Image

കനലുകൾ ക്രഥ: സുജാത ശിവൻ)

Published on 18 April, 2020
കനലുകൾ ക്രഥ: സുജാത ശിവൻ)

"എനിക്ക് ഇപ്പം പാപ്പം വേണം...ഇപ്പത്തന്നെ വേണം."  വാവിട്ടു കരഞ്ഞ് നിന്നിടത്തുനിന്ന് കാലുകൾ മാറിമാറി മുറ്റത്തെ കോണിൽ ആഞ്ഞു ചവിട്ടി മനുക്കുട്ടൻ ബഹളം തുടങ്ങിയിട്ട് കുറേ നേരമാകുന്നു...തെങ്ങിൻചോടരികിൽ പാത്രം മോറുന്നതിനിടെ സുഭദ്ര അവനെ സമാധാനിപ്പിക്കാനും കൊഞ്ചിക്കാനുമൊക്കെ ശ്രമിക്കുന്നുണ്ട്...

അംഗനവാടിയിൽ നിന്നുവന്നപ്പോ മുതൽ അവന് മുലപ്പാൽ കുടിക്കാനുള്ള വാശിയാണ്....നാലു വയസ്സ് കഴിഞ്ഞെങ്കിലും മുലപ്പാലിനോടുള്ള അവന്റെ കൊതി മാറിയിട്ടില്ല...ചെന്നിനായകവും പുളിയും,  മുളകെരിവൊന്നും അവനെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല ...

"ചെക്കൻ ഇനി നല്ല തല്ലുകൊള്ളൂട്ടോ.
പെണ്ണുകെട്ടാറായ ചെക്കനാ,"
കയ്യിലെ വെള്ളം മുണ്ടിന്റെ കോന്തലയിൽ തുടച്ച് സുഭദ്ര അവനെ വാരിയെടുത്ത് ഉമ്മ വച്ച്,തിണ്ണയിലിരുന്ന് ബ്ലൗസിന്റെ ഹുക്കെടുത്തു.

ലോകം കീഴടക്കിയ സന്തോഷത്തോടെ അവന്റെ കുഞ്ഞുചുണ്ടുകൾ മുലഞെട്ട് കവർന്നുകഴിഞ്ഞു...വിശപ്പൊന്നടങ്ങിയപ്പോൾ പിടഞ്ഞെണീറ്റ അവന്റെ കണ്ണുകൾ പാടത്തിനക്കരെ,അമ്പലത്തറയ്ക്ക് പിറകിലെ ഒരു കുഞ്ഞുകൂടാരം ലക്ഷ്യമാക്കി പാഞ്ഞു..

അവിടെ അവന്റെ വിനുവച്ഛനുണ്ട്....അതവനറിയാം..
ദിവസത്തിൽ ഏതെങ്കിലും സമയത്തുമാത്രം പുറത്തെത്തുന്ന അച്ഛനെക്കാണാൻ അവൻ വീടിനുമുന്നിൽ ദിനവും കാത്തിരുന്നു..എപ്പോഴെങ്കിലും പുറത്തെത്തുന്ന അച്ഛനെക്കണ്ടാൽ ഇക്കരെയവൻ തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ച്, ഉച്ചത്തിലുച്ചത്തിൽ നീട്ടിവിളിക്കും.

"അച്ഛാ,അച്ഛാ. .ഇങ്ങോട്ട് നോക്ക്.ഇങ്ങോട്ട് നോക്ക്.
ദേ,മനുക്കുട്ടൻ...ഓയ് ഓയ്.

അച്ഛാ ഇങ്ങോട്ട് വാ അച്ഛാ...എപ്പളാ അച്ഛൻ വരണേ ?: അവന് പറ്റുന്നത്ര അക്ഷരസ്ഫുടതയോടെയാണ് ആ നീട്ടിവിളി !
എന്നാൽ ആ കുഞ്ഞു ശബ്ദം പലപ്പോഴും അക്കരെയെത്താറോ, വിനുവച്ഛൻ ഇങ്ങോട്ട് നോക്കാറോ ഇല്ല.

അക്കരെ, അച്ഛനെക്കണ്ടുള്ള 
അവന്റെയാ വെപ്രാളംകണ്ട് സുഭദ്രയവനെ വാരിയെടുത്തുമ്മ വച്ചു. അവന്റെയതേ കുട്ടിത്തം നാവിലുൾക്കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു...

:നാളെ നമുക്ക് അച്ഛന്റെയടുത്ത് പോവാട്ടോ.  നാളെ തിറയുത്സവത്തിന് അച്ഛനാടുമ്പോള് നമുക്ക് കാണാട്ടോ...അവിടുന്ന് അമ്മ കുഞ്ഞുവണ്ടിയും ബലൂണും ഒക്കെ വാങ്ങിത്തരാലോ ...തെയ്യാട്ടം കഴീമ്പോ അച്ഛൻ നമുക്കൊപ്പം വീട്ടിലേക്ക് വരൂലോ " ആ ഓർമ്മയിൽ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു വേലിയേറ്റം !

അത് മനസ്സിലാവാതെ,കവിളുകൾ പിണക്കത്തിൽ തുടുപ്പിച്ച് അവൻ തുടർന്നു.
"ഇനിക്ക് ബലൂണൊന്നും വേണ്ട,ഇന്റെ അച്ഛ വന്നാ മതി."
അവൻ വീണ്ടും ആ കുഞ്ഞുകൂടാരത്തിലേക്ക് മിഴിയയച്ചുകഴിഞ്ഞു.

നമുക്ക് കാര്യത്തിലേക്ക് വരാം.
മനു നോക്കുന്ന ആ കുഞ്ഞുകൂടാരം.
അതൊരു നോമ്പുപുരയാണ്.

പ്രാചീന,പരമ്പരാഗത അനുഷ്ഠാന കലയായ തെയ്യത്തിന്റെ, അതായത്
പ്രതികരിക്കുന്ന ദൈവത്തിന്റെ കഠിന വ്രതപ്പുര !
 ഭക്ഷ്യവ്രതവും, കർമ്മവ്രതവും ! അതാണ് ചിട്ടയിൽ പ്രധാനം.
മത്സ്യമാംസാദികൾ ഒഴിവാക്കി, ഭാര്യാ സംസർഗ്ഗം വെടിഞ്ഞ്, സദ്ചിന്തയിൽ മനഃശുദ്ധി കൊള്ളേണ്ട നീണ്ട നോമ്പുകാലം...!

ഇന്ന്, ആ ദിവസമെത്തിയിരിക്കുന്നു.
ഇന്ന്
ചിറപ്പുകാവിൽ തെയ്യം !പരിസരം തിങ്ങിനിറഞ്ഞ പ്രദേശവാസികൾ..

അവർക്കൊപ്പം,
അല്പം നേരത്തേതന്നെ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം,
നേര്യത്ചുറ്റി, അല്പം മുല്ലപ്പൂവ്ചൂടി, വലിയവട്ടത്തിൽ കുങ്കുമംതൊട്ട്, സുന്ദരിയായ,സുഭദ്ര; പുത്തൻ നിക്കറും ഷർട്ടുമിടുവിച്ച്  മകനെയൊരുക്കി അമ്പലമതിലിനരികെ സ്ഥാനംപിടിച്ചിരിക്കുന്നു...
അച്ഛനെക്കാണാൻ
അവന്റെ കണ്ണുകൾ ചുറ്റും പരതുന്നുണ്ട്.എവിടെയും അച്ഛനെക്കാണാതെ അവൻ  നിരാശനായിരിക്കുന്നു...

കേൾക്കുന്നില്ലേ ? വശത്തൊരിടത്ത്, ചെണ്ടമേളവും വായ്ത്താരിയും ! തെയ്യത്തിന്റെ അകമ്പടിക്കാരാണ്...
ചുറ്റും സുഗന്ധപൂരിതമായ,ഭക്തിസാന്ദ്രമായ അന്തരീക്ഷം !

സുമുഹൂർത്തമാവുന്നു.

അത് നോക്കൂ,, കാണുന്നില്ലേ ? തെയ്യത്തിന്റെ പുറപ്പാടാണ് ! കൂടാരമുഖത്തുനിന്നും കിലുങ്ങുന്ന കാലടികളോടെ, അഷ്ടദിക്പാലകരെ തൊഴുതു വണങ്ങി അനുഗ്രഹം വാങ്ങാൻ,
മനുഷ്യരിലെ പ്രതികരിക്കുന്ന ദൈവത്തിന്റെ ചടുലമായ ചിലമ്പൊലിയോടെ,

അനുഷ്ടാന ധർമ്മത്തിൽ, മനോഹരമായി
ഉടുത്തൊരുങ്ങിയ കോലധാരി...മുഖത്ത് കോലരൂപത്തിന് അനുയോജ്യമായ സമ്പുഷ്ടമായ ചമയക്കൂട്ടുകൾ..ശിരസ്സിൽ കെട്ടിമുറുക്കിയ കോലക്കിരീടം..കാലിൽ ഓരോ നടയിലും,
വായ്ത്താരിക്കൊപ്പം ചൊല്ലിക്കിലുങ്ങുന്ന കാൽച്ചിലമ്പുകൾ...

അത് കണ്ടപാടേ, സുഭദ്ര മനുവിന്റെ കാതിൽ ചൊല്ലിക്കഴിഞ്ഞു.മോനു കണ്ടോ ? "അത് മോനൂന്റെ അച്ഛയാണ് ! "അവനാ രൂപത്തെ കണ്ണിമയ്ക്കാതെ നോക്കുന്നു, ഒപ്പം ഉച്ചത്തില് വിളിച്ചു."അച്ഛാ,അച്ഛാ..."
പക്ഷേ, ആ കുഞ്ഞുശബ്ദം, മേളത്തിലും, ജനക്കൂട്ടത്തിന്റെ ആരവങ്ങളിലും മുങ്ങിപ്പോയോ ?
അച്ഛനാ ഭാഗത്തേക്ക് നോക്കിയതേയില്ല !

അമ്മയുടെ കൈവിടുവിച്ച്, അച്ഛനടുത്തേക്ക് പലതവണ കുതിക്കാൻ തുടങ്ങിയ മനുവിനെ, പിടിയിലൊതുക്കി നിർത്താൻ പലപ്പോഴും സുഭദ്ര പ്രയാസപ്പെട്ടു...

മേളത്തിനൊപ്പം, അതാ കോലധാരിയുടെ പുറപ്പാടിനുമുമ്പ്, കൈമുദ്രകളുടെ അകമ്പടിയോടെ തോറ്റംപാട്ട് !

പട്ടുപുടവ, ചിലങ്ക, വെള്ളി വാളേന്തി,
തോട, കുരുത്തോല, ആടയാഭരണങ്ങളും,ചമയങ്ങളാകെ, അണിഞ്ഞേറ്റം, വിനീത, വിധേയനീ, നാടിന്റെ ദൈവം, തെയ്യക്കോലധാരി, പാവങ്ങടെ നാവ്, കീഴാളനിൽ കുടിയേറി, മേലാളനായവൻ...
ജാതിക്കോമരചിന്തയിൽ നിന്നും ഉയിരേറിയ,ഉശിരേറിയ ദൈവം...!
ഞാൻ പറയുന്നു, "പ്രപഞ്ചമനശ്വരം, ചരാചരങ്ങൾക്ക്  നാശം. കാരണഹേതു, ബുദ്ധിഹീനൻമാർക്ക് മനസ്സിലാവില്ല,അല്ലേ ?" തുടരുന്ന തോറ്റത്തിൽ
മുഖം രൗദ്രതയിൽ ബീഭത്സമാണ് !

തോറ്റത്തിനവസാനം, ആൾക്കൂട്ടത്തിനു
നടുവിലേക്ക് ഓടിയിറങ്ങുന്ന തെയ്യക്കോലം !

അതാ, ചുറ്റും കൂടിനിന്ന് ആർത്തുവിളിച്ച് പ്രതികരിക്കുന്ന ദൈവത്തെ കളിയാക്കുന്ന,കൗമാരവും യുവത്വവും! 

കലിപൂണ്ട ചുവടുകളിൽ, വാളേന്തി, ചുഴറ്റിവീശി അവരെ തുരത്തുന്ന തെയ്യം ! മുറുകുന്ന മേളം ! അതങ്ങനെ മണിക്കൂറുകളോളം തുടർന്നുകൊണ്ടേയിരിക്കുന്നു.കൂവിയാർത്തു കളിയാക്കുന്ന ജനക്കൂട്ടവും, അവരെ തുരത്തുന്ന തെയ്യവും ! അതാണ് ആ തെയ്യത്തിന്റെ പ്രത്യേകത !

ഓർക്കാപ്പുറത്തൊരുനിമിഷം ! തന്റെ കൈയ്യാളരിൽനിന്ന്,, പ്രാർത്ഥനയോടെ, വാളുകൾ മാറിമാറിവാങ്ങി,,കളിയാക്കുന്ന ജനക്കൂട്ടത്തിനുനേരെ ചുഴറ്റിവീശുന്ന വെള്ളിവാളുമേന്തി, പരക്കംപാഞ്ഞു നടന്ന്, ഉറഞ്ഞുതുള്ളുന്ന രൗദ്രദൈവത്തിനുമുന്നിലേക്ക്,സുഭദ്രയുടെ കൈവിടുവിച്ച് അപ്രതീക്ഷിതമായി കുതിച്ചെത്തുന്ന മനു !

ആരവത്തിൽ മുങ്ങിപ്പോവുന്നെങ്കിലും അവന്റെ ചുണ്ടിൽ ഒരേയൊരു മന്ത്രം !
"അച്ഛാ...എന്റച്ഛാ ...."

തെയ്യം വീശുന്ന വാളേൽക്കാതെ, ഒഴിഞ്ഞുചിതറിയോടുന്ന ആളുകൾക്കിടയിൽനിന്ന്,
ഒഴിഞ്ഞുമാറാനറിയാത്ത മനുമാത്രം മുന്നോട്ട് ! ദൈവത്തിനടുത്തേക്കല്ല,അവന്റെമാത്രം അച്ഛനടുത്തേക്ക് !

ഒരു നിമിഷം ! 
കേൾക്കുന്നത് വാൾത്തലപ്പേറ്റ് പിടഞ്ഞുവീഴുന്ന അവന്റെ അലറിക്കരച്ചിലാണ് ! ഒപ്പം സുഭദ്രയുടേയും, ജനക്കൂട്ടത്തിന്റെയും ! 

 നിലച്ചുപോയ ചെണ്ടമേളത്തിലും വാളിൽ പുരണ്ട രക്താഭിഷേകവുമായി തെയ്യം ചടുലനൃത്തം തുടർന്നു...

നിമിഷംപോലും വൈകിക്കാതെ
കാണികൾ കുഞ്ഞിനെയെടുത്ത് ആശുപത്രിലേക്കോടിയെങ്കിലും, കുഞ്ഞുശരീരത്തിന്റെ ജീവൻ കുടിയിറങ്ങിയതിനൊപ്പം,
അവന്റെ പ്രിയപ്പെട്ട അച്ഛന്റെ,മനസ്സിനകത്തും, പുറത്തും,
കനലുകളുടെ തീക്കുണ്ഡം നിറച്ച്,  ആ ശരീരത്തിൽനിന്നും
മനസ്സിൽനിന്നും, പ്രിയപ്പെട്ട ദൈവവും കുടിയിറങ്ങിക്കഴിഞ്ഞിരുന്നു...
.

Join WhatsApp News
Ponmelil Abraham 2020-04-18 21:23:47
That was a tragic end of the story. I hope this is only a story but theme and interpretation of the story is of highest quality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക