Image

ഏകാന്തതയുടെ തടവുകാര്‍ (കഥ: ജെസ്സി ജിജി)

Published on 11 April, 2020
ഏകാന്തതയുടെ തടവുകാര്‍ (കഥ: ജെസ്സി ജിജി)
സന്ധ്യയുടെ മൂടുപടം അസ്തമന സൂര്യനെ ഭാഗികമായി മറച്ചുകഴിഞ്ഞു. വഴിവിളക്കുകള്‍ പ്രകാശം പരത്തുവാന്‍ തുടങ്ങി . അയാള്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്തി ചവിട്ടി.നേരം വൈകുന്നു . കുട്ടികള്‍ തനിച്ചു വീട്ടില്‍. അവള്‍ ജോലിക്കു പോയിട്ടുണ്ടാകും . ഇന്ന് ഓഫീസില്‍ നിന്നിറങ്ങാന്‍ ഇത്തിരി വൈകി. “ ഹോ ഈ ട്രാഫിക് ബ്ലോക്ക് എപ്പോഴാ ഒന്ന് തീരുക’ .സൈറണ്‍ മുഴക്കി ഒരു ആംബുലന്‍സ് പാഞ്ഞുപോകുന്നു. മുന്‍പില്‍ എവിടെയോ ഒരു ആക്‌സിഡന്റ് നടന്നിട്ടുണ്ട് . അതാ ഇന്നിത്ര ബ്ലോക്ക്.വീട്ടിലെത്താന്‍ ഇന്നിനിയും വൈകും . ഹൈവേയുടെ ഒരു സൈഡില്‍ മാറ്റിയിട്ടിരിക്കുന്ന രണ്ടു കാറുകള്‍ . അതിലൊന്ന് തല്ലിചളുക്കിയ ഒരു തകരപാത്രം പോലെ . ആ കാറിലുണ്ടായിരുന്നവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരു പക്ഷെ അതുപോലെ തല്ലി കൂട്ടപ്പെട്ടിരിക്കാം . ഗരാജ് തുറന്ന് വണ്ടി പാര്‍ക്ക് ചെയ്തിട്ട് അയാള്‍ വേഗം വീട് തുറന്ന് അകത്തേക്ക് കയറി .ആകെ മൂടിക്കെട്ടി , പെയ്യാന്‍ വെമ്പിനില്‍ക്കുന്ന കാര്‍മേഘാവൃതമായ ആകാശം പോലെ ഒരു മങ്ങിയ വെളിച്ചം മാത്രം വീട്ടിനുള്ളില്‍.അയാള്‍ വേഗം ലൈറ്റിട്ടു . ഫോണ്‍ ചാര്‍ജ് ചെയ്യാനായി എടുത്തപ്പോഴാണ് അവളുടെ മെസ്സേജ് കണ്ടത്.

“ കിച്ചുവിന് സ്കൂളില്‍ നിന്ന് വന്നപ്പോള്‍ ചെറിയ ഒരു പനി. മരുന്ന് കൊടുത്തു കിടത്തിയിട്ടുണ്ട്. ഇടക്ക് പനി ഒന്ന് നോക്കണം.എന്റെ ഡ്യൂട്ടി എപ്പോള്‍ കഴിഞ്ഞു നാളെ വീട്ടില്‍ എത്തും എന്ന് പറയാന്‍ പറ്റില്ല’ അയാള്‍ വേഗം കിച്ചുവിന്റെ മുറിയിലേക്ക് നടന്നു.പനി വിട്ടെന്ന് തോന്നുന്നു . അയാള്‍ അവന്റെ നെറ്റിയില്‍ കൈ വെച്ച് നോക്കി.ശാന്തമായി ഉറങ്ങുന്ന മകന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അയാള്‍ ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു . “ഇതിനു മുന്‍പ് എപ്പോഴാണ് താന്‍ മകന്റെ അടുത്ത് ഇങ്ങനെ ഇരുന്നു അവനെ ഒന്ന് കണ്ടത്” ഓഫീസ് വിട്ടു വരുമ്പോള്‍ ഒരു സമയം. അപ്പോഴേക്കും മക്കള്‍ അവരവരുടെ കൊച്ചു ലോകത്തു മുഴുകിയിരിക്കുക ആയിരിക്കും .കിച്ചുവിനെ ഒന്ന് പുതപ്പിച്ചുകിടത്തിയിട്ടു അയാള്‍ ജിത്തുവിന്റെ റൂമിലേക്ക് ചെന്നു.കമ്പ്യൂട്ടര്‍ സ്ക്രീനിനുമുന്പില്‍ ശ്രദ്ധയോടെ ഇരിക്കുന്ന മകന്‍. ഹായ് ഡാഡ് ‘ തലയുയര്‍ത്തി ഒന്ന് വിഷ് ചെയ്തതിനു ശേഷം വീണ്ടും കമ്പ്യൂട്ടറിലേക്ക്. ഭക്ഷണം വേണ്ടേ . “കഴിച്ചു . ഹോംവര്‍ക്ക് ചെയ്യട്ടെ . “കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ശ്രദ്ധയോടെ പരതുന്ന മകന്റെ മുഖത്തേക്ക് അയാള്‍ ആദ്യമായി കാണുന്നതുപോലെ നോക്കി. മേല്‍ചുണ്ടിനു മുകളില്‍ കിളിര്‍ത്തു വരുന്ന നനുനനുത്ത രോമരാജികള്‍ . തന്റെ മകന്‍ ഒരു വലിയ കുട്ടിയായിരിക്കുന്നു. ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും വിശപ്പ് ഒരു നീരാളിയെപ്പോലെ ആമാശയത്തെ വരിഞ്ഞു മുറുക്കുന്നതുപോലെ .

ഒരാഴ്ചത്തേക്കുള്ള ചോറും കറികളും ഫ്രിഡ്ജില്‍ അടച്ചുവെച്ചിട്ടുണ്ട്. ഒരു പാത്രത്തില്‍ ചോറും കറികളും എടുത്തു മൈക്രോവേവില്‍ വെച്ച് ചൂടാക്കി , അയാള്‍ ടീവി യുടെ റിമോട്ട് കയ്യില്‍ എടുത്തു.ഏതു ചാനലിലും വാര്‍ത്ത ഒന്ന് തന്നെ . കോവിഡ് 19 .എല്ലാ വാര്‍ത്താ വായനക്കാരും സോഷ്യല്‍ ഡിസ്റ്റന്‍സിന്റെ ആവശ്യകത ഊന്നി പറയുന്നു . ‘സോഷ്യല്‍ ഡിസ്റ്റന്‍സ്” അയാളുടെ ചുണ്ടിന്റെ കോണില്‍ ഒരു ചെറുചിരി വിരിഞ്ഞു .ജിത്തുവിന്റെ മുറിയിലേക്ക് അയാള്‍ ഒന്ന് പാളിനോക്കി .കമ്പ്യൂട്ടര്‍ സ്ക്രീനിനുമുന്പില്‍ സ്വയം സൃഷ്ടിച്ച ഒരു തടവറയില്‍ എല്ലാം മറന്നിരിക്കുന്ന മകന്‍.താന്‍ വീട്ടിലെത്തുന്നതിനുമുന്‌പേ ജോലിക്കു തിരക്കുപിടിച്ചോടിയ ഭാര്യ. രാവിലെ അവള്‍ എത്തുന്നതിനുമുന്‍പേ കുട്ടികള്‍ സ്കൂളിലേക്കും താന്‍ ഓഫീസിലേക്കും . അയാള്‍ മലയാളം ചാനലുകള്‍ മാറി മാറി പരതികൊണ്ടിരുന്നു. പിന്നെ മൊബൈല്‍ സന്ദേശങ്ങളിലേക്കും . കിച്ചു ഒരു കുഞ്ഞുസ്വപ്നത്തിന്റെ ചിറകിലേറി ഉറക്കത്തില്‍ ഒന്ന് തിരിഞ്ഞുകിടന്നു.ജിത്തു കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മായികലോകത്തിലേക്കും അതൊരുക്കുന്ന വര്‍ണ്ണപ്രപ്രഞ്ചത്തിലേക്കും ഏകനായി യാത്ര തുടര്‍ന്നു. അയാളുടെ ഭാര്യയാകട്ടെ അപ്പോള്‍ അവിടുത്തെ മെയിന്‍ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ റൂമിലേക്ക് മാസ്കും ഗൗണും ഒക്കെ അണിഞ്ഞു ഒരു കോവിഡ് 19 രോഗിയുടെ അടുത്തേക്ക് പ്രവേശിക്കുക ആയിരുന്നു.

ഒരു പൂവിന്റെ ഇതളുകള്‍ കൊഴിയുന്നതുപോലെ ദിനങ്ങള്‍ ഓരോന്നായി കൊഴിയുന്നു. എന്തൊക്കെയാണ് ഈ കഴിഞ്ഞ ഒരാഴ്ചയില്‍ സംഭവിച്ചത്? ഓഫീസില്‍ പോയിട്ട് ഒരാഴ്ച ആയി . കുട്ടികള്‍ സ്കൂളില്‍ പോയിട്ട് ആഴ്ചകളും . ചുറ്റിലും ഉള്ള വായുവിനുപോലും ഭാരം ഉള്ളതുപോലെ . കാറ്റിനുപോലും വീശാന്‍ മടി പോലെ. നഗരത്തിലെ കാഴ്ചകള്‍ക്കും മാറ്റം വന്നിരിക്കുന്നു. തിരക്ക് പിടിച്ച റോഡുകള്‍ ഒരു ഓര്‍മചിത്രം പോലെ. ആംബുലന്‍സ് സൈറണുകള്‍ നിശബ്ദതയെ ഭഞ്ജിക്കുന്നു.എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിലേക്കു ഉള്‍വലിയുന്നു. എന്നാല്‍ ആ സുരക്ഷിതത്വത്തില്‍ അഭയം തേടാനാകാത്തവരും ഈ നഗരത്തിലുണ്ട് . ശത്രുവിനെ നേരിടാന്‍ മതിയായ പടക്കോപ്പുകളില്ലാതെ പടക്കളത്തിലേക്കിറങ്ങുന്നവര്‍. അവരിലൊരാളായി തന്റെ ഭാര്യയും. ജോലി കഴിഞ്ഞു തളര്‍ന്നു അവള്‍ വീട്ടിലേക്കു വരുമ്പോള്‍ ഒന്ന് ചേര്‍ത്തുപിടിക്കാന്‍, സാരമില്ല എന്ന് ഒന്ന് പറയാന്‍ ഉള്ളം വല്ലാതെ ത്രസിക്കുന്നുണ്ട്. പക്ഷെ ഒരു നോട്ടം കൊണ്ട് അതിനെ തടഞ്ഞുകൊണ്ട് , അവള്‍ അകത്തേക്ക്. കുട്ടികളുടെ അടുത്തുപോലും പോകാതെ , കുളി കഴിഞ്ഞു മറ്റൊരു റൂമിലേക്ക് പോകുന്ന അവള്‍. കുട്ടികളെ ഒന്ന് ചേര്‍ത്തുപിടിക്കുവാനുള്ള ആഗ്രഹം ഉള്ളില്‍ അടക്കിപ്പിടിക്കുമ്പോളുള്ള അവളുടെ വേദന വിഫലമായി മറക്കാന്‍ അവള്‍ തത്രപ്പെടുന്നു .ഇനി എത്ര നാളുകള്‍? അറിയില്ല.. നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങള്‍. നാളെയാകട്ടെ എന്ന് മാറ്റിവച്ച എത്രയോ ചെറുതും വലുതുമായ കാര്യങ്ങള്‍ . ജീവിതത്തിന്റെ തിരക്കുകള്‍ക്കൊപ്പം സ്വയം സൃഷ്ടിച്ച തിരക്കിന്റെ തടവറയില്‍ നിന്നും പുറത്തുവന്ന് കുടുംബത്തിന്റെ, ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ചെറിയ സന്തോഷങ്ങള്‍ വേണ്ടെന്നുവെച്ച ഓരോനിമിഷങ്ങളും ഒരു ഈര്‍ച്ചവാള്‍ പോലെ ഹൃദയത്തെ കുത്തിമുറിവേല്‍പ്പിക്കുന്നു.കിച്ചുവിന്റെയും ജിത്തുവിന്റെയും മുറിയിലേക്ക് അയാള്‍ എത്തിനോക്കി.രണ്ടുപേരും ഒരു പുതപ്പിനടിയില്‍ സുഖസുഷുപ്തിയില്‍ . ഒന്നും ചെയ്യാനില്ലാത്തതുപോലെ അയാള്‍ ജനാലയില്‍ കൂടി നിശബ്ദതയുടെ കരിമ്പടം പുതച്ചുനില്‍ക്കുന്ന നഗരവീഥിയിലേക്കു നോക്കിനിന്നു.

പ്രത്യാശയുടെ സന്ദേശവുമായി ഉയിര്‍പ്പുഞായറിന്റെ പൊന്പുലരിവെട്ടം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചരിച്ചെത്തി. പെസഹായുടെ കടന്നുപോകലിനുശേഷം ദുഖവെള്ളിയുടെ പീഡാനുഭവങ്ങള്‍ക്കപ്പുറം പ്രതീക്ഷയുടെ പൊന്കിരണങ്ങളുമായി ഉയിര്‍പ്പുഞായര്‍ .
പുതപ്പിനുള്ളിലേക്കു ഒന്നുകൂടി ചുരുണ്ടുകൂടുമ്പോഴാവും അവളുടെ വിളി. “ഇന്ന് ഞായറാഴ്ച ആണെന്നറിയില്ലേ, ആ പിള്ളേരെയെങ്കിലും ഒന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാമായിരുന്നില്ലേ . ബാക്കിയുള്ളവര്‍ ജോലി കഴിഞ്ഞു വന്നിട്ടുവേണം എല്ലാത്തിനെയും എഴുന്നേല്‍പ്പിക്കണ്ടത് വരെ. പള്ളിയില്‍ പോകണം എന്ന ഒരു വിചാരവും ആര്‍ക്കും ഇല്ല. എടാ കിച്ചുവെ ...” ആകെ കിട്ടുന്ന ഞായറാഴ്ച ഒന്ന് ഉറങ്ങാമെന്നു വെക്കുമ്പോള്‍ അവളുടെ ഒരു പള്ളി . പിറുപിറുത്തുകൊണ്ട് താന്‍ പതുക്കെ പുതപ്പുമാറ്റും. ഈ ദിനചര്യകള്‍ നിന്നുപോയിട്ടു ഒരു മാസത്തിലേറെ ആയിരിക്കുന്നു. കുട്ടികളെ വിളിച്ചെഴുന്നേല്‍പ്പിച്ചു, യൂട്യൂബില്‍ ഉയിര്‍പ്പുതിരുന്നാള്‍ ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണത്തിനായി അയാള്‍ പരതി.തൊട്ടടുത്ത മുറിയില്‍ , പൊട്ടിപിളരുന്ന തലവേദന പോകുവാന്‍ വേണ്ടി ഒരു പാരസെറ്റമോള്‍ എടുത്തു അവള്‍ കഴിച്ചു. സ്വയം മറന്നുള്ള രോഗീപരിപാലനത്തിനിടയില്‍ , covid 19 എന്ന കുഞ്ഞന്‍ വൈറസ് അവളുടെ കൂടെ അങ്ങ് കൂടി.അടച്ചിട്ടിരിക്കുന്ന അവളുടെ മുറിയിലേക്ക് , മരണത്തെ ജയിച്ചടക്കി ഉത്ഥാനം ചെയ്ത ക്രിസ്തുനാഥന്റെ ഉയിര്‍പ്പുതിരുനാളിന്റെ ജയാഘോഷങ്ങളുടെ ശബ്ദവീചികള്‍ മെല്ലെ മെല്ലെ അലയടിച്ചു. ആ മുറിയെ ചൂഴ്ന്നുനില്‍ക്കുന്ന അന്ധകാരത്തിലേക്ക് പ്രകാശത്തിന്റെ കിരണങ്ങള്‍ ഇറങ്ങുന്നതായി അവള്‍ക്കു തോന്നി. ദുഃഖവെള്ളി ഉണ്ടെങ്കില്‍ ഉയിര്‍പ്പുഞായറും ഉണ്ട്. മഹാമാരിയുടെ ദുഖവെള്ളിക്കുശേഷം പുലരുന്ന ഉയിര്‍പ്പുഞായറിനായി ലോകത്തോടൊപ്പം അവളും അയാളും കാത്തിരിക്കുന്നു. പ്രതീക്ഷയോടെ.. തടവറയില്‍ നിന്നും ഉള്ള മോചനത്തിനായി....

(covid 19 എന്ന മഹാമാരിക്കുമുന്പില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രണാമം )




ഏകാന്തതയുടെ തടവുകാര്‍ (കഥ: ജെസ്സി ജിജി)
(ജെസ്സി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക