Image

അകലം (കവിത: ജിഷ രാജു)

ജിഷ രാജു Published on 13 April, 2020
 അകലം (കവിത:  ജിഷ രാജു)
അവന്റേയും
അവളുടേയും
ഇടയില്‍..
കാത്തിരുപ്പുകളോ,
കൈകോര്‍ക്കലുകളോ,
തമ്മിലറിയാത്ത നോട്ടങ്ങളോ,
ചുവന്ന പൂക്കളോ,
കടല്‍ തീരങ്ങളോ,
പൂമരച്ചുവടുകളോ,
ഒന്നുമില്ലായിരുന്നു.

അവള്‍,

ജോലിത്തിരക്കിനിടയില്‍
കാപ്പി കപ്പ്
ചുണ്ടോടടുപ്പിക്കുമ്പോള്‍,

നടന്നലഞ്ഞ്
ക്ഷീണത്തോടെ
കിടക്കയിലേക്കെത്തുമ്പോള്‍,

നീലപ്പൂക്കളുള്ള കിടക്കവിരി
കുടഞ്ഞു വിരിക്കുമ്പോള്‍,

മഞ്ഞച്ചിറകുള്ള
നിശാശലഭങ്ങളെക്കാത്ത്
തെച്ചിച്ചുവട്ടിലിരിക്കുമ്പോള്‍,

കോവിലിലെ നെയ് വിളക്കുകളുടെ ആട്ടം
നോക്കിയിരിക്കുമ്പോള്‍,

കണ്ണില്‍ കണ്‍മഷി നീട്ടിയെഴുതുമ്പോള്‍,

ചുവന്ന പൊട്ട് വെയ്ക്കുമ്പോള്‍,

അവനെയോര്‍ത്ത്
കണ്ണ് പൂട്ടുന്നതെന്തിനാവും?

അവള്‍,
അവനെയോര്‍ത്ത്
അവനില്ലാത്ത
സ്വപ്നത്തിലേക്ക്
ഇറങ്ങി നടക്കുന്നതും
ഒരിക്കല്‍ കണ്ടുമുട്ടുന്ന,
കൈകോര്‍ത്തുപിടിക്കുന്ന,
സ്വപ്നമുണ്ടെന്നോര്‍ക്കാതെ,
ഉറങ്ങി പോകുന്നതും,

ഉണരുമ്പോള്‍ ,
അവനെയോര്‍ക്കണമെന്ന്
കൈവെള്ളയില്‍
കുറിച്ചു വെയ്ക്കുന്നതും

മുറ്റത്ത് നട്ട മണിച്ചെടിയുടെ ഇലയില്‍
അവന്റെ പേരെഴുതി വെയ്ക്കുന്നതും
നനച്ചുവളര്‍ത്തുന്നതും
എന്തുകൊണ്ടായിരിക്കും?

 അകലം (കവിത:  ജിഷ രാജു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക