Image

അഞ്ചു കോടി മരിച്ചു, പക്ഷെ സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 18 April, 2020
 അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി)
നൂറുവര്‍ഷം മുമ്പ് ലോകമൊട്ടാകെ അഞ്ചുകോടി പേര്‍ മരിച്ചത് സ്പാനിഷ് ഫ്‌ലൂ മൂലമാണെന്നാണ് ചരിത്രം. പക്ഷെ ഒരുകാലത്ത് സ്‌പെയിന്‍ അമേരിക്കയെയും ആഫ്രിക്കയെയും ഏഷ്യയെയും കാല്‍ക്കീഴില്‍ അമര്‍ത്തി സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായി എന്നും ചരിത്രമുണ്ട്. സ്പാനിഷ് ആര്‍മാഡ എന്ന അവരുടെ കപ്പല്‍ പട വിശ്വമേധം നടത്തി. എന്നിട്ടും ഇന്ന് കൊറോണയുടെ മുമ്പില്‍ അവര്‍ അടിപതറി. മരണം 20,000 കവിഞ്ഞു.  

ഏഷ്യയില്‍ ഫിലിപ്പീന്‍സും തെക്കേ അമേരിക്കയില്‍ കൊളംബിയ, അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വേ, ഗോട്ടിമാല, എല്‍ സാല്‍വഡോര്‍, പരാഗ്വേ, മെക്‌സിക്കോ, വെനസ്വേല, തുടങ്ങി നിരവധി രാജ്യങ്ങളും അമേരിക്കന്‍ ഐക്യനാടുകള്‍ നിലവില്‍ വരുന്നതിനു മുമ്പ് അരിസോണ, കൊളറാഡോ, ഫ്‌ലോറിഡ, പ്യുര്‍ട്ടോറിക്കോ തുടങ്ങിയ മേഖലകളും അവര്‍ കീഴ്പ്പെടുത്തി. ക്യൂബ, ഹെയ്റ്റി, വെസ്റ്റിന്‍ഡീസ്, ജമൈക്ക, ട്രിനിഡാഡ് തുടങ്ങിയ ദ്വീപുകളും ആഫിക്കയില്‍ അള്‍ജീരിയയും മൊറോക്കോയും അക്കൂടെ വന്നു.
 
കപ്പല്‍ പടക്കു പകരം ജസ്വീറ്, കര്‍മ്മലീത്താ വൈദികരെ അയച്ചു മലബാര്‍ തീരത്ത് ആല്‍മീയ വരം പടര്‍ത്താനാണു സ്‌പെയിന്‍ ശ്രമിച്ചത്. ഇന്ന് സ്‌പെയിനില്‍ തിയോളജി പഠിക്കുന്ന മലയാളികള്‍ ഉണ്ടെന്നറിയുമ്പോള്‍ പഴയ കടം വീട്ടാന്‍ അവരെ അയച്ചതാണോ എന്ന് ചോദിച്ചു പോകാം. അവിടത്തെ സ്പാനിഷ് ചങ്ങാതികള്‍ അങ്ങനെ ചോദിക്കാറുണ്ടെന്നു കോര്‍ഡോബയിലെ ഒരാശുപത്രിയുടെ  ചാപ്ലയിന്‍ ആയി സേവനം ചെയ്യുന്ന ഫാ. മനോജ് ഫോണില്‍ പറഞ്ഞു.

കേരളത്തിലെ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ പഠിപ്പിച്ചിരുന്ന ഫാ. സക്കറിയാസ്, ഫാ. ഔറേലിയന്‍, ഫാ. ജോണ്‍ ജോസഫ് എന്നീ സ്പാനിഷ് വൈദികശ്രേഷ്ടരെ ഓര്‍ക്കുന്നവര്‍ ചിലരെങ്കിലും ഇന്നുണ്ട്.. . ഓര്‍മ്മദിവസങ്ങളില്‍ അവരുടെ കല്ലറകളില്‍ പുഷ്പ്പാര്‍ച്ച നടത്താറുമുണ്ട്. ആദ്യത്തെ രണ്ടു പേരും വിശുദ്ധരുടെ വഴിത്താരയില്‍  ദൈവദാസന്‍ പദവിയിലെത്തി നില്‍ക്കുന്നു.
 
സ്‌പെയിനില്‍ നിന്നും പോര്‍ട്ടുഗലില്‍ നിന്നും എത്തിയ മിഷണറിമാര്‍ പതിനാറാംനൂറ്റാണ്ടു മുതല്‍ നടത്തിയ സേവനങ്ങളാണ് 1934ല്‍  ആലുവക്കടുത്ത് മംഗലപ്പുഴയില്‍ ഒരു കേന്ദ്രീകൃത സെമിനാരിയിലേക്ക് വളര്‍ന്നതെന്നു മംഗലപ്പുഴ  സെമിനാരി ചരിത്ര വഴികളിലൂടെ എന്ന ഗ്രന്ഥത്തില്‍ ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി സമര്‍തഥിക്കുന്നു. ലത്തീന്‍ സഭക്ക് ഇന്ന് വരാപ്പുഴ, തിരുവനന്തപുരം ആസ്ഥാനങ്ങളായി രണ്ടു അതിരൂപതകളും 12 രൂപതകളുമുണ്ട്.
 
കേരളത്തിലെ ആദ്യകാല ലത്തീന്‍ ബിഷപ്മാര്‍ എല്ലാം യൂറോപ്പില്‍ നിന്നായിരുന്നു. പലരും സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കര്‍മലീത്താ സന്യസ്തര്‍. കൊല്ലം ബെന്‍സീഗര്‍ ആശുപത്രി സ്ഥാപകന്‍ കര്‍മ്മലീത്ത  ബിഷപ് അലോഷ്യസ് മരിയ ബെന്‍സീഗറിനെയും തെക്കന്‍ തിരുവിതാംകൂറിലെ കര്‍മലീത്താ മിഷനറി അഡിലോഡാറ്റസിനേയും മറക്കാനാവില്ല. സാത്വികരായ അവരെയും ദൈവദാസന്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്.

ഭൂമിയോളം താണ് കാരുണ്യം വാരിവിതറിയ സന്യാസിവര്യന്‍മാരായിരുന്നു അന്നത്തെ മിഷനറിമാര്‍. മുത്തിയവിള വല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ.അഡിലോഡാറ്റസ് സൈക്കിളില്‍ കാട്ടാക്കടയിലെ ഒരു പള്ളിയിലേക്ക് പോകുമ്പോള്‍ വീണു മരിക്കുകയായിരുന്നു. പഴയകാല മിഷനറിമാര്‍ കേരളത്തെ അത്രകണ്ട് സ്‌നേഹിച്ചു, കരുതി വച്ചു.

മെഡിറ്ററേനിയന്‍ കടലിന്റെ ആലിഗനത്തില്‍ കഴിയുന്ന രാജ്യമാണല്ലോ സ്‌പെയിന്‍. ഐബീരിയന്‍ അര്‍ദ്ധ ദീപിന്റെ മുക്കാല്‍ ഭാഗം. 8000 കിമി കടല്‍ത്തീരം. കേരളത്തിന് 580 കിമീ. കടലോരമേയുള്ളു. കേരളത്തിന്റെ പതിമൂന്നിരട്ടി വലിപ്പവും ഒരുകോടി ജനം കൂടുതലുമുള്ള നാടാണ് സ്‌പെയിന്‍ പക്ഷെ ഒരു വര്‍ഷം കേരളത്തില്‍  രണ്ടു കോടി ആഭ്യന്തര, വിദേശ സഞ്ചാരികള്‍ വരുമ്പോള്‍ അവിടെ എത്തുന്നത് എട്ടു കോടി. പകല്‍ വന്നു പോകുന്നവരെ കൂടി കൂട്ടിയാല്‍ 12 കോടി!  

കടലോരത്തുള്ള കാറ്റലോണിയാ പ്രവിശ്യയുടെ തലസ്ഥാനം ബാഴ്‌സിലോണയാണ് സഞ്ചാരികളുടെ ഹരം. 1992ല്‍ ഒളിമ്പിക്‌സിന് ആതിഥ്യം വഹിച്ചതോടെ അവിടം സഞ്ചാരികളുടെ പറുദീസയായി. മാഡ്രിഡ്, കൊര്‍ഡോബ, വലന്‍സിയ, സെവില്‍, ഗ്രനാഡ, മലാഗ, മയോര്‍ക്ക എന്നിടങ്ങളും ടൂറിസത്തിന്റെ കോട്ടകളാണ്. 59 എയര്‍പോര്‍ട്ടുകള്‍, പാരീസ്, മാഴ്‌സെ ലിയോണ്‍, ടുളെ എന്നിവിടങ്ങളില്‍ നിന്ന്   നേരിട്ട് ഹൈസ്പീഡ് ട്രെയിനുകള്‍.  

മധ്യശതകത്തില്‍ ഐബീരിയന്‍ ദ്വീപിലും മെഘ്‌റോബിലും സിസിലിയിലും ഭരിച്ചിരുന്ന ഇസ്ലാം മതവിശ്വാസികളെ മൂറുകള്‍ എന്ന് വിളിച്ചിരുന്നു. തന്മൂലം ബാഴ്‌സിലോണയിലും ഗ്രനാഡയിലും മറ്റും താജ് മഹലിനെയും ഫത്തേപ്പൂര്‍ സിക്രിയേയും ഓര്‍മ്മിപ്പിക്കുന്ന വസ്തുശില്പങ്ങള്‍ ധാരാളമുണ്ട്.
 
'വിശ്വവശ്യമായ നഗരം' എന്നാണ് ഒളിമ്പിക്‌സ് റിപ്പോര്‍ട്ടു ചെയ്ത മലയാള മനോരമയുടെ സീനിയര്‍ ജേര്ണലിസ്‌റ് ക്രിസ് തോമസ് ബാര്‍സിലോണയെ വിശേഷിപ്പിച്ചത്. നീല റോമ്പര്‍ സ്യുട് ധരിച്ച സുന്ദരിമാര്‍ യന്ത്രത്തോക്കു ഏന്തിയ പോലീസുകാരുമൊത്ത് നഗരത്തില്‍ റോന്തു ചുറ്റി. ബാസ്‌ക് വിഘടന വാദികളുടെ മിന്നല്‍ ആക്രമണം ഭയന്നായിരുന്നു ആ പ്രകടനം. അതൊന്നും ഉണ്ടായില്ല. പകരം 13 സ്വര്‍ണമെഡല്‍ വാരിക്കൂട്ടി സ്‌പെയിന്‍ ചരിത്രം സൃഷ്ടിച്ചു.  

തൊണ്ണൂറ്റയ്യായിരം പേര്‍ തിങ്ങി നിറഞ്ഞ മോണ്ട്ജൂവിക് സ്റ്റേഡിയത്തിനു ചുറ്റും ചുവപ്പും മഞ്ഞയും വരകളുള്ള കാറ്റലോണിയന്‍ പതാകകള്‍ പാറിക്കളിക്കുണ്ടായിരുന്നു. വര്‍ഷങ്ങളായി സ്വയംഭരണത്തിനു വേണ്ടി വാദിക്കുന്ന കാറ്റലോണിയയുടെ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമായിരുന്നു ആപതാകകള്‍. സ്‌പെയിനിനുള്ളില്‍ വേറിട്ടൊരു രാജ്യം എന്നതാണ് അവരുടെ മുദ്രാവാക്യം.

ക്രിസിനോടൊപ്പം ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡെക്കാന്‍ ഹെറാള്‍ഡിന്റെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ ഇരവിപേരൂര്‍  സ്വദേശി ഡി. രവികുമാറും ഉണ്ടായിരുന്നു. ഇരുവരും ഒരേനാട്ടുകാര്‍, തിരുവല്ല മാര്‍ത്തോമാ കേളേജില്‍ ഒരേസമയം പഠിച്ചവര്‍.  

മാഡ്രിഡ് നഗരഹൃദയത്തില്‍ നിന്ന് 20 കി.മീ. അകലെ  ലാസ് റോസാസ് എന്ന സസ്യശ്യാമള കോമളമായ മുനിസിപ്പാലിറ്റിയില്‍ ഇന്ത്യന്‍ രുചിമേളം ഒരുക്കുന്ന റെസ്റ്റോറന്റ് നടത്തുകയാണ് കോട്ടയത്തെ ജോര്‍ജും അമേരിക്കന്‍ ഭാര്യ ഏഡ്രിയാനും. അമലഗിരിയില്‍ എന്റെ അയല്‍ക്കാരന്‍ കുറ്റിയില്‍ കെവി കുരുവിളയുടെ ഏകമകനാണ്. .സ്വിറ്റ്‌സര്‍ലണ്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചയാള്‍. ഇംഗ്ലീഷ് അധ്യാപികയായ ഏഡ്രിയാന്‍ ബീമും ഒത്തു കഴിഞ്ഞ വര്‍ഷവും നാട്ടില്‍ വന്നിരുന്നു.
 
ലാസ് റോസാസില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു ഏഡ്രിയാന്‍. ഇപ്പോള്‍ ഓണ്‍ലൈനില്‍ ചൈനീസ് വിദ്യാര്‍ തഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്. ലോകത്തില്‍ എവിടെ ഇരുന്നും അങ്ങിനെ പഠിപ്പിക്കാന്‍ ആവും. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് വന്നപ്പോഴും ലാപ് ടോപ്പിലൂടെ അധ്യാപനം തുടര്‍ന്നിരുന്നതായി കുരുവിള എന്ന കുട്ടപ്പന് അറിയാം. ജോര്‍ജും ഏഡ്രിയാനും ഡാഡിയെ എന്നും വിളിക്കും, സ്‌പെയിനിലെ വിശേഷങ്ങള്‍ വിവരിക്കും.

കത്തോലിക്കാ വിശ്വാസികളുടെ കോട്ടയാണ് സ്‌പെയിന്‍. ജനറല്‍ ഫ്രാങ്കോയുടെ 36 വര്‍ഷത്തെ  സര്‍വാധിപത്യത്തിനു ശേഷം 1975ല്‍ രാജകീയ ജനാധിപത്യത്തിലേക്കു മാറി. ഇടതുപക്ഷമാണ് ഇന്ന് ഭരിക്കുന്നത്. ഫെലിപ്പെ ആറാമന്‍ രാജാവ്. പെഡ്രോ സാഞ്ചസ് പ്രധാനമന്ത്രി..

ഗോഥിക് ശൈലിയില്‍ ഉയര്‍ന്ന ഗോപുരമുള്ള പള്ളികളാണ് സ്‌പെയിനില്‍ ഉള്ളതെന്ന്മാഡ്രിഡില്‍ നിന്ന് 300 കിമീ. അകലെ ബുര്‍ഗോസില്‍ തിയോളജി പഠിക്കുന്ന ഫാ. സജിന്‍ മുക്കട അറിയിച്ചു. പള്ളികളില്‍ ദിവസേന ഏഴു കുര്‍ബാനകള്‍ വരെ നടത്താറുണ്ട്. സജിനും കുര്‍ബാന അനുഷ്ഠിക്കും. സ്പാനിഷ് പ്രസംഗം നടത്തും. കാഞ്ഞിരപ്പള്ളിരൂപതയില്‍ പെട്ട കരിക്കാട്ടൂരില്‍ കര്‍ഷക കുടുംബത്തിലെ അംഗമാണ്.

ഇറ്റലിയിലെന്നപോലെ സ്‌പെയിനിലും ഓള്‍ഡ് ഏജ് ഹോമുകളിലാണ് ഏറെ മരണങ്ങളും സംഭവിച്ചതെന്ന് സജിന്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥ ഒരു കാരണം ആയേക്കാം. തണുപ്പുള്ള സ്ഥലം. ശരാശരി  10 ഡിഗ്രി സെല്‍ഷ്യസ്. 15 ഡിഗ്രിയായാല്‍ ചൂടായി എന്നാണ് നാട്ടുകാര്‍ പറയുക.  

മാഡ്രിഡില്‍ നിന്ന് 400 കിമീ. വടക്കു കോര്‍ഡോബയില്‍ സെന്റ് ജോണ്‍ ഓഫ് ഗോഡ് കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന ഒരാശുപതിയുടെ ചാപ്ലയിന്‍ ആണ് കണ്ണൂര്‍ സ്വദേശി ഫാ. മനോജ് ആലപ്പാറയില്‍. താമസവും ഭക്ഷണവും നന്ന്. നോണ്‍ വെജ് എല്ലാം പുഴുങ്ങി ഉപ്പുതളിച്ച് വയ്ക്കും. എരിവോ പുളിയോ ഉണ്ടാകില്ല. കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രി  നടത്തുന്നതു ഈ ബ്രദേഴ്സ് ആണ്. റോം ആഗോള സ്ഥാനം. യൂറോപ്പിലാകെ സ്ഥാപനങ്ങള്‍.

പത്തുവര്‍ഷമായി ഫാ. മനോജ് സ്‌പെയിനില്‍ ആയിട്ട്. അവരുടെ ഭാഷയും സംസ്‌ക്കാരവും കലയും സംഗീതവുമെല്ലാം ആസ്വദിക്കാന്‍ പഠിച്ചു. വിശ്വവിഖ്യാത ചിത്രകാരന്‍ പിക്കാസോ സ്‌പെയിന്‍കാരന്‍ ആണല്ലോ. സറീയലിസ്‌റ് പെയ്ന്റര്‍ സാല്‍വദോര്‍ ദാലിയും അങ്ങിനെ തന്നെ. ലോക പ്രസിദ്ധമായ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവല്‍ എഴുതിയ സെര്‍വാന്റിസും അവിടത്തുകാരന്‍.

ഇന്ത്യയുടെ മൂന്നരമണിക്കൂര്‍ പിന്നിലാണ് സ്‌പെയിന്‍. ദോഹ, ദുബായ് വഴി കൊച്ചിയിലേക്കു വന്നു പോകാന്‍ എയര്‍ ടിക്കറ്റിനു ശരാശരി 800 യൂറോ (67,000  രൂപ) ആകും. മാഡ്രിഡില്‍ നിന്ന് ബാര്‍സിലോണ വരെ 400 കിമീ. പോകാന്‍ രാത്രികാല ഹൈസ്പീഡ് ട്രെയിനിന് 80 യൂറോ (6685 രൂപ). രാത്രി കയറിയാല്‍ വെളുപ്പിനു ബാഴ്‌സിലോണയില്‍ എത്തും.

മനോജിനോടൊപ്പം കോട്ടയം ക്‌നാനായ അതി രൂപതയില്‍ നിന്ന് ഏതാനും വൈദികര്‍ കൂടി സ്‌പെയിനില്‍ സേവനം ചെയ്തു വരുന്നു. മാഡ്രിഡില്‍ എബ്രഹാം പൂവത്തുംമൂട്ടില്‍. ജെരസില്‍ ഷൈജു കല്ലുവെട്ടാംകുഴിയില്‍, ഗ്രാനാഡയില്‍ സാജു മൂലക്കാട്ട്.

മാഡ്രിഡില്‍ നിന്ന് നാല്‍പതു കെ.മീ. അകലെ സിയംപോസെലോസില്‍ 1200 വുദ്ധജനങ്ങളെ പരിചരിക്കുന്ന ഒരു ഹോസ്പീസിന്റെ കപ്പിജാന്‍ (ചാപ്ലൈന്‍)  ആണ് കോട്ടയം അരീക്കരനിന്നു കണ്ണൂരിലെ അലക്‌സ് നഗറിലെത്തിയ ഫാ.എബ്രഹാം പൂവത്തുംമൂട്ടില്‍. സ്പാനിഷ് പദങ്ങള്‍ പലതും മലയാളത്തില്‍ കേക്കാം. മേശ, കപ്പിത്താന്‍, മുതലായവ. ആശുപത്രിക്കു ഓസ്പിറ്റല്‍. മഹറാജ് എന്ന് വച്ചാല്‍ ചക്രവര്‍ത്തി.

മാഡ്രിഡില്‍ നിന്ന് 500  കി.മീ.അകലെ പൈസ് വാസ്‌കോസ് എന്ന സ്ഥലത്തെ സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്ന കോട്ടയം വിജയപുറം ലാറ്റിന്‍ രൂപതയിലെ മണ്ണയ്ക്കനാടു സ്വദേശി ഫാ. അനോഷിനെയും പരിചയപെട്ടു. ഏഴു വിദേശീയര്‍ ഉണ്ട് കൂടെ. ബൊളീവിയ, ഐവറികോസ്‌റ്, കാമറൂണ്‍, ചാഡ് എന്നിവിടങ്ങളി നിന്നുള്ളവര്‍.

കോട്ടയത്തെ ബിഷപ് സെബാസ്റ്റിയന്‍ തെക്കേതെച്ചേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമൊത്ത് വലന്‍സിയ എന്ന സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. വലന്‍സിയയിലെ ഒരു യുവവൈദികന്‍ വിജയപുരം രൂപതയില്‍ സേവനം ചെയ്യുന്നതിനിടയില്‍  മരണമടഞ്ഞു. ആദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. 

നേഴ്‌സ് ആയ ഭാര്യയുമൊത്ത് സ്‌പെയിനില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന തൊടുപുഴക്കാരന്‍ ഒരു റെജിയെപ്പറ്റി എന്നോട് പറഞ്ഞത് കപ്പുച്ചിന്‍ കോണ്‍ഗ്രിഗേഷന്റെ മുന്‍ പ്രൊവിന്‍ഷ്യല്‍ ഡോ. മാത്യു പൈകിടയാണ്  സ്‌പെയിനിലെ സാരഗോസ യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധം അവതരിപ്പിച്ച  ആളാണ് പ്രൊഫ. പൈകിട.. അദ്ദേഹം റെജിയുടെ നമ്പരും തന്നു

വാട്‌സ്ആപ്പില്‍ റെജിയുടെ മറുപടി വന്നു. ഒരു വിവരവും ആരോടും പങ്കു വയ്ക്കരുതെന്നു നിര്‍ ദേശമുണ്ടെന്നു പറഞ്ഞ റെജി, കുഞ്ഞു ജനിച്ചതിനാല്‍ ഭാര്യ ഒരു വര്‍ഷമായി ജോലിക്കു പോകുന്നില്ലെന്നു അറിയിച്ചു. എല്‍ പൈസ് (ദി നേഷന്‍) എന്ന സ്പാനിഷ് പത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് നോക്കിയാല്‍ വിവരങ്ങള്‍ അറിയാമെന്നും പറഞ്ഞു. സ്‌പെയിനിലെ ഏറ്റവും വലിയ പത്രമാണ്. നാലുലക്ഷം കോപ്പി. പ്രചാരം. 

എല്‍പൈസ് വായിച്ചു. കൊറോണക്കാലത്തും അവരുടെ പ്രധാന വര്‍ത്തകളിലൊന്ന് രാജാവ് ഫെലിപ്പെ ആറാമനു  വേണ്ടി സ്ഥാനത്യാഗം ചെയ്ത ജുവാന്‍ കാര്‍ലോസ് ഒന്നാമനെക്കുറിച്ചുള്ള പ്രമാദമായ ഒരഴിമതിക്കഥയാണ്. മെദീനയിലേക്കു റെയില്‍ ലൈന്‍ പണിയാനുള്ള കരാര്‍ നല്‍കിയ പേരില്‍ സൗദി അറേബ്യ മുന്‍ രാജാവിനു .8.8 കോടി യൂറോ കൈക്കൂലി നല്‍കിയത്രെ.  

അതില്‍ 3.9 കോടി മൊണാക്കോയിലെ കൊറീന ലാര്‍സന്‍ എന്ന സുന്ദരിക്ക് കാര്‍ലോസ് കൈമാറി. അവരതു സ്വിട്‌സര്‍ലണ്ടിലും ലണ്ടനിലും മണിമന്ദിരങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു. ഇതെല്ലാം വലിയ രാജാവിന്റെ ബിനാമി ഇടപാടുകളാണെന്നാണ് തെളിവ് സഹിതം എല്‍ പൈസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെപ്പറ്റി സമഗ്രമായി അന്വേഷിക്കുമെന്ന മകന്‍ രാജാവിന്റെ പ്രഖ്യാപനം മന്ത്രി സഭ സ്വാഗതം ചെയ്തതായും പത്രം പറയുന്നു.

ബ്രിട്ടീഷ് ഭരണ കാലത്ത് പഞ്ചാബില്‍ കപുര്‍ത്തലയിലെ രാജാവ് ജഗത്ജിത്സിംഗ് സ്‌പെയിനില്‍ ആന്‍ഡലൂഷ്യയിലെ അനിറ്റാ ഡെല്‍ഗാഡോ ബ്രിയോനിസ് എന്ന  ഫ്ളാമങ്കോ നര്‍ത്തകിയെ വിവാഹം ചെയ്തു അഞ്ചാമത്തെ മഹാറാണി ആക്കിയ കഥ ഫാ. എബ്രഹാം പൂവത്തുമൂട്ടില്‍ അയച്ചുതന്നു. സ്‌പെയിനിലും ഫ്രാന്‍സിലും സ്വിട്‌സര്‍ലണ്ടിലും രാജാവ് അവര്‍ക്കു കൊട്ടാരങ്ങള്‍ പണിതു. അവരുടെ മകന്‍ അജിത് സിംഗിനെ ഇന്ത്യ ലണ്ടനിലും ബ്യുനോസ് ഐറിസിലും അംബാസഡറായി നിയമിച്ചു.      

സ്പാനിഷ്  ബന്ധം ആട്ടി ഉറപ്പിക്കാന്‍ വിലപ്പെട്ട ചില വിവരം കൂടി പറഞ്ഞിട്ട് ലേഖനം അവസാനിപ്പിക്കാം. ബാഴ്‌സിലോണക്കടുത്ത് ജീവിച്ചിരുന്ന വിശ്രുത ദൈവശാസ്ത്രജ്ഞന്‍  മലയാളിയായ റെയ്മോണ്‍ പണിക്കരെ പലര്‍ക്കും അറിയാം. എന്റെ സുഹൃത്ത് കപ്പുച്ചിന്‍ ഫാദര്‍ വര്‍ഗീസ് മണിമല പോസ്റ്റ് ഡോക്ടറല്‍ ചെയ്തത് പണിക്കരുടെ സര്‍വമത സാഹോദര്യത്തെക്കുറിച്ചാണ്. പണിക്കരുടെ കൂടെ താമസിച്ചായിരുന്നു ഗവേഷണം.

ലോക ചെസ്സ് കിരീടം നേടിയ വിശ്വനാഥന്‍ ആനന്ദിനെ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഭാര്യ അരുണയോടൊത്ത് മാഡ്രിഡ് പ്രാന്തത്തില്‍ കോളാടോ മെഡാനോയില്‍ താമസം. പദ്മവിഭൂഷനോടൊപ്പം സ്‌പെയിനിലെ പരമോന്നത ബഹുമതി ജാമിയോ ഡി ഒറോയും ലഭിച്ചിട്ടുണ്ട്.


 അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി) അഞ്ചു കോടി മരിച്ചു, പക്ഷെ  സ്പാനിഷ് ആര്‍മാഡ ലോകം കീഴടക്കി; മലബാര്‍ തീരത്ത് വന്നത് സന്യസ്തര്‍  (കുര്യന്‍ പാമ്പാടി)
Join WhatsApp News
Pastor Samuel 2020-04-18 17:06:59
Was 'the Spanish Inquisition a part of the Spanish connection?. The missionaries attacked the Kerala Christians and forcefully converted them to Catholics.
Manu Thottil 2021-02-05 04:29:41
Nicely written
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക