Image

കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 10 April, 2020
കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)
ന്യൂജേഴ്സി: ലോകം ദുഃഖവെള്ളിയുടെ സ്മൃതിയില്‍ പ്രാര്‍ത്ഥനയില്‍ മുഴങ്ങവേ, കോവിഡ്-19 ന്യൂജേഴ്സി സംസ്ഥാനത്ത് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നു. കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ന്യൂജേഴ്സിയിലെ എല്ലാ നിര്‍മാണപ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കണമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഉത്തരവിട്ടു. ആശുപത്രികള്‍, സ്‌കൂളുകള്‍, ഗതാഗതം, യൂട്ടിലിറ്റി ജോലികള്‍, അടിയന്തിര അറ്റകുറ്റപ്പണികള്‍, കര്‍ശനമായ സാമൂഹിക വിദൂര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിഗത ഭവന സൈറ്റുകള്‍ തുടങ്ങിയവയ്ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 9 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ന്യൂജേഴ്സിയില്‍ ഇപ്പോള്‍ 47,437 കേസുകളും 1,504 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ, 16,697 പേര്‍ മരിച്ചു. രോഗബാധിതര്‍ ആകെ, 468,895 രോഗികള്‍. മരണനിരക്കില്‍ മുന്നിലുണ്ടായിരുന്ന സ്പെയിനിനെയും (15,447) യുഎസ് മറികടന്നിരിക്കുന്നു. ഇനി ഇറ്റലി (18,279) മാത്രമാണ് മുന്നില്‍. അമേരിക്കയില്‍ ഇപ്പോള്‍ 11,000 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ഏറെയും ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും.
ന്യൂജേഴ്സിയില്‍ ഷോപ്പിംഗിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു ജൂണ്‍ 2-നു നടക്കേണ്ടിയിരുന്ന പ്രാഥമിക തിരഞ്ഞെടുപ്പ് ജൂലൈ 7 ലേക്ക് മാറ്റിവച്ചു. വീട്ടില്‍ താമസിക്കാനും സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഏപ്രില്‍ 19 നും മെയ് 11 നും ഇടയില്‍ ന്യൂജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കാണാനാകുമെന്ന് അധികൃതര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശുപത്രികളില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളത് ഏപ്രില്‍ 10 നും ഏപ്രില്‍ 28 നും ഇടയിലായിരിക്കുമ്രേത.

ന്യൂവാര്‍ക്ക് കൊറോണയുടെ ഹോട്ട്സ്പോട്ടായേക്കാം
ന്യൂവാര്‍ക്ക് നഗരത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറാവുന്നില്ലെന്നു ന്യൂവാര്‍ക്ക് മേയര്‍ റാസ് ബരാക്ക പറഞ്ഞു. കര്‍ശന നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. ലഘുലേഖകളും മറ്റ് അറിയിപ്പുകളും നല്‍കിയിട്ടും കൊറോണയെ ഭയപ്പാടില്ലാതെയാണ് ജനങ്ങള്‍ പൊതുനിരത്തില്‍ ഇറങ്ങിനടക്കുന്നതെന്നു ന്യൂ ജേഴ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ പ്രസിഡന്റും സിഇഒയുമായ ഹെയ്ഗൂഡ് പറഞ്ഞു
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സ്റ്റേ അറ്റ് ഹോം നിര്‍ദ്ദേശം ലംഘിച്ച മുന്നൂറോളം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി ന്യൂവാര്‍ക്ക് പോലീസ് നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ചില താമസക്കാര്‍ ഇപ്പോഴും വീട്ടില്‍ താമസിക്കാനുള്ള സംസ്ഥാന ഉത്തരവുകള്‍ പാലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ ഉത്തരവുകള്‍ ലംഘിച്ചതിന് ന്യൂവാര്‍ക്ക് പോലീസ് 900 ല്‍ അധികം ആളുകള്‍ക്കെതിരെ കുറ്റം ചുമത്തുകയും 50 ഓളം ബിസിനസുകള്‍ അടപ്പിക്കുകയും ചെയ്തു.
കൊറോണ വൈറസിന് ആനുപാതികമായി അപകടസാധ്യതയുള്ള ജനസംഖ്യയുള്ള ഒരു നഗരമാണ് ന്യൂവാര്‍ക്ക്. രാജ്യത്തുടനീളമുള്ള ഡേറ്റ സൂചിപ്പിക്കുന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ജനസംഖ്യയേക്കാള്‍ വലിയ അളവില്‍ കൊറോണ വൈറസ് ബാധിക്കാമെന്നാണ്. ആരോഗ്യഡേറ്റ പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആസ്ത്മ, പ്രമേഹം എന്നിവപോലുള്ള ആരോഗ്യപരമായ അവസ്ഥകളുടെ ശരാശരിയേക്കാള്‍ കൂടുതലാണ് ഇവര്‍ക്കെന്നു പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു. ചിക്കാഗോയില്‍, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും ആഫ്രിക്കന്‍ അമേരിക്കക്കാരാണ്, നഗരത്തിലെ ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് ഇവര്‍. ന്യൂവാര്‍ക്കിന്റെ ജനസംഖ്യയില്‍ 49.7 ആണ് ഇത്തരക്കാര്‍. സംസ്ഥാനത്തൊട്ടാകെയുള്ള ജനസംഖ്യയുടെ 15% മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതേറ്റവും കൂടുതലായി കാണാം. ന്യൂവാര്‍ക്ക്, കാംഡെന്‍, ട്രെന്റണ്‍, ഇര്‍വിംഗ്ടണ്‍ എന്നിവിടങ്ങളില്‍ ഈ സംഖ്യകള്‍ വളരെക്കൂടുതലാണ്. ആദ്യ ഗവേഷണങ്ങള്‍ സൂചിപ്പിച്ചത് ദരിദ്ര സമൂഹങ്ങളില്‍ രോഗം കൂടുതല്‍ വ്യാപിക്കുന്നതായി കാണുന്നുവെന്നാണ്. അതായത്, ന്യൂവാര്‍ക്കില്‍ 28% നിവാസികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നതായി സെന്‍സസ് വ്യക്തമാക്കുന്നു. ദേശീയ നിരക്കിന്റെ മൂന്നിരട്ടിയാണിതെന്നത് കൊറോണ പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമാണ്. 
ന്യൂജേഴ്സി സംസ്ഥാനത്തെ മരിച്ച 1,700 പേരില്‍ 61% വെള്ളക്കാരും 22% കറുത്തവരും 6% ഏഷ്യക്കാരും 1 ശതമാനത്തില്‍ താഴെ സ്വദേശികളോ പസഫിക് ദ്വീപുവാസികളോ ആണ്. ശേഷിച്ച 11% പേര്‍ ആരാണെന്ന് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 72% വെള്ളക്കാരും 15% കറുത്തവരും 10% ഏഷ്യക്കാരും ആണ് സംസ്ഥാനത്തുള്ളത്. ബുധനാഴ്ച വരെ നഗരത്തില്‍ 1,939 പേര്‍ വൈറസ് ബാധിതരാണെന്നും 92 പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇവ രണ്ടും ന്യൂജേഴ്സിയിലെ ഏതൊരു മുനിസിപ്പാലിറ്റിയുടേതിനെയും അപേക്ഷിച്ച് ഏറ്റവും കൂടുതലാണ്. (സംസ്ഥാനത്ത് മൊത്തത്തില്‍ 51,027 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,700 പേര്‍ വ്യാഴാഴ്ച ഉച്ചവരെ മരിച്ചെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി തന്റെ ദൈനംദിന ബ്രീഫിംഗില്‍ പറഞ്ഞു.)
ന്യൂവാര്‍ക്ക് ഹില്‍സൈഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളിലെ വാഹനങ്ങളും ഉദ്യോഗസ്ഥരും സൈറണുകള്‍ മുഴക്കി നിരനിരയായെത്തി ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ ആരോഗ്യപരിപാലകര്‍ക്ക് ഐക്യദാര്‍ഢ്യവും ബഹുമാനവും അര്‍പ്പിക്കാനെത്തിയത് കൗതുകമായി. മുന്‍നിരയില്‍ വേണ്ട മാസ്‌ക്കുകള്‍ തുടങ്ങിയവ സംഭാവനയായി നല്‍കുകയും ചെയ്തു.

ഫീല്‍ഡ് ആശുപത്രികള്‍ തയ്യാര്‍:
അപൂര്‍ണ്ണമായ ഡേറ്റയും പരിമിതമായ പരിശോധനയുമാണ് തുടക്കം മുതല്‍ ദേശീയമായും സംസ്ഥാനവ്യാപകമായും കൊറോണ വൈറസ് പ്രതിരോധത്തെ ബാധിച്ച രണ്ട് പ്രശ്നങ്ങള്‍. ന്യൂജേഴ്സിയിലെ ആഫ്രിക്കന്‍-അമേരിക്കക്കാര്‍ ഇതിനകം തന്നെ മരണത്തില്‍ ആനുപാതികമായി തുല്യരായി കാണപ്പെടുന്നുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ന്യൂജേഴ്സി രണ്ടാമത്തെ ഫീല്‍ഡ് ഹോസ്പിറ്റല്‍ തുറക്കാന്‍ ഒരുങ്ങുന്നു. എഡിസണിലെ ന്യൂജേഴ്സി കണ്‍വെന്‍ഷന്‍ ആന്റ് എക്സ്പോസിഷന്‍ സെന്ററിലാണ് 500 കിടക്കകളോടു കൂടിയുള്ള ആശുപത്രി തയ്യാറായിരിക്കുന്നത്. സിക്കോക്കസില്‍ അടുത്തിടെ തുറന്ന മറ്റൊരു ഫീല്‍ഡ് ഹോസ്പിറ്റലില്‍ 250 കിടക്കകളുണ്ട്. 
മിക്കവര്‍ക്കും, കൊറോണ വൈറസ് പനി, ചുമ തുടങ്ങിയ മിതമായലക്ഷണങ്ങളാണ് ആദ്യ ഘട്ടത്തില്‍ കാണുന്നത്. ഇത് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ കൊണ്ട് ഇല്ലാതാക്കാനാവും. എന്നാല്‍ ചിലര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും, ന്യുമോണിയയ്ക്കോ അല്ലെങ്കില്‍ മരണത്തിനോ കാരണമാകും.

സൗജന്യമുറികളുമായി ഹില്‍ട്ടണ്‍
ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് രാജ്യവ്യാപകമായി 1 ദശലക്ഷം ഹോട്ടല്‍ മുറികള്‍ ഹില്‍ട്ടണ്‍ നല്‍കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഇ.എം.ടികള്‍, പാരാമെഡിക്കുകള്‍, മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന ഈ മുറികള്‍ക്കു വേണ്ടി ഹില്‍ട്ടനൊപ്പം അമേരിക്കന്‍ എക്സ്പ്രസും സഹകരിക്കുന്നുണ്ട്. നിലവിലെ പദ്ധതി ഏപ്രില്‍ 13 മുതല്‍ മെയ് 31 വരെയാണ്. ന്യൂജേഴ്സിയില്‍ പ്രത്യേക നമ്പറുകളൊന്നും ലിസ്റ്റുചെയ്തിട്ടില്ല, എന്നാല്‍ പാന്‍ഡെമിക് സമയത്ത് തുറന്നിരിക്കുന്ന ഏത് ഹോട്ടലിലും ഈ സൗകര്യം നല്‍കുമെന്ന് ഹില്‍ട്ടണ്‍ വക്താവ് പറഞ്ഞു.
ചിലയിടത്ത് ഹോട്ടലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരായി, ആ സ്ഥലങ്ങളില്‍ റിസര്‍വേഷനുകള്‍ ലഭ്യമാകില്ല. ഹില്‍ട്ടണ്‍ ഹാംപ്റ്റണ്‍, ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍, ഡബിള്‍ട്രീ ഹില്‍ട്ടണ്‍ എന്നിവയുള്‍പ്പെടെ ഏത് ഹില്‍ട്ടണ്‍ ബ്രാന്‍ഡിലും ഈ സൗകര്യം ലഭിക്കും. ആരോഗ്യ പരിപാലന തൊഴിലാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വൈറസ് പടരാതിരിക്കാന്‍ ജോലി കഴിഞ്ഞ് കുടുംബങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇവരെ സഹായിക്കാനാണ് ഹോട്ടല്‍ശൃംഖലയുടെ ശ്രമം.
അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സസ്, അമേരിക്കന്‍ കോളേജ് ഓഫ് എമര്‍ജന്‍സി ഫിസിഷ്യന്‍സ്, അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍, അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍, എമര്‍ജന്‍സി മെഡിസിന്‍ റെസിഡന്റ്സ് അസോസിയേഷന്‍, എമര്‍ജന്‍സി നഴ്സസ് അസോസിയേഷന്‍, നാഷണല്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍സ്, സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, സൊസൈറ്റി ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ്സ്, സൊസൈറ്റി ഓഫ് ഹോസ്പിറ്റല്‍ മെഡിസിന്‍ എന്നീ 10 സംഘടനയിലെ അംഗങ്ങള്‍ക്ക് മുറികള്‍ ലഭ്യമാക്കും..

ഡോ. ഷോള്‍സിന്റെ 1.3 ദശലക്ഷം ഡോളര്‍ സംഭാവന 
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ന്യൂജേഴ്സിയിലും രാജ്യത്തുടനീളവുമുള്ള ആരോഗ്യ പരിപാലന തൊഴിലാളികള്‍ ധീരമായ ചുവടുവെപ്പിന് പാഴ്സിപ്പനി ആസ്ഥാനമായുള്ള ഡോ. ഷോള്‍സ് 1.3 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്നു. മുന്‍നിരയിലുള്ള ആരോഗ്യ പരിപാലന പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനായി ഷോള്‍സ് വെല്‍നെസ് കമ്പനിയുടെ സംഭാവനയില്‍ 100,000 ജോഡി ഡോ. ഷോള്‍സ് മസാജിംഗ് ജെല്‍ വര്‍ക്ക് ഇന്‍സോളുകള്‍ ഉള്‍പ്പെടുന്നു. ഇത് പേശികളുടെ ക്ഷീണം കുറയ്ക്കുന്നതിനും ഷോക്ക് ആഗിരണം ചെയ്യുന്നതിനും ആരോഗ്യപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യ സംഭാവന ഏപ്രില്‍ 2 ന് ന്യൂജേഴ്സിയിലെ ഒരു മെഡിക്കല്‍ സെന്ററിലേക്ക് കൈമാറി. ഡോ.ഷോള്‍സിന്റെ സംഭാവന രാജ്യമെമ്പാടുമുള്ള ആശുപത്രികള്‍ക്ക് നല്‍കും, പ്രത്യേകിച്ച് ഗാര്‍ഡന്‍ സ്റ്റേറ്റ് പോലുള്ള കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളില്‍. ന്യൂജേഴ്സി ഹോസ്പിറ്റബിള്‍ അസോസിയേഷന്‍ ശൃംഖലയിലെ എല്ലാ 72 ആശുപത്രികളിലേക്കും തങ്ങളുടെ സംഭാവനകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് എന്‍ജെഎഎയുടെ പ്രസിഡന്റും സിഇഒയുമായ കാതി ബെന്നറ്റ് പറഞ്ഞു.

ആദരാഞ്ജലികള്‍ പ്രിയപ്പെട്ടവരേ...
അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ ജോസഫ് പടന്നമാക്കലിന്റെ നിര്യാണം കോവിഡ് കാലത്തെ വലിയൊരു ദുരന്തമായി. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു. നിരവധിയെഴുത്തുകളിലൂടെ അദ്ദേഹം പകര്‍ന്നു തന്നത് സഭയുടെയും ആത്മീയതയുടെയും പുത്തന്‍ പന്ഥാവുകളായിരുന്നു. അദ്ദേഹത്തിന്റെ അകാലനിര്യാണത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം, ഫിലഡല്‍ഫിയയിലെ ദമ്പതികളുടെ മരണവും ഞെട്ടിക്കുന്നു. ഇന്നലെ സമാനമായ ഒരു കാര്യത്തെക്കുറിച്ച് എഴുതി ഇരുട്ടി വെളുത്തതോടെ അത്തരമൊരു കാര്യം മലയാളികള്‍ക്കിടയില്‍ സംഭവിച്ചിരിക്കുന്നുവെന്നതും ഞെട്ടലോടെയാണ് കേട്ടത്. പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും ഭാര്യ മേരി സാമുവലുമാണ് ഫില്‍ഡല്‍ഫിയയില്‍ മരിച്ചത്. ഇവരുടെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നു.

കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)കൂടുതല്‍ നിയന്ത്രണങ്ങളുമായി ന്യൂജേഴ്സി, ഭയപ്പാടില്‍ ന്യൂവാര്‍ക്ക് സിറ്റി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക