Image

ക്രൈസ്തവ കാളിദാസന്‍ മഹാകവി കട്ടക്കയം (റജി നന്തികാട്ട്)

റജി നന്തികാട്ട് Published on 23 April, 2020
ക്രൈസ്തവ കാളിദാസന്‍  മഹാകവി കട്ടക്കയം (റജി നന്തികാട്ട്)
മലയാള ഭാഷയുടെ സുവര്‍ണ്ണകാലം ആയിരുന്നു പത്തൊന്‍പതാം ന്നൂറ്റാണ്ടു. കവിത്രയങ്ങള്‍ എന്നറിയപ്പെട്ട ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍
ജീവിച്ച കാലം. ഉള്ളൂരും വള്ളത്തോളും മഹാകാവ്യങ്ങള്‍ എഴുതി മഹാകവി പട്ടം നേടിയപ്പോള്‍ മഹാകാവ്യം എഴുതാതെ മഹാകവി പട്ടം നേടിയ കവിയായിരുന്നു കുമാരനാശാന്‍. അതെ കാലഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ പാലായില്‍ ജീവിച്ച മഹാകവി ആയിരുന്നു കട്ടക്കയം
ചെറിയാന്‍ മാപ്പിള. പാലായും സമീപ പ്രദേശങ്ങളും  മലയാള ഭാഷക്ക്  നിരവധി  എഴുത്തുകാരെ സമ്മാനിച്ചിട്ടുണ്ട്. രാമപുരത്ത് വാരിയര്‍, മഹാകവി പാലാ നാരായണന്‍ നായര്‍, മലയാളത്തിലെ ആദ്യ യാത്രാവിവരണം എഴുതിയ പാറേമ്മാക്കല്‍ തോമാ കത്തനാര്‍, ലളിതാംബിക അന്തര്‍ജ്ജനം, കവി എഴാച്ചേരി രാമചന്ദ്രന്‍, സക്കറിയ,  പുതിയ തലമുറയിലെ സന്തോഷ് പാലാ അങ്ങനെ പോകുന്നു.

മലയാള ഭാഷയ്ക്ക്  അവഗണിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ സാഹിത്യകാരനായിരുന്നു  കട്ടക്കയം ചെറിയാന്‍ മാപ്പിള.  എന്നാല്‍
അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല എന്നത് സത്യം. കവിതകളും നാടകങ്ങളും എഴുതി മലയാള സാഹിത്യരംഗത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ കട്ടക്കയം ചെറിയാന്‍ മാപ്പിള ശ്രീയേശു വിജയം എന്ന മഹാകാവ്യത്തിലൂടെ
വളരെ പ്രശസ്തനായി.

കോട്ടയം ജില്ലയിലെ പാലായില്‍ 1859 ഫെബ്രുവരി 24 നു കട്ടക്കയം ഉലഹന്‍ മാപ്പിളയുടേയും   സിസിലിയുടേയും ഏഴുമക്കളില്‍ നാലാമനായി കട്ടക്കയം ജനിച്ചു.   പ്രാഥമിക പഠനം എഴുത്തുകളരിയില്‍ നിന്നും പൂര്‍ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്ടാംഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സില്‍ കൂടച്ചിറവീട്ടില്‍ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടര്‍ന്ന് വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളില്‍ നിരവധി കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. 1913 -ഇല്‍ തുടങ്ങിയ വിജ്ഞാനരത്‌നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. മീനച്ചില്‍ റബര്‍ കമ്പനി എന്നപേരില്‍ ഒരു റബര്‍ വ്യാപാരസ്ഥാപനം തുടങ്ങന്നതില്‍ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബര്‍ 29 നു ആയിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം.

 
കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ ഏറ്റവും പ്രസിദ്ധമായ കൃതി വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തെ ആധാരമാക്കി രചിച്ച   ശ്രീയേശുവിജയം എന്ന മഹാകാവ്യമാണ്. മലയാളിയുടെയും മലയാള ഭാഷയുടെയും ചുറ്റുപാടിലേക്ക്  ബൈബിളിനെ  പറിച്ചു നട്ട കവി എന്ന നിലയിലാണ് കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള ചരിത്രത്തില്‍ ഇടം നേടിയത്.  അതുവരെ നിലനിന്നിരുന്ന ബിബ്‌ളിക്കന്‍ ആഖ്യാനരീതിയില്‍നിന്നു തികച്ചും വ്യത്യസ്തമായിരുന്നു  കട്ടക്കയത്തിന്റെ  ശൈലി.  ശ്രീയേശുവിജയം എന്ന കൃതിയിലൂടെ മഹാകവി എന്ന നിലയില്‍ അദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. ബൈബിള്‍ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീയേശുവിജയത്തിന്റെ രചന 1911 നും 1926 നും ഇടയിലാണ് നിര്‍വഹിച്ചിട്ടുള്ളത്. 3719 പദ്യങ്ങള്‍ 24 സര്‍ഗ്ഗങ്ങളിലായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. പിന്നീട് ഇതേ മാതൃകയില്‍ അനേകം ഖണ്ഡകാവ്യങ്ങളും നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി.
 
ശ്രീയേശുവിജയം (1911-1926),  എസ്‌തേര്‍ചരിതം, മാര്‍ത്തോമാചരിതം ( 1908), വനിതാമണി (1915), സൂസന്ന (1928),
 മാത്തുതരകന്‍ (1924), തിരഞ്ഞെടുക്കപ്പെട്ട പാത്രം ( 1926), ആസന്നമരണചിന്താശതകം (1895),  ജൂസേഭക്തന്‍ - 1880 എന്നീ കാവ്യങ്ങളും
 യൂദജീവേശ്വരി (1890),  വില്ലാള്‍വട്ടം (1894),  ഒലിവേര്‍വിജയം (1897), സാറാവിവാഹം (1902), കലാവതി (1903) തുടങ്ങിയ നാടകങ്ങളും
 കൈരളിക്ക് അദ്ദേഹം നല്‍കിയ സംഭാവനകളാണ്.

     
  'മിഷനറി അപ്പോലിസ്തിക്' എന്ന ബഹുമതി പീയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയില്‍നിന്നു അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി (1931)
  കേരളാ കത്തോലിക്ക കോണ്‍ഗ്രസ്സില്‍ നിന്നും കീര്‍ത്തിമുദ്ര (സ്വര്‍ണപതക്കം)ലഭിച്ചു.


ഒരു ക്രിസ്ത്യാനിക്ക് മഹാകവിപ്പട്ടം ചാര്‍ത്തികൊടുക്കുന്നതിലെ വിഷമം കൊണ്ടാണോ അതോ   കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂര്‍വം അദ്ദേഹത്തെ മാറ്റിനിര്‍ത്താനുമുള്ള ശ്രമത്തിന്റെ  ഭാഗമായോ  ആണോ  എന്നറിയില്ല കട്ടക്കയത്തിന്റെ ക്രൈസ്തവ കാളിദാസന്‍ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്. പാമ്പുകള്‍ക്കു രാജാവായി പൊട്ടക്കുളത്തിലെ നീര്‍ക്കോലി എന്നപോലെ, തട്ടിന്‍ പുറത്തു മൃഗരാജാവായി എലി വിലസുന്നതു പോലെ, കാട്ടാളന്‍മാരിലെ കാമദേവനായി കാപ്പിരി നടക്കുന്നതുപോലെ ക്രൈസ്തവരുടെ കാളിദാസനാണു കട്ടക്കയം എന്ന പരിഹാസമാണ് ആ കവിതയുടെ ആശയം. കവിത ഇങ്ങനെ:

''പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവകാളിദാസന്‍''

 കട്ടക്കയത്തിനോടുള്ള വിരോധമല്ല ഈ പരിഹാസത്തിന് കാരണമെന്നും  അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു . കട്ടക്കയം ക്രൈസ്തവ കാളിദാസന്‍ എന്നൊരാള്‍ നാലാം പാദം കൊടുത്തപ്പോള്‍ ഒരാള്‍ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങള്‍ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകള്‍ അക്കാലത്ത് പ്രസിദ്ധമായിരുന്നു എന്നും വാദിക്കുന്നവരും ഉണ്ട്.

മലയാള സാഹിത്യ രംഗത്ത് കട്ടക്കയം ചെറിയാന്‍ മാപ്പിള നല്‍കിയ സംഭാവനകള്‍ ചെറുതല്ല എന്നത് അദ്ദേഹത്തിന്റെ കൃതികള്‍ പഠന
വിധേയമാക്കുന്നവര്‍ക്ക്  മനസിലാകും.

ക്രൈസ്തവ കാളിദാസന്‍  മഹാകവി കട്ടക്കയം (റജി നന്തികാട്ട്)
Join WhatsApp News
palakkaran thomas 2020-04-23 13:10:29
അതു ശരിയാണു . ജാതിയോ മതമോ പറയുകയാണെന്നു ചിന്തിക്കരുത് . സത്യം പറയുകയാണ് . നാട്ടിലും ഇവിടേയും അങ്ങനെയൊക്കയാണ് . അതായതു ഒന്നും കാര്യാമായി എഴുതിയില്ലെങ്കിലും ഒരു പിള്ളയോ , മഹാപിള്ളയോ ഒക്കെ അയ്യാൾ മതി . അവരെയൊക്ക പൊക്കി പൊക്കി മഹാ എഴുത്തുകാരും പ്രസംഗകരും ഒക്കെ ആക്കിയെടുക്കാൻ ഇവിടെ മനുഷ്യർ മത്സരിക്കുകയാണ് . അങ്ങനെയല്ലത്തവർക്കു വേദിയില്ല . അവരെ കുക്കിയിരിക്കും. പാവം കട്ടകയത്തിനും അങ്ങിനെ പറ്റി .
Sudhir Panikkveetil 2020-04-23 14:38:25
"പാവം കട്ടകയത്തിനും അങ്ങിനെ പറ്റി ."Palkkaran Thomas. ശ്രീ മുട്ടത്ത് വർക്കി സാറിനെയും പൈങ്കിളി എന്ന് പറഞ്ഞു മാറ്റി നിർത്തി.
ജോസഫ് നമ്പിമഠം 2020-04-23 16:54:59
എഴുത്തുകാരൻ ക്രിസ്ത്യാനി ആയതുകൊണ്ടു മാത്രമല്ല അക്കാലങ്ങളിൽ അങ്ങിനെ സംഭവിച്ചത്. ഇടതുപക്ഷ ചിന്താഗതി ഉള്ള എഴുത്തുകാർക്ക് പലർക്കും അങ്ങിനെ സംഭവിച്ചിട്ടില്ല എന്ന് കൂടി അറിയണം. മുട്ടത്തു വർക്കിക്ക് കിട്ടിയ അവഗണന പൊൻകുന്നം വർക്കിക്ക് കിട്ടിയില്ല. വലതുപക്ഷ ചിന്താഗതിയുള്ള ക്രിസ്ത്യാനികളാണ് ഈ അവഗണക്കു കൂടുതലും വിധേയമായത്. കട്ടക്കയത്തിന്റെ പേരിലുള്ള ഈ വരികൾ പ്രശസ്തമായത് ഒരു പക്ഷെ കാളിദാസനോട് ഉപമിച്ചതുകൊണ്ടും ആകാം. ക്രൈസ്തവ എഴുത്തുകാർക്ക് അർഹിക്കുന്ന അംഗീകാരം മലയാള സാഹിത്യലോകം അന്നും ഇന്നും നൽകുന്നില്ല എന്നത് ആർക്കും നിഷേധിക്കാനാവില്ല. എഴുത്തുകാരന്റെ പേര് പലയിടത്തും അംഗീകാരങ്ങൾക്കു മാനദണ്ഡമാകുന്നുണ്ട്. ഇന്നത്തേക്കാൾ കൂടുതലായി അന്ന് അത് നിലനിന്നിരുന്നു എന്നെ ഉള്ളു.
Ninan Mathulla 2020-04-23 21:03:22
Racism is rampant in the minds of many Christians, Hindus and Muslims. Among different groups some have allegiance to their own sub-groups. Then these people will attack others for racism. When it comes to the marriage of their children we find their true colors. Some do so under peer pressure. With race comes status and prestige, and most do not want to lose that. Mahakavi K V Simon was a contemporary of Vallathol and others but the author forgot to mention him as a Maha Kavi. Is it because he belongs to a different Christian denomination? Mahakavi K V Simons’s ‘Vedaviharam’ is comparable to the work of any other Mahakavi in Kerala. Still many do not want to acknowledge K V Simon as Mahakavi. Is it racism? Most ignore him or act as he never existed.
JACOB THOMAS 2020-04-23 21:14:24
The author of the quoted derogatory stanza is none other than Mahaakavi Ulloor S. Parameswara Iyer. It was written in response to a "Samasya Pooranam" query sent to Ulloor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക