Image

റോഡില്‍ മണ്ണിട്ടു, മുകളില്‍ മുള്‍ച്ചെടി; കാല്‍നട പോലും തടഞ്ഞ് കര്‍ണാടകയുടെ ക്രൂരത

Published on 10 April, 2020
റോഡില്‍ മണ്ണിട്ടു, മുകളില്‍ മുള്‍ച്ചെടി; കാല്‍നട പോലും തടഞ്ഞ് കര്‍ണാടകയുടെ ക്രൂരത
മാനന്തവാടി :  രാത്രിയാത്രാ ഗതാഗത നിരോധനം ഇല്ലാത്ത കര്‍ണാടകയിലേക്കുള്ള ഏക പാതയായ തോല്‍പ്പെട്ടി–കുട്ട റോഡില്‍ മണ്ണിട്ട് ഗതാഗതം തടഞ്ഞതിന് പുറമെ   മണ്‍കൂനയ്ക്ക് മുകളില്‍ മുള്‍ച്ചെടികള്‍ നിരത്തി കര്‍ണാടക  കാല്‍നട യാത്രയും പൂര്‍ണമായും തടഞ്ഞു. കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ചികിത്സക്കും അത്യാവശ്യകാര്യങ്ങള്‍!ക്കും മാനന്തവാടിയെയും കാട്ടിക്കുളത്തെയുമാണ് ആശ്രയിച്ചിരുന്നത്. കാല്‍നട യാത്രകൂടി തടസ്സപ്പെട്ടത് ഇവരെയും പ്രയാസത്തില്‍ ആക്കി.  ഇപ്പോള്‍ ബാവലി ചെക്ക് പോസ്റ്റ് വഴി രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ മാത്രമാണ് വാഹനങ്ങള്‍ മാനന്തവാടി എത്തുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം  തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴിയുള്ള ഗതാഗതം  പൂര്‍ണമായി തടസ്സപ്പെടുത്തിയിരുന്നു. ഇത് തടയുന്നതിന് കുട്ട ചെക്ക് പോസ്റ്റില്‍ ഇട്ട മണ്ണിന് മുകളില്‍ ബുധനാഴ്ച  വൈകിട്ടാണ്  മുള്‍ച്ചെടികള്‍ വെട്ടിയിട്ടത്.  റോഡില്‍ മണ്‍കൂന സൃഷ്ടിച്ച ശേഷവും കാല്‍നടയായി നടന്നിരുന്ന മരുന്ന് കൊണ്ടുപോകലും ഇതോടെ തടസ്സപ്പെട്ടു.  കേരള അതിര്‍ത്തി ചെക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്ന തോല്‍പ്പെട്ടിയില്‍ നിന്ന് 500 മീറ്ററോളം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകരും മറ്റും മണ്‍കൂനയ്ക്ക് മുകളില്‍ കയറി അതിര്‍ത്തിക്ക് അപ്പുറത്ത് മരുന്നുകള്‍ കൈമാറിയിരുന്നത്. 

കുടക് ജില്ലയിലെ ഡയാലിസിസ് സെന്ററിലേയ്ക്ക് കേരള പൊലീസും കഴിഞ്ഞ വാരം  ഇത്തരത്തില്‍ മരുന്നുകള്‍ ചുമന്ന് എത്തിച്ചിരുന്നു. ഒട്ടേറെ മലയാളികള്‍ സ്ഥിരതാമസമാക്കിയ സ്ഥലമാണ് കര്‍ണാടകയിലെ കുട്ട. ഇവരുടെ ബന്ധുക്കളും മറ്റും തോല്‍പ്പെട്ടിയിലും പരിസരങ്ങളിലും ഉണ്ട്. മുള്‍ച്ചെടികള്‍ നിരത്തിയതോടെ  അതിര്‍ത്തിവഴിയുള്ള ബന്ധം പാടേ നിലച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക