Image

വികാര ജീവി അഥവാ ഉമ്മര്‍ എഫെക്റ്റ് (ചിരി-ജോസഫ് എബ്രഹാം)

Published on 12 April, 2020
വികാര ജീവി അഥവാ ഉമ്മര്‍ എഫെക്റ്റ് (ചിരി-ജോസഫ് എബ്രഹാം)
കരിയിലപോലെ പ്രാണനെ മരണം തൂത്ത്കൂട്ടുമ്പോഴും ചിരിയാണ് നമ്മുടെ ആത്മബലം.
ആളുകള്‍ക്ക് ഒരു നിമിഷമെങ്കിലും പുഞ്ചിരിക്കാന്‍ കഴിയുമെന്ന് തോന്നിയാല്‍....സ്‌നേഹപൂര്‍വ്വം
ജോസഫ് എബ്രഹാം 



കെ. പി ഉമ്മറിനെ എനിക്കു വളരെ ഇഷ്ട്ടമാണ് കാരണം ഞാനും മൂപ്പരെപ്പോലെ ഒരു വികാര ജീവിയാണ്. ഓര്‍മയില്ലേ ആ കൊലമാസ് ഡയലോഗ് ''ശോഭേ, ഞാനൊരു വികാര ജീവിയാണ് ' എന്റെ ചില ചങ്ങാതിമാരും തികഞ്ഞ ഉമ്മര്‍ക്കയാണ്. എല്ലാകാര്യത്തിലും ഭയങ്കര വികാര ജീവികളാണ് അവമ്മാരെല്ലാം.

'കുഞ്ഞുണ്ണി'യെന്നൊരു ചങ്ങാതിയുണ്ടായിരുന്നു. 'സുര' യെന്ന മറ്റൊരു ചങ്ങാതിയും. കുഞ്ഞുണ്ണി പട്ടാളത്തിലും സുര ബി .എസ് .എഫി ലും. രണ്ടു പേരും ഒരേ സമയം അവധിക്കു വന്നിരിക്കുകയാണ്. പാവം പട്ടാളക്കാര്‍ അവരില്‍ പലരും മേലുദ്യോഗസ്ഥരുടെ ശകാരവും ശിക്ഷണ നടപടികളും സഹിക്കുമ്പോള്‍ വളരെ വികാര ജീവികളാകും. പക്ഷേ എന്തുചെയ്യാന്‍ അച്ചടക്കം എന്ന വാള്‍ എപ്പോഴും കഴുത്തില്‍ വച്ചിരിക്കുകയല്ലേ. പിന്നെ ഇത്തരം വികാരങ്ങള്‍ അടക്കാനുള്ള പരിശീലനം കിട്ടിയതുകൊണ്ടും കിടക്കുന്നതിന് മുന്‍പ് രണ്ടെണ്ണം അടിക്കാനുള്ള വക കിട്ടുന്നതുകൊണ്ടും അവരിലെ കെ പി ഉമ്മര്‍ അങ്ങിനെ ഒതുങ്ങി നില്‍ക്കുകയാണ്. എങ്കിലും ചിലപ്പോഴെങ്കിലും അവരില്‍ ചിലര്‍ മേലുദ്യോഗസ്ഥരെ തോക്കെടുത്ത് വെടിവച്ചതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. പോലീസുകാര്‍ക്കാണെങ്കില്‍ ലോക്കപ്പില്‍ കിടക്കുന്നവന്റെ മുതുകിന് ഒരു ചവിട്ടു കൊടുത്തിട്ടെങ്കിലും അവരുടെ മന:പ്രയാസം മാറ്റാനൊക്കും പക്ഷെ പട്ടാളക്കാര്‍ക്ക് അതിനും പാങ്ങില്ല.

കുഞ്ഞുണ്ണിയെപ്പോലെയുള്ളവരുടെ ഏക ആശ്വാസമെന്നത് നാട്ടില്‍ അവധിക്കു വരികയെന്നതാണ്. കയ്യിലാണെങ്കില്‍ അത്യാവശ്യം കാശും, ട്രങ്ക്‌പെട്ടി നിറയെ റമ്മുമോക്കെയായി കുശാലാണ്. 'ഓസി' നടിക്കാനുണ്ടെങ്കില്‍ പിന്നെ നാട്ടില്‍ കൂട്ടുകാര്‍ക്കു പഞ്ഞമില്ല.

അങ്ങിനെ ഒരു ശിവരാത്രിക്ക് കുഞ്ഞുണ്ണിയും ഞാനും സുരയും പിന്നെ റപ്പായി മനോജെന്നു പറയുന്ന ഒരു ചങ്ങാതിയും കൂടി ഉത്സവത്തിനു പോയി. ശിവരാത്രി ആയതുകൊണ്ട് പ്രത്യേകമായി പറയേണ്ടലോ കുഞ്ഞുണ്ണിയടക്കം എല്ലാവരും നല്ല ഫോമിലായിരുന്നു. ഉത്സവ പറമ്പുകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്, അവിടെ എല്ലാവരും നല്ല സന്തോഷത്തിലും ആവേശത്തിലുമായിരിക്കു. ദുഖിക്കുന്നവര്‍ ആരും തന്നെ അവിടെ ഉണ്ടാകാനിടയില്ല. അടിയെങ്കില്‍ അടി കച്ചറയെങ്കില്‍ കച്ചറ മൊത്തത്തില്‍ എല്ലാവര്‍ക്കും നല്ല ഉത്സാഹത്തിമര്‍പ്പ്.

അമ്പലപറമ്പില്‍ എത്തിയപ്പോള്‍ കുഞ്ഞുണ്ണിക്കു തോന്നി പട്ടാളക്കാരനായ തനിക്ക വിടുത്തെ 'ലോ ആന്‍ഡ് ഓര്‍ഡര്‍' കൂടി നോക്കാനുള്ള അധികാരമുണ്ടെന്ന്. പെട്ടന്നു കുഞ്ഞുണ്ണി ഒരു വികാരജീവിയായി, താന്‍ ഒരു പോലീസുകാരനായെന്നൊരു തോന്നല്‍. എന്തോ ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍

''പോലീസുകാരനോടു തമാശ പറയുന്നോട നായിന്റെ മോനേ'' എന്നു ചോദിച്ചു കൊണ്ട് കുഞ്ഞുണ്ണി കിണറുപണിക്കാരന്‍ ബാബുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചവനെ പൊക്കിയെടുത്ത് നില്‍ക്കുന്നതാണ് കണ്ടത്. കുഞ്ഞുണ്ണിയുടെ ഈ പ്രകടനം കണ്ടപ്പോള്‍ ബി എസ് എഫ് കാരനായ സുരയിലും കെ. പി ഉമ്മര്‍ ആവേശിച്ചു.

''കുഞ്ഞുണ്ണി, ആ നായിനെ പൂശെടാ'' എന്നായി സുര.

ഒരു കുടക്കമ്പിപോലെയുള്ള ശരീരവും ഉച്ചഭാഷിണിയുടെ ബാസുമുള്ള കിണറുപണിക്കാരന്‍ ബാബു പട്ടാളക്കാരന്‍ കുഞ്ഞുണ്ണിയുടെ പിടുത്തത്തില്‍ എലിപോലെ വിറച്ചു നില്ക്കുന്നകാഴ്ച.

ഇനി ഈ സംഭവത്തില്‍, അടുത്തതായി എവിടേയും എന്നപോലെ അവിടെയും നടക്കേണ്ടത് എന്താന്നുവച്ചാല്‍ സമാധാനം സ്ഥാപിക്കാനുള്ള ഒരു കരപ്രമാണിമാരുടെ അനിവാര്യമായ ഇടപെടലാണ്. ഇവിടെ ഇടപെട്ടത് അമ്പലക്കമ്മറ്റിക്കാരനും എപ്പോഴും അഞ്ചുകട്ട 'എവറെഡി ടോര്‍ച്ച് ലൈറ്റ്' ഒരായുധം പോലെ കൊണ്ടു നടക്കുന്നതുമായ കുഞ്ചുനായരാണ്.

''എന്താണ്ടാടാ ഇവിടെ പ്രശ്‌നം. അമ്പലപറമ്പില്‍ വെറുതെ കച്ചിറ ഉണ്ടാക്കരുത് നായിന്റെ മക്കളെ''

എന്നു പറഞ്ഞുകൊണ്ട് കുഞ്ചുനായര്‍ രംഗ പ്രവേശനം ചെയ്തു. കുഞ്ഞുണ്ണിക്ക് കുഞ്ചുനായരുടെ ചോദ്യവും മട്ടും ഒട്ടും പിടിച്ചില്ല. ഒരു പോലീസുകാരനായി സ്വയം ചുമതലേയേറ്റുകൊണ്ട് അവിടെ ക്രമസമാധാനം നടപ്പിലാക്കികൊണ്ടിരുന്ന കുഞ്ഞുണ്ണിയെ വെറും കച്ചിറക്കാരനായി ഇകഴ്ത്തിയ കുഞ്ചുനായരുടെ നടപടി കുഞ്ഞുണ്ണിക്കു പിടിച്ചില്ല.

കുഞ്ഞുണ്ണി കിണറുപണിക്കാരനെ താഴെ നിര്‍ത്തി. പിന്നെ കൈനിവര്‍ത്തി കുഞ്ചുനായരുടെ ചെള്ളക്കൊന്നു പൂശി. മോങ്ങാനിരുന്ന നായിന്റെ തലേമ്മേല്‍ തേങ്ങാവീണെന്നു പറഞ്ഞപോലായി നായരുടെ കാര്യം. അല്പംകൂടി ആലങ്കാരികമായി പറഞ്ഞാല്‍ മുന്നേ തന്നെ കാലു നല്ലവണ്ണം ഉറയ്ക്കാതിരുന്ന കുഞ്ചുനായര്‍ വാഴവെട്ടിയിട്ടപ്പോലെ വീണുപോയി ധരണിയില്‍.

അമ്പലപറമ്പില്‍ അവിടവിടെ നിന്നും 'ഹെയ്' 'ഹോ' എന്നൊക്കെ വിളികള്‍ കേട്ടു. സുരയും റപ്പായി മനോജും അപ്പോഴും നല്ല പൂസിലാണ്. കുഞ്ചുനായര്‍ മണ്ണില്‍ വീണുകിടക്കുന്നത് അവര്‍ കൊച്ചു കുട്ടികളുടെ കൌതുകത്തോടെ നോക്കി നില്‍ക്കുകയാണ്. ഞാന്‍ ചുറ്റുംനോക്കി കുഞ്ചുനായര്‍ക്ക് അഞ്ചാണ്‍മക്കളുണ്ട് എന്ന കാര്യം എനിക്കറിയാം. ഉത്സവമായതിനാല്‍ അവര്‍ അമ്പലപറമ്പിന്റെ പരിസരത്ത് എവിടെയെങ്കിലും തന്നെ കാണുമെന്നുറപ്പാണ്. വീണുകിടക്കുന്ന നായര്‍ക്കു ചുറ്റും ആളുകള്‍ ഓടി കൂടാന്‍ തുടങ്ങി.

അമ്പലപറമ്പിലെ താല്‍ക്കാലിക ചായക്കടയിലെ അടുപ്പില്‍ കത്തിയ്ക്കാന്‍ കൊണ്ടുവച്ചിരുന്ന വിറകുകൊള്ളികള്‍ ചിലര്‍ കയ്യിലെടുക്കുന്നതു കണ്ടു. ഞാന്‍ കുഞ്ഞുണ്ണിയോടും, സുരയോടും മനോജിനോടും പറഞ്ഞു 'വാ സംഗതി പെശകാണ് വേഗം പോകാം' അത്രയും ആയപ്പോഴേക്കും അവരിലും വിവേകം പതിയെ വന്നിരുന്നു. അവര്‍ എന്റെ കൂടെ വേഗം നടന്നു നടപ്പ് പതിയെ ഓട്ടമായി മാറി.

അപ്പോഴേക്കും പുറകെ ആളുകളും കൂടാന്‍ തുടങ്ങി. ആരോ കുഞ്ചുനായരുടെ അഞ്ചുകട്ട ടോര്‍ച്ച് തെളിച്ചുകൊണ്ടു ഞങ്ങളുടെ പിന്നാലെ ഒരു സംഘത്തെയും നയിച്ചുകൊണ്ടു ഓടി അടുക്കുന്നുണ്ട്. കാര്യം പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരുടേയും മെക്കിട്ടുകേറിയിട്ടുമില്ല. കൂടെയുള്ളവര്‍ തല്ലുകൊള്ളാതിരിക്കാന്‍ അവരെയും കൊണ്ട് ഓടിയതാണ്.

ഓടി തുടങ്ങിയപ്പോഴാണ് എനിക്കാ കാര്യത്തിലെ അപകടം മനസ്സിലായത്. പുറകെ ഓടി വരുന്നവരുടെ ലക്ഷ്യം എന്നത് മുന്‍പില്‍ ഓടുന്നവര്‍ മാത്രമാണു. അവരില്‍ ആരാണ് കുറ്റം ചെയ്തത് എന്നതിന് അവിടെ അപ്പോള്‍ യാതൊരു പ്രസ്‌ക്തിയുമില്ല. ആരെ കയ്യില്‍ കിട്ടുന്നുവോ അവനെ ആദ്യംതന്നെ പൊതിരെ തല്ലുകയും പിന്നെ കാര്യം അന്വോഷിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ഒരു നാട്ടുനടപ്പ്.

അതോടെ ഓട്ടത്തിന്റെ വേഗതകൂടി. പിന്നില്‍ നിന്നും മിന്നുന്ന അഞ്ചുകട്ട ടോര്‍ച്ചിന്റെ പ്രകാശദൂരത്തെ മറികടക്കുന്ന വേഗത്തില്‍ ഓടണമെന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ ഓട്ടക്കാര്യത്തില്‍ ഞങ്ങള്‍ തന്നെയായിരുന്നു കേമന്മാര്‍. ഓട്ടക്കാരില്‍ ഓടനും ചാടാനും പരിശീലനം കിട്ടിയ രണ്ടു പട്ടാളക്കാര്‍, പിന്നെ ഞാനും റപ്പായി മനോജും ഞങ്ങള്‍ നന്നേ ചെറുപ്പക്കാര്‍, അരോഗദൃഡഗാത്രര്‍ കൂടാതെ ഞങ്ങളുടേത് സ്വജീവന്‍ രക്ഷിക്കുവാനുള്ള ആത്മാര്‍ഥമായ ഓട്ടമാണ്. പുറകെ വരുന്നവരോ കാര്യങ്ങള്‍ ഒരു ആഘോഷമാക്കാന്‍ വേണ്ടി മാത്രം ഓടുന്നവര്‍ അവര്‍ക്കോട്ടത്തില്‍ ആത്മാര്‍ഥത കുറയുന്നത് സ്വാഭാവികം.

അഞ്ചുകട്ട ടോര്‍ച്ചിന്റെ പ്രകാശ ദൂരത്തെ ഞങ്ങള്‍ വിജയകരമായി മറികടന്നു. പിന്നെ അടുത്തുള്ള കാപ്പിയും കുരുമുളകും നിറഞ്ഞു നിബിഡമായ തൊടിയുടെ അരികില്‍ ആര്‍ത്തുവളര്‍ന്നു കോട്ടപോലെ നില്‍ക്കുന്ന പച്ചകര്‍പ്പൂരക്കാടും അതിനകത്ത് മറഞ്ഞിരിക്കുന്ന മുള്ളുവേലയും ഞങ്ങള്‍ അനായാസേനെ ചാടിക്കടന്നു. കാപ്പിചുവട്ടില്‍ കുന്തിച്ചിരുന്നു കിതപ്പാറ്റുമ്പോള്‍ ആര്‍പ്പുവിളികളോടെ ടോര്‍ച്ചു-വടികളുമായി ഒരാള്‍ക്കൂട്ടം റോഡിലൂടെ ഓടി അകന്നു പോകുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ ഞങ്ങള്‍ ആശ്വാസത്തോടെ ഓരോ ദിനേശു ബീഡിക്ക് തീകൊളുത്തി. മു ള്ളുവേലിയുടെ ശരിക്കുമുള്ള ഉയരം ബോധ്യമായത് അവിടെനിന്നും ഒന്നു തിരിച്ചിറങ്ങാന്‍ നോക്കിയപ്പോഴാണ്. പരിശീലനം കിട്ടിയ ആ പട്ടാളക്കാര്‍ക്കു പോലും അതിച്ചിരെ പാടായിരുന്നു.

ഇങ്ങനെ ഈ ലോക്ക് ഡൌണ്‍ കാലത്ത് വെറുതെയിരുന്നപ്പോള്‍ ഇതെല്ലാം ഓര്‍ത്തു പോയതും ഒരു 'കെ. പി ഉമ്മര്‍ എഫെക്റ്റ്' തന്നെയാണ്. 'എന്നാത്തിന് കൊള്ളാം ഈ അമേരിക്കക്കാരെ' എന്നൊക്കെ ആളുകള്‍ ചോദിക്കുമ്പോള്‍ പിറന്ന നാടെന്നതു ചങ്കിലെ ചോരപോലെയും നിശ്വാസവായും പോലെയും ആണെങ്കിലും, ഉണ്ണുന്ന ചോറിന് കൂറുകാട്ടുന്ന ഒരു ബലഹീനത ഉള്ളതുകൊണ്ടാകാം മനസ്സു വല്ലാതെ വികാരം കൊള്ളുകയും വിഷാദിക്കുകയും ചെയ്യാറുണ്ട്.

അറിയാവുന്ന ചിലരോടൊക്കേ കാര്യങ്ങളുടെ കിടപ്പ് വശം പറഞ്ഞു കൊടുത്തു പക്ഷെ അവര്‍ക്കും കൂടുതല്‍ വിശ്വാസം ചില ഓണ്‍ ലൈന്‍ പത്രങ്ങളില്‍ വരുന്ന അന്തസാര ശൂന്യമായ വാര്‍ത്തകളും 'വാട്ട്‌സാപ്പു ഗ്രൂപ്പുകളില്‍ ' കട്ട് ആന്‍ഡ് പേസ്റ്റ്' ആയി പ്രചരിക്കുന്ന ചില പിതൃശൂന്യ കുറിപ്പുകളുമാണ് .

ഇന്നു കുറച്ചു നേരം പുറത്തുപോകേണ്ട ആവശ്യമുണ്ടായിരുന്നു. പലവ്യഞ്ജനങ്ങള്‍ കുറച്ചു വാങ്ങേണ്ടതുണ്ടായിരുന്നു. കടകളില്‍ അവശ്യ സാധനങ്ങള്‍ ഉണ്ടോയെന്നു നല്ല നിശ്ചയമില്ല. ധൈര്യമായിട്ടൊന്നു പുറത്തിറങ്ങാനായി ആമസോണില്‍ ഓര്‍ഡര്‍ നല്കിയ മാസ്‌ക് വരാന്‍ വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു ദിവസമായി.

ആദ്യം മാര്‍ക്കറ്റില്‍ എത്തിയ മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നീക്കി വച്ചതുകൊണ്ടു ഓര്‍ഡര്‍ ചെയ്തത് വരാന്‍ ഇനിയും ഒന്നു രണ്ടു ദിവസം കൂടിയെടുക്കും. കടയില്‍ അധിക സമയം ചിലവഴിക്കുന്നതൊഴിവാക്കാന്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ കൊടുത്തു. കടക്കാര്‍ കൂടുതല്‍ പണം വാങ്ങാതെ സൌജന്യമായി ഡെലിവറി ചെയ്യും പക്ഷേ അതു ചിലപ്പോള്‍ മൂന്നു ദിവസം വരെ സമയമെടുക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കടയില്‍ പോയി 'പിക്കപ്പ്' ചെയ്യാമെന്നുകരുതി.

സാധങ്ങള്‍ തയ്യാറായപ്പോള്‍ കടയില്‍ നിന്നും അറിയിപ്പ് വന്നു. വീട്ടില്‍ നിന്നും രണ്ടു മൂന്നു സെറ്റ് 'ഗ്ലൌസെടുത്തു' കൂടാതെ ഒരു ചെറിയ കുപ്പി 'ഹാന്‍ഡ് സാനിട്ടയിസറും' കരുതി, മാസ്‌കിനു പകരം വലിയ ഒരു തൂവാല ( bandana) മടക്കി വായും മൂക്കും മൂടിക്കെട്ടി കടയില്‍ ചെന്നു. അവിടെ രാവിലെ 8 മണി മുതല്‍ 10 മണി വരെ വയോജനങ്ങള്‍ക്കു വേണ്ടിമാത്രം ഷോപ്പിങ് സമയം ഏര്‍പ്പെടുത്തിയതായി കണ്ടു. എല്ലാ കടകളിലും തന്നെ മുതിര്‍ന്ന പൌരന്മാര്‍ക്കു വേണ്ടി പത്യേകസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ക്കും മറ്റുള്ളവരെപ്പോലെ ഏതു സമയത്തും വരാം പക്ഷേ ഈ സമയം അവര്‍ക്കു സൌകര്യപ്രദമായി ഷോപ്പിങ് നടത്തുന്നതിന് വേണ്ടി മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. വയോജനങ്ങളെ അമേരിക്കന്‍ സമൂഹം എത്ര കരുതുവെന്ന് പലര്‍ക്കും അറിയില്ല. മുതിര്‍ന്ന പൌരന്മാര്‍ക്കു സംരക്ഷണവും വിവേചനം കൂടാതെ ജോലിയും ചികിത്സയും നല്‍കുന്ന രാജ്യം.

എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി ആനുകുല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ വേണ്ടി അവരെ മന:പൂര്‍വം മരണത്തിന് വിട്ടു കൊടുക്കുകയാണെന്നുള്ള ദുഷ്പ്രചരണം ചിലയാളുകള്‍ നടത്തുന്നതു കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഒരു വികാര ജീവിയായിപ്പോയി.

അമ്പലനടകളിലും, ബസ്സ്റ്റാന്‍ഡിലും മാതാപിതാക്കളെ ഉപേക്ഷിച്ചു കടന്നു കളയുന്ന മക്കളെ കണ്ടു മനം മടുത്തുപോയ ഏതോ ഒരു സഹോദരന്‍ ഒരു മുതലാളിത്ത്വ രാജ്യം അതിന്റെ സമ്പത്തു സംരക്ഷിക്കാന്‍ വേണ്ടി പ്രായമായവരെ മരിക്കാന്‍ അനുവദിക്കുകയാണെണെ ഊഹിച്ചു ഭ്രമിച്ചു പോയതില്‍ അയാളെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താനുമാവില്ല കാരണം അയാളോട് ആരൊക്കയോ അങ്ങിനെയാണ് പറഞ്ഞുകൊടുത്തിരിക്കുന്നത്. കോവിഡ്- 19 നെ അധിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ 'മിസ്റ്റര്‍. ബില്‍ ലപ്ഷീസ്' ( 104) എന്ന അമേരിക്കന്‍ പൌരന്റെ ചിരിക്കുന്ന മുഖം മനസ്സില്‍ വന്നതോടെ എന്റെ മനസ്സും ശാന്തമായി.

കടയില്‍ നിന്നും പുറത്തിറങ്ങി സാധനങ്ങള്‍ വാഹനത്തില്‍ എടുത്തു വെച്ചു ഗ്ലൌസൂരി കയ്യില്‍ കരുതിയ ഒരു പ്ലാസ്റ്റിക് കൂടിലിട്ടു കെട്ടി, പിന്നെ ഹാന്‍ഡ് സാനിട്ടയിസര്‍ കൊണ്ട് കൈ തുടച്ചു. ഇനി മറ്റൊരു കടയിലേക്കുള്ള യാത്രയാണ്. അവിടെ ചെന്നിട്ടു കുറച്ചു ഇന്ത്യന്‍ സാധനങ്ങളും കപ്പയുമൊക്കെ വാങ്ങണം.

അടുത്ത പതിനഞ്ചു ദിവസത്തേക്കു കടയില്‍ പോകുന്നില്ല അതുകൊണ്ട് അതുവരെയ്ക്കുമുള്ള സാധനങ്ങള്‍ വാങ്ങണം. അവിടെ ചെന്നപ്പോള്‍ കടയുടെ മുന്നില്‍ നീണ്ട നിരയുണ്ട് ആളുകള്‍ സാമൂഹ്യ അകലം വിട്ടു നില്‍ക്കുന്നതിനാല്‍ ക്യൂവിന് അല്പ്പം നീളമുണ്ട്. കടയില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങുന്ന ഇറങ്ങുന്ന മുറയ്ക്ക് അത്രയും ആളുകളെ അകത്തേക്ക് കടത്തി വിടുന്നു.

ഞാന്‍ അവിടെ നില്‍ക്കുന്നവരെ വെറുതെ നോക്കി ആരുടേയും മുഖത്ത് അക്ഷമയോ പരാതിയോ ഇല്ല. എല്ലാവരും തയ്യാറായിത്തന്നെയാണ് അവിടെ എത്തിയതെന്ന് തോന്നി. എല്ലാവരും തന്നെ മാസ്‌ക് ധരിച്ചിട്ടുമുണ്ട്. ആളുകള്‍ ഇങ്ങനെ അവരുടെ ഊഴവും കാത്ത് കടകളുടെ വെളിയില്‍ കാത്തു നില്‍ക്കുന്നതിനെക്കുറിച്ച് ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ചിത്ര സഹിതം ഇങ്ങനെ എഴുതിയതു കണ്ടു.
''ഒരു കഷണം റൊട്ടിക്കു വേണ്ടി അമേരിക്കയിലെ ജനങ്ങള്‍ കരഞ്ഞുകൊണ്ടു ക്യൂ നില്‍ക്കുന്ന കാഴ്ച''

കൂടുതല്‍ സെന്‍സേഷനും ഹിറ്റുകളും കിട്ടാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ പടച്ചു വിടുന്ന പിതൃശൂന്യരെക്കുറിച്ചോര്‍ത്തപ്പോള്‍ വീണ്ടും അറിയാതെ ഒരു വികാരജീവിയായിപ്പോയി.

കടയില്‍ കയറാനുള്ള എന്റെ ഊഴമായി. ഒരു ജീവനക്കാരന്‍ അണുനാശിനികൊണ്ടു വൃത്തിയാക്കിയ ഷോപ്പിംഗ് കാര്‍ട്ടു നല്‍കി. കടയില്‍ ആവശ്യത്തിന് സാധനങ്ങള്‍ ഉണ്ടോ എന്ന അങ്കലാപ്പിലായിരുന്നു ചെന്നു കയറിയത് . ഏകദേശം മൂന്നാഴ്ച മുന്‍പ് ചെന്നപ്പോള്‍ മിക്കവാറും ഷെല്‍ഫുകള്‍ കാലിയായിരുന്നു. ലോക് ഡൌണ്‍ ഭയപ്പെട്ടു ജനങ്ങള്‍ എല്ലാം തൂത്തുവാരി കൊണ്ടുപോയിരുന്നു.

എന്തായാലും അകത്തെ കാഴ്ച ആശ്വാസമായി നിറയെ സാമാനങ്ങളുണ്ട്. ഷെല്‍ഫുകളുടെ ചില്ലുകളും കൈപ്പിടികളും ജീവനക്കാര്‍ നിരന്തരം അന്നുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കികൊണ്ടിരിക്കുന്നു. ബില്‍ കൊടുത്തു പുറത്തേക്കിറങ്ങിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൈ തുടച്ചു വൃത്തിയാക്കാന്‍ 'സാനിറ്റയിസര്‍ വൈപ്പ്' നല്കി.

ജനങ്ങള്‍ കാര്യമെല്ലാം ഗൗരവമായിത്തന്നെ എടുത്തു കൊണ്ടിരിക്കുന്നു. പുറംപൊളിക്കുന്ന ലാത്തിപ്രഹരമോ, മുട്ടിലിഴച്ചുള്ള ധ്വംസനമോ ഒന്നും ആവശ്യമില്ല. സഞ്ചാര സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വിനയാകാതെ എങ്ങിനെ ഉപയോഗിക്കാം എന്ന വിവേകവുമുണ്ട്. സമൂഹവ്യാപനത്തിന്റെ തീവ്രദ കുറയുന്ന മുറയ്ക്ക് കര്‍ശനമായ സ്വയം നിയന്ത്രണത്തോടെ രാജ്യം വീണ്ടും തുറക്കും. ചെറിയ വീഴ്ചകള്‍ക്കു വന്‍വില കൊടുക്കേണ്ടി വന്ന ഈ ദുരന്തം ആരും മറക്കുകയില്ല. ഈ രാജ്യത്തെ കഠിനാധ്വാനികളും ജനാധിപത്യവിശ്വാസികളും സാമൂഹ്യമര്യാദ പാലിക്കുന്നതുമായ ജനങ്ങള്‍ ഈ രാജ്യം വീണു പോകാന്‍ അനുവദിക്കില്ല. അതിജീവിക്കും അമേരിക്ക അതിജീവിക്കുക തന്നെ ചെയ്യും. അന്നു ഞങ്ങളുടെ ഭവനങ്ങളില്‍ മാഞ്ഞുപോയ പുഞ്ചിരിയും പൊട്ടിച്ചിരികളും തിരികെയെത്തു.

അപ്പോള്‍ അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോട് വീണ്ടുംചോദിക്കും.
'' ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട്?'
വികാര ജീവി അഥവാ ഉമ്മര്‍ എഫെക്റ്റ് (ചിരി-ജോസഫ് എബ്രഹാം)
Join WhatsApp News
Lovely 2020-04-12 13:28:01
വരും വരാതിരിക്കില്ല അമേരിക്ക ഒന്ന് തലപൊക്കിയാൽ വെളുക്കെ ചിരിച്ചുകൊണ്ട് വെള്ളാനകളെയും തെളിച്ചുകൊണ്ട് അവരെല്ലാം ഈ വഴി തന്നെ വരും
ജോസഫ് നമ്പിമഠം 2020-04-12 16:12:58
അമേരിക്കൻ വിസ കിട്ടാത്തവരുടെ അസൂയ അല്ലേ, പാവങ്ങൾ അൽപ്പം പറഞ്ഞു സുഖിക്കട്ടെ. എല്ലാം വാരിക്കോരി കൊടുക്കുന്ന സോഷ്യലിസം എത്ര കാലം നില നിൽക്കും? കഴിഞ്ഞ ദുരിതാശ്വാസത്തിനു സമാഹരിച്ച ഫണ്ട് മുഴുവൻ തീരും മുമ്പേ തീർച്ചയായും അവർ വരും, ചുവന്ന ബക്കറ്റ് നെറ്റിയിൽ കെട്ടിയ ആനകളെയും തെളിയിച്ചു കൊണ്ട്, രോഗചികിത്സക്കായി , പിരിവിനായി, വിസക്കായി.... കമ്മ്യൂണിസത്തിന്റെ മുതലാളിത്ത പകർപ്പായ വ്യാജ കമ്മ്യൂണിസം (Pseudo Communism) ആണ് ചൈനയെപ്പോലെ കേരളവും ഇന്ന് പിന്തുടരുന്നത്. ചൈനയുടെ പോലെ അത്ര അപകടകരമല്ലാത്ത കമ്മ്യൂണിസമാണ് അവിടെ ഉള്ളത് എന്ന് സമാധാനിക്കാം.
Joseph Abraham 2020-04-12 23:52:14
നമുക്ക് വെറുതെ ചിരിക്കാം സാർ। ആരോടും കൊമ്പുകോർക്കാനോ തർക്കിക്കാനോ പോയി മനസ്സമാധാനം കളയേണ്ടതില്ല। ചിരിക്കാൻ പറ്റുമോന്നു പരതി നോക്കാം। വരട്ടെന്നെ എല്ലാവരും ആനകളെയും തെളിച്ചുകൊണ്ട് അപ്പോഴും ചിരിച്ചുകൊണ്ട് കഴിയുംപോലെ നമ്മൾ സഹായിക്കണം। കൂടെയില്ല പിറക്കുന്ന നേരത്തും, കൂടെയില്ല മരിക്കുന്ന നേരത്തും, മദ്ധ്യേ ഇങ്ങിനെ കണ്ടുമുട്ടും നേരം മത്സരിക്കുന്നതെന്തിന് നാം വൃഥാ ? എന്നല്ലേ പൂന്താനം പറഞ്ഞിരിക്കുന്നത്
Anish Chacko 2020-04-13 07:57:50
വികാരജീവി ഇഷ്ടപ്പട്ടു .. സരസ വായന.. കോവിഡ് ഉത്ഭവിച്ച ചൈനെയെ വിരൽ ചൂണ്ടാൻ തയ്യാറാകാത്ത മലയാളി പൊതു വാർത്ത ചാനലുകളും ഓൺ ലൈൻ മാധ്യമങ്ങളും അമേരിക്കന് സാമ്മുഹിക പശ്ചാത്തലങ്ങൾ വികലമായി റിപ്പോർട്ട് ചെയുമ്പോൾ ഉണ്ടാകുന്ന ആത്മ സുഖത്തിൽ രമിക്കയാണിപ്പോൾ ... ബോബയിലേയം തമിഴ് നാട്ടിലെയും മധ്യപ്രദേശിലേയും സ്ഥതികൾ അണ്ടർ റിപ്പോർട്ട് ചെയ്കയും .. പ്രവാസികളെ ക്രൂശിൽ തറക്കുകയും ചെയുന്ന സമീപനം .. മിഡിൽ ഈസ്റ്റിൽ നിന്നും തിരിച്ചൊരു പാലായാനം ഉണ്ടാവാനുള്ള സാധ്യത കളിൽ കേരള സമൂഹെത്തെ സജ്ജമാക്കാനുള്ള മാധ്യമ ധർമ്മത്തെ അവഗണിക്കുകയാണ് ഇവർ നന്നായി എഴുതി 👍
Sudhir Panikkaveetil 2020-04-13 11:53:27
സാധാരണമായതിൽ നിന്നും അസാധാരമായതു കണ്ടെത്തുന്നത് ഒരു നല്ല എഴുത്തുകാരന്റെ കഴിവാണ്. അയാൾ അത് കലാപരമായി നമുക്കായി ആവിഷ്‌കാരിക്കുന്നു. ശ്രീ ജോസഫ് എബ്രാഹാമിനു അത്തരം .കഴിവുകൾ ഉണ്ട്. അദ്ദേഹത്തിന് എഴുതാതിരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ കഴിവ്. സാമുവൽ ലോവർ ഇങ്ങനെ എഴുതുന്നു. When once the itch of literature comes over a man, nothing can cure it but the scratching of a pen.” — Samuel Lover.പിന്നെ ഉമ്മർ പ്രകടിപ്പിച്ചത് ഒരു മൃദുല വികാരമായിരുന്നു. കാമദേവന്റെ അമ്പ് കൊള്ളുമ്പോൾ വൃണപ്പെടുന്ന വികാരം. അല്ലേ ?(ഹാ..ഹ.)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക