Image

'ശരീരം കൊണ്ട് അകലങ്ങളില്‍ ആണെങ്കിലും മനസ്സ് കൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്";പ്രവാസി മലയാളികള്‍ക്ക് ലാലേട്ടന്റെ സന്ദേശം

Published on 10 April, 2020
 'ശരീരം കൊണ്ട് അകലങ്ങളില്‍ ആണെങ്കിലും മനസ്സ് കൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്";പ്രവാസി മലയാളികള്‍ക്ക് ലാലേട്ടന്റെ സന്ദേശം

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോകവും രാജ്യവും കേരളവുമെല്ലാം ലോക്ഡൗണിലായതോടെ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് അവരുടെ നാട്ടിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പല രാജ്യങ്ങളിലും ദിവസേന കൊറോണ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ലോകം ഒന്നടങ്കം ആശങ്കയിലാണ്. 


എന്നാലിപ്പോള്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് പ്രവാസികള്‍ക്ക് സാന്ത്വനമേകി താരം രംഗത്തെത്തിയിരിക്കുന്നത്. "ഒരു മഹാമാരിയില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി എല്ലായിടത്തും നിന്നുമുള്ള മനുഷ്യര്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഞാനും നിങ്ങളും ഈ ലോകത്തു നമ്മുക്ക് നേരിട്ടറിയാത്തവരുമൊക്കെ. 


നമ്മുക്ക് കാണാന്‍ പോലും കഴിയാത്ത ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കൈ കഴുകിയും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയുമുള്ള പോരാട്ടം. ഇതല്ലാതെ നമ്മുക്ക് വേറെ മാര്‍ഗങ്ങളില്ല. ഞാനീ സംസാരിക്കുന്നത് നിങ്ങളോടാണ്. എല്ലാ പ്രവാസി മലയാളികളോടും എന്റെ പ്രിയപ്പെട്ടവരോടും. അവിടേയും അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അതെല്ലാം പാലിക്കണമെന്ന് ഞാനും അഭ്യര്‍ഥിക്കുന്നു.


എനിക്കറിയാം നിങ്ങളനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെയോര്‍ത്തു, സ്വന്തം സുരക്ഷിതത്വത്തെ ഓര്‍ത്തു നിങ്ങള്‍ വല്ലാതെ വീര്‍പ്പു മുട്ടുന്നുണ്ടാകും. പക്ഷെ ഈ സമയത്തു അങ്ങനെയൊരു ഉത്കണ്ഠ നമ്മളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ട് പോവുകയേ ഉള്ളു.


 കൂടെയാരുമില്ല എന്ന തോന്നല്‍ ആദ്യം മനസ്സില്‍ നിന്നെടുത്തു മാറ്റു, എല്ലാവരുമുണ്ട്, നമ്മളെല്ലാവരുമുണ്ട്, ഒരുമിച്ചു തന്നെയുണ്ട്. ശരീരം കൊണ്ട് അകലങ്ങളിലാണെങ്കിലും മനസ്സ് കൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്.


ഈ കാലവും കടന്നു പോകും, പോയതൊക്കെ നമ്മള്‍ വീണ്ടെടുക്കും. ഉള്ളില്‍ മുള പൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചെറിയു. നല്ല ചിന്തകളുടെ വിത്തുകള്‍ മുളക്കട്ടെ. ഈ ലോകത്തു ഒന്നും സ്ഥായിയായി ഇല്ലലോ. എല്ലാം മാറിയേ മതിയാവു, സന്തോഷമായാലും സങ്കടമായാലും. 


അതുകൊണ്ട് നമ്മള്‍ ഒരുമിച്ചു ആഹ്ളാദം പങ്കു വെച്ചത് പോലെ, ആ കാലം കടന്നു പോയത് പോലെ നമ്മള്‍ ഒരുമിച്ചു പങ്കു വെക്കുന്ന ഈ സങ്കട കാലവും കടന്നു പോകും. നമ്മള്‍ ഇതിനെയൊക്കെ അതിജീവിച്ചു വിജയം കൈവരിക്കും.നമ്മള്‍ ഒരുമിച്ചു കൈകള്‍ കോര്‍ത്ത് വിജയഗീതം പാടും, തീര്‍ച്ച..നിങ്ങളുടെ മോഹന്‍ലാല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക