Image

നഷ്ടപ്പെടുന്നവരുടെ ലോകത്തെക്കുറിച്ച് (ദിനസരി - 2- സ്വപ്ന.സി.കോമ്പാത്ത്)

Published on 13 April, 2020
നഷ്ടപ്പെടുന്നവരുടെ ലോകത്തെക്കുറിച്ച് (ദിനസരി - 2- സ്വപ്ന.സി.കോമ്പാത്ത്)
അടുത്തകാലത്ത് നാം ഏറ്റവും ഉദ്വേഗത്തോടെ   കാത്തിരുന്നത്  ദേവനന്ദയെ കണ്ടെത്തിയോ എന്ന വാർത്തയ്ക്കായാണ്. ഒരു പകലും രാത്രിയും നമ്മുടെയെല്ലാം ഉള്ളിലെ  തീയായി ദേവനന്ദ ആളിക്കത്തി. നേരിട്ടറിയാത്തവർ പോലും  അവളെ നമ്മിൽ ഒരാളായി കരുതി അവൾക്കു വേണ്ടി പ്രാർത്ഥിച്ചു ലോകത്തിന് എന്ത് സംഭവിച്ചാലും അത് തന്നെ ബാധിക്കില്ലെന്ന് കരുതിയിരുന്ന നിഷ്കളങ്കയും ഊർജ്ജസ്വലയുമായ മറ്റൊരു പെൺകുട്ടിയെ എനിക്കറിയാം. അവളോടൊപ്പമുള്ളവരിലേക്കും സ്വന്തം പ്രസരിപ്പ് നിറയ്ക്കുന്ന ഒരു പെൺകുട്ടി. അവൾ വിവാഹിതയായി.ഏറെ താമസിയാതെ  മിടുക്കിയായ ഒരു പെൺകുഞ്ഞിന്റെ  അമ്മയുമായി. അതിനുശേഷം അവളിലുണ്ടായ മാറ്റം അത്ഭുതാവഹമായിരുന്നു. പണ്ട് കല്ല് പോലെ ഇരുന്നു വായിച്ചുത്തീർത്ത പല അനുഭവങ്ങളും ഇന്നവൾക്ക് രണ്ടാമത് വായിക്കാൻ പോലുമാവുന്നില്ല.  ഫെബ്രുവരി 29 ന് രാവിലെ കണ്ടപ്പോൾ അവൾ എന്നോട് ആദ്യം പറഞ്ഞത് എന്തായിരുന്നു എന്നറിയാമോ?" ഇന്നലെ ഉറങ്ങിയിട്ടില്ല ചേച്ചി .ഇടക്കിടെ എഴുന്നേറ്റ് ഫോൺ ഓൺ ചെയ്തു നോക്കും.  കുട്ടിയെ കിട്ടി  എന്ന്  അപ്ഡേഷൻ വന്നിട്ടുണ്ടാകണേ എന്ന പ്രാർത്ഥനയോടെയാണ് ഓരോ തവണയും ഫോണിലേക്ക് നോക്കിയിരുന്നത് " .

 ദേവനന്ദ യുടെ മരണമറിയുകയും അവളുടെ കുടുംബാംഗങ്ങളെ പോലെ തന്നെ ആ വാർത്ത നമ്മെ സങ്കടങ്ങളുടെ തോരാമഴയിൽ നനക്കുകയും ചെയ്തു .                    രാഹുലിന്റെ   തിരോധാനം  പോലെ പോലെ മലയാളിയെ ഞെട്ടിച്ച  മറ്റൊരു സംഭവമുണ്ടാകുമോ?  2005 മെയ് 18 ന് വീടിനു തൊട്ടു മുന്നിലെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന 7 വയസ്സുകാരൻ  രാഹുലിനെ പിന്നീട് ഇന്നുവരെ കണ്ടെത്താനായിട്ടില്ല 15 വർഷമാകാൻ പോകുന്നു ആ കുഞ്ഞിനെ കാണാതായിട്ട്. അവന്റെ  പഴയ കുഞ്ഞുടുപ്പും, തുരുമ്പ് പിടിച്ച കുഞ്ഞു സൈക്കിളും, കുഞ്ഞു ചെരിപ്പും പൊടിപറ്റാതെ  കാത്തുസൂക്ഷിച്ചുകൊണ്ട് അച്ഛനും അമ്മയും കാത്തിരിക്കുന്നു .23-വയസിൽ ഇന്നിപ്പോൾ അവനെങ്ങനെയു ണ്ടാകും? കണ്ടാൽ തിരിച്ചറിയാനാകുമോ ?എന്നൊക്കെയുള്ള ആധിയിൽ പ്രൊഫഷണൽ ചിത്രകാരനെ ഉപയോഗിച്ച് അവന്റേതാകാൻ  സാധ്യതയുള്ള  യുവാവിന്റെ ചിത്രം വരപ്പിച്ചാണ് ആ അച്ഛനും അമ്മയും  അവരുടെ ഏറ്റവും  നിസ്സഹായമായ  അന്വേഷണം തുടരുന്നത്.

 ഇതുപോലെ പോലെ എത്രയെത്ര നഷ്ടപ്പെടലുകൾ  നമ്മുടെയുള്ളിൽ  അനന്തമായ ദുഃഖത്തിന്റെ  നിലയില്ലാക്കയങ്ങളുണ്ടാക്കുന്നു.  2020 ഫെബ്രുവരി 28ന് ന്യൂസ് 18 ചാനൽ പുറത്തുവിട്ട  വാർത്തപ്രകാരം, 28 ന് മുമ്പുള്ള 30 ദിവസത്തിനിടയിൽ  കേരളത്തിൽനിന്ന് 43 കുട്ടികളെ  കാണാതായിട്ടുണ്ട്. ലോകത്താകമാനം ഒരു വർഷത്തിൽ  80 ലക്ഷം കുട്ടികളെ കാണാതാവുന്നുണ്ട് എന്നാണ് ഗ്ലോബൽമിസ്സിങ്ങ് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ വ്യക്തമാക്കുന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ വർഷവും ഒരു ലക്ഷത്തോളം കുട്ടികളെ കാണാതാവുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ  ഒരു മിനിറ്റിൽ ഒരു കുട്ടി വീതം. ഓപ്പറേഷൻ വാൽസല്യ, ഓപ്പറേഷൻ സ്മൈൽ എന്നീ ഫോഴ്സുകൾ കുട്ടികളെ കണ്ടുപിടിക്കാൻ നിരന്തരം പ്രയത്നിക്കുകയും പലപ്പോഴും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും കണ്ടെത്താനാവാത്ത  ദൂരത്തിൽ അകന്നുപോകുന്ന ധാരാളം കുട്ടികളുണ്ട്.

നഷ്ടപ്പെടുന്നവരിൽ 71 ശതമാനവും പെൺകുട്ടികളാണെന്നതാണ് ദുഃഖകരമായ മറ്റൊരു സത്യം. ബാലവേല ,ഭിക്ഷാടനം ലൈംഗികവൃത്തി എന്നിവയ്ക്കായാണ്  ഭൂരിഭാഗം കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതെന്നാണ് പഠനങ്ങൾ  വ്യക്തമാക്കുന്നത്.    നഷ്ടപ്പെടുന്നവരുടെ  അസാന്നിധ്യമുണ്ടാക്കുന്ന അരക്ഷിതാവസ്ഥയിൽ നിന്നും  കരകയറാനാവാത്ത ഉറ്റവരുടെ സങ്കടത്തിന്റെ ലോകം   നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് .എന്നാൽ എന്നാൽ നഷ്ടപ്പെട്ടുപ്പോയവരുടെ  ലോകത്ത് എന്തായിരിക്കും സംഭവിക്കുന്നുണ്ടാവുക? സ്നേഹത്തിന്റെയും  വാത്സല്യത്തിന്റെയും  കരുതലിന്റെയും ഭ്രമണപഥങ്ങളിൽ നിന്ന്  തട്ടിത്തെറിപ്പിക്കപ്പെട്ട നിർഭാഗ്യർ എത്തിച്ചേർന്ന  അപരിചിതലോകത്തിന്റെ   നിറരാഹിത്യവും,  നിസ്സഹായതയും  അനിശ്ചിതത്വവുമെല്ലാം നമുക്കൂഹിക്കാവുന്നതിലുമപ്പുറമാണ്.

 പാവക്കൂത്തിലെ പാവകളെ  പോലെ അന്യരുടെ താളങ്ങൾക്കനുസരിച്ച് ചലിക്കേണ്ടിവരുന്ന, കരയാൻ പോലുമാവാതെ, എന്തിനെന്നറിയാതെ ജീവിക്കേണ്ടിവരുന്ന  അത്തരം നിശ്ചലജീവികളുടെ അനേകം ലോകങ്ങളിലൊന്നിനെക്കുറിച്ചുള്ള സൂക്ഷ്മവിവരണമാണ് മലയാളത്തിലെ  ക്രൈം ഫിക്ഷൻ രംഗത്തെ  പുത്തൻ താരോദയം ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന കൃതി. നിശബ്ദവും  ഭയപ്പെടുത്തുന്നതുമായ ഒരു ഉറക്കത്തിലേക്ക് ഒതുങ്ങി പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ക്രൈം ഫിക്ഷൻ  മേഖലയ്ക്കു പുതിയൊരു കയ്യൊപ്പ് ചാർത്തിയ എഴുത്തുകാരനാണ് ലാജോജോസ്. അദ്ദേഹത്തിന്റെ  മൂന്നാമത്തെ അപസർപ്പക നോവലാണ് റൂത്തിന്റെ ലോകം.

ഡി സി ബുക്സ് ഒക്ടോബർ 2019 ൽ  പുറത്തിറക്കിയ ഈ കൃതി, ആഖ്യാതാവ് എന്ന നിലയിൽ ലാജോ ജോസ് എങ്ങനെയെല്ലാം വ്യത്യസ്തനാകുന്നു  എന്ന് സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ കൃതിയും  എഴുത്തുകാരനെന്ന നിലയിൽ ഓരോ  പരീക്ഷണങ്ങളാണ് .220 പേജുകളിലായി 48 അധ്യായങ്ങളാണ് റൂത്തിന്റെ ലോകത്തിലുള്ളത് 48-ാമത്തെ ഒഴികെ ഒന്നിടവിട്ട അധ്യായങ്ങൾക്കെല്ലാം റൂത്ത് റൊണാൾഡ് , റൊണാൾഡ് തോമസ് എന്നിങ്ങനെയാണ് പേരുകൾ. ഓരോ അധ്യായവും തലക്കെട്ടിൽ സൂചിപ്പിക്കുന്ന വ്യക്തിയുടെ  ചിന്തകളിലൂടെ മുന്നേറുന്നത്. ചിന്തകളിലൂടെ മുന്നേറുന്ന  പ്രവൃത്തികളുടെ അനുക്രമമെന്നതു തന്നെ പുതിയൊരു ആഖ്യാനതന്ത്രമാണ്.

വളരെ സൂക്ഷ്മമായുള്ള   ക്രമീകരണം തന്നെയാണ് ഈ കൃതിയുടെ വിജയത്തിനു പിന്നിലുള്ളത്. സാധാരണ അപസർപ്പക നോവലുകളിൽ കണ്ടു വരുന്ന രീതിയിൽ ഒരു കുറ്റകൃത്യം  നടന്നതിനു ശേഷമുള്ള അന്വേഷണത്തിലൂടെയല്ല  ഈ കൃതി ആരംഭിക്കുന്നത് .സ്വാഭാവികമായ ഒഴുക്കുള്ള ഒരു കൃതി. നല്ല നിരീക്ഷണപാടവവും വൈദഗ്ധ്യവുമുള്ള  ഒരു കേസന്വേഷകന്റെ  സാമീപ്യം പോലും ഈ നോവലിൽ ഇല്ല എന്നതും  പ്രത്യേകം പരാമർശമാണ്. പക്ഷേ ഓരോ അധ്യായം തീരുമ്പോഴും വായനക്കാരൻ തന്നെ കേസന്വേഷകനായി മാറുന്നു.  ഉദ്വേഗം നിറഞ്ഞ വായനയെ  നൂറുശതമാനവും സംതൃപ്തിപ്പെടുത്തുന്ന  പരിണാമഗുപ്തി .

ഹിംസ പ്രതികാരം, സാഹസികത, സെക്സ് വയലൻസ് ,റൊമാൻസ് തുടങ്ങി  അപസർപ്പക നോവലിന്റെ എല്ലാ ചേരുവകളും പുതിയ രുചിക്കൂട്ടിൽ ,പുത്തൻ ഭാവുകത്വത്തിൽ അണിയിച്ചൊരുക്കുകയാണ് ലാജോ ജോസ് .ഇവനാ മറിയം ജോസ്  എങ്ങനെ എങ്ങനെ മൂത്ത് റൊണാൾഡ്  ആകുന്നു എന്ന് നമ്മൾ കണ്ടെത്തുമ്പോൾ നോവലും അവസാനിക്കുന്നു.

നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് റൂത്തിന്റെ ലോകം.  പ്രത്യാശയുടെ ഒരു സന്ദേശമാണത്.        നഷ്ടങ്ങൾ അതൊരിക്കലും നിസ്സാരമാവില്ല. പക്ഷേ നമ്മുടെ നഷ്ടങ്ങളിലും താങ്ങായി നിൽക്കുന്ന അദൃശ്യകരങ്ങളുണ്ടാകും .റൂമി പറഞ്ഞതുപോലെ Dont grieve .Anything you lose comes round in another fom എന്ന പ്രത്യാശയാണല്ലോ ജീവിതത്തിന്റെ അടിസ്ഥാനം        ഡോ.സ്വപ്ന. സി. കോമ്പാത്ത്
നഷ്ടപ്പെടുന്നവരുടെ ലോകത്തെക്കുറിച്ച് (ദിനസരി - 2- സ്വപ്ന.സി.കോമ്പാത്ത്)
നഷ്ടപ്പെടുന്നവരുടെ ലോകത്തെക്കുറിച്ച് (ദിനസരി - 2- സ്വപ്ന.സി.കോമ്പാത്ത്)
നഷ്ടപ്പെടുന്നവരുടെ ലോകത്തെക്കുറിച്ച് (ദിനസരി - 2- സ്വപ്ന.സി.കോമ്പാത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക