Image

മനുഷ്യമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേകാന്തജീവിതം (ജെ.മാത്യൂസ്)

ജെ.മാത്യൂസ് Published on 13 April, 2020
മനുഷ്യമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേകാന്തജീവിതം (ജെ.മാത്യൂസ്)
അധികമാരും അറിയാത്ത ഒരു ഗ്രാമത്തില്‍ അവന്‍ ജനിച്ചു. ഒരു ഗ്രാമീണകന്യകയുടെ കടിഞ്ഞൂല്‍ പുത്രന്‍. മറ്റൊരു ഗ്രാമത്തിലാണവന്‍ വളര്‍ന്നത്. മുപ്പതുവയസ്സുവരെ അവന്‍ പണിയെടുത്തു. ഒരു മരയാശാരിയുടെ പണിപ്പുരയില്‍. പിന്നീടുള്ള മൂന്നുവര്‍ഷം ധര്‍മ്മോപദേശ പ്രഭാഷണം നടത്തി സഞ്ചരിച്ചു.

ഒരു സര്‍വകലാശാലയിലും അവന്‍ പഠിച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല, ഒരു പുസ്തകവും അവന്‍ എഴുതിയിട്ടില്ല, പ്രസിദ്ധീകരിച്ചിട്ടില്ല, യാതൊരു ഔദ്യോഗികസ്ഥാനവും അവന്‍ വഹിച്ചിട്ടില്ല. ഒരു വീടിന്റെ പോലും ഉടമയായിരുന്നില്ല. വലിയ നഗരങ്ങളിലൊന്നും അവന്‍ കാലു കുത്തിയിട്ടില്ല. ജന്മസ്ഥലത്തുനിന്നും ഇരുന്നൂറ് മൈല്‍ അപ്പുറത്തേക്ക് അവന്‍ സഞ്ചരിച്ചിട്ടില്ല.

സ്ഥാനവലിപ്പത്തിനുതകത്തക്ക കാര്യങ്ങളൊന്നുംതന്നെ അവന്‍ ചെയ്തിട്ടില്ല. അവന്റെ അസ്തിത്വത്തിന്റെ സാക്ഷിപത്രം അവന്‍ മാത്രമായിരുന്നു. അധികാരവര്‍ഗ്ഗം അവന്റെ പ്രബോധനങ്ങളെ കുറ്റപ്പെടുത്തി. ശിഷ്യന്മാര്‍ അവനെ കൈവെടിഞ്ഞു. നിസ്സാരമയ ഒരു തുക കൈപ്പറ്റിക്കൊണ്ട് ശിഷ്യരില്‍ ഒരാള്‍ അവനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുത്തു. മറ്റൊരാള്‍ അവനെ തള്ളിപ്പറഞ്ഞു. പരിഹാസ്യമായ ഒരു വിചാരണപ്രകടനത്തിനവന്‍ വിധേയനായി. കുററക്കാരായ രണ്ടു കള്ളന്മാരുടെ നടുവില്‍ ഒരു മരക്കുരിശില്‍ അവന്‍ മൂന്ന് ആണിമേല്‍ തറയ്ക്കപ്പെട്ടു. ആ കുരിശില്‍ അവന്‍ പിടഞ്ഞുമരിക്കുമ്പോള്‍, അവനീ ഭൂമിയിലുണ്ടായിരുന്ന ഒരേയൊരു സമ്പത്ത്- അവന്റെ മേലങ്കി- പങ്കുവയ്ക്കുന്നതില്‍ തര്‍ക്കിക്കുകയായിരുന്നു വധശിക്ഷ നടത്തിയവര്‍. മരണശേഷം, ഒരു സുഹൃത്തിന്റെ ഔദാര്യത്താല്‍ കടമെടുത്ത ഒരു കല്ലറയില്‍ അവന്‍ അടക്കപ്പെട്ടു.

ഇരുപത്തൊന്നു നൂറ്റാണ്ടുകള്‍ പിറന്നു; മറഞ്ഞു. ഇന്നും മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്കൃഷ്ടമായ രാജകീയരത്‌നമായി, ആരാധ്യനായ നായകനായി അവന്‍ പ്രശോഭിക്കുന്നു!
ഇന്നോളം മുന്നേറിയിട്ടുള്ള എല്ലാ ലോക സൈന്യങ്ങളും, വിന്യസിക്കപ്പെട്ടിട്ടുള്ള എല്ലാ കപ്പല്‍പ്പടകളും, സമ്മേളിച്ചിട്ടുള്ള എല്ലാ നിയമനിര്‍മ്മാണസഭകളും, അധികാരം കയ്യാളിയിട്ടുള്ള എല്ലാ ഭരണാധികാരികളും ഒന്നിച്ചുകൂടിയാലും ഇത്രകണ്ട് ഗാഢമായി സ്വാധീനിച്ചിട്ടില്ല ഭൂമുഖത്തൊരു മനുഷ്യന്റെ ജീവിതത്തെപോലും ആ താപസന്റെ വിനീതജീവിതംപോലെ.

കടപ്പാട് : ഡോ.ജയിംസ് അലന്‍ ഫ്രാന്‍സീസ്

മനുഷ്യമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേകാന്തജീവിതം (ജെ.മാത്യൂസ്)
Join WhatsApp News
George Nadavayal 2020-04-13 14:45:28
Great analysis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക