Image

സനില്‍ ഗോപിനാഥ് ഫൊക്കാന 2012-14 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 May, 2012
സനില്‍ ഗോപിനാഥ് ഫൊക്കാന 2012-14 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2012-14ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള സനില്‍ ഗോപിനാഥ് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തീരുമാനിച്ചതായി റീജിയണല്‍ വൈസ് പ്രസിഡന്റ് വിപിന്‍ രാജ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

2014-ലെ കണ്‍വന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ തന്നെ വേണമെന്നുള്ള ഫൊക്കാന വാഷിംഗ്ടണ്‍ റീജിയണിലെ എല്ലാ പ്രവര്‍ത്തകരും ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. മെയ് 9 ബുധനാഴ്ച ചേര്‍ന്ന യോഗത്തിലായിരുന്നു ഈ സുപ്രധാന തീരുമാനമെടുത്തതെന്ന് വിപിന്‍ രാജ് അറിയിച്ചു.

ഫൊക്കാനയുടെ ചരിത്രത്തില്‍ ഇടം നേടിയ 1992-ലെ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കിയത് വാഷിംഗ്ടന്‍ ഡി.സി. ആണെന്നും, രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും ഒരു കണ്‍വന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ തന്നെയാണ് നടക്കേണ്ടതെന്നും, മറ്റൊരു നഗരവും അതിന് അര്‍ഹയല്ലെന്നും 1992-ലെ കണ്‍വന്‍ഷന് ചുക്കാന്‍ പിടിച്ച അന്നത്തെ പ്രസിഡന്റ് ഡോ. പാര്‍ത്ഥസാരഥി പിള്ള പ്രസ്താവിച്ചു.

വര്‍ഷങ്ങളായി അനേകം നേതാക്കള്‍ വാഷിഗ്ടണില്‍നിന്ന് ഫൊക്കാനയുടെ സാരഥികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചയദാര്‍ഢ്യവും കര്‍മ്മോത്സുകരുമായ നേതാക്കളുടെ കര്‍മ്മമണ്ഡലമായ വാഷിംഗ്ടണില്‍, വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് അവര്‍ മാതൃക കാട്ടിയിട്ടുണ്ടെന്ന് ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ഫൊക്കാന ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ഷഹി പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ വളര്‍ച്ചയുടെ പടവുകള്‍ക്ക് കരുത്തേകി സംഘടനയെ മുന്നോട്ടു നയിച്ച അനേകം നേതാക്കള്‍ വാഷിംഗ്ടണിലുണ്ടെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ സനില്‍ ഗോപിനാഥ് പറഞ്ഞു. ഇതര സംഘടനകളുമായും സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുമായും സഹകരിച്ച് ഫൊക്കാനയെ ഉത്തുംഗശ്രേണിയിലെത്തിക്കുവാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഷിംഗ്ടണ്‍ റീജിയണിലെ എല്ലാ മലയാളി സംഘടനകളും മെയ് 5-നു ഫൊക്കാന സംഘടിപ്പിച്ച റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫിനും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
സനില്‍ ഗോപിനാഥ് ഫൊക്കാന 2012-14 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക