Image

അകത്തിരിക്കുമ്പോൾ (കവിത: ജിഷ.കെ)

Published on 17 April, 2020
അകത്തിരിക്കുമ്പോൾ (കവിത: ജിഷ.കെ)
അകത്തിരിക്കുമ്പോൾ
ഭൂഭ്രമണങ്ങൾ ഒന്ന്കൂടിചുരുങ്ങും.

ആകാശവുംനക്ഷത്രങ്ങളും
ചതുരകള്ളികളായ് ജാലകശീലയെ
വിസ്തൃതപെടുത്തും.

എല്ലാം അടച്ചു കളഞ്ഞുവെന്ന
ഉറപ്പിൽ
വാതിലുകൾ
പഴുതുകളായ് മാറും.

കാറ്റുപോലും ഇലയനക്കങ്ങൾ
ചോർത്താതെ
ഇരുളിനെ
ഇമ വെട്ടാതെ നോക്കിയിരിക്കും.

അകത്തിരിക്കുമ്പോൾ
പടിവാതിലോളം
വന്നു തിരിച്ചു പോകുന്ന
മുള്ളുകളുടെ
പാതിസഞ്ചാരം
അതിലൂടിറ്റു വീഴുന്ന
കാൽപ്പാടുകൾ
അതിന്റെ മാത്രം സ്വന്തമെന്ന വിജനത
ഒരു പിൻകാഴ്ചയിലേക്ക് ഉൾവലിഞ്ഞു പോകുന്നുമുണ്ട്.
അകമറിയുമ്പോൾ
നിശബ്ദത കൊണ്ട്
വന്യമായ
കാട്ടു പാതകൾ
വകഞ്ഞു മാറ്റുന്ന
ഉറവ പൊട്ടിയൊഴുകുന്ന
അഹംബോധം

അകക്കണ്ണിൽ..
തിരിച്ചറിവിൽ
കാട്ടു തീ പോലെ
ആളിപ്പടരുന്ന
നീയെന്നതും
ഞാൻ എന്നതും..

അകത്തിരിക്കുമ്പോൾ
ഏറെ
ഇടിമുഴക്കങ്ങളെ
അതിന്റെ
മിന്നൽവാളുകളെ
തുണ്ടുതുണ്ടുകളായി
കീറിചിതറുന്ന
മേഘക്കെട്ടുകളെ
മുറ്റത്തേക്കൊഴുകി തുടങ്ങുന്ന
പ്രളയത്തെ
ഇറയത്ത് പെയത് തോരാനിരിക്കുന്ന
നീർത്തുമ്പികളെ
നിശബ്ദമായൊരു നോട്ടം
കൊണ്ട് തൃപ്തിപ്പെടുത്താനുണ്ട്
ഇനി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക