Image

വെളിച്ചം അകലുന്ന ദിനങ്ങൾ - അമ്പിളി പി.പി

Published on 13 April, 2020
വെളിച്ചം അകലുന്ന ദിനങ്ങൾ - അമ്പിളി പി.പി
കാസറഗോഡ് ജില്ലയിലെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ്  നഴ്സ് അമ്പിളിപി.പി യുടെ കവിത ..'വെളിച്ചം അകലുന്ന ദിനങ്ങൾ'
ആശുപത്രി ഡ്യൂട്ടിക്ക് ശേഷം വീട്ടിൽ പോകാനാവാതെ ക്വാറന്റെനിൽ കഴിയുകയാണ് അമ്പിളിയിപ്പോൾ. വൈറസ് വ്യാപനവും ബുദ്ധിമുട്ടുകളും തുടർന്നാൽ വീട്ടിൽ ഇനിയും പോവാൻ കഴിയില്ല.
നല്ലൊരു എഴുത്തുകാരിയുമായ അമ്പിളിയെന്ന ധീരയായ ആരോഗ്യ പ്രവർത്തകയ്ക്ക് അഭിവാദനങ്ങൾ...!

നിർവികാരതയിൽ 
ഒച്ചിഴയും പോൽ ദിനങ്ങൾ, 
കോവിഡിൻ ഒറ്റപ്പെടലിൽ 
ആദ്യദിനം. 
ദൈന്യതയേറും മുഖം 
ദർശിക്കവെ 
വാക്കുകൾ ഞങ്ങളിൽ 
ഇടറുന്നു. 
ദേഹം മുഖം തല 
കാലുകൾ ആവരണമണിഞ്ഞതിൻ 
ഉള്ളിൽ നിന്ന് അശരീരി 
കണക്ക് വരും 
ശബ്ദം അവരുടെ 
മുഖത്തു വിരിയും 
ആശ്വാസം നമ്മിൽ  
ഉണർവേകുന്നു.

സൂര്യൻ 
ഉദിച്ചസ്തമിക്കുന്നതും 
നിലാവെളിച്ചവും 
അകന്നു നീങ്ങിയ 
ദിനങ്ങളിൽ 
പക്ഷികൾ പോലും 
പാട്ട് മറന്നുവോ?

ഇരുളിന്നിടനാഴിയിൽ 
വഴിയറിയാതെ 
വിറങ്ങലിച്ചു നിൽക്കും 
നേരത്തെവിടെയോ
നിന്നും മകളുടെ 
കരയും ശബ്ദം 
മയക്കത്തിൽ 
നിന്നും ഉണർത്തി. 

പതിന്നാലു ദിനരാത്രങ്ങൾ 
കഴിഞ്ഞേകാന്തവാസം 
വേറൊരു കൂട്ടിലേക്ക്‌.
നിദ്രയടുത്തു വരാതെ 
പിണങ്ങി കണ്ണിനു 
പുളിപ്പേകി നിന്നു 
ചിരിക്കുന്നു. 
എഴുതാനിരിക്കെ 
വാക്കുകൾ പകർത്താതെ 
തൂലിക മാറി നിന്ന് 
പരിഹാസം പൊഴിക്കുന്നു. 
ഏകാന്തതയിൽ 
കൂടെ വരും കിനാവുകൾ 
പരിചയഭാവമില്ലാതെ 
ജനലഴികൾക്കപ്പുറത്തു 
നിൽക്കുന്നു.

എങ്കിലും, 
ഇടയ്ക്ക് വരും 
ഇളം കാറ്റിനോട് 
മനസ്സ് പതിയെ ചൊല്ലി, 
ഈ വ്യഥകളെ നെഞ്ചോട് 
ചേർത്ത് ഒരുമിച്ചു 
നേരിടാം. 
കരുതലോടെ 
ഭയമില്ലാതെ 
കൈകഴുകി 
മുഖം മറച്ച് 
വീട്ടിലിരുന്ന് ...
ഈ മഹാമാരിയ്ക്കെതിരെ 
ഞങ്ങളും നിങ്ങൾക്കൊപ്പം..

        
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക