Image

ചരമഗീതം (ലേഖനം: രവി നായര്‍)

Published on 15 April, 2020
ചരമഗീതം (ലേഖനം: രവി നായര്‍)
ചക്രവാളം വീണ്ടും കറുത്തിരുണ്ടു. ശവക്കോട്ടയുടെ കാവല്‍ക്കാരായി കറുത്ത മേഘങ്ങള്‍ ഗര്‍ജ്ജിച്ചു. ചെറുതായി വന്ന കാറ്റ് ഉഗ്രരൂപമെടുത്ത് ഹുങ്കാരത്തോടെ താളം പിടിച്ചു. ഭൂമി വീണ്ടുമൊരു ചരമഗീതം പാടാനായി തയ്യാറെടുത്തു.

നാളത്തെ പ്രഭാതം വീണ്ടും എത്ര മനുഷ്യശരീരങ്ങളെയാണ് നിശ്ചലമാക്കുന്നത്? നിശ്ചയമില്ല. മനുഷ്യജീവനുകള്‍ വെറും അക്കങ്ങളായി പരിണമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്ന ലോക തത്വം മറന്ന് ജീവിച്ച മനുഷ്യമനസ്സുകളെ മരണഭീതി മദിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

മാനത്ത് പറന്നു നടക്കുന്ന പറവകള്‍, കീഴെ പുതച്ചുമൂടിയ മൃതശരീരങ്ങളെ കണ്ട് ഒരു നിമിഷം പകച്ചു നിന്നുവോ?

ഈയിടെയായി ആകാശത്തു രാത്രി മിന്നി മറയുന്ന നക്ഷത്രങ്ങള്‍ക്ക് എന്തോ പറയാനുള്ള പോലെ തോന്നി.  മരിച്ചാല്‍ ഒരു ദിവസം മാനത്ത് നക്ഷത്രങ്ങളായി പുനര്‍ജനിയ്ക്കുമത്രെ.

ഏതു കാര്യത്തിലും ലോകത്തില്‍ ഒന്നാമതായ രാജ്യം ജനങ്ങളുടെ മരണസംഖ്യയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തി.  രാത്രിയിലും ഉറങ്ങാത്ത ലോകത്തിലെ ഏറ്റവും തിരക്കു പിടിച്ച നഗരം പകലും ഉറങ്ങിക്കിടന്നു.  മരണത്തിന്റെ വിത്തു വിതച്ചവര്‍, ഒന്നുമറിയാത്തപോലെ കണക്കുകള്‍ പുസ്തകത്താളുകളില്‍ മറച്ചുവെച്ച്,  ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ അഭിനയിച്ച് ആ കലയില്‍ ഒന്നാം സ്ഥാനത്തെത്തി.

വിഷപ്പുകകള്‍ മലിനമാക്കിയിരുന്ന നഗരാന്തരീക്ഷങ്ങള്‍ തെളിമയാര്‍ജ്ജിച്ചിരിയ്ക്കുന്നു.  അദൃശ്യമായ ദൂരക്കാഴ്ചകള്‍ സാദ്ധ്യമായിരിയ്ക്കുന്നു. തടം കെട്ടി മറച്ച് തന്റെ സഞ്ചാരവീഥി നഷ്ടപ്പെടുത്തിയപ്പോള്‍ സ്വന്തം വഴി തെളിച്ച് താണ്ഡവമാടിയ പുഴ പോലെ, പ്രകൃതി തന്റെ ശുദ്ധീകരണത്തിന് സ്വയം വഴിയൊരുക്കിയതാണോ?

ബലിക്കാക്കകള്‍, തങ്ങളുടെ ഊഴത്തിനായി മുറവിളി കൂട്ടി. അവയ്ക്ക് അറിയില്ലല്ലോ, ബലിച്ചോറ് പാകം ചെയ്യാനും ബലിയിടാനും മനുഷ്യന് അനുവാദമില്ലെന്ന്?

ആസ്വദിക്കാനും തഴുകിത്തലോടുവാനും ആരുമില്ലെന്ന് അറിയാവുന്നതു കൊണ്ടാവണം വിരിയാന്‍ മടിച്ചു നില്‍ക്കുന്ന പൂക്കളും വരവറിയ്ക്കാന്‍ വൈകി വസന്തവും. മനുഷ്യനെ കാണാഞ്ഞ് ഒന്നും തിരിയാതെ നട്ടം തിരിയുന്ന മൃഗങ്ങളും പക്ഷികളും ഈ ലോകം മുഴുവന്‍ നമുക്ക് സ്വന്തം എന്ന് അഹങ്കരിച്ച് സന്തോഷിക്കുകയാണോ അതോ ഈ മനുഷ്യര്‍ക്ക് മാപ്പു കൊടുക്കേണമേ എന്ന് ദൈവത്തോട് കേണപേക്ഷിക്കുകയാണോ? അറിയില്ല.

കടലിനും ആകാശത്തിനും നീലനിറം കൂടി. ഇലകള്‍ക്ക് പച്ചപ്പും സന്ധ്യകള്‍ക്ക് അഴകും രാത്രിയ്ക്ക് ഏകാന്തതയും കൂടിവന്നു.  പക്ഷെ അവ ആസ്വദിക്കാന്‍ മനുഷ്യര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

ഓണവും വിഷുവും ക്രിസ്തുമസ്സും ബക്രീദുമെല്ലാം ആഘോഷങ്ങളുടെ ഓര്‍മ്മത്താളുകളില്‍ ഇടം പിടിച്ചു. ജാതിയും മതവും രാഷ്ട്രീയവും വെറും കാഴ്ചക്കാരായി. കപട ദൈവങ്ങളെല്ലാം ഒളിത്താവളങ്ങളില്‍ രക്ഷ നേടി. യഥാര്‍ത്ഥ ദൈവങ്ങള്‍, തങ്ങള്‍ക്കായി മനുഷ്യര്‍ പണി കഴിപ്പിച്ച മതില്‍ക്കെട്ടുകളില്‍ ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞു. കമ്മ്യൂണിസവും സോഷ്യലിസവും ക്യാപിറ്റലിസവും പുതിയ നിര്‍വചനങ്ങള്‍ തേടിപ്പോയി. ധനം കുന്നുകൂട്ടി വെച്ചവര്‍ അത് ചിലവാക്കാന്‍ കഴിയാതെ വിറളി പൂണ്ടു.  പണത്തിന്റെ ചില്ലുകൊട്ടാരങ്ങള്‍ തകര്‍ന്നുവീണു.  ശുഭ്രവസ്ത്രം ധരിച്ച മനുഷ്യമാലാഖകളും മനുഷ്യദൈവങ്ങളും സഹജീവികളുടെ ജീവനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു.

ഇനിയും മരണങ്ങള്‍ താങ്ങാനുള്ള കെല്പില്ല.  ഉറ്റവരും ഉടയവരും പിരിഞ്ഞു പോകുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ നോക്കി നില്‍ക്കാനും അതോര്‍ത്ത് ഒരു ജന്മം മുഴുവനും വിലപിയ്ക്കാനുമാണ് മനുഷ്യന്റെ വിധി.  മനുഷ്യനായി ജനിച്ചു പോയതിന്റെ ശിക്ഷ.

ഇനിയും ഓര്‍മ്മിക്കേണ്ട ലോകതത്വങ്ങള്‍ അനവധിയുണ്ട്. ഒരു രാത്രിയ്ക്ക് ഒരു പകല്‍. ഒരിറക്കത്തിന് ഒരു കയറ്റം. അറ്റമില്ലാത്ത വൃത്തം പോലെ, ഭൂമിയുടെ പ്രദക്ഷിണം പോലെ, ഒരു പക്ഷെ യാത്ര തുടങ്ങിയിടത്തു തന്നെ അവസാനിയ്ക്കും. ഒരു പുതിയ തുടക്കത്തിനു വേണ്ടിയുള്ള ഒടുക്കമാവാം ഇത്.

ചരമഗീതങ്ങള്‍ക്കൊടുവിലായി ഒരു തിരുപ്പിറവിയുടെ ഗീതം മുഴങ്ങിക്കേള്‍ക്കുമെന്ന് പ്രത്യാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക