Image

'അകലം പാലിച്ച' ശിഷ്യര്‍ (ചെറുകഥ: ബെന്നി)

Published on 11 April, 2020
'അകലം പാലിച്ച' ശിഷ്യര്‍  (ചെറുകഥ: ബെന്നി)
മാളിക മുകളില്‍ ഏകനായ് ഗുരു താഴേക്ക് കണ്ണുംനട്ട് ഇരുന്നു.  കുഞ്ഞാടിന്റെ രക്തം ചീന്താതിരിക്കാന്‍പുളിക്കാത്ത അപ്പവും വീഞ്ഞുമായി പെസഹായുടെ ഈ രാവില്‍ തന്‍റെ പ്രിയ ശിഷ്യരെ കാത്ത്.  രാവില്‍ അവരില്‍  ഒരുവന്‍ ഒറ്റുമെന്നതറിയാം, എന്നിട്ടും വിരിച്ചൊരുക്കിയ വന്മാളികയില്‍ പുളിക്കാത്ത അപ്പവും പാനപാത്രവുമായി കാത്തിരിക്കുന്നു ഗുരൂ..
ഒരു കുഞ്ഞാടായി....

റബ്ബി,
അങ്ങ് ദൈവപുത്രന്‍... ലാസറെ ഉയര്‍പ്പിച്ച മഹാ വൈദ്യന്‍,
ആറടി അകലം!
വീഞ്ഞു വിളമ്പുന്ന പെസഹാ, എങ്കിലും, ഗുരോ, ഓള് പറയുന്നു, വാതിലടച്ചു സംഹാര ദൂദനെ തടയുവാന്‍.
മാളിക മുകളിലെ അങ്ങിന്റെ വിരുന്നിന് പോകാതെ പോകാതെ എന്നവള്‍... ശിഷ്യരാം ഞങ്ങള്‍ നിരാലംബ്ബര്‍...
വരാതെ വരാനാകാതെ...

ഗുരോ, വീഞ്ഞും അപ്പോം ഒക്കെ കൊള്ളാം, വീഞ്ഞില്ലാതെ ഞങ്ങള്‍ ശിഷ്യര്‍ മാസം ഒന്നിന് മേലെയായി തള്ളി നീക്കുന്നത്.
അങ്ങേക്കാണെങ്കില്‍, ഞങ്ങളാരും ഇല്ലാത്ത നേരം നോക്കി, വെള്ളം വീഞ്ഞാക്കി ഒറ്റ തട്ടു തട്ടാം.  പാവം ഞങ്ങളോ... ഇതിന്റെ വിദ്യ ഒന്ന് ചൊല്ലിത്തരാന്‍ എത്രവട്ടം കേണതാ....
'സമയമായില്ല... എല്ലാത്തിനും ഒരു സമയമുണ്ട്' ശലോമോന്റെ വാക്യം ഉദ്ധരിച്ച് കുറേ സാരോപദേസോം കുറെ ഉപമകളും ഒക്കെ കോര്‍ത്തിണക്കി പറഞ്ഞ്,  ഞങ്ങളെ നിരാശരാക്കി വെറും കയ്യാലെ മടക്കി അയക്കും...

'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്'..!
ഇതു തന്നാ ഞങ്ങളും പറേണേ... അപ്പം ഇവിടെ വേണ്ടോളം ഉണ്ട്. ഇല്ലാത്തത് ജീവന്റെ ഇച്ചിരി നീരാ...
ഒഴിച്ചു തരാന്‍ പറയണില്ല. എന്നാ ആ വിദ്യയെങ്കിലും ഒന്ന് ചൊല്ലിത്താ. എത്ര നാളായീ പുറകെ നടന്ന് അടിയും തുപ്പും ഏല്‍ക്കണു.
പകല്‍ മുഴുവന്‍ അങ്ങിന്റെ കൂടെ. വെയിലൊന്നാറുമ്പോള്‍ കുടിയില്‍ വന്നാ അവളുടെ ആവലാതീം, ഉപദേസോം കണ്ണീരും...

"ഇതിയാനേ.. നിങ്ങ എന്തോരും മീനൂട്ടായിട്ട് കരയില്‍ വരാരാ പണ്ട്.. 'ഞാന്‍ നിങ്ങേ മനുഷ്യന്മാരെ പിടിക്കണോരാക്കാം' എന്ന് മോഹിച്ച് ഓളേം കൊച്ചിനേം ഇട്ടിട്ട് ഒറ്റ പോക്കല്ലാര്‍ന്നോ! എന്നിട്ടിപ്പോ ഏതാണ്ട് കാണാത്ത ഒരു കുന്തത്തേയും പേടിച്ച് വന്നേക്കണ്...  വലേം എടുത്തോണ്ട് ഇപ്പൊ പൊക്കോണം, കടലമ്മേടെ തൊഴുത് ...  "

ഗുരോ, കടലില്‍ ചാടാന്‍ പോവ്വാ... തിര കാണുമ്പോള്‍  പേടിയാ.. ഒത്തിരി ആയി വലയെറിഞ്ഞിട്ടു...
ഒരു ധൈര്യത്തിന്, കാനാവിലെ ആ വിദ്യ ഒന്നു കൂടി...
 
ഇപ്പോള്‍  കണ്ടോ?! ആവശ്യ സമയത്ത് ശിഷ്യന്മാരെല്ലാം ഇട്ടേച്ച് പോയത്?!  മാളിക മുകളില്‍, നല്ല ഒന്നാന്തരം വീഞ്ഞും ചൂടപ്പവും വിളമ്പുന്ന അത്താഴ വിരുന്നിനു, അങ്ങ് തലമൂത്ത 'പത്രോസേ, നീ പാറയാകുന്നു' നെ വിട്ടു പ്രത്യേകം വിളിപ്പിച്ചിട്ടും സന്തത സഹചാരികളായിരുന്ന ഞങ്ങള്‍ ഒറ്റയാളും 'ആറടി അകലം' പാലിച്ച് അടുക്കാതിരിക്കണത്!

ആര്‍ഭാടമായി, ഞങ്ങടെ ഇടയില്‍ ഇരുന്നു പുളിപ്പില്ലാത്ത അപ്പം മുറിച്ച്, വീഞ്ഞ് മൊന്തയില്‍ നിറച്ചു തന്നു 'പുതിയ കല്‍പ്പന' വിളംബരം ചെയ്യാന്‍ അങ്ങേക്ക് ഞങ്ങളെ കൂട്ടിനു വേണം.  ഞങ്ങള്‍ വെറും കോണ്‍ട്രാക്ട് ലേബേഴ്‌സ്!!!

മാസം ഒന്നിന് മേലെയായീ തൊണ്ണ നനച്ചിട്ട്. ഒരു തുള്ളി കിട്ടാനില്ല എന്ന് അങ്ങേയ്ക്കറിയാം. ഇതുവരേം ഒരു കരുണയും കാട്ടിയില്ല അങ്ങ്....
ഒരുപാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നല്ലോ ന്യായപ്രമാണം.....

'ആറടി അകലം', വാരാനാകില്ല ഗുരോ...

കുടിയിലെ ഓള് ഒച്ചവെക്കുന്നു.
"വീഞ്ഞടിച്ച്, പൂസായീട്ട്, മത്തനായി വൈകുന്നേരം ഇങ്ങു കേറി വന്നേരെ, അറടി അകലെ, ഏകാന്തവാസം രണ്ടാഴ്ച! സ്ട്രിക്ട് കോറന്റെയിന്‍! നോ എസ്ക്യൂസ്സ്...  മനസ്സിലായോ!
അങ്ങേര് ലാസറെ ഉയര്‍പ്പിച്ച വല്യ മാന്ത്രികന്‍..
കോവിടല്ല, അവന്റെ മുതു മുത്തച്ഛന്‍ സാക്ഷാല്‍ കൊറോണ കൂട്ടരെല്ലാം കൂടി, വല്യ സൈന്യം കൂട്ടി വളഞ്ഞാലും പത്മവ്യൂഹം തകര്‍ത്ത് സ്വയം രക്ഷപ്പെടാന്‍ അങ്ങേര്‍ക്കു നല്ലോണം അറിയാം.
 നിങ്ങള്‍ക്കോ?! ചുമ്മാ കിടന്നു പപ്പപ്പാ വെക്കും!...
എത്ര കെഞ്ചിയിട്ടും 'വീഞ്ഞി'ന്റെ വിദ്യ ഇതുവരെ പഠിപ്പിച്ചോ നിങ്ങളെ?
നിങ്ങളോ, രാത്രി കടലില്‍ പോയി രണ്ട് വല വീശി വല്ലോം കിട്ടിയാല്‍ അടുപ്പു പുകയുീ, മറക്കണ്ട മണ്ട ശിരോമണികളെ! 

ഗുരോ,
വീട്ടിലെ വാമഭാഗം കണ്ണീ ചോരയില്ലാതെ അവസാന വാണിംഗ് തന്നേക്കാ....
"അങ്ങേര് മരിച്ചവരെ ഉയര്‍പ്പിച്ചായിരിക്കാം...
അങ്ങിന്റെ വിളികേട്ട് മാളികയില്‍ വന്നു കൂട്ടം കൂടി, സുറിയാനീം പറഞ്ഞു 'വസന്ത'യുമായീ കുടിയില്‍ വന്നാലേ... എന്നിട്ട് മ്മടെ പുന്നാര മോനിന് കൊണ്ടോന്ന് കൊടുക്കരുത്... റെസിസ്റ്റ്ന്‍സ് തീരെയില്ല പൊന്നിന്.  ഒത്തിരി നേര്‍ച്ച നേര്‍ന്ന് ഉണ്ടായ ഒരു തരിയാ.. മ്മള് സൂക്ഷിച്ചാ മ്മക്ക് കൊള്ളാം.. പറഞ്ഞില്ലാന്നു വേണ്ടാ, ഞാന്‍ മടുത്തു നിങ്ങളേം കൊണ്ട്........"

അടുക്കളയില്‍ മണ്‍ചട്ടി ഉടയുന്നു. അടുപ്പത്തിരുന്ന പെസഹാപ്പം ആവികേറികൊണ്ടിരിക്കുന്നു.
 അവള്‍ ദ്വേഷ്യപ്പെട്ടു പുറം വാതിലൂടെ അത്തിപ്പഴത്തിന്റെ ചോട്ടിലേക്കു പോയി. ഇനി 'അയ്യോ പോറ്റി' പറഞ്ഞു തണുപ്പിച്ചോണ്ട് വരണം. പുളിപ്പില്ലാത്ത പെസഹാപ്പം ഗൃഹനാഥന്‍ മുറിക്കണമെന്നല്ലോ അങ്ങ് പഠിപ്പിച്ചത്.

ഞങ്ങക്ക് ഞങ്ങടെ കാര്യം നോക്കണം, ഗുരോ....

അറടി അകലം എന്ന് വൈദ്യശാസ്ത്രം! വേദശാസ്ത്രം ഉറക്കത്തിലാണല്ലോ...  ഈ ഒന്നാന്തരം പെസഹാ പെരുന്നാളിലും ഒരനക്കവും ഇല്ലാ ല്ലോ, പൊന്നു ഗുരോ...

സോറി, ഗുരുജി...
we are very very sorry... we are very helpless to celebrate with you.... പ്ലീസ്... ഗുഡ് ബൈ...

മാളിക മുകളില്‍ ഏകനായ് ഇരുന്ന് എല്ലാം കേട്ടിട്ട് നസ്രായനൊന്ന് ഇരുത്തി മൂളീ... നിറച്ചു വെച്ചിരിക്കുന്ന വീഞ്ഞു ഭരണികളിലേക്കും അപ്പക്കൊട്ടകളിലേക്കും കണ്ണയച്ചു.

പിന്നെ ഒരു പുഞ്ചിരി... ഒരു ചിരി...  ഒരു പൊട്ടിച്ചിരി...
ആറടി മണ്ണുമാത്രം മതിയെന്നിരിക്കെ വെട്ടിപ്പിടിച്ചു,  വെട്ടി നശിപ്പിച്ചു നശിപ്പിച്ച് പ്രപഞ്ചം മരുഭുമിയാക്കിയ നിങ്ങള്‍.
'ഇവര്‍ ചെയ്യന്നത് എന്തെന്ന് അറിയായ്ക കൊണ്ട്......'

അപ്പവും വീഞ്ഞുമായി മാളികയുടെ പടവുകള്‍ ഇറങ്ങി മഹാനഗരത്തിന്റെ വീഥികളില്‍ കൂടി നസ്രായന്‍ നടന്നു...  മുക്കിലും മൂലയിലും തന്റെ പ്രതിരുപം കണ്ടു സ്തംഭിച്ചുപൊയി, ശീതികരിച്ച മണിമന്ദിരങ്ങള്‍, കുരിശു തൊട്ടികള്‍, കനകം കുമിഞ്ഞു കൂടിയ ഭണ്ണാരങ്ങള്‍!

തന്നെ ഇത്രയും വല്യ 'ബ്രാന്‍ഡ് വാല്യൂ' ആക്കിയ കൂര്‍മ്മ ബുദ്ധിയെ ഓര്‍ത്തു പൊട്ടിച്ചിരിച്ചു.
തനിത്രയും വലിയ ബ്രാന്‍ഡ്!. ഭൂമിയിലെ ഏറ്റവും വില കൂടിയ ബ്രാന്‍ഡ് നെയിം!!!... ദലാല്‍ സ്ട്രീറ്റില്‍
തന്റെ സ്‌റ്റോക്കിന്റെ വില നിമിഷം പ്രതി കുതിച്ചു കയറുന്നത് കണ്ടു അവന്‍ സ്തബ്ധനായി...  വീഥിയിലെ വലിയ ഒരു അംബരചുംബിയില്‍ വെച്ചിരിക്കുന്ന ഫലകത്തില്‍ മിന്നിയും മറിഞ്ഞും വന്നു കൊണ്ടിരിക്കുന്ന സ്‌റ്റോക്ക് നിലവാര  സൂചകയില്‍ അവന്റെ കണ്ണുകള്‍ ഉടക്കി..
ദി മോസ്റ്റ് വാല്യൂബിള്‍ ആന്‍ഡ് സെയ്ഫു് ഇന്‍വെസ്റ്റ്‌മെന്റ്!

BUY!! BUY!! BUY!!
ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നു...

നസ്രായന്‍ ഒന്നു കൂടെ മന്ദഹസിച്ചു... 
നാളെയിവര്‍ തന്നെ ക്രൂശിലേറ്റും! പിന്നെ ഉയര്‍ത്തും...
ബ്രാന്‍ഡ് വാല്യൂ കുറയരുതല്ലോ!
ദി മോസ്റ്റ് വാല്യൂബിള്‍ ആന്‍ഡ് സെയ്ഫു് ഇന്‍വെസ്റ്റ്‌മെന്റ്!

ഹാ.. സമാധാനമായീ..  ആരവങ്ങള്‍ ഇല്ലാതെ ആലയങ്ങള്‍ അടഞ്ഞു കിടക്കുന്നു...  ബഹളമില്ലാതെ കാല്‍വറിയല്‍ ഒന്ന് പോയിവരാം. തന്നെ തൂക്കിലേറ്റേണ്ട മരകുരിശുകള്‍ പരീശന്മാര്‍
അലങ്കരിച്ചു മോടി പിടിപ്പിക്കുകയായിരിക്കും. സ്വര്‍ണ്ണ കുരിശുകള്‍ ലോക്കറില്‍ ഭദ്രമായി പൂട്ടി വെച്ച് താക്കോല്‍ മഹാപുരോഹിതന്മാരുടെ അരയില്‍ കെട്ടികൊടുത്തിട്ടുണ്ടാകും.

എല്ലാം അടഞ്ഞു കിടക്കുന്നു. മഹാനഗരം ശൂന്യം.. വീഥികള്‍ വിജനം. കഴുകന്മാര്‍ കൂട്ടത്തോടെ മനുഷ്യ മാംസങ്ങളുടെ പറുദീസയില്‍ നൃത്തമാടുന്നു.

'ഇവര്‍ ചെയ്യന്നത് എന്തെന്ന് അറിയായ്ക കൊണ്ട്......'
ഒന്നുകൂടി ഇരുത്തി മൂളി നസ്രായന്‍ 'മനുഷ്യരെ പിടിക്കുന്നവരുടെ' പുതിയ ശിഷ്യരെ തേടി നടന്നു....
**
പെസഹായാല്‍ പെസഹാ കുഞ്ഞാടിനെ നീക്കിയ മിശിഹാ
ഈക്കൊറോ വല് റൂഹോദ് ക്കുദിശോ സെഗുത്തോ റുമ്‌റോമോ...
ലോക്‌മോര്‍ തെശുബുഹത്തോ ലാബൂക്ക്
ഈക്കൊറോ വല് റൂഹോദ് ക്കുദിശോ സെഗുത്തോ റുമ്‌റോമോ...



'അകലം പാലിച്ച' ശിഷ്യര്‍  (ചെറുകഥ: ബെന്നി)
(പെസഹായില്‍ 'ഏകനായ ക്രിസ്തു'വിന്റെ ചിത്രത്തിനോട് കടപ്പാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക