Image

മേല്‍വിലാസം തേടിയെത്തുന്ന ചിന്തകള്‍ (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 16 April, 2020
മേല്‍വിലാസം തേടിയെത്തുന്ന ചിന്തകള്‍ (രമ പ്രസന്ന പിഷാരടി)
മേല്‍വിലാസം  തേടി  ചില ചിന്തകള്‍  അനുവാദം പോലുംചോദിക്കാതെ ശിരസ്സിലെ ജാലകങ്ങള്‍ തുറന്ന്   സ്‌ഫോടനാത്മകമായ .വിഭ്രമം സൃഷ്ടിച്ച് ബാവുള്‍ ഗായകരെ പോലെ ചടുലതാളം മുഴക്കി ഏകതാരമീട്ടി ഏകാന്തതയുടെ നിത്യഗോപുരങ്ങള്‍ തകര്‍ത്ത് ബീഥോവന്റെ സിംഫണിയിലെത്തി നില്‍ക്കുമ്പോള്‍ പ്രകാശവര്‍ഷങ്ങള്‍ നിമിഷങ്ങളായി മാറുന്നു. ഒരു നിമിഷത്തില്‍  മനസ്സ്  യാത്രചെയ്യുന്നതിന്റെ  സ്പീഡോമീറ്റര്‍ അപകടസാദ്ധ്യതയില്ലാതെ ഉയര്‍ന്ന് പോകുന്ന തീക്കനല്‍ സായാഹ്നത്തില്‍ ബാക്ക് ടു ദി ഫ്യൂച്ചറിലുണ്ടാകാനിടയുള്ള ഒരു യന്ത്രമാപിനിയിലാണിപ്പോള്‍ ചിന്തകളുടെ കൊളാഷ്.

അഴികളില്ലാത്ത വീടിനിപ്പോള്‍  ഒരു അഴിയുണ്ട്.  ദൃശ്യാദൃശ്യമായ ആകസ്മികതകളില്‍  നിന്ന് കൊടുമുടികളില്‍ നിന്ന്  ഭൂമിയെ സ്പര്‍ശിച്ച് ചിന്തകള്‍ ദേശദേശാന്തരങ്ങളിലേയ്ക്ക് യാത്രചെയ്യുന്നു. കടിഞ്ഞാണും, തേരാളിയുമില്ലാതെ രഥയോട്ടം നടത്തുന്നവരാണ് മനസ്സിലെ ചിന്തകളുടെ അശ്വങ്ങള്‍

തുടക്കവുമവസാനവുമില്ലാതെ മനസ്സ് സഞ്ചരിക്കുന്ന പാതകളിലിരുന്ന് ബാക്ക് ടു ദി ഫ്യൂച്ചര്‍ എന്താവും എന്നാലോചനയിലിരിക്കുമ്പോള്‍ ചിന്തകളുടെ ലോകത്തിലൊരു  പണിപ്പുര ഉയര്‍ന്നുയര്‍ന്നു വരുന്നു. പുതിയ യന്ത്രപ്പുരകളില്‍  കാറിനെന്നപോല്‍ മനുഷ്യര്‍ക്കും തൊട്ടാല്‍ ശബ്ദിക്കുന്ന ബീപ് ബീപ് എന്നൊരു യന്ത്രം.  ഒരു ചെറിയ റിമോട്ട് കണ്‍ ട്രോള്‍. കാറില്‍ അറിയാതെ തൊട്ടാല്‍ ആപല്‍ സൂചനയുടെ ബീപ് ഉയരും പോലെ ഒരു വൈറസ് അരികിലെത്തിയാല്‍ ബീപ് ബീപ് എന്ന് അപായമണി മുഴക്കുന്ന  യന്ത്രം. വാച്ച് പോലെ കൈയില്‍ കെട്ടാനാകുന്നത്.  ഒളിക്യാമറ പോലെ പെന്നിന്റെ മൂടിയിലൊളിപ്പിക്കാം അന്യഗ്രഹഹജീവികളെ  പോലെയുള്ള വൈറസ് അരികില്‍ വന്നാല്‍  യന്ത്രം അലേര്‍ട്ട് തരും.   ബീപ് ബീപ് എന്ന അലേര്‍ട്ട് കേട്ടാലുടന്‍ നാം ചെയ്യേണ്ടത് ഒരു ബട്ടണ്‍ ഓണാക്കുക മാത്രം. പാരച്ച്യൂട്ട് പോലെ ഒരു വൈറസ് പ്രൂഫ് കവചം നമ്മെ പൊതിയും .

അലന്‍ സോളി, വാന്‍ ഹ്യൂസന്‍, പീറ്റര്‍ ഇംഗ്‌ളണ്ട് ഇതേ പോലെ പേരുകളുള്ള പ്രമുഖ ബ്രാന്‍ഡ് കവചങ്ങള്‍  മാര്‍ക്കറ്റില്‍ ലഭ്യമാകും. തിരുപ്പൂരില്‍ ഒറിജനലിനോടൊപ്പം ബ്രാന്‍ഡ് കോപ്പിയും  നിര്‍മ്മിക്കാനാരംഭിക്കും  . കവചത്താല്‍ മൂടിയ നമ്മളുടെ മുഖം തിരിച്ചറിയാന്‍ ഐഡന്റി കോഡ് ഉണ്ടാകും. അത് പ്രസ് ചെയ്യുമ്പോള്‍ ഒരു സ്‌ക്രീനില്‍ നമ്മുടെ മുഖം തെളിയും.

ഇന്ത്യന്‍ ഡിസൈനേഴ്‌സ് പുതിയ കവച െ്രെബഡല്‍ വെയേഴ്‌സ് ഉണ്ടാക്കും. പേസ്റ്റല്‍ ബ്‌ളൂ, ഇന്‍ഡിഗോ, കോപാക്ട് ഇങ്ങനെയുള്ള സ്‌റ്റൈലിഷ് പേരുകള്‍ അതിനോട് ചേര്‍ക്കപ്പെടും.

ഓസ്‌ക്കാര്‍ നോമിനേഷന്‍ കിട്ടണമെന്ന ആഗ്രഹത്തോടെ ഹോളിവുഡ് അതീവഗൗരവമുള്ള സിനിമകള്‍ നിര്‍മ്മിക്കും. അതീവ ഭീകരനായ ഒരു കൊറോണ ലാബില്‍ നിന്നിറങ്ങുന്നതും, സ്‌പെഷ്യല്‍ ഇഫക്ടും സൗണ്ടും അതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നതും നമ്മള്‍ കാണും. ബോളിവുഡില്‍ ഒരു പാട്ടും ആക്ഷനും റൊമാന്‍സും കൊറോണ സിനിമിയില്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ മലയാളത്തില്‍, മലയാളിയുടെ  റിയലിസ്റ്റിക് രീതികള്‍ കണ്ട്  സ്വയമേധയാ തിരികെ പോകുന്ന നോവല്‍ കൊറോണ ഡിസംബര്‍ 2019 എന്ന കോവിഡ് 19 ആകും ഉണ്ടാവുക. നായകനും നായികയും ഫാമിലിയും കൊറോണയ്ക്ക് യാത്രയയപ്പ് നല്‍കുന്ന സീനാവും അവസാനമുണ്ടാവുക.

മാളുകളിലും, മള്‍ട്ടിപ്‌ള്ക്‌സുകളിലും  കാണാറുള്ള മെറ്റല്‍ ഡിറ്റ്ക്ടര്‍ പോലൊന്ന് വീടിന്റെ വാതിലിനരികിലുണ്ടാകും കടന്ന് പോകുമ്പോള്‍ വൈറസുണ്ടെങ്കില്‍ ബീപ് ബീപ് എന്നടിക്കുന്ന യന്ത്രം. പുറമെയുള്ള കവചം  വാതിലിനരികിലെ ചെരുപ്പ് സ്റ്റാന്‍ഡ്  പോലെ പണിതിരിക്കുന്ന സ്‌റ്റെറിലൈസറിലേയ്ക്ക് വയ്ക്കുക സ്വിച്ച് ഓണാക്കുക. 20 സെക്കന്റില്‍ വൈറസുകളില്ലാതാകുന്നു. വീടിനുള്ളിലേയ്ക്ക് കയറും മുന്‍പ് ഒരു   സ്‌മോക്ക് ഫിനീഷ്.. കണ്ണുകള്‍ മൂടി ഈ സ്‌മോക്ക് വാതിലിലൂടെ ഉള്ളിലേയ്ക്ക് കയറുക. പുറമേ നിന്നുള്ള വൈറസുകള്‍ മുഴുവന്‍ അതോടെ ഇല്ലാതാകും

വീടിനുള്ളിലുമുണ്ടാകും ഒരു റിമോര്‍ട്ട് കണ്‍ ട്രോള്‍. ഏതെങ്കിലും പ്രതലത്തില്‍ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ ഒരു യന്ത്രം ബീപ് ചെയ്യും  അതോട് കൂടി  ക്‌ളോസ് സര്‍ക്യൂട്ട് ടി വിയില്‍ വൈറസിരികുന്ന സ്ഥലം തെളിയും.. അറ്റാക്ക് എന്ന ഓപ്ഷന്‍ കൊടുക്കുമ്പോള്‍ ആഞ്ചിയോപ്‌ളാസ്റ്റി പോലെ കീഹോള്‍ സര്‍ജറി പോലെ വൈറസിനെ ഒരു ലേസര്‍ കരിച്ചു കളഞ്ഞിട്ടുണ്ടാകും.. 

യന്ത്രങ്ങളുടെ പേറ്റന്റിന് വേണ്ടി  ലോക രാഷ്ട്രങ്ങള്‍ മല്‍സരിക്കും യന്ത്രങ്ങള്‍ക്ക് പിടികൊടുക്കാനാവാത്ത വൈറസുകളെ എങ്ങനെ ലാബിലുണ്ടാക്കാമെന്ന് അതീവരഹസ്യമായി ശാസ്ത്രഞ്ജന്മാര്‍ രാവും പകലും ഉറങ്ങാതെ പല ബയോളജിക്കല്‍ ടെസ്റ്റുകളും നടത്തും. 

ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങള്‍  ഇനിയുള്ള യുദ്ധങ്ങള്‍ സൂക്ഷ്മാണുക്കള്‍ മുഖേനെയാണെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ആയുധങ്ങള്‍  മൂന്നാം രാഷ്ട്രങ്ങള്‍ക്ക് വിറ്റഴിച്ച് നഷ്ടം വരാതെ രക്ഷപ്പെടും.  തോക്കും ബോംബും കെട്ടി  ആളെക്കൊല്ലുന്ന തീവ്രവാദികള്‍ തങ്ങള്‍  ഇനിയെന്തിന് സ്വയം സൂയിസൈഡ് ബോംബേഴ്‌സ് ആകണം എന്നാലോചിച്ച് വശം കെടും

ഭൂമി അത്ര സുരക്ഷിതമായ ഇടമല്ലെന്നൊരു തോന്നല്‍ ഭാരതത്തിനുണ്ടായേക്കും. മംഗള്‍യാന്‍ പോലെ  വേറെ ഏതെങ്കിലും ഗ്രഹങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനാകുമോ എന്ന്  കടഞഛ ശാസ്ത്രഞ്ജന്മാര്‍ രാവും പകലും ഗവേഷണങ്ങളില്‍ മുഴുകും..

പെന്റഗണിലെ ബുദ്ധികേന്ദ്രങ്ങളും, വന്മതിലരികിലെ ഇരുമ്പുമറയ്ക്കുള്ളിലെ നിഗൂഢതയും, ലോകത്തിലെ ആയുധപ്പുരകളും   ചെരിയുന്ന ഗോപുരത്തിലെ ക്യാമ്പനിലെ എന്ന ബെല്‍ ടവറും, ടൈഗ്രിസ്സും, യൂഫ്രട്ടീസുമൊഴുകുന്ന ദേശപ്പെരുമയും എല്ലാമെല്ലാം അന്നുണ്ടാകുമോ എന്നറിയില്ല..

ഭൂമി മഞ്ഞുയുഗത്തില്‍ നിന്ന് ശിലായുഗത്തിലൂടെ അനവധി സംസ്‌ക്കരണപ്രക്രിയയിലൂടെ,  പ്രകൃതിയുടെ ഋതുക്കളുടെ, സമുദ്രങ്ങളുടെ, പര്‍വ്വതങ്ങളുടെ, നദികളുടെ പരിലാളനയില്‍    ഹരിതാഭമായിരുന്ന നാളിലൊന്നില്‍  മനുഷ്യനെന്ന ബുദ്ധിജീവി കളിപ്പാട്ടം പോല്‍  ഭൂമിയെ കാല്‍പ്പന്ത് കളിക്കാന്‍ തുടങ്ങിയ  നാളിലാകാം  കോവിഡ് കുടുംബം  ഇങ്ങനെയൊരു ഇന്‍വേഷന്‍  എന്ന അധിനിവേശത്തിനൊരുങ്ങിയത് എന്ന രീതിയിലുള്ള അനേകമനേകം ഫിലോസഫിക്കല്‍ ലേഖനങ്ങള്‍ നമ്മള്‍ വായിച്ചു കൊണ്ടേയിരിക്കും..

കോവിഡ് 19 എന്ന സൂക്ഷ്മാണുവിനെ അകറ്റാന്‍ ലാബുകളില്‍ നിന്ന് വാക്‌സിനുകള്‍ ഉണ്ടായേക്കാം. ജൈവായുധങ്ങളുടെ ആയുധപ്പുരകള്‍ സുസജ്ജമാണെന്ന് ലോകദുരന്തം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിനാലാവാം സുരക്ഷാകവചത്തിന്റെ വിശാലസാദ്ധ്യതകളുടെ ചിന്താധാരകള്‍  അടച്ചുപൂട്ടപ്പെട്ട എഴുത്തുമുറിക്കരികലൂടെ ഒഴുകിനീങ്ങുന്നത്

ചിന്തകള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ലോകാലോകപര്‍വ്വതം കടന്ന് ഗന്ധമാദനവും, സപ്തര്‍ഷികളുടെ ലോകവും കടന്ന് ചിന്തകള്‍ സഞ്ചരിക്കുന്നു. യന്ത്രങ്ങള്‍ മന്ത്രിക്കുന്നു.   'ബീപ് ബീപ്' കവചത്തിനുള്ളിലേയ്ക്ക്  അഴികള്‍ക്കുള്ളിലേയ്ക്ക്  ധ്യാനത്തിലാകാം.

ആധികാരികമായി ചിന്തിക്കുമ്പോള്‍  സ്മാരകശിലകളില്‍  ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളില്‍ നിന്നും എല്ലാ അധിനിവേശങ്ങളില്‍ നിന്നും അതിജീവനത്തിന്റെ വിളക്കുമായി  പ്രദിക്ഷണം ചെയ്യുന്ന ഭൂമിയെയാണ് കാണാനാവുന്നത്.. മേല്‍ വിലാസം  തേടിയോടുന്ന ചിന്തകള്‍ ആ വിളക്കിലെ പ്രകാശത്തില്‍ നിന്ന് പ്രതീക്ഷയുടെ ചെറുതിരികള്‍ വീണ്ടും തെളിയിക്കുന്നുണ്ട്..
അഗ്‌നി എല്ലാറ്റിനും സാക്ഷിയാകുന്നു. സൂര്യനെപ്പോലെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക