Image

അനുശോചനം അരോചകമാവുമ്പോള്‍ (രാജു മൈലപ്ര)

Published on 19 April, 2020
അനുശോചനം അരോചകമാവുമ്പോള്‍ (രാജു മൈലപ്ര)
സ്വന്തപ്പെട്ടവരുടേയും ബന്ധപ്പെട്ടവരുടേയും ജീവിതം കൊറോണ വൈറസിനു കീഴടങ്ങുമ്പോള്‍, മനസ് മരവിച്ചുപോവുകയാണ്. തട്ടിയും, മുട്ടിയും, ഇണങ്ങിയും, പിണങ്ങിയും, കൊച്ചുകൊച്ചു തമാശകള്‍ക്കു പോലും പൊട്ടിച്ചിരിച്ചുകൊണ്ട് കൂടെ നടന്നവര്‍ പെട്ടെന്നു കൂട്ടത്തില്‍ നിന്നും പറിച്ചുമാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ഒരു നിസഹായാവസ്ഥ.

കൊറോണ വൈറസ് മൂലമോ, അതല്ലാതെയോ മരണപ്പെടുന്നവര്‍ക്ക് അടുത്തു നിന്ന് അന്തിമോപചാരമര്‍പ്പിക്കുവാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ടെലികോണ്‍ഫറന്‍സ് മാത്രമാണ് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുവാന്‍ നിലവിലുള്ള ഏക മാര്‍ഗ്ഗം. സംഘടനകളെ കൊണ്ട് മാത്രമേ ഇത്തരം മീറ്റിംഗുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ഇത്തരം ചില "സമ്മേളനങ്ങള്‍' പലപ്പോഴും മരിച്ചുപോയ വ്യക്തികളോടുള്ള ആദരവിനു പകരം അവഹേളനമായി മാറുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.

ഇതുപോലെയുള്ള ടെലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമ്പോള്‍, പ്രഥമവും പ്രധാനവുമായ ഒരു കാര്യം ടെലിഫോണ്‍/ഓഡിയോ കണക്ഷന്‍സ് വളരെ വ്യക്തമായിരിക്കണമെന്നുള്ളതാണ്. ഇതിനിടയിലുള്ള പൊട്ടലും ചീറ്റലും സഹിക്കാവുന്നതിനപ്പുറമാണ്. ഈ രംഗത്ത് പരിചയസമ്പന്നരായ പ്രൊഫഷണലുകളേയാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല ഏല്‍പിക്കേണ്ടത്. മീറ്റിംഗ് തുടങ്ങുന്നതിനു മുമ്പ് ഒരു "ടെസ്റ്റിംഗ്- ടെസ്റ്റിംഗ്' നടത്തി ഇതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതാണ്.

മീറ്റിംഗ് നിയന്ത്രിക്കുവാന്‍ കഴിവുള്ളവരെ മാത്രമേ ചുമതലപ്പെടുത്താവൂ. "അധികപ്രസംഗങ്ങള്‍' ആവശ്യമില്ല എന്നു അനുശോചനം അറിയിക്കാന്‍ താത്പര്യപ്പെടുന്നവരെ മുന്‍കൂട്ടി അറിയിക്കണം. രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ അനുശോചനം ആവശ്യമില്ല. ഇതൊരു പ്രസംഗമല്ല എന്ന ബോധം അവര്‍ക്കുണ്ടാകണം. മരിച്ച വ്യക്തിയെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് വിളമ്പുവാനുള്ള ഒരു വേദിയല്ല ഇത്. അവരുടെ ഓരോ ബന്ധുമിത്രാദികളോടും പേരെടുത്തു പറഞ്ഞ് പ്രത്യേകം പ്രത്യേകം അനുശോചിക്കേണ്ട കാര്യമില്ല.

വിവിധ ജാതി മത വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരം അവസരങ്ങളില്‍ ബൈബിള്‍ വാചകങ്ങളോ, ഹൈന്ദവസൂക്തങ്ങളോ കൂടെക്കൂടെ ഉദ്ധരിക്കേണ്ട ആവശ്യമില്ല. 'ക്രിസ്തുവില്‍ക്കൂടി മാത്രമേ നിങ്ങള്‍ക്ക് നിത്യജീവന്‍ പ്രാപിക്കാനാവുകയുള്ളുവെന്നും, സ്വര്‍ഗ്ഗരാജ്യത്തിനു അവകാശികളാകാന്‍ അര്‍ഹത ലഭിക്കുകയുമുള്ളുവെന്ന്', ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഒന്നിനു പുറകെ ഒന്നായി പ്രാസംഗീകര്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഇതു കേട്ടിരിക്കുന്ന മറ്റു മതവിശ്വാസികളുടെ മനസ്സിലെ വികാരം എന്തായിരിക്കും?

പങ്കെടുക്കുന്ന പുരോഹിന്മാരെല്ലാം ആമുഖ പ്രാര്‍ത്ഥനയും, ആശീര്‍വാദവും നല്‍കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

മീറ്റിംഗുകള്‍ കൊഴുപ്പിക്കാന്‍ നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കേണ്ട ഒരു കാര്യവുമില്ല. അവരുടെ ഊഴം വരുമ്പോള്‍ അവര്‍ മിക്കവാറും യാത്രകളിലായിരിക്കും- കാറിന്റെ നിര്‍ത്താതെയുള്ള ഹോണടിയും, അണികളുടെ ചലപില ശബ്ദവും, അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മരണപ്പെട്ട ഈ വ്യക്തികളുടെ കുടുംബത്തോട് എന്ത് അനുശോചനമാണ് അവര്‍ക്ക് അറിയിക്കുവാനുള്ളത്? 'അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്തുനല്‍കും' എന്ന ഒരു ഭംഗിവാക്കിനപ്പുറം കേരളത്തിലെ ഒരു ജനപ്രതിനിധിക്ക് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും? നാട്ടില്‍ നിന്നുള്ള നേതാക്കന്മാരെ തീര്‍ച്ചയായും ഒഴിവാക്കുക.

വിവിധ സംഘടനകളുടെ വകയായി ഒരേ ദിവസം ഒരേ സമയത്തുതന്നെ ഇത്തരം ടെലി കോണ്‍ഫറന്‍സുകള്‍ നടക്കുന്നത് തികച്ചും അപലപനീയമാണ്. അതൊന്ന് ക്രമീകരിക്കുവാനുള്ള വകതിരിവുപോലും, മലയാളികളുടെ ഐക്യത്തെപ്പറ്റി കൂടെകൂടെ ഉദ്‌ബോധിപ്പിക്കുന്ന നേതാക്കള്‍ക്കില്ലാതെ പോകുന്നത് കഷ്ടമാണ്. ഈ അനുശോചന മീറ്റിംഗുകള്‍ സംഘടനയുടെ മഹിമ കാണിക്കുവാനുള്ള ഒരു മത്സരമാകരുത്.

നടപ്പിലാക്കാന്‍ കഴിവില്ലാത്ത വാഗ്ദാനങ്ങള്‍ വാരിവിളമ്പരുത്. കേരളത്തില്‍ നിന്നും മരുന്നും മറ്റും എത്തിച്ചു നല്‍കുമെന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ്.

'ലോഗ്ഇന്‍' ചെയ്യുന്നവരെല്ലാം പ്രാംഗീകരാകണമെന്നില്ല. കേള്‍വിക്കാരും വേണമല്ലോ. എത്ര പേര്‍ സംസാരിക്കണമെന്നുള്ളതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ വേണം.

അനുശോചനം അറിയിക്കാമെന്നു ഏറ്റവരെ ആ സമയത്ത് കിട്ടിയില്ലെങ്കില്‍ അവരെ തേടിപ്പിടിച്ചു കൊണ്ടുവന്ന് നിര്‍ബന്ധമായി രണ്ടു  വാക്ക് പറയിക്കേണ്ട ഒരു കാര്യവുമില്ല.

എടുത്തുചാടി ഒരു അനുശോചന മീറ്റിംഗ് തട്ടിക്കൂട്ടി നടത്തി ഒന്നാമനാകുന്നതിനേക്കാള്‍ നല്ലത്- അര്‍ഹിക്കുന്ന ഗൗരവത്തോടും പാവനതയോടുംകൂടി നടത്തുന്നതാണ് അഭികാമ്യം.

അല്ലെങ്കില്‍ അനുശോചന സമ്മേളനങ്ങള്‍ പലപ്പോഴും ആദരവിനു പകരം അവഹേളനമാകും- അരോചകവും !
Join WhatsApp News
Lyssy Alex 2020-04-19 23:46:52
Very well said.
Chavara Zach 2020-04-20 08:25:39
Great!!!
Observer 2020-04-20 08:27:31
Congratulations to the author for shedding some lights on this subject with his thought provoking observations. On second thought, is this kind of prayer meeting really necessary? Isn't it more painful to the families, rather than a solace to them. The so called leaders should consider this matter.
zach chavara 2020-04-20 08:36:46
kalakki
Thinker 2020-04-20 08:39:18
കോവിഡ് കാലത്തു മരിച്ച നാല്പത്തഞ്ചിലധികം വ്യക്തികളുടെ നിത്യശാന്തിക്കുവേണ്ടി ഒരു പ്രാര്ഥനാഞ്ജലി നടത്തിയത് വളരെ നന്നായി, ഒരു സംശയത്തെ മാത്രം, പ്രസംഗികർക്കോ കേൾവിക്കാർക്കോ എന്തെങ്കിലും മനസ്സിലായോ? ഇത് കൊണ്ട് ആര് എന്ത് നേടി?
Family Member 2020-04-20 08:53:24
അനുശോചന മീറ്റിംഗിന്റെ അറിയിപ്പിൽ ചേർത്ത ഫോട്ടോകളിൽ പലരും കൊറോണ മൂലമല്ല മരിച്ചത്. ഇവരുടെ ഫോട്ടോകൾ ചേർക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമല്ലേ ചെയ്യുന്നത്? കൊറോണയെ പേടിച്ചു പലരും കുറച്ചുനാളെത്തേക്കു ഇവരുടെ വീട്ടുകാരിൽ നിന്നും അകലം പാലിക്കുവാനുള്ള സാത്യത ഉണ്ട്. പല വീട്ടുകാരും ഈ ആൾക്കൂട്ട അനുശോചനം ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
Mariakutty 2020-04-20 12:56:38
താങ്കളോടു പൂർണ്ണമായും യോജിക്കുന്നു. പലരും പറയാൻ ആഗ്രഹിച്ചിട്ടും മനസിലൊതുക്കിയ കാര്യങ്ങൾ താങ്കൾ വ്യക്തമായി എഴുതിയതു വായിച്ചപ്പോൾ ആദരവ് തോന്നി. എല്ലാവരും വായിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
നാടുകാണി 2020-04-20 10:10:54
അതെ രാജു സാർ ... സംഘടനയുടെ മഹത്വം കാണിക്കുവാനുള്ള മത്സരംതന്നെയാണിത് . അവരവരുടെ സംഘടനയുമായി ബന്ധപ്പെട്ടവർ മരിക്കുമ്പോൾ ആ സംഘടനയിലുള്ളവർ അനുശോചനമറിയിക്കട്ടെ .അതിൽ തെറ്റില്ല . ഇതിപ്പോൾ ആരൊക്കെയാണെന്നുപോലും അറിയാതെ , കോവിഡ് മൂലവും അല്ലാതെയും മരിച്ചവരുടെ പടവുമിട്ട് മത്സരിച്ചു ടെലി അനുശോചനാവും സർവ്വ മത പ്രാർത്ഥനയും നടത്തുന്നു . ഈ പരേതരുടെ പടങ്ങളിട്ട് മഹത്വം കാണിക്കുവാൻ ആ മരിച്ചവരുടെ അവകാശികളുടെ അനുവാദമെങ്കിലും വാങ്ങിക്കണ്ടെ ..അതല്ലേ മര്യാദ. കേരളത്തിലെ രാഷ്ട്രീയക്കാരെ ഇതിൽ ഉൾപ്പെടുത്തുന്നത് ഞങ്ങളുടെ സംഘടനയ്ക്ക് അങ്ങ് കേരളാ രാഷ്ട്രീയത്തിലും സ്വാധീനമുണ്ടെന്ന് കാണിക്കുവാനാണ് . അവിടെ ചെല്ലുമ്പോൾ സംഘടനാ നേതാക്കന്മാർക്ക് ശവത്തിൽ ഇടുന്ന പൊന്നാടയും ഒരു അവാർഡും കിട്ടണമല്ലോ . നിങ്ങളുടെ സംഘടനയിൽ ഉള്ളവരോ അവരുടെ ബന്ധുക്കളോ മരിക്കുമ്പോൾ നിങ്ങൾ കൂട്ടം ചേർന്ന് സർവ്വമത പ്രാർത്ഥനയും അനുശോചനവും നടത്തിക്കോളൂ . നിങ്ങളുടെ സംഘടനകളുമായി ബന്ധമില്ലാത്ത മറ്റുള്ളവരെ വെറുതെ വിടൂ ..പ്ലീസ് ..
josecheripuram 2020-04-20 12:18:29
I think Malayalees are celebrating Death.
കോമണ്‍സെന്‍സ് മരിച്ചവര്‍ 2020-04-20 11:29:41
മരിച്ചവര്‍ ആരും ഇ മലയാളില്‍ നിങ്ങള്‍ എഴുതുന്ന അനുശോചനം വായിക്കുമോ! മരിച്ചവരുടെ ബന്ദുക്കള്‍ ഫുനറിനുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ ആരൊക്കെ ഇ മലയാളിയില്‍ അനുശോചനം അറിയിച്ചു ആരൊക്കെ മരിച്ചവരെ അബ്രഹാമിന്‍റെ മടിയില്‍ ഇരുത്താന്‍ റെക്കമന്റ് ചെയുന്നു എന്ന് നോക്കി ഇരിക്കുകയാണോ? മരിച്ചവരെ നിങ്ങള്‍ക്ക് നേരിട്ട് അറിയാം എങ്കില്‍ അനുശോചനം അവരുടെ കുടുംബക്കാരെ അറിയിക്കുക, അതാണ് കോമണ്‍ സെന്‍സ്. കോമണ്‍ സെന്‍സ് ഇല്ലാത്ത ട്രംപന്‍ മാരുടെ കൂടെ കൂടി മിടുക്കന്‍ മലയാളിയുടെ ബുദ്ധിയും ബോധവും നശിച്ചു.
Abraham. G. 2020-04-20 13:06:14
ഞങ്ങളൊക്കെ പറയാൻ ആഗ്രഹിച്ചത് പറഞ്ഞതിന് നന്ദി. പരേതരുടെ ആല്മമക്കൾകും ഉറ്റവർ നഷ്ട്ടപെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുക. ഈ മഹാമാരിയെ അകറ്റി മനുഷ്യരാശിയെ രക്ഷിക്കുവാൻ ജഗദീശരനോടു മുട്ടിപ്പായി പ്രാർത്ഥിക്കാം.
kuchan nambyar 2020-04-20 14:11:27
പൊതുജനമെല്ലാം ക്വാറന്റൈനിൽ … ജോലിയുമില്ല കൂലിയുമില്ല മറ്റൊരു കൂട്ടർ ഞെട്ടിവിറച്ചു നേതാക്കന്മാർ എന്നൊരു കൂട്ടർ ഷർട്ടും കോട്ടും സൂട്ടുമണിഞ്ഞ് നാടൊട്ടുക്ക് നട ന്നീടു ന്നോർ വീട്ടിലിരിപ്പവർക്കറിയില്ലലോ .. ഏത് വീട്ടിലിരുപ്പവർക്കറിയില്ലലോ !!! ചുറ്റും “മോബ് ” ഇല്ലാതവർ ജീവിക്കില്ല ജീവിക്കാനവർക്കറിയില്ലലോ വായു വലിക്കാനില്ലെന്നാലും "മോബ് " ഇല്ലാതവർക്കാവില്ലലോ "തള്ളണ”മെന്നും… എന്നും “തള്ളണം” തമ്മിൽ കാണാതെങ്ങിനെ തള്ളും ഫോണിനടുത്തവർ പിടിവലിയായി കോൺഫറൻസ് കാളി ന്നടിപിടിയായി
Palakkaran 2020-04-20 21:31:46
രാജു മാത്രമാണ് സത്യം പറഞ്ഞത്. ഈ മീറ്റിംഗുകൾ തികച്ചും അരോചകമായിത്തീർന്നിരിക്കുന്നു. കോവിഡ് രോഗിയുടെ വീട്ടിലോട്ട് പത്തു കിലോ അരി വേണമെന്ന് പറഞ്ഞാൽ ഇവനൊന്നും ആ പരിസരത്തേക്ക് തിരിഞ്ഞു നോക്കത്തില്ല. കഷ്ടം!!
mathew v zacharia new Yorker, 2020-04-21 09:08:05
Raju Melapra: Very pragmatic advisor. Mathew V. Zacharia, Pioneer of Keralites, New Yorker
Krishnan K Nair 2020-04-23 12:09:39
Absolutely right Raju, Keep it up!
Jacob M 2020-04-23 16:21:54
Well done Raju! One of the famous malayalee died and after Malayalee "so called"leaders called his family to attend the tele conference. You know what they said?.... Very sad about these stupid so called leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക