Image

ഒമാനില്‍ വിദേശികളെ പിരിച്ചുവിടാന്‍ സൂപ്രീം കമ്മിറ്റി അനുമതി നല്‍കി

Published on 15 April, 2020
ഒമാനില്‍ വിദേശികളെ പിരിച്ചുവിടാന്‍ സൂപ്രീം കമ്മിറ്റി അനുമതി നല്‍കി

മസ്‌കറ്റ്: സ്വകാര്യ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സുപ്രീം കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രൂപം കൊണ്ട ഉന്നതാധികാര സമിതിയാണ് സുപ്രീം കമ്മിറ്റി. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് ഉത്കണ്ഠ നല്‍കുന്നതാണ് തീരുമാനം.

കമ്പനികള്‍ക്ക് ധാരണയുടെ അടിസ്ഥാനത്തില്‍ ശമ്പളം വെട്ടിക്കുറക്കാനും ഇന്നലെ നടന്ന യോഗത്തില്‍ അനുവാദം നല്‍കി. ഇത്തരത്തില്‍ പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മുഴുവന്‍ തീര്‍ത്തുനല്‍കണം. കമ്പനികള്‍ക്ക് ധാരണ പ്രകാരം ജോലി സമയം കുറച്ച് 3 മാസത്തേക്ക് ശമ്പളം വെട്ടിക്കുറക്കാം.

നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് നിലവില്‍ രാജ്യത്തില്ലാത്ത വിദേശികളുടെ റെസിഡന്റ് കാര്‍ഡുകള്‍ ജൂണ്‍ അവസാനം വരെ കമ്പനികള്‍ക്ക് പുതുക്കാം. റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീ 100 ഒമാനി റിയാല്‍ കുറച്ച് 201 ആക്കിയിട്ടുണ്ട്.

അതേസമയം സ്വദേശി തൊഴിലാളികളെ യാതൊരു കാരണവശാലും പിരിച്ചുവിടാന്‍ പാടില്ലെന്നും അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ വാര്‍ഷിക അവധി നല്‍കാനും സുപ്രീം കമ്മിറ്റി ഉത്തരവിട്ടു.


ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 910

മസ്‌കറ്റ്: ഇന്നലെ 97 പുതിയ കൊറോണ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 910 ആയി ഉയര്‍ന്നു. രണ്ട് വിദേശികള്‍ ഉള്‍പ്പെടെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇതു വരെ 131 പേര്‍ രോഗ വിമുക്തി നേടിയിട്ടുണ്ട്.

ചൊവ്വാഴ്ച 86 ഉം തിങ്കളാഴ്ച 53 പേര്‍ക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ മസ്‌കറ്റിലാണ് കൂടുതല്‍ രോഗബാധിതര്‍ (744). മുസന്ദം 3, അല്‍ദാഹിറ 3, ബുറൈമി 4, ദോഫാര്‍ 10, തെക്കന്‍ ശര്‍ഖിയ 15, വടക്കന്‍ ശര്‍ഖിയ 12, നിസ്വ ഉള്‍പ്പെടുന്ന ദാഖിലിയ 44, തെക്കന്‍ ബാറ്റിന 46 എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകള്‍.

മസ്‌കറ്റില്‍ കൂടുതല്‍ പരിശോധനാ കേന്ദ്രങ്ങള്‍

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വിദേശികളുടെ വീസ മെഡിക്കലിനായി പ്രവര്‍ത്തിച്ചിരുന്ന ഡാര്‍സയിറ്റിലെ സെന്ററും, റൂസയില്‍ അല്‍ ഷരാദിയിലെ സെന്ററും വിദേശികള്‍ക്ക് കോവിഡ് പരിശോധനക്കായി തുറന്നു. ഡാര്‍സയിറ്റിലെ കേന്ദ്രത്തില്‍ ഇന്നലെത്തന്നെ പരിശോധന ആരംഭിച്ചു. റുസയിലില്‍ വ്യാഴാഴ്ച പരിശോധനാ കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങും. പ്രവര്‍ത്തന സമയം രണ്ടിടത്തും രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ്. നിലവില്‍ നല്‍കിയിരുന്ന വീസ മെഡിക്കല്‍ സേവനങ്ങള്‍ രണ്ടിടത്തും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി വച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക