Image

ആയിരം കണ്ണുമായ് (സുരേഷ് കുമാര്‍ ജി)

Published on 15 April, 2020
ആയിരം കണ്ണുമായ് (സുരേഷ് കുമാര്‍ ജി)
പാട്ടുകള്‍ക്കും, ഗന്ധങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. അവ, വളരെ പെട്ടെന്ന് നമ്മേ പഴയൊരു കാലത്തേക്ക് (അവ കേട്ട, അനുഭവിച്ച, നാളുകളിലേയ്ക്ക്) കൂട്ടിക്കൊണ്ടു പോകും. നടന്നു പോകുമ്പോള്‍ എവിടെയെങ്കിലും നിന്നോ, ടി വി യിലോ, റേഡിയോയിലോ കേള്‍ക്കുന്ന പാട്ടുകള്‍, എത്ര പൊടുന്നനെയാണ് കാലത്തെ അലിയിച്ചില്ലാതെയാക്കുന്നത്. പ്രതീക്ഷയും പ്രണയവും ഉത്സവങ്ങളും നിറഞ്ഞ ഒരു പൂക്കാലം വിരിയിക്കുന്ന മാന്ത്രിക പരവതാനികളാണ് ചില പാട്ടുകള്‍. ഏതൊരു ജീവനാഡികളാവും പ്രകാശ വേഗത്തില്‍ ആ ഓര്‍മ്മകളെ ഉദ്ദീപിപ്പിച്ച് മറ്റൊരു കാലത്തേയ്ക്ക് നമ്മെ കൂട്ടി കൊണ്ടു പോകുന്നത് ?

1980 ല്‍ റിലീസ് ചെയ്ത ഒരു സിനിമ, എന്തുകൊണ്ടും അന്നൊരു പുതുമയായിരുന്നു....! പുതിയ സംവിധായകന്‍, നായിക, നായകന്‍, സംഗീത സംവിധായകന്‍, പശ്ചാത്തല സംഗീതം ചെയ്ത ഗുണ സിംഗ് ..! വലിയ റിസ്‌ക് എടുത്ത് നവോദയ പുറത്തിറക്കിയ ആ ചിത്രം, ആദ്യത്തെ മന്ദതയ്ക്കു ശേഷം തിയേറ്ററുകളില്‍ ഒരു കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഹൃദ്യമായ ഒരു പ്രണയകഥ പറഞ്ഞ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ' ആയിരുന്നു ആ ചിത്രം.

മഞ്ഞിന്റെ കുളിരും തണുപ്പും നിറഞ്ഞ ലൊക്കേഷനും, അതി മനോഹരമായ ദൃശ്യങ്ങള്‍ നല്‍കിയ ക്യാമറയും, അതീവ ഹൃദ്യമായ പശ്ചാത്തല സംഗീതവും, വേറൊരു തലത്തിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. 40 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും, അതിലെ പാട്ട് എപ്പോഴെങ്കിലും കേള്‍ക്കാനിടയായാല്‍, ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജോലിയും ഇട്ടിട്ട്, അവിടെ ഓടിയെത്തിക്കുന്ന എന്തോ ഒരു മാസ്മരികതയുണ്ടായിരുന്നു അതിലെ പാട്ടുകള്‍ക്ക്. എന്തൊരു ഈണമായിരുന്നു അവയ്ക്ക്...!

ആ കാലത്ത് യൗവ്വനത്തിലേയ്ക്ക് കാലൂന്നുന്ന ഓരോ യുവാവിനെയും യുവതിയെയും പറഞ്ഞറിയിക്കാനാവാത്ത ഏതോ വിഷാദമധുരമായ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന സംഗീതം. ബിച്ചു തിരുമലയുടെ വരികള്‍ക്ക്, ജെറി അമല്‍ദേവ് സംഗീതം നല്‍കിയ, മിഴിയോരവും, മഞ്ഞണിക്കൊമ്പിലും, മഞ്ചാടിക്കുന്നിലും, ഒരു തലമുറ മുഴുവന്‍ ഏറ്റെടുത്തു. പിന്നെ, എത്രയോ ചിത്രങ്ങള്‍, എത്രയോ പാട്ടുകള്‍, ആല്‍ബങ്ങള്‍..! ധന്യയിലെ കൊഞ്ചും ചിലങ്കേ, നൂപുരമേതോ കഥ പറഞ്ഞു, ഒരു വിളിപ്പാടകലെയിലെ, എല്ലാം ഓര്‍മ്മകള്‍, പ്രകാശനാളം, എന്നെന്നും കണ്ണേട്ടനിലെ ...ദേവദുന്ദുഭി സാന്ദ്രലയം... , നോക്കെത്താ ദൂരത്തിലെ ആയിരം കണ്ണുമായ്, കിളിയേ കിളിയേ ... ഒരു ക്രിസ്മസിന്റെ ആഹ്‌ളാദം മുഴുവന്‍ കുടഞ്ഞിട്ട, ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ... പുന്നാരം ചൊല്ലിച്ചൊല്ലിയിലെ, അരയരയരയോ, അത്തപ്പൂവും നുള്ളി, വാ കുരുവി ... ഇണപ്പൂങ്കുരുവി മാമാട്ടിക്കുട്ടിയമ്മയിലെ, കണ്ണോടു കണ്ണോരം... എന്നു തുടങ്ങി, പുറത്തിറങ്ങിയിട്ടേയില്ലാത്ത ചിത്രങ്ങളിലെ ഗാനങ്ങള്‍ പോലും, പൂവല്ല പൂന്തളിരല്ല (കാട്ടുപോത്ത്) പൂക്കളും പുഴകളും (മമത) .നമ്പര്‍ വണ്‍ സ്‌നേഹതീരത്തിലെ, മേലെ മേലെ മാനം... ആര്‍ദ്രഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ മുഴുവന്‍ ഗാനങ്ങളും (ചില്ലിട്ട വാതില്‍..., ഈ പ്രേമ ഗീതകം പാടാന്‍ .., ഇനി നീല വിശാലതയില്‍ ... ശദ്ധിക്കപ്പെടാതെ പോയ, ഒട്ടേറെ ചിത്രങ്ങളിലെ ഒന്നാന്തരം ഗാനങ്ങള്‍ ... (ഉദയം പടിഞ്ഞാറ്) ഓക്കുമരക്കൊമ്പത്തെ... (ഹലോ മദ്രാസ് ഗേള്‍) മുല്ലപ്പന്തല്‍, ആശംസകള്‍ ... നൂറു നൂറാശംസകള്‍ (കൂടുംതേടി) വാചാലം ... എന്‍ മൗനവും ..., ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലെ സൂപ്പര്‍ ഹിറ്റായ, പൂക്കള്‍ പനിനീര്‍ പൂക്കള്‍ ...വരെ എത്രയോ ..!
ഇതിനിടയില്‍ അതി മനോഹരമായ ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങള്‍
റോക്ക് ഓഫ് ഏജെസ്, സിംഗ് ഇന്‍ഡ്യ തുടങ്ങിയ ട്രൂപ്പുകള്‍...!

കോട്ടയം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍, ആകെയുള്ളൊരു വാര്‍ത്താ വിനിമയ മാധ്യമമായ റേഡിയോയില്‍, 'മഞ്ഞണിക്കൊമ്പിലിനു' വേണ്ടി കാത്തിരുന്ന ഒരു ഭൂതകാലം ഇപ്പോഴും മനസ്സിലുണ്ട്.

'നാലഞ്ചു വറ്റടിയിലുള്ളതാഹരിക്കാന്‍
നാഴൂരിവെള്ളം വെറുതെ കുടിക്കേണ്ടി വന്നു..
കോഴപ്പഴാധരിയെയൊന്നുപുണര്‍ന്നു
പോരാന്‍
തോഴീ ജനത്തെ വെറുതെ തഴുകേണ്ടി വന്നു '

എന്ന് പറഞ്ഞതുപോലെ, ആ ഒരു പാട്ടൊന്ന് കേള്‍ക്കാന്‍, ചലച്ചിത്രഗാനങ്ങള്‍ മുഴുവന്‍ കേള്‍ക്കേണ്ടി വന്ന കാലം മനസ്സിലിപ്പോഴും ഉണ്ട് . ഏതൊക്കെയോ അറിയാത്ത ഇഷ്ടങ്ങള്‍ കൂടുകൂട്ടുന്ന അക്കാലത്ത് ആ പാട്ടുകള്‍ മനസ്സിലുണ്ടാക്കിയ സ്വാധീനം ചില്ലറയല്ല. കേള്‍ക്കുന്തോറും പറഞ്ഞറിയിക്കാനാവാത്ത ഏതോ വിഷാദത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന പാട്ടുകള്‍...! സലില്‍ ചൗധുരി, എംബി ശ്രീനിവാസന്‍, എന്നിവരായിരുന്നു, അതുവരെ ഏറ്റവും പ്രിയപ്പെട്ടവര്‍. ഇവ പക്ഷേ ഹൃദയത്തിന്റെ അറിയാത്ത തന്ത്രികളെ തൊട്ടു തലോടിപ്പോകുന്ന പാട്ടുകള്‍..!

'മിഴിയോരം നനഞ്ഞൊഴുകും' എന്ന ഗാനം, നേര്‍ത്ത ഒരു ഹമ്മിംഗോടെ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായിക പാടുന്ന ഒരു രംഗമുണ്ട്. നേര്‍ത്ത മഞ്ഞ ജാലകവിരികള്‍ മാറ്റി അവള്‍ 'മിഴിയോരം നിലാവലയോ, പനിനീര്‍മഴയോ ' എന്നു മൂളുമ്പോള്‍, സത്യമായും ഞാന്‍ കരുതി, എന്നെങ്കിലും ഇതുപോലെ ഒരു പെണ്‍കുട്ടി, മഞ്ഞ ജാലകവിരിമാറ്റി ഒരു മൂളിപ്പാട്ടോടെ നമ്മുടെ ജീവിതത്തിലേയ്ക്കും കടന്നു വരുമെന്ന്...! പക്ഷേ, മറ്റു പലതുമെന്ന പോലെ, അങ്ങനെയാരും ഒരു ജാലകവിരിയും മാറ്റി കടന്നു വന്നില്ല, ഒരിക്കലും...! (വന്നയാള്‍ക്ക്, മൂളിപ്പാട്ട് ഒട്ടറിയുകയുമില്ല ...! )

പക്ഷേ, കടന്നു വന്നത്, അപരിചിതത്വത്തിന്റെ ജാലക വിരികള്‍ മാറ്റി, ഊഷ്മളത നിറഞ്ഞ സൗഹൃദവുമായി, ആ ഗാനത്തിന് സംഗീതം പകര്‍ന്നയാള്‍ തന്നെയായിരുന്നു .

2002 ല്‍, എറണാകുളത്തു താമസമായതിന് ശേഷം, മകന്റെ സ്‌കൂളിലെ ഒരു പരിപാടിയ്ക്ക് ചെന്നതായിരുന്നു... വളരെ പരിചയം തോന്നിക്കുന്നൊരാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്ന കണ്ട്, ഇത്തിരി സങ്കോചത്തോടെയടുത്ത് ചെന്ന എന്നെ വലിയൊരു അത്ഭുതമാണ് കാത്തിരിക്കുന്നതെന്ന് സ്വപ്‌നേപി വിചാരിച്ചതേയില്ല. 'ഞാന്‍ ജെറിയാണ് 'എന്ന് പറഞ്ഞു തുടങ്ങിയ ആ സൗഹൃദം 18 കൊല്ലങ്ങള്‍ പിന്നിടുമ്പോഴും അങ്ങനെ തന്നെയുണ്ട്. പൊതുവേ പറയാറുണ്ട , വലിയ വലിയ ആളുകള്‍, പ്രകാശം പരത്തുന്ന ജ്യോതിര്‍ ഗോളങ്ങളെ പോലെയാണെന്ന്... ദൂരെ നിന്ന് നോക്കുമ്പോള്‍, പ്രകാശം പരത്തുന്നതായി തോന്നുമെങ്കിലും, അടുത്തെത്തിയാല്‍ പാറക്കെട്ടുകളും ഗര്‍ത്തങ്ങളും, പൂഴിയും, ഒക്കെയാണ് കാണുകയെന്ന്....!

അത് തികച്ചും അപവാദമായി തോന്നിയത് ഇദ്ദേഹത്തിന്റെ കാര്യത്തിലാണ്. ബാഹ്യലോകത്തിന്റെ യാതൊരു ജാടകളിലും പ്രലോഭനങ്ങളിലും ഉടുത്തു കെട്ടലുകളിലും വീഴാതെ വളരെ ലളിതമായി ജീവിച്ചു പോകുന്ന നിര്‍മ്മല ഹൃദയനായ ഒരു മനുഷ്യന്‍..!

എന്നെ സംബന്ധിച്ചിടത്തോളം,
ജീവിതം തന്ന എല്ലാ തിരിച്ചടികള്‍ക്കിടയിലും, വളരെ അടുത്ത സുഹൃത്തുക്കളെ പോലെ എന്തും പറയാവുന്ന, എപ്പോഴും വിളിക്കാവുന്ന ഒരു അടുപ്പം, ഇദ്ദേഹവുമായി ഉണ്ടാകാനിടയായത് ഏതോ പൂര്‍വ്വജന്മസുകൃതം എന്നു മാത്രമേ കരുതേണ്ടൂ..!

വലിയ തിരക്കില്ലാതെ അദ്ദേഹത്തിനു കിട്ടുന്ന വൈകുന്നേരങ്ങള്‍, എത്രയോ തവണ ഞങ്ങള്‍ക്കു വേണ്ടി അദ്ദേഹം മാറ്റി വെച്ചിരിക്കുന്നു....! ആരാലും ശ്രദ്ധിക്കപ്പെടാതെ, ഏതെങ്കിലും ഒഴിഞ്ഞ റെസ്റ്റോറന്റുകളില്‍ ഒപ്പമിരിക്കുമ്പോഴും, എന്റെ പഴയ സ്‌കൂട്ടറില്‍ കയറി കൂടെ വരുമ്പോഴും, ഇതൊരു സ്വപ്നമാണോ ..എന്നു പോലും പലപ്പോഴും ഞാനോര്‍ത്തു പോയിട്ടുണ്ട്.

പ്രശസ്തി കത്തി നിന്ന കാലത്ത്, രംഗത്തു നിന്ന് മാറി നിന്നപ്പോഴും... പലപ്പോഴും പല കൊടുങ്കാറ്റുകളും ജീവിതത്തെ ഉലച്ചപ്പോഴും ..., തിരിച്ചു വന്ന് സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ ചെയ്തപ്പോഴും, അദ്ദേഹം ജീവിതത്തോട് ഒരേ മനോഭാവം പുലര്‍ത്തി. എല്ലാക്കാലത്തും ഏറ്റവും ലളിതമായി വളരെ സാധാരണക്കാരനെ പോലെ ജീവിച്ചു. ഇതിനിടയില്‍ വന്ന എല്ലാ പ്രലോഭനങ്ങളെയും നിര്‍മ്മമതയോടെ നേരിട്ടു. ഗാനങ്ങളെ പറ്റി പറയുമ്പോള്‍ , അവ നന്നായിട്ടുണ്ടെങ്കില്‍, എഴുതിയ വരികളുടെ ഗുണമാണെന്ന് പറഞ്ഞു. ഞാന്‍, ഞാന്‍ ..എന്ന് പറഞ്ഞ് ജനങ്ങള്‍ തള്ളിക്കയറുന്നിടത്തു നിന്നെല്ലാം ഋഷി സഹജമായ നിസ്സംഗതയോടെ ഒഴിഞ്ഞു മാറി നിന്നു. സംഗീതത്തിന്റെ കാര്യത്തില്‍ മാത്രം വല്ലാത്ത നിഷ്‌ക്കര്‍ഷ പുലര്‍ത്തി.

സാധാരണ ഗതിയില്‍ , ഒരുമാതിരിപ്പെട്ടവരൊക്കെ, വിശ്രമ ജീവിതത്തിലേയ്‌ക്കൊതുങ്ങുന്ന പ്രായത്തിലും, ആരെയും ആശ്രയിക്കാതെ സംഗീത രംഗത്ത് സ്വന്തം വഴിമാത്രം ശ്രദ്ധിച്ച് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്നു, തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീത മാന്ത്രികന്‍...!
പേള്‍ എസ് ബക്ക് ന്റെ, ഒരു ലേഖനമുണ്ട്. ചാള്‍സ് ഡിക്കന്‍സിനെ പറ്റിയാണ് ...അദ്ദേഹത്തിനുള്ള കൃതജ്ഞതയായിട്ടാണ് ...അവഗണനയും , ഏകാന്തതയും വിഷാദവും നിറഞ്ഞ, ഒറ്റപ്പെട്ട, ഇരുണ്ട , ബാല്യകാലത്തിലേയ്ക്ക് , തന്റെ കൃതികളിലൂടെ, ഒരു ക്രിസ്മസ് കാലത്തിന്റെ മുഴുവന്‍ നിറങ്ങളും പ്രത്യാശയും ആഹ്‌ളാദങ്ങളും നിറച്ച് ജീവിതത്തിന്റെ സൗന്ദര്യം കാണിച്ച് കൊടുത്തതിന് ....അതു തന്നെയാണ് മദ്ധ്യതിരുവിതാംകൂറിലെ വിദൂരസ്ഥമായ ഒരു ഗ്രാമത്തിലെ വരണ്ട, വിഷാദവും, ഏകാന്തതയും നിറഞ്ഞ ഒരു സാധാരണക്കാരന്റെ ജീവിതത്തിലേയ്ക്ക്
ജെറി മാഷും ചെയ്തത്..

ഇന്ന് ...April 15, അദ്ദേഹത്തിന്റെ ജന്മദിനമാണ്. ചിലര്‍ ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ കഴിയുക ഒരു അനുഗ്രഹമാണ്.. അങ്ങനെയൊരു ഭാഗ്യം നമുക്കായി നല്‍കിയ ആ പ്രപഞ്ച സര്‍ഗചൈതന്യത്തോട് വീണ്ടും വീണ്ടും നന്ദി പറയട്ടെ ..എത്ര കോരിയെടുത്താലും പിന്നെയും ബാക്കിയാവുന്ന ആ സംഗീത സാഗരത്തില്‍ നിന്ന്, ഇനിയുമിനിയും ഈണങ്ങളും ഗാനങ്ങളും ഒഴുകി ക്കൊണ്ടേയിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരട്ടെ .
ആയിരം കണ്ണുമായ് (സുരേഷ് കുമാര്‍ ജി)
Join WhatsApp News
Thahseen 2020-04-16 11:26:59
Thanks so much!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക