Image

കൊറോണ കാലത്തും നന്നാവില്ലെന്ന് ചിലര്‍ (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 12 April, 2020
കൊറോണ കാലത്തും നന്നാവില്ലെന്ന് ചിലര്‍  (വെള്ളാശേരി ജോസഫ്)

കൊറോണ കാലത്തും നന്നാവില്ലെന്ന് ചിലര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നൂ - ഒരു മഹാമാരിയുടെ സമയത്തല്ല രാഷ്ട്രീയമായ മുതലെടുപ്പിനും മതപരമായ ഭിന്നിപ്പിനും ശ്രമിക്കേണ്ടത്. ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി നേഴ്സുമാരെ അംഗീകരിക്കേണ്ട കാലമാണ് കൊറോണ കാലം
------
സഖാക്കളും, സംഘ പരിവാറുകാരും വല്ലാത്ത നേട്ടങ്ങൾ അവകാശപ്പെടുകയാണ് ഈ ദിവസങ്ങളിൽ. കൊറോണയെ നേരിടുന്നതിൽ വൻ ശക്തികളായ അമേരിക്കക്കും, ഇറ്റലിക്കും, സ്പെയിനിനും, ഫ്രാൻസിനും ഒന്നും അവകാശപ്പെടാനാവാത്ത നേട്ടം കൊച്ചു കേരളത്തിനുണ്ടെന്ന് വാദിക്കുകയാണ് സഖാക്കൾ. മറുവശത്ത് 21 ദിവസത്തെ ലോക്ഡൗണിലൂടെ മോഡി സർക്കാർ കൊറോണയെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെടുകയാണ് സംഘ പരിവാറുകാർ.  ഈ അവകാശവാദങ്ങളൊക്കെ രാഷ്ട്രീയ നേട്ടത്തിനാണെന്നുള്ളത് പകൽ പോലെ വ്യക്തം. കൊറോണയുടെ എന്തെങ്കിലും ഒരു വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തബ്‌ലീഗ് ജമായത്തിൻറ്റെ തലയിൽ വെച്ചു കെട്ടാനുള്ള തത്രപ്പാടിലുമാണ് സംഘ പരിവാറുകാർ. ഈ മഹാമാരി പോലും മുസ്‌ലീം വിരോധം കൂട്ടാനുള്ള ഉപാധി ആക്കി മാറ്റുമ്പോഴും, രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കപ്പെടുമ്പോഴും ഈ രണ്ടു കൂട്ടർക്കും യാഥാർഥ്യബോധം എന്നുള്ളത് നഷ്ടപ്പെടുകയാണ്. 

നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായ നരേന്ദ്ര ദാമോദരൻ ദാസ് മോഡി ഒരു 'പുലിയാണെന്നുള്ളത്' ഇന്ത്യക്കാരായ നാമെല്ലാവരും ഇതിനോടകം തന്നെ മനസിലാക്കിയിട്ടുള്ളതാണ്. നോട്ട് നിരോധനത്തിൻറ്റെ കാലത്ത് മണിക്കൂറുകളോളം ക്യൂവിൽ നിർത്തി ഇൻഡ്യാക്കാരായ എല്ലാവരുടേയും ക്ഷമ പരീക്ഷിച്ച മഹാനാണ് അദ്ദേഹം. ബി.ജെ.പി. - യുടെ രാജ്യസ്നേഹത്തെ കുറിച്ചും എല്ലാവർക്കും അറിവുള്ളതാണ്. ലോകത്ത് കോവിഡ് - 19 പടർന്നുപിടിച്ചതിന് ശേഷം 3 മാസം കഴിഞ്ഞപ്പോൾ മധ്യപ്രദേശിൽ ബി.ജെ.പി. ആയിരകണക്കിന് കോടികൾ ഇറക്കി എം.എൽ.എ. മാരെ ചാക്കിട്ട് പിടിച്ചത് അടങ്ങാത്ത രാജ്യസ്നേഹം കൊണ്ടായിരുന്നുവല്ലോ. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദരൻ ദാസ് മോഡിജി ഭാര്യയിൽ നിന്നും മാറി താമസിക്കുന്നത് തന്ത്രപ്രധാന രഹസ്യങ്ങൾ രാത്രിയിൽ മയക്കു മരുന്ന് കൊടുത്ത് ചോർത്തുന്നത് തടയാൻ ആണെന്നും ആർക്കാണ് അറിയാത്തത്?  നമ്മളൊക്കെ വെറുതെ ആ മാന്യ വ്യക്തിയെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. സംഘ പരിവാറുകാർ മോഡിജിയുടെ നേതൃഗുണങ്ങൾ വാഴ്ത്തിപ്പാടുന്നത് പോലെ തന്നെ സഖാക്കൾ 'കേരളാ മോഡലിൻറ്റെ' ഗുണ ഗുണങ്ങളും വാഴ്ത്തിപ്പാടാറുണ്ട്. 'കേരളാ മോഡൽ വികസനം' എന്നു പറഞ്ഞുകൊണ്ട് സഖാക്കൾ 1990-കളിൽ ഡൽഹിയിലും കേരളത്തിലും വമ്പൻ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ലോട്ടറിയും, മദ്യവുമാണ് നമ്മുടെ സംസ്ഥാന സർക്കാരിന് പ്രധാനമായും വരുമാനം നേടിക്കൊടുക്കുന്ന രണ്ട് മാർഗങ്ങൾ എന്നുള്ളത് കേരളാ മോഡലിനെ കുറിച്ച് വാഴ്ത്തിപ്പാടുമ്പോൾ സഖാക്കൾ സൗകര്യപൂർവ്വം മറന്നുപോകുന്നു. 21 ദിവസത്തെ ലോക്ഡൗൺ കാരണം മദ്യത്തിൽ നിന്നും, ലോട്ടറിയിൽ നിന്നുമുള്ള വരുമാനം നിലച്ചു. സംസ്ഥാനം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിൻറ്റെ കൂടെ ധനകാര്യ മിസ്മാനേജ്മെൻറ്റും. കെട്ടിഘോഷിച്ച വിഴിഞ്ഞം പദ്ധതിയെ പറ്റി ഇപ്പോൾ കേൾക്കാനേ ഇല്ലാ.

2014 മെയ് മാസം മുതലാണ് ആധുനിക രാഷ്ട്ര നിർമാണ പ്രക്രിയ ഇന്ത്യയിൽ ഉണ്ടായതെന്ന് വിശ്വസിക്കുന്ന സംഘ പരിവാറുകാരും, 2016 മെയ് 25-ന് പിണറായ് സർക്കാർ അധികാരം ഏറ്റെടുത്തത് മുതൽ മാത്രമാണ് നല്ല രീതിയിൽ കേരളത്തിൽ ഭരണം നടക്കുന്നതെന്ന് വിശ്വസിക്കുന്ന സഖാക്കളും ഒരേ തൂവൽ പക്ഷികളാണ്. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തന്നെ കേരളം സാമൂഹികതയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വേറിട്ട് നിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ തിരുവിതാംകൂറിൽ സംഘടിതമായ മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ പ്രവർത്തിച്ചിരുന്നതായി ചരിത്രം പറയുന്നുണ്ട്. റഷ്യൻ മിഷനറിമാർ, 'മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി', CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ - ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. അതുപോലെ തന്നെ ആരോഗ്യ രംഗത്തും മിഷനറിമാർ ഗണ്യമായ സംഭാവനകൾ നൽകി. 

ഒന്നാം ലോക മഹായുദ്ധത്തിൻറ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിൻറ്റേയും കെടുതികൾ അനുഭവിച്ച യൂറോപ്യൻ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിൻറ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തിൽ ഫ്‌ളോറൻസ് നയിറ്റിങേലിനെ പോലുള്ള പെൺകുട്ടികളാണ് യൂറോപ്പിൽ മനുഷ്യ സേവനത്തിൻറ്റെ മഹത്തായ സന്ദേശങ്ങൾ പ്രധാനമായും ഉൾക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവർത്തിച്ച മിഷൻ സംഘടനകളിൽ പ്രവർത്തിച്ച  പെൺകുട്ടികളിൽ പലരും യൂറോപ്യൻ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉൾക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാർക്കും സമ്മർദങ്ങളെ തുടർന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഇന്ത്യയിൽ നിലനിന്നിരുന്ന കർശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിർപ്പിനും ഇന്ത്യയിൽ തന്നെ പരിഹാര മാർഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം - എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം നിൽക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അക്ഷരാഭ്യാസം പകർന്നു നൽകിയത്. ഇപ്പോൾ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവർക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാൻ സാധിക്കും. 

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി മിഷനറിമാരുടെ അന്നത്തെ താഴ്ന്ന ജാതിക്കാർക്കിടയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടം എന്ന പദ്ധതിയാണ് തിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ തന്നെ സാക്ഷരതാ നിരക്ക് ഗണ്യമായി ഉയരാൻ കാരണമായത്. തിരുവിതാംകൂർ, കൊച്ചി - എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. ബ്രട്ടീഷ് അധ്യാപകർ പഠിപ്പിച്ച രാജ കുടുംബങ്ങളിലെ പലരും പുരോഗമന ആശയങ്ങൾ പൊതു സമൂഹത്തിൽ നിന്നും വിഭിന്നമായി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ട് അവർ മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. സർക്കാർ സ്‌കൂളുകളിലും പ്രവേശനം കൊടുത്തിരുന്നെങ്കിലും ഉന്നത ജാതിക്കാർ പഠിപ്പിച്ചിരുന്ന സ്‌കൂളുകളിൽ ജാതി വിവേചനം നിലനിന്നിരുന്നു. ഇതൊക്കെ പലരും സചിത്രമായ വിവരണങ്ങളോട് കൂടി എഴുതിയിട്ടുള്ള കാര്യങ്ങളാണ്. 

മിഷനറിമാർ പോയ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സാക്ഷരതാ നിരക്ക് ഉയർന്നിട്ടുണ്ട്. പക്ഷെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരുന്നു  താഴ്ന്ന ജാതിക്കാർക്കും, പെൺകുട്ടികൾക്കും വിദ്യ അഭ്യസിക്കൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാട്ടുകാർ താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം അഭ്യസിക്കുന്നതിനെ ശക്തമായി എതിർത്തു. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യ സമൂഹം എതിർത്ത ഒന്നായിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 'മിർച്ച് മസാല' എന്ന ഹിന്ദി ചിത്രത്തിൽ ഗ്രാമമുഖ്യൻ തൻറ്റെ മകളെ ഭാര്യ സ്‌കൂളിൽ ചേർത്ത കാര്യം അറിഞ്ഞു കോപാകുലനായി പെൺകുഞ്ഞിനെ സ്‌കൂളിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുവരുന്ന രംഗം കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കാര്യങ്ങളുടെ സിനിമാവിഷ്കാരമാണ് അതൊക്കെ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിലോമകരമായ മനോഭാവമാണ് അത്തരം പെരുമാറ്റ രീതികളിലൂടെ 'മിർച്ച് മസാല' പോലുള്ള സിനിമകളിൽ കാണിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന 'മാതൃദായക്രമം' ആയിരിക്കാം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് സമൂഹവും, കുടുംബങ്ങളും ഒരുപക്ഷെ രൂക്ഷമായി പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പ്രതികരിക്കാതിരുന്നതിന് ഒരു പ്രധാന കാരണം. നമ്മുടെ മിത്തുകളിലും ചരിത്രത്തിലും ഉള്ള ഉണ്ണിയാർച്ചമാരും, തുമ്പോലാർച്ചമാരും ഒക്കെ ആയിരിക്കാം സാധാരണക്കാരായ സ്ത്രീകൾക്ക് വിദ്യ അഭ്യസിക്കാൻ ഒരുപക്ഷെ അവസരം നൽകിയത്. 

കേരളത്തിൽ നിലനിന്നിരുന്ന മാതൃദായ ക്രമത്തെ കുറിച്ച് വളരെയേറെ വാഴ്ത്തുമൊഴികൾ തലമുറകളായി പകർന്നു കൊടുത്തിട്ടുണ്ട്. പക്ഷെ അത്തരം സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന സാമൂഹ്യ ഘടന ഉണ്ടായിരുന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ പോലും 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ അധികം സ്ത്രീകളെ  കാണാൻ കിട്ടുന്നില്ല. എന്താവാം അതിനു കാരണം? മാതൃദായ ക്രമത്തേയും, ആറ്റിങ്ങലിലെ ഉമയമ്മ റാണിയെ കുറിച്ചുള്ള ചരിത്രവും ഒക്കെ കുറെ കാൽപനികമാണ് എന്നുള്ളത് തന്നെയാണ് അതിനു കാരണം. നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ സ്ത്രീ വിരുദ്ധ മനോഭാവമാണ് നിലനിൽക്കുന്നതെന്നുള്ള കാര്യം സത്യസന്ധതയുള്ളവർക്ക് നിഷേധിക്കുവാൻ സാധ്യമല്ല. അതാണ് 'ഡിസിഷൻ മേയ്ക്കിങ്' സ്ഥാനങ്ങളിൽ ഇന്നും അധികം സ്ത്രീകളെ  കാണാത്തത്. പഴയ ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം - ഇതിനൊക്കെ നമ്മൾ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി മിഷനറിമാരുടെ അന്നത്തെ താഴ്ന്ന ജാതിക്കാർക്കിടയിലെ പ്രവർത്തനം വലിയ സാമൂഹ്യ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. അങ്ങനെ നോക്കുമ്പോൾ കേരളാ മോഡൽ എന്നുള്ളത് രാഷ്ട്രീയ സൃഷ്ടിയല്ല; മറിച്ചു സാമുഹിക സൃഷ്ടിയാണ് എന്നുള്ളത് കാണാം.

കേരളത്തിൽ മാത്രമല്ല; ക്രിസ്ത്യൻ പോപ്പുലേഷൻ കൂടുതലായുള്ള എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസവും അതിനെ തുടർന്നുണ്ടാകുന്ന വികസനവുമുണ്ട്. ഗോവ, മേഘാലയം എന്നീ സംസ്ഥാനങ്ങളും ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ ക്രിസ്ത്യൻ മിഷണറിമാരുടെ ആധുനികവൽക്കരണ ശ്രമങ്ങൾ ശ്ലാഘനീയമായേ ആർക്കും കാണാൻ സാധിക്കുകയുള്ളൂ. ക്രൈസ്തവ മിഷനറിമാരും സഭകളും തിരുവിതാംകുർ എന്ന നാട്ടുരാജ്യത്തെ  ആധുനീകരിക്കുന്നതിൽ വഹിച്ച പങ്ക് നിസ്തുലമാണ്. 

കൊറോണ പടർന്നുപിടിച്ചിരിക്കുന്ന ഇക്കാലത്ത് തിരുവിതാംകൂറിൽ ആധുനിക നഴ്സിംഗ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ ക്രൈസ്തവ സഭക്കുള്ള പങ്ക് സ്മരിക്കപ്പെടേണ്ടതുണ്ട്. അധികം പേർക്കും അറിവുള്ളതല്ല അക്കാര്യം. കൊല്ലം ബിഷപ്പ് ആയിരുന്ന അലോഷ്യസ് മരിയ ബെൻസിഗർ ആയിരുന്നു ആധുനിക നേഴ്‌സിംഗ് രീതികൾ കേരളത്തിൽ എത്തിച്ചതിൻറ്റെ പിന്നിൽ പ്രവർത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ വിദേശ കന്യാസ്ത്രീകളാണ് നേഴ്സുമാരായി പ്രവർത്തിച്ചിരുന്നത്. അവരുടെ സേവനങ്ങളെ മാനിച്ച്, തിരുവിതാംകൂറിൽ അവർക്ക് അലവൻസും, സൗജന്യമായി ക്വാർട്ടേഴ്സും തിരുവിതാംകൂർ ദിവാൻ ലഭ്യമാക്കിയിരുന്നു. സ്വിറ്റ്സർലണ്ടിലെ മെൻസിൻജിനിലെ ഹോളി ക്രോസ്സ് കോൺവെൻറ്റിൽ നിന്നുള്ളവരായിരുന്നു ആദ്യത്തെ കന്യാസ്ത്രീ നേഴ്‌സുമാർ. 1906 ഒക്ടോബർ 1- ന് അവർ എത്തി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്സിംഗ് വിഭാഗത്തിൻറ്റെ ചുമതലയേറ്റു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മാവേലിക്കര, തിരുവല്ല, നാഗർകോയിൽ,  പറവൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളുടെ ചുമതല ഈ നേഴ്സുമാരായിരുന്ന കന്യാസ്ത്രീമാർക്കായിരുന്നു. ഇവ കൂടാതെ തിരുവനപുരത്തെ മാനസികാശുപത്രിയിലും, നൂറനാട്ടിലെ കുഷ്ഠരോഗാശുപത്രിയിലും യൂറോപ്പിൽ നിന്നുള്ള കന്യാസ്ത്രീമാർ നേഴ്സുമാരായി സേവനം അനുഷ്ഠിച്ചു. ഒന്നാം ലോക മഹായുദ്ധം മൂലം യൂറോപ്പിൽ നിന്ന് കന്യാസ്ത്രീകൾക്ക് വരാൻ ബുദ്ധിമുട്ട് ആയതിനെ തുടർന്ന്  1920-ൽ കൊല്ലത്ത് തദ്ദേശീയരായ വനിതകൾക്കായി ബെൻസീഗർ മെത്രാൻ ഒരു സ്ഥാപനം ആരംഭിച്ചു. 
ഇന്ന് കൊല്ലത്തെ ബെൻസീഗർ നഴ്സിംഗ് കോളേജും, കൊട്ടിയത്തെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളേജും ആ മഹാൻറ്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നൂ എന്നുള്ളത് മലയാളികൾ ഓർമിക്കേണ്ടതാണ്.

പ്രവാസി മലയാളികളായി ജോലിക്ക് പോയവരിൽ ധാരാളം നേഴ്സുമാരുണ്ട്. 1970-കളിലും, 80-പതുകളിലും ധാരാളം നേഴ്‌സുമാർ ഗൾഫിലും, അമേരിക്കയിലും, യൂറോപ്പിലും ഒക്കെ പോയി സേവനം അനുഷ്ഠിച്ചു. പക്ഷെ ഇവരുടെ സേവനങ്ങൾ ഇന്നും വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ലാ. രാത്രി ജോലിക്കു പോകുന്നതിനാൽ നേഴ്‌സ്മാരെ കുറിച്ച് പണ്ട് പലർക്കും മോശം അഭിപ്രായം ഉണ്ടായിരുന്നു. കൊള്ളാവുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ നേഴ്‌സ്മാർ ആക്കാനൊന്നും വിടാൻ പാടില്ല എന്ന ധാരണ പോലും പലർക്കും ഉണ്ടായിരുന്നു. മലയാളികളുടെ ഈ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ് ഇപ്പോൾ മന്ത്രിസ്ഥാനത്തിരിക്കുന്ന എം.എം. മണി കുറച്ചു വർഷങ്ങൾ മുമ്പ് നടത്തിയ പ്രസംഗം. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങിയാൽ അവർ 'മറ്റേപണിക്കാണ്' പോകുന്നതെന്നുള്ള ധ്വനി വരുത്തുന്നതായിരുന്നു എം.എം. മണിയുടെ അന്നത്തെ പ്രസംഗം. ഇത്തരം ചിന്താഗതി വച്ചു പുലർത്തുന്ന അനേകം പേർ കെരള സമൂഹത്തിലുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരള സമൂഹം മാറേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. അപഖ്യാതി പ്രച്ചരിപ്പിച്ച്  സ്ത്രീകളുടെ സംരഭകത്ത്വത്തേയും, തൊഴിലെടുക്കുവാനുള്ള സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കാനുള്ള യാഥാസ്ഥിതിക മനസ്ഥിതി കമ്യൂണിസ്റ്റുകാർ പോലും വെച്ചുപുലർത്തുന്നതിൻറ്റെ ഉദാഹരണമായി എം.എം. മണിയുടെ അന്നത്തെ പ്രസംഗത്തെ കാണാം. നേഴ്സുമാരായ മധ്യ തിരുവിതാംകൂറിൽ നിന്നുള്ള പെൺകുട്ടികളുടെ സംഭാവനയായ 'ഹ്യൂമൻ ഡെവലപ്പ്മെൻറ്റ്' അതല്ലെങ്കിൽ  'മാനവ വിഭവ ശേഷിയുടെ വികസനം' അംഗീകരിക്കപ്പെടാത്തതിനുള്ള കാരണം ഒരുപക്ഷെ കേരളീയ സമൂഹത്തിൻറ്റെ ഇടുങ്ങിയ സാന്മാർഗിക ചിന്തകളാകാം.

ഇന്നത്തെ കൊറോണ കാലത്തിൽ മധ്യ തിരുവിതാംകൂറിൽ നിന്നുള്ള നേഴ്‌സുമാരുടെ സംഭാവന അംഗീകയ്ക്കപ്പെടേണ്ടത് തന്നെയാണ്. നേഴ്സുമാരേക്കൊണ്ട് കേരളീയ സമൂഹത്തിനുണ്ടായ സാമൂഹ്യ,  സാമ്പത്തിക ഉന്നമനത്തേപ്പറ്റി അധികമാരും ഗൗരവമായി പഠിച്ചിട്ടില്ല എന്നതുതന്നെ നമ്മുടെ സമൂഹത്തിൻറ്റെ പ്രതിലോമപരമായ മനോഭാവമാണ് കാണിക്കുന്നത്. അമേരിക്കയിൽ കുടിയേറിയ മലയാളി നേഴ്‌സുമാരെ കുറിച്ച് ഷീബാ മറിയം ജോർജിൻറ്റെ പഠനമുണ്ട്. 'When Women Came First: Gender and Class in Transnational Migration' എന്ന ഷീബാ മരിയം ജോർജിൻറ്റെ പുസ്തകം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ പ്രെസ്സ് 2005-ൽ പ്രസിദ്ധീകരിച്ചിരുന്നു. നേഴ്‌സുമാർ ഉണ്ടാക്കിയ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളെ കുറിച്ച് മറ്റ് ചിലരുടേയും പഠനങ്ങളും പുസ്തകങ്ങളുണ്ട്; അനേകം ലേഖനങ്ങളുമുണ്ട്. പക്ഷെ വേണ്ടത്ര രീതിയിൽ നേഴ്‌സുമാരുടെ സംഭാവനകൾക്ക് ഇതുവരെ അംഗീകാരം കിട്ടിയിട്ടില്ല. കാരണം നമ്മുടെ മാധ്യമ-അക്കാഡമിക്ക് പട മുഴുവനും ഇന്നും ഇടതുപക്ഷത്തിൻറ്റെ കുത്തക ആണല്ലോ. ക്യൂബൻ ഡോക്ടർമാരെ മാത്രമേ ഇക്കൂട്ടർ വാഴ്ത്തി പാടുകയുള്ളൂ. 

കൊറോണ പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്തും ഇറ്റലിയിലും അമേരിക്കയിലും  ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ നിസ്വാർത്ഥമായി ജോലി ചെയ്യുന്നുണ്ട്. ക്യൂബൻ ഡോക്ടർമാരുടെ മഹത്വം വിളമ്പുന്ന നമ്മുടെ സഖാക്കൾ അവരെയൊന്നും കാണില്ല എന്നതാണ് ദുഃഖകരമായ കാര്യം. അതല്ലെങ്കിലും അങ്ങനെ ആണ്. മുറ്റത്തെ മുല്ലക്ക് മണമില്ല. ക്യൂബയും, റഷ്യയും, ചൈനയും മാത്രമേ നമ്മുടെ സഖാക്കൾക്ക് പ്രചോദനം പകരൂ. അതല്ലെങ്കിൽ കേരളത്തിലെ സാധാരണ കുടുംബങ്ങളിൽ നിന്ന് നേഴ്‌സിങ് സേവനത്തിന് പോകുന്ന പെൺകുട്ടികളുടെ മഹത്വം എന്തുകൊണ്ട് നമ്മുടെ സഖാക്കൾ കാണാതെ പോകുന്നു? 'ക്യൂബാ മുകുന്ദൻമാരുടെ' കഥ പറയാൻ നമ്മുടെ സഖാക്കൾക്ക് നൂറ് നാവാണ്; അതുപോലെ കേരളത്തിൽ നിന്നുള്ള ഒരു സാധാരണ നേഴ്‌സിൻറ്റെ സേവനത്തിൻറ്റെ കഥ നമ്മുടെ സഖാക്കൾ പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? ആതുര ശുശ്രൂഷയുടെ രംഗത്ത് പ്രവർത്തിക്കുന്ന ഇവർ മരണപ്പെടുന്നത് പോലും വാർത്തകൾ ആവുന്നില്ലാ. കുറച്ചു നാൾ മുമ്പ് കൽക്കട്ടയിലെ ഒരു ആശുപത്രിയിൽ നിന്ന് തീപിടുത്തത്തിൽ രോഗികളെ രക്ഷിക്കുമ്പോൾ മലയാളി നേഴ്‌സുമാർ കൊല്ലപ്പെട്ടിരുന്നു. കൊറോണയോട് പൊരുതിയും ഇപ്പോൾ അനേകം നേഴ്‌സുമാർ കൊല്ലപ്പെടുന്നു. സ്ത്രീകളുടെ തൊഴിലുകളെ ആദരിക്കുന്ന ഒരു കാലം വന്നാൽ ഇവരൊക്കെ ഒരുപക്ഷെ അംഗീകരിക്കപ്പെട്ടേക്കാം.

അത്തരത്തിൽ 'വനിതാ പ്രൊഫഷണലുകൾ' ഉദയം കൊള്ളുന്ന കാലം വിദൂരത്തല്ലാ. കുറച്ചു നാൾ മുമ്പ് സൗദിയിലെ വനിതാ പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്‌സുമായുള്ള ഒരു ഇൻറ്റർവ്യൂ ടി. വി. -യിൽ ഇതെഴുതുന്നയാൾ കണ്ടിരുന്നു. ആ ഡോക്കുമെൻറ്ററിയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് ആ സൗദി സ്ത്രീകൾ സംസാരിക്കുന്നത് കണ്ടത്. ക്യാമറയും തൂക്കിയിട്ട് ബൈക്ക് ഓടിച്ചു ആ സ്ത്രീകളൊക്കെ വരുന്നത് ഡോക്കുമെൻറ്ററിയിൽ നന്നായി കാണിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലുള്ള പ്രഫഷണൽ സ്ത്രീകളെയാണ് ഇതെഴുതുന്ന ആൾക്കപ്പോൾ ആ ഡോക്കുമെൻറ്ററിയിൽ കൂടി സൗദിയിലും കാണാൻ സാധിച്ചത്. അത്തരം പ്രഫഷണൽ മുസ്‌ലീം സ്ത്രീകളെ ഇന്നിപ്പോൾ കേരളത്തിലെ നേഴ്‌സിങ് രംഗത്തും കാണാം. തട്ടമിട്ട കേരളത്തിലെ അനേകം വനിതാ നേഴ്‌സുമാർ നൽകുന്ന സൂചനയും അതാണ്. കഴിഞ്ഞ 20 -30 വർഷം കൊണ്ട് മുസ്ലീങ്ങൾ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകൾ നേടിയ വിദ്യാഭ്യാസപരമായ മുന്നേറ്റം എല്ലാ അർത്ഥത്തിലും വിപ്ലവകരമായ മുന്നേറ്റം തന്നെയാണ്. അത് കൊണ്ടാവണം വിവാഹ പ്രായം 18 -ൽ നിന്ന് 16 ആക്കണം എന്ന് യാഥാസ്ഥിതികർ പറഞ്ഞപ്പോൾ മുസ്ലീം പെൺകുട്ടികൾ തന്നെ അതിന് എതിരായി പരസ്യമായി രംഗത്തു വന്നത്. ഇന്നിപ്പോൾ പുതിയ തലമുറയിൽ എല്ലാ കമ്യുണിറ്റികളിൽ നിന്നുമുള്ള പെൺകുട്ടികൾ നേഴ്സുമാരായി ജോലി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിന് നേഴ്സ് ജോലിയിൽ ഉണ്ടായിരുന്ന മേൽക്കോയ്മ പതുക്കെ പതുക്കെ നഷ്ടപ്പെടുകയാണ്. കേരളത്തിൽ നായർ, ഈഴവർ സമുദായങ്ങളിൽ ഉള്ളവർ നേഴ്‌സിംഗ് രംഗത്തേക്ക് കടന്നുവന്നതിന് പിന്നാലെ മുസ്‌ലീം പെൺകുട്ടികളും നേഴ്‌സിംഗ് രംഗത്തേക്ക് കടന്നുവരുന്നൂ. എറണാകുളത്തെ ആശുപത്രികളിൽ തലമറച്ച അനേകം മുസ്‌ലീം പെൺകുട്ടികളെ നേഴ്സുമാരായി ഇന്ന് കാണാവുന്നതാണ്. ഇത്തരത്തിൽ എല്ലാ സമുദായങ്ങളിലും ഉള്ള  പ്രൊഫഷണൽ സ്ത്രീകളായിരിക്കും ഒരുപക്ഷെ സമൂഹത്തിലെ നവോത്ഥാന പ്രക്രിയയെ മുന്നോട്ട് നയിക്കുന്നത്.

മലയാളി നേഴ്‌സുമാർ കൊറോണക്കെതിരെ പൊരുതുമ്പോൾ ഈ രോഗം എത്രമാത്രം ഭീതിദമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. കോവിഡ് - 19 വ്യാപിക്കുന്ന ഇക്കാലത്ത് അതിനെ പറ്റി ചില വിവരമുള്ളവർ പങ്കുവെച്ച കാര്യങ്ങൾ കൂടി പങ്കുവെച്ചുകൊള്ളട്ടെ.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ ടി.വി. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ കുറിച്ച് നല്ലൊരു അപഗ്രഥനം നടത്തുകയുണ്ടായത്. ഇന്ത്യയിൽ 300 മില്യൺ തൊട്ട് 500 മില്യൺ ആളുകൾക്കിടയിൽ കൊറോണ വ്യാപിക്കാം എന്നാണ് റഷ്യൻ ടി.വി. - യുടെ അവതാരകൻ പറഞ്ഞത്. എന്നുവെച്ചാൽ 30 കോടി മുതൽ ആളുകളെ ബാധിക്കാമെന്ന് സാരം. അത് വെറുതെ പറഞ്ഞതുമല്ല. 'സെൻറ്റർ ഫോർ ഡിസീസ് ഡൈനാമിക്സിൻറ്റെ' ഡയറക്ടറായ രാമൻ ലക്ഷ്മി നാരായണൻറ്റെ അഭിപ്രായവും കൂടി ഉൾപ്പെടുത്തികൊണ്ടാണ് റഷ്യൻ ടി.വി. ഈ കാര്യങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആകെ 20, 000 വെൻറ്റിലേറ്ററുകളേ ഉള്ളൂ. ഈ രോഗം ഇന്ത്യയിൽ പടർന്നുപിടിച്ചാൽ ഉദ്ദേശം 9 മില്യൺ വെൻറ്റിലേറ്ററുകളുടെ കുറവ് അനുഭവപ്പെടും എന്നാണ് റഷ്യൻ ടി.വി. അഭിപ്രായപ്പെട്ടത്. ഇപ്പോൾ ഓൾ ഇൻഡ്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടും, ബാൻഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസും ചെലവ് കുറഞ്ഞ രീതിയിൽ വെൻറ്റിലേറ്ററുകൾ നിർമിക്കാം എന്ന് പറയുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകുന്ന ഒരു സാഹചര്യം വന്നാൽ, ഇത്തരം നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ സഹായിക്കും എന്ന് കണ്ടറിയേണ്ട ഒരു കാര്യം മാത്രമാണ്.

സ്വാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ കൊറോണ സൃഷ്ടിക്കാൻ പോകുന്ന സാമ്പത്തിക പ്രത്യാഖാതങ്ങളെ കുറിച്ച് സമൂലമായ ഒരു വിശകലനം നടത്തുകയുണ്ടായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒരു കോളമാണ് സ്വാമിനാഥൻ അയ്യരുടേത്. 3 പാർട്ടായി തിരിച്ചുകൊണ്ടായിരുന്നു അയ്യരുടെ കൊറോണ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഖാതങ്ങളെ കുറിച്ചുള്ള വിശകലനം. അയ്യരുടെ അവലോകനം അനുസരിച്ച്  ലോകത്തിൽ കൊറോണ മൂലം ഏറ്റവും മോശം സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയിൽ ആയിരിക്കും. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും ഒരു 'പീക്ക് ടൈം' കഴിഞ്ഞാൽ കാര്യങ്ങൾ സ്റ്റെബിലൈസ് ചെയ്യും. പക്ഷെ ഇന്ത്യയുടെ കാര്യത്തിൽ അത്തരം പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ലാ എന്ന് കാര്യ കാരണങ്ങൾ നിരത്തി സ്ഥാപിക്കാൻ ശ്രമിച്ചു സ്വാമിനാഥൻ അയ്യർ.

സ്വാമിനാഥൻ അയ്യരുടെ ഈ നിഗമനങ്ങളോട് ഏറെക്കുറെ യോജിക്കുന്ന അഭിപ്രായമാണ് മുൻ ആസൂത്രണ കമ്മീഷൻ അംഗമായ കീർത്തി എസ്. പരീഖിൻറ്റേതും. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 42.6 മില്യൺ ചേരി നിവാസികൾ ഉണ്ട്. 2019 ആയപ്പോൾ ഇവരുടെ സംഖ്യ 104 മില്യണിൽ എത്തി. ചേരികളിലും, പുനരധിവാസ കോളനികളിലും, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗര പ്രാന്തങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് - 19 വീശിയടിച്ചാൽ എന്തായിരിക്കും അവസ്ഥ? ഇന്ത്യൻ ജയിലുകളിൽ കൊറോണ വ്യാപിച്ചാൽ എന്തുചെയ്യും? ചിക്കാഗോ ജയിലിൽ കൊറോണ വ്യാപിച്ചെന്നാണ് അമേരിക്കയിൽ നിന്നുള്ള ലേറ്റസ്റ്റ് റിപ്പോർട്ട്. ഇന്ത്യയുടെ കാര്യത്തിൽ അത് സംഭവിച്ചാൽ ആ അവസ്ഥ ഭീകരമാകും. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ ഇൻഫ്രാസ്ട്രക്ച്ചർ സൗകര്യങ്ങൾ സമൂലമായി മാറ്റാൻ ഈ കോവിഡ് -19 കാലം വിനിയോഗിക്കണം എന്നാണ് കീർത്തി എസ്. പരീഖിന് പറയാനുള്ളത്. സത്യത്തിൽ അതു മാത്രമാണ് ചെയ്യാനുള്ളത്. വ്യർത്ഥമായ അവകാശ വാദങ്ങൾക്കും, പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കും പറ്റിയ സമയമല്ലിത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
Join WhatsApp News
benoy 2020-04-13 16:25:51
കൊറോണ കാലത്തും നന്നാവില്ലാത്ത ഒരാളുണ്ടെങ്കിൽ അത് തീർച്ചയായും ശ്രീ വെള്ളാശ്ശേരി ജോസഫ് തന്നെയാണ്. ഇന്ത്യ മൊത്തം കൊറോണ പടർന്നു നശിക്കാത്തതിലാണോ വെള്ളാശ്ശേരിയുടെ സങ്കടം? ശ്രീ പിണറായി വിജയനും നരേന്ദ്ര മോദിയും വളരെ സ്തുത്യർഹമായി കൊറോണ എന്ന വ്യാധിയെ നേരിട്ട് വിജയിക്കുന്നത് വെള്ളാശ്ശേരിക്ക് സഹിക്കുന്നില്ല എന്ന് മനസിലാക്കാം അദ്ദേഹത്തിന്റെ ഈ ലേഖനം വായിച്ചാൽ. കാരണം അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസിന് ഇപ്പോൾ കാര്യമായ പണിയൊന്നുമില്ലല്ലോ. ചെന്നിത്തല വിഡ്ഢിത്തങ്ങൾ പുലമ്പി വാർത്തയിൽ നിറയുമ്പോൾ പിണറായിയുടെ അപ്പ്രൂവൽ റേറ്റിംഗ് വാനോളം ഉയരുകയാണ്. ഇങ്ങനെ പോയാൽ കേരളത്തിലും കേന്ദ്രത്തിലും അടുത്ത തലമുറയിൽ പോലും കോൺഗ്രസിന് ഭരിക്കാൻ സാധ്യത കുറവാണെന്നുള്ളതിലുള്ള അങ്കലാപ്പും കുണ്ഠിതവുമാണ്‌ വെള്ളാശ്ശേരിയെ ഇതുപോലുള്ള നിരുത്തരവാദപരമായ ലേഖനങ്ങൾ എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴുത കാമം കരഞ്ഞുതീർക്കും എന്ന ചൊല്ല് ശ്രീ വെള്ളാശ്ശേരി ജോസെഫിന്റെ കാര്യത്തിൽ അന്വർഥമാണ്.
കുപ്പായം തുന്നിയത് വെറുതെ! 2020-04-13 17:32:38
മുഖ്യ മന്ത്രി കുപ്പായം തൈപ്പിച്ചു പല തവണ അലക്കി ഇസ്തിരി ഇട്ടു കാത്തിരിക്കയാണ് ചെന്നിത്തല. ആന്റണി മന്ത്രിയുടെ ഭരണം ഇതിലും മെച്ചം ആയിരുന്നു എന്ന് ആൾക്കാർ പറയും ചെന്നിത്തല മുഖ്യൻ ആയാൽ. ഏതായാലും അടുത്ത കാലത്തു ഒന്നും അങ്ങനെ സംഭവിക്കുകയില്ല. പ്രളയ കാലത്തു വളരെ ഭംഗി ആയി കാര്യങ്ങൾ പിണറായി ചെയിതു. കൊറോണ ബാധയെ ലോകത്തിൽ തന്നെ ഏറ്റവും വിജയ പ്രദമായി കൈകാര്യം ചെയ്യുന്നതും ചെന്നിത്തലക്ക് സഹിക്കുന്നില്ല. ഉമ്മൻ ചാണ്ടിക്കിട്ട് വേല വെച്ച രമേശ രക്ഷ ഇല്ല മോനെ. ഇതുപോലെ മുന്നോട്ടു പോയാൽ കേരളത്തിലെ കമ്മ്യൂണിസം ഇനിയും കുറെ ഏറെ കാലം കേരളം ഭരിക്കും. വെള്ളസെരിയുടെ ഗ്യാസ് പോയി എന്ന് തോനുന്നു. എന്തിനു ഇത്തരം വിവേചന എഴുത്ത്?
പപ്പു, കുതിരവട്ടം 2020-04-13 21:56:46
കൊറോണ കാലത്ത് താൻ നാന്നാകാതെ മറ്റൊരാൾ നന്നിയിട്ടില്ലെന്ന് താൻ പറഞ്ഞാൽ താനാണ് നന്നാകാത്തതെന്ന് ഞാൻ പറയും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക