Image

രാത്രി ( കവിത: രമണി അമ്മാൾ )

Published on 22 April, 2020
രാത്രി ( കവിത: രമണി അമ്മാൾ )


ഒളിക്കുവാനേറെയുണ്ടീ രാത്രിക്കു  മനസ്സിന്റെയുളളറകളിൽ....!
ഇരുളു വീഴുമ്പോൾ 
താനേ തുറക്കുന്ന,
വെട്ടമുണരുമ്പോൾ
താനേയടയുന്ന 
രാത്രിയുടെ നിലവറയ്ക്കുളളിൽ
നിഗൂഡതകൾ ചേക്കേറിപ്പാർക്കുന്നു...!
പകലസ്തമനം ഉദയമാണു രാത്രിക്ക്..!..
പകൽവെട്ടം ഭയക്കുന്ന 
നിഴലുകളുടെ
അപഥസഞ്ചാര വീഥികൾ രാത്രി...
കാഴ്ചയും കേഴ് വിയും മനസ്സു മരവിക്കും
ഉറക്കം മരിക്കുന്ന നാഴിക വിനാഴികകൾ..!
ഭീകര ദൃശ്യങ്ങളുടെ ആവർത്തന  നടനം...!
തേങ്ങലുകൾ കിതപ്പുകൾ
ഞരക്കങ്ങളന്തരീക്ഷമാകെ കയ്യടക്കുമ്പോൾ, 
ശോക മൂക
ബധിരയാവുന്ന രാത്രി...!

അകക്കണ്ണു മൂടിക്കെട്ടി 
ഉറക്കച്ചടവോടെ 
പകലിനു വഴിമാറിയൊഴിയുന്ന രാത്രി...!
ഒന്നുമേ, കണ്ടില്ല,  കേട്ടില്ല താനെന്ന് 
ഒരു നൂറുവട്ടം തന്നെത്താൻ
ധരിപ്പിക്കും രാത്രി..!
കണ്ണും കാതും  കൊട്ടിയടച്ചു 
പകലിനെ പൂണ്ടുറങ്ങാൻ 
കൊതിക്കുന്ന  രാത്രി......


രമണി അമ്മാൾ, രമണിക 
വൈൽഡ് ഫ്ളവർ വാലി,
മാങ്ങാനം പി.ഒ.
കോട്ടയം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക