Image

പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിയ്ക്കുക : നവയുഗം.

Published on 18 April, 2020
പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിയ്ക്കുക : നവയുഗം.
ദമ്മാം: പ്രവാസി ഇന്ത്യക്കാരോടുള്ള ചിറ്റമ്മനയം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കമുള്ളവ ഇന്ത്യയില്‍ നിന്നും സ്വന്തം പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സ്വന്തം നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടു പോയത് നാം കണ്ടു. പാകിസ്ഥാന്‍ പോലും യു.എ.ഇയിലുള്ള സ്വന്തം പൗരന്മാരെ മടക്കികൊണ്ടു പോകാന്‍ നടപടി സ്വീകരിച്ചു വരുന്നു.  ഒരു രാജ്യത്തിന് അതിന്റെ പൗരന്മാരോടുള്ള ഉത്തരവാദിത്വമാണത്. എന്നാല്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ചെയ്യുന്നത്.
കൊറോണ രോഗഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിഭ്രാന്തരായി കഴിയുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന പരസ്യമായ നിലപാടെടുത്ത മോഡി സര്‍ക്കാര്‍, ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

വിസിറ്റ് വിസയില്‍ എത്തിപെട്ടു പോയവരും, മറ്റു രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവരും, ഗര്‍ഭിണികളും അടക്കമുള്ള പ്രവാസികളെ അടിയന്തരമായി ഇന്ത്യയിലേയ്ക്ക് മടക്കിക്കൊണ്ടു പോകണമെന്ന് നവയുഗം ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും, തിരിച്ചു വരുന്ന പ്രവാസികളെ ക്വറന്റൈന്‍ ചെയ്യാനും ചികിത്സിയ്ക്കാനുമുള്ള എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ടെന്ന് കേരളസര്‍ക്കാര്‍ അടക്കം പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തെ അറിയിച്ചിട്ടും,ആ ആവശ്യത്തോട് മുഖം തിരിച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഈ വിഷയത്തില്‍ പ്രവാസി സംഘടനകള്‍ നല്‍കിയ കേസുകളില്‍ പോലും, കോടതികളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന സത്യവാങ്മൂലങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ലക്ഷക്കണക്കിന്  പ്രവാസികളെ വെറും കറവപ്പശുക്കളായി മാത്രം കാണുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണിത്.

പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും, അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചു കാണിച്ച ആത്മാര്‍ത്ഥതയുടെ ഒരംശമെങ്കിലും, സ്വന്തം പൗരന്മാരായ പ്രവാസി ഇന്ത്യക്കാരെക്കുറിച്ചു മോദിയും, അമിത്ഷായും കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ പ്രവാസികളും അല്ലാത്തവരുമായ എല്ലാ ഇന്ത്യക്കാരും ശക്തമായി പ്രതിഷേധിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക