെ മനുഷ്യന്റെ അജ്ഞതയിൽ നിന്ന് അവനെ മോചിപ്പിക്കാതെ ശ്വാസം മുട്ടിച്ചു കൊല്ലുക ...ഇതാണ് മതം ചെയ്യുന്നത് . ഈസ്റ്റർ കൊറോണ വൈറസിനോടൊത്ത് ആഘോഷിക്കണം എന്ന് പറഞ്ഞ ഒരു കോമരമാണ് അമേരിക്കയുടെ പ്രസിഡണ്ട് . സ്നേഹിതാ എന്തിനാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് . ലോകം അവസാനിക്കുമ്പോൾ അവസാനിക്കട്ടെ . മരണം ഇല്ലാത്ത മനുഷ്യരാരാണ് ഉള്ളത് ? ഇല്ലാത്തത് പറഞ്ഞു ജനത്തെ മോഹിപ്പിക്കുന്നത് എന്തിനാണ് ? മരിച്ചവർ തിരിച്ചു വന്നിട്ടുള്ളതായി തെളിവില്ല ? ഉയർത്തു എഴുന്നേൽക്കുമെന്നു ഉറപ്പുണ്ടായിരുന്നെങ്കിൽ യേശു കുരിശിൽ കിടന്ന് ' കഴിയുമെങ്കിൽ ഈ പാനപാത്രം ഒഴിവാക്കണേ എന്ന് പ്രാർത്ഥിക്കില്ലായിരുന്നു. മരിക്കുന്നത് എനിക്കും ഇഷ്ടമല്ല . പക്ഷെ ഓരോ ദിവസവും സ്നേഹിക്കപ്പെടുന്നവർ മരിക്കുന്ന കാഴ്ചയാണ് കാണുന്നത് . പക്ഷെ അവരോടൊപ്പം മരിക്കാൻ ആർക്കും മനസ്സുമില്ല. ഇന്ന് രാത്രി നിന്റെ ജീവനെ ചോദിച്ചാൽ എന്തു ചെയ്യും ? വെന്റിലേറ്റർ കിട്ടുമോ എന്ന് നോക്കുമോ അതോ ഇതുപോലെ ലേഖനം ഒരെണ്ണം കൂടി എഴുതുമോ ? മനുഷ്യരെ ജീവിച്ചു മരിക്കാൻ അനുവദിക്കുക . മരണം സുനിശ്ചിതമാണ് . എനിക്കും നിങ്ങൾക്കും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക