Image

നിത്യവിരഹമേ.... (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 23 April, 2020
നിത്യവിരഹമേ.... (കവിത: മാര്‍ഗരറ്റ് ജോസഫ്)
നിത്യവിരഹമേ, മരണമേ, നീ
മര്‍ത്യന് പൂമുഖവാതിലല്ലെ?
തീര്‍ത്ഥാടനം കഴിഞ്ഞെത്തിടുവാന്‍,
ദൂരത്ത് പിതൃഭവനത്തിലേയ്ക്ക്.
നിശ്ചിത വേള,യകത്തളത്തില്‍,
നിര്‍ഭര നിര്‍വൃതിക്കര്‍ഹരായി,
ജന്മങ്ങള്‍ ജന്മാന്തരങ്ങളാകും,
മാസ്മരശക്തി നിനക്കു മാത്രം.
മുമ്പേ പറന്നവരെത്രയെത്ര,
പുത്തന്‍ കവാടത്തില്‍ കാത്തിരിപ്പൂ;
ദിവ്യവെളിച്ചത്തില്‍ വേദികയില്‍,
സ്വാഗതമോതുവാനക്ഷണം ഹാ!
കാണാമറയത്തപാരതയില്‍,
നവ്യാനുഭൂതികളാഗതര്‍ക്ക്;
മാടിവിളിക്കും പ്രഭാവലയം,
നീളെ മഹത്തര ദര്‍ശനങ്ങള്‍;
പ്രിയങ്കരങ്ങള്‍ പരിത്യജിച്ച്,
ജീവിതബന്ധനം വിട്ടകന്ന്,
ഭീതിയെന്യേ വിളികേള്‍ക്കുപോര്‍ക്ക്,
ആത്മവിമോചനം മോക്ഷമത്രെ.
ജീവസ്പന്ദങ്ങള്‍ നിലച്ച ദേഹം,
ജീര്‍ണ്ണതയായ് ഭൂവി വിസ്തൃതിയായ്;
ദേഹിയദൃശ്യതയില്‍ പെരുളായ്,
കാലാതിവര്‍ത്തിയാം വിസ്മയം, ഹാ!
മൂര്‍ത്തരൂപങ്ങളമൂര്‍ത്തമായി,
കൂടുവിട്ടേതോ നിഗൂഢതയില്‍,
പൂര്‍ണ്ണത തേടി, യെന്നേയ്ക്കുമായി,
ജനിമൃതിമുദ്രകളന്യമാക്കി.
സൗഭാഗ്യശാലിക്ക് പേടിസ്വപ്നം!
ദുഃഖിതനോ, ശാന്തിദൂതനത്രെ,
ഉച്ചനീചത്വങ്ങളില്ലാതെയായ്,
മൃത്യുവേ, നിന്‍മുന്നില്‍തുല്യരാരും.
ജീവന്‍വെടിയും മുഹൂര്‍ത്തമെന്നേ-
മാനവര്‍ക്കജ്ഞാതമായിമന്നില്‍?
ഇഷ്ടമുണ്ടെങ്കിലുമില്ലെങ്കിലും,
സത്യമേ, കുമ്പിട്ടിടുന്നു മുന്നില്‍.

നിത്യവിരഹമേ.... (കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക