Image

വെറോണിക്ക (ചെറുകഥ: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 24 April, 2020
വെറോണിക്ക  (ചെറുകഥ:  രമ പ്രസന്ന പിഷാരടി)
അയല്‍പക്കത്തെ പുതിയ താമസക്കാരിലൊരാളാണ്  വെറോണിക്ക.  വെറോണിക്കയെ   ആദ്യം കണ്ടപ്പോള്‍ എനിക്കത്ര ഇഷ്ടമായില്ല.

വെറോണിക്ക എന്ന പേരു കേട്ടപ്പോള്‍ എനിക്കാദ്യം  ഓര്‍മ്മവന്നത് ഞങ്ങളുടെ ഗ്രാമത്തിലെ തറവാട്ടില്‍ രണ്ട് കാതിലും ഓടയിട്ട്, ചട്ടയും, മുണ്ടും ധരിച്ചു വന്നിരുന്ന  വെറോണിക്ക ചേടത്തിയെയാണ്.  വെറോണിക്ക ചേടത്തിയെ എനിക്കിഷ്ടമായിരുന്നു.  പക്ഷെ  അയല്‍ വീട്ടിലെ പുതിയ  താമസക്കാരിയായ  മുക്കാല്‍ പാവാടക്കാരിയ്ക്ക് വെറോണിക്ക എന്ന പേര് എന്തോ    ചേരില്ല  എന്നെനിക്ക് തോന്നി.  വെറോണിക്ക എന്ന് പേരുള്ളവരൊക്കെ  ആ ചേടത്തിയെ പോലെയാവണമെന്നൊരാഗ്രഹം എന്റെയുള്ളിലുള്ളത് പോലെയായിരുന്നു മുക്കാല്‍ പാവാടക്കാരിയോടുള്ള  എന്റെ പെരുമാറ്റവും.


ഇന്നത്തെ കാലത്ത് ഇങ്ങനെയും പേരുള്ള  പെണ്‍കുട്ടികളുണ്ട് എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല  എന്നതായിരിക്കും  സത്യമെങ്കിലും അത് അംഗീകരിക്കാന്‍ എനിക്കായില്ല .  എത്ര സ്‌റ്റൈലന്‍ പേരുള്ള കുട്ടികളാണ്  എന്‍ജിനിയീറിംഗ്  ക്‌ളാസിലെ സഹപാഠികള്‍.  ഇത് വേറൊരു രൂപം. ഒരു  മുക്കാല്‍ പാവാടയും  പുള്ളിപുള്ളിയുള്ള ബ്‌ളൗസും. തനി കുഗ്രാമം.


വന്ന് രണ്ട് ദിവസത്തിനകം തന്നെ വീട്ടിലോട്ട് വന്നു. അമ്മയോട് എന്തോ ചോദിച്ച് വാങ്ങി. തെക്ക് പുറത്തൂടെ തിരിയെ പോകുമ്പോള്‍ എന്നെ കണ്ടു. മുഖം  നിറഞ്ഞൊരു  ചിരി  എനിക്ക് നല്‍കി.

പിന്നെ  ഉണ്ണിച്ചേട്ടാ   ഏത് കോളേജിലാണ്, എന്താ പഠിക്കുന്നത് അങ്ങനെ ഒരു നൂറ് ചോദ്യങ്ങള്‍.  അമ്മ ഉണ്ണീ  എന്ന് വിളിക്കുന്നത് കേട്ടാവാണം ധീരജ് എന്ന എന്റെ പേര് പോലും  വെറോണിക്ക ചോദിക്കാതിരുന്നത് .

ഒരിക്കല്‍ വെറോണിക്ക വന്നപ്പോള്‍ ഞാന്‍ പടിഞ്ഞാറെ വരാന്തയിലിരുന്ന് വായിക്കുകയായിരുന്നു. ഉണ്ണിച്ചേട്ടാ  'ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ്' ഉണ്ടോ?. ഞാനൊന്ന് ഞെട്ടി.

ഇല്ല..

ഒരത്യാവശ്യത്തിനായിരുന്നു. എന്റെ കൈയിലേത് ഒരു കൂട്ടുകാരീടെ കൈയിലാണ്. അവള്‍ വയനാട്ടിലാണ് ..

എന്റെ കൈയില്‍ ആ പുസ്തകം ഇല്ലല്ലോ

എന്താ വായിക്കുന്നത്  ഉണ്ണിച്ചേട്ടാ..

ഒരു സയന്‍സ് ബുക്കാണ്....

എന്റെ കൈയില്‍ ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹയുണ്ട് .. മെലൂഹയിലെ ചിരംജീവികള്‍..

ഞാന്‍ വെറോണിക്കയെ  ഒന്നൂ കൂടി നോക്കി. പച്ച മുക്കാല്‍ പാവാട.. ഗവണ്മെന്റ് സ്‌ക്കൂളില്‍  ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്നവള്‍..

എന്നോട് പറയുന്നു.. എന്തൊരെഴുത്താണത്. അമേസിംഗ്..

 

അവളുടെ മുന്നില്‍ ചെറുതാകാതിരിക്കാന്‍ ഞാന്‍ പറഞ്ഞു.

അത് ഞാന്‍ വായിച്ചിട്ടുണ്ട്.

ഭാഗ്യത്തിന് അവളുടെ അമ്മ അവളെ മതിലിനരികില്‍ വന്ന് വിളിച്ചു.

അത് കൊണ്ട് മെലൂഹയെന്തെന്നുള്ള ചര്‍ച്ചയ്ക്ക് അവള്‍ നിന്നില്ല

 

അമീഷ് ത്രിപാഠിയെന്ന എഴുത്തുകാരനെ  ഞാന്‍ കേട്ടിണ്ടായിരുന്നില്ല. മെലൂഹയും, നാഗന്മാരുടെ രഹസ്യവും, വായുപുത്രന്മാരുടെ ശപഥവും എന്നി മൂന്ന് പുസ്തകങ്ങളെ കുറിച്ചും എനിക്കറിവുണ്ടായിരുന്നില്ല.

എന്റെ ഷെല്‍ഫില്‍ സയന്‍സ് പുസ്തകങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.  സയന്‍സ് ആണ് ലോകത്തിന്റെ ശാസ്ത്രം എന്ന് വിശ്വസിച്ച ഒരച്ഛന്റെ മകനാണ്  ഞാന്‍. ഫിസിക്‌സ് എന്ന ഭൗതികശാസ്ത്രം ദ്രവ്യം ഊര്‍ജ്ജം, ഊര്‍ജ്ജസ്രോതസ്സുകള്‍ ഇവയ്ക്കപ്പുറം ഒരു മെലൂഹയും അന്ന് വരെ എന്നെ ആകര്‍ഷിച്ചിരുന്നില്ല. 


സാധാരണക്കാരില്‍   നിന്ന് ഒരു പടി ഉയര്‍ന്ന് നില്‍ക്കുന്ന ഐന്‍സ്റ്റിന്‍   ക്‌ളബിലാണ് ഞാനെന്ന്  വിശ്വസിക്കാനായിരുന്നു   എനിക്കിഷ്ടം.  കോസ്മിക് ലോകത്തിലെ ദൈവകണം കണ്ട് പിടിച്ച സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ പിന്‍ തലമുറക്കാരനെന്ന് അഭിമാനിച്ചിരുന്ന എന്നെയാണ്    ഒരു  ഗവണ്മെന്റ് സ്‌ക്കൂള്‍  ഒമ്പതാം ക്‌ളാസ്‌കാരി  മുക്കാല്‍പ്പാവാടക്കാരി  നരുന്ത് പെണ്‍കുട്ടി  തൂവല്‍ പോലെ പൊക്കിയെടുത്ത് മലര്‍ത്തിയടിച്ചത്. 

 

ആദ്യമൊക്കെ തനി കുഗ്രാമമെന്ന് കരുതിയെങ്കിലും അവളെ അല്പം ഭയത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടിരുന്നത്.  ക്‌ളാസില്‍ കാണാപ്പാഠം പഠിച്ച് എല്ലാ വിഷയങ്ങളിലും ഒന്നാം സ്ഥാനം തേടുന്ന ധീരജ് മേനോന്‍ ഒരു പുസ്തകപ്പുഴു മാത്രമാണെന്ന് ഒരു  കുഗ്രാമപ്പെണ്ണിന് തോന്നാതിരിക്കാന്‍ അന്നാദ്യമായി  ലോകസാഹിത്യത്തിലെ പുസ്തകങ്ങള്‍ തിരഞ്ഞു..

വെറോണിക്ക ഒരിക്കല്‍ ചോദിച്ചു 'മൈ നെയിം  ഈസ് റെഡ്' വായിച്ചിട്ടുണ്ടോ

'മൈ നെയിം ഈസ് റെഡ്..'

യെസ്..

എന്താ എഴുത്തല്ലേ

അതെയതെ..

ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്തെ പുസ്തകങ്ങളൊക്കെ അറിയാമെന്ന് ഭാവിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ

മുക്കാല്‍ പാവാടയുമിട്ട് എന്റെ മുന്നില്‍ ആളാവുന്ന അവളോട് വെറുപ്പായിരുന്നു.  സത്യത്തില്‍ അവള്‍ ആളാകാനായി സംസാരിക്കുന്നതല്ലെന്ന്  എനിക്കറിയാമായിരുന്നു. അവള്‍ കരുതിയത്   വലിയ ബുദ്ധിമാനായ ഞാന്‍ വളരെയധികം പുസ്തകങ്ങള്‍ വായിച്ചുണ്ടാകും എന്നായിരുന്നു.

മാക്‌സിം ഗോര്‍ക്കിയുടെ അമ്മയുണ്ടല്ലോ.. അത് വായിച്ച് വായിച്ച് എനിയ്ക്ക് സങ്കടം വന്നൂട്ടോ..

അതെന്തിനാ സങ്കടപ്പെടുന്നത്. വിപ്‌ളവോം, യുദ്ധോമൊക്കെ ലോകത്ത് നടക്കുന്നതല്ലേ.

ഭാഗ്യം .. ഈ നോവല്‍ ചര്‍ച്ച കോളേജില്‍ നടന്നിരുന്നു. അത് കൊണ്ട്  വായിച്ചില്ലെങ്കിലും രണ്ട് വാക്ക് പറയാനായി.

 

'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ഞാന്‍ വായിച്ചിട്ടുണ്ട്.  പിന്നെ ആ സിനിമയും കണ്ടു, 'തിയറി ഓഫ് എവരിതിംഗ്..' ഹിഡണ്‍ ഫിഗേഴ്‌സ്.. ആ സിനിമയും കണ്ടു  അതിലെ കാതറിന്‍ ജോണ്‍സനെ എനിക്കിഷ്ടമായി.

 

ദൈവമേ ഇതെന്താ വിശ്വവിഞ്ജാനകോശമോ.  മുക്കാല്‍ പാവാടയുമിട്ട് ചെരിപ്പ് പോലും ഇടാതെ   ഇടയ്ക്കിടെ അമ്മേടടുത്ത് വന്ന് അരിയോ, പഞ്ചസാരയോ കടം വാങ്ങി പോകുന്നവള്‍.. ഇവരെന്താ  ഇങ്ങനെ. സിറ്റിയിലെ  ഒരു  പെരുമാറ്റരീതിയും അറിയാത്തവര്‍.

 

അന്ന് അമ്മയോട് ചോദിക്കയുണ്ടായി, എന്താ അമ്മേ ആ വീട്ടുകാര്‍ അങ്ങനെ..

നല്ല നിലേലിരുന്ന കുടുംബാണ്  ഇപ്പോള്‍ എന്തോ പ്രശ്‌നങ്ങളുണ്ട് . ഞാന്‍ കൂടുതല് ചോദിച്ചൂല്ല..

പുതിയ താമസക്കാര്‍ക്ക് എന്തൊക്കെയോ പ്രയാസങ്ങളുള്ളവരാണെന്നറിഞ്ഞപ്പോള്‍  വെറോണിക്കയോടുള്ള  ഇഷ്ടക്കേട് അല്പം കുറഞ്ഞു തുടങ്ങിയിരുന്നു

അമ്മയുടെ  ഹൃദയം അവരുടെ സങ്കടങ്ങള്‍ അറിഞ്ഞപ്പോള്‍ അച്ഛന്‍ മനസ്സ് കൊണ്ട് അളന്നു. 'അത്ര അടുപ്പോന്നും വേണ്ട,  ഇക്കാലത്ത് ആരേം വിശ്വസിക്കാന്‍ കൊള്ളില്ല.'

അച്ഛനങ്ങനെ പറഞ്ഞപ്പോഴും ചിരിച്ചോണ്ട് മുന്നില്‍ വന്ന് നിന്ന്

'ഇന്‍ ഹെറിറ്റന്‍സ് ഓഫ് ലോസ്സ് വായിച്ചിട്ടുണ്ടോ ഉണ്ണിച്ചേട്ടാ

അതെനിക്കത്ര  ഇഷ്ടായില്ലട്ടോ' എന്ന് പറയുന്ന വെറോണിക്കയെ വിശ്വസിക്കാമെന്ന് എനിയ്ക്ക് തോന്നി.


കാഞ്ഞിരപ്പള്ളിലായിരുന്നപ്പോള്‍ താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുണ്ടായിരുന്നു. അതിനരികില്‍  നാസയില്‍ പോകാന്‍ പഠിക്കുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ആ ചേച്ചിയാണ്  പഴയ ലാപ്‌ടോപ്പ് തന്നത്,  അങ്ങനെയാണ് സയന്‍സ് സിനിമകള്‍ കണ്ടത്. സിസ്റ്റര്‍ മാഗ്ദലിന ഇംഗ്‌ളീഷ് മീഡിയം സ്‌ക്കൂളില്‍ ഫ്രീ അഡ്മിഷന്‍ കൊടുത്തത്,  അഞ്ചുവരെ കോണ്‍ വെന്റില്‍ പഠിച്ചത്, പിന്നെ വല്യ അങ്കിള്‍ മരിച്ചപ്പോള്‍  ബംഗ്‌ളാവ് വില്‍ക്കേണ്ടി വന്നത്, ക്വാര്‍ട്ടേശ്‌ഴ്‌സ് ഒഴിയേണ്ടി വന്നത്, വാടകവീടുകളില്‍ താമസിച്ചത്, രണ്ട് വര്‍ഷം സ്‌ക്കൂളില്‍ പോകാതിരുന്നത്, പിന്നെ സര്‍ക്കാര്‍ സ്‌ക്കൂളില്‍ ചേര്‍ന്നതുമായ  കഥയൊക്കെ ഇടയ്ക്കിടയ്ക്ക് വെറോണിക്ക എന്നോട് പറഞ്ഞു കൊണ്ടിരുന്നു.

 

അതിനിടയില്‍ എനിക്കൊരു കോണ്‍ഫറന്‍സിനും വര്‍ക്ക് ഷോപ്പിനും അവസരമൊത്തു വന്നു.  ഏതെങ്കിലും പുസ്തകം വായിച്ചോന്ന് ചോദിച്ചെന്നെ വെള്ളം കുടിപ്പിച്ചിരുന്ന  വെറോണിക്കയില്‍ നിന്ന്  മൂന്ന് മാസം കിട്ടുമല്ലോ എന്നോര്‍ത്ത് എനിയ്ക്കല്പം സന്തോഷമുണ്ടായി  കോണ്‍ഫറന്‍സിനും മൂന്ന് മാസത്തെ ഗവേഷണ വര്‍ക്ക് ഷോപ്പിനും  എന്നെ നിര്‍ബന്ധിച്ച് അപേക്ഷ അയപ്പിച്ച അച്ഛനോട് സ്‌നേഹവും തോന്നി.

 

മുക്കാല്‍ പാവാടയിട്ട്  കാറ്റടിച്ചാല്‍ പറന്നുപോകുന്നപോലെ തോന്നിച്ച  മുന്നില്‍ വന്ന് നിന്ന് ഞാനൊരിക്കലും കേട്ടിട്ടോ, കേള്‍ക്കാനാഗ്രാഹിക്കാത്തവരുടെയോ, പേരുകള്‍ പറഞ്ഞ് എന്നെ എന്നും തോല്പിച്ചു കൊണ്ടിരുന്ന വെറോണിക്കയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ഞാനും സന്തോഷിച്ചു, നോവല്‍ വായന എന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ ബോറായ ഒന്നായിരുന്നു.


പലരും നിര്‍ബന്ധിച്ച് വലിയ സംഭവമാണെന്ന് പറഞ്ഞ രണ്ട് നോവലുകള്‍ വായിക്കാനെടുത്ത് പത്ത് പേജ് പോലും തികച്ച വായിക്കാനാകാഞ്ഞ് പരാജയപ്പെട്ട വായനക്കാരനാണ് ഞാന്‍

 

അന്ന് വെറോണിക്ക വന്നത്  കുറച്ച് പാല് വാങ്ങനാണ്, ആരോ വന്നിട്ടുണ്ടത്രെ. തിരിയെ പോകുന്നതിന് മുന്‍പേ കൈയിലിരുന്ന് നാലോ അഞ്ചോ പുസ്തകങ്ങള്‍ എനിക്ക് നേരെ നീട്ടി.

എന്താത്. 

 

ഇത് ഗീതാഞ്ജലി. ടാഗോറിന് നോബല്‍ കിട്ടിയതിതിനാണ്.

അറിയാം. അത്ര തീര്‍ച്ചയില്ലയിരുന്നെങ്കിലും ഞാന്‍ പറഞ്ഞു.

വിംഗ്‌സ് ഓഫ് ഫയര്‍.. സ്‌ക്കൂളില്‍ നിന്ന് സമ്മാനം കിട്ടിയതാണ്.

കലാമിന്റെ മുഖചിത്രമുള്ള ബുക്ക്

ഗുഡ്..

കലാമിനെ വായിക്കാതിരുന്നതില്‍ അല്പം നിരാശ തോന്നി.

 

വണ്‍ ഹണ്ട്രര്‍ഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്..

 

മാജിക്കല്‍ റിയലിസം എന്ന് ദിവസോം ലാംഗ്വെജ് ക്‌ളാസില്‍ രമേശന്‍ മാഷ് പുകഴ്ത്തി പുകഴ്ത്തി ആകാശത്തോളം ഉയര്‍ത്തിയ  വിദ്വാന്റെ പുസ്തകം.

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. മാഷിന്റെ ക്‌ളാസിലിരിക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ പഴയ ജന്മത്തില്‍ ഒരു മലയാളി ആയിരുന്നോ എന്നൊരു സംശയം ഉണ്ടായിട്ടുണ്ട്

ഏകാന്തതയുടെ  നൂറുവര്‍ഷങ്ങളും വായിച്ചിട്ടില്ല..

ഇനിയുള്ളത് എന്താണാവോ ഞാന്‍ അമ്പരന്നു.

 

ജെഫ്രി ആര്‍ച്ചര്‍.. ഇയാല്‍ കുറെ നാള്‍ ജയിലിലായിരുന്നല്ലോ

 

ഉണ്ണിച്ചേട്ടാ 'നോട്ട് എ പെന്നി മോര്‍ നോട്ട് എ പെന്നി ലെസ് ' വായിച്ചിട്ടുണ്ടോ. എന്തൊരെഴുത്താ അത്.

ഒന്നും തിരികെ പറയാന്‍ തോന്നിയില്ല. അങ്ങനെയൊരു പുസ്തകത്തെപ്പറ്റി കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല

 

അവസാനം തന്നത് ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രം..

ഒന്ന് മറിച്ചു നോക്കി.

നാട്ടുരാജ്യചരിത്രം മുതല്‍ അഞ്ഞൂറ് പേജോളമുള്ള പുസ്തകം.

 

വെറോണിക്ക പുസ്തകങ്ങള്‍ കൈയിലേയ്ക്ക് തന്നിട്ട് പറഞ്ഞു. ഇവിടെ വച്ചാല്‍  ഇത് ഷെല്‍ഫില്‍ കേടാകാതിരിക്കും. മഴ പെയ്തപ്പോള്‍ ചോര്‍ച്ചയിലൂടെ വെള്ളം അകത്ത് കയറി  തട്ടകവും, ആശ്ചര്യചൂഡാമണിയും, സുന്ദരികളും  സുന്ദരന്മാരും, യന്ത്രവും കുതിര്‍ന്നു പോയി..

പറയുന്ന  ഒരു  പേരും എനിക്ക് പരിചിതമല്ല.

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ളവര്‍ക്കും  ചില കാര്യങ്ങള്‍ അറിയാനാവില്ല. സമുദ്രത്തിലെ ഒരു തുള്ളി ജലകണത്തിന്റെ അറിവേ നമുക്കൊക്കെയുള്ളൂ എന്ന് അമ്മ പറയുന്നതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി.. അത് പോലുമുണ്ടോ എന്നൊരു സംശയവും ഇപ്പോഴുണ്ടാകുന്നു.

ആര്‍ട്ടിഫിഷ്യലായി കൃത്രിമത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് വലിയ ഭൗതികശാസ്ത്രമെന്ന് പറഞ്ഞഹങ്കരിക്കുന്ന എനിയ്ക്ക് പലതും അറിയില്ല  എന്ന് മനസ്സിലായി.

പിന്നെ ഞാന്‍ ഡല്‍ഹിയില്‍ പോയി.  എയര്‍കണ്ടീഷന്‍ ചെയ്ത ഹോളുകളില്‍ വല്യ ബുദ്ധിജീവികളെ പോലെയുള്ള ബഹുമാന്യവ്യക്തിത്വങ്ങള്‍ ഭൗതികശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തു 

ബുദ്ധിജീവികളുടെ ഐ ക്യൂ കൂടുതലുള്ള ബ്രയിന്‍ സെല്ലുകളില്‍ പഠിക്കാനാവുന്നതില്‍ കൂടുതല്‍ പഠിച്ച് സ്റ്റോര്‍ ചെയ്ത മെമ്മറി സ്റ്റിക്കുകള്‍

കണ്ട് എനിക്കത്ഭുതാദരമുണ്ടായി.

 

തിരികെയെത്തിയപ്പോള്‍ എന്റെ മനസ്സില്‍ ശാസ്ത്രതത്വങ്ങളിലൂടെ ലോകം തിരിക്കുന്ന മനുഷ്യരായിരുന്നു കൂടെയുണ്ടായിരുന്നത്. സാധാരണജനങ്ങളെക്കാള്‍ ചിന്തയിലും പ്രവര്‍ത്തിയിലും  ഉയര്‍ന്നുയര്‍ന്ന് നില്‍ക്കുന്നവര്‍.

 

തിരികെയെത്തി ഒരാഴ്ച്ച  കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്.

വെറോണിക്ക വീട്ടിലേയ്ക്ക് വരുന്നില്ല.

സ്പന്ദമാപിനികളും, ദേശത്തിന്റെ കഥയുമായി വെറോണിക്ക ഒരിക്കല്‍ പോലും  വന്നില്ല

അമ്മയോട് ഒരു വൈകുന്നേരം ചോദിച്ചു,

അമ്മേടെ അരീം സാമാനോം കടം വാങ്ങുന്ന വെറോണിക്കയെ കാണുന്നില്ലല്ലോ ഇപ്പോള്‍.

ഓ അതാണോ അതിന്റെ കല്യാണം കഴിഞ്ഞു.

മുക്കാല്‍ പാവാടേമിട്ട് ഒമ്പതാം ക്‌ളാസില്‍ പഠിച്ചിരുന്ന ഒരാളെ ഇത്ര വേഗം കല്യാണം  ചെയ്തയച്ചന്നോ.

എന്റെ അമ്പരപ്പ്  കണ്ടാവണം അമ്മ പറഞ്ഞു.

വെറോണിക്ക  ആ വീട്ടിലെ കുട്ടിയല്ല. അവര്‍ക്ക് വ്യവസായൊക്കെയുണ്ടായിരുന്ന കാലത്ത് ജോലിയ്ക്ക് നിന്നിരുന്ന സ്ത്രീയുടെ മകളാണ്. അവര് മരിച്ചു. ഇനീം ആരും നോക്കാനില്ലാതെ വന്നാല്‍ കഷ്ടാണല്ലോ എന്ന് കരുതി അവരുടെ അമ്മേടെ വീട്ടിന്ന് ആരോ വന്ന് കല്യാണോം നിശ്ചയിച്ച് കൊണ്ട് പോയി..

ഷെല്‍ഫിലിരുന്ന വെറോണിക്കയ്ക്ക് സ്‌ക്കൂളില്‍ നിന്ന് സമ്മാനം കിട്ടിയ .. 'വിംഗ്‌സ് ഓഫ് ഫയര്‍'  ഞാനെടുത്തു.

അതിലെ ആദ്യപേജില്‍ ഇങ്ങനെയെഴുതിയിരുന്നു.

ശാസ്ത്രലേഖനം ഒന്നാം സമ്മാനം സാറ മറിയം ജോര്‍ജ്ജ്.

വെറോണിക്കയുടെ യഥാര്‍ഥ പേര് ഞാനും എന്റെ ധീരജ് എന്ന പേര് വെറോണിക്കയും ഒരിക്കലും ചോദിച്ചിരുന്നില്ല എന്നത് എങ്ങനെ സംഭവിച്ചു എന്നൊരാലോചന എന്നിലുണ്ടായി

അബ്ദുള്‍ കലാം എഴുതിയ  വിംഗ്‌സ് ഓഫ് ഫയറിലെ ആദ്യ അദ്ധ്യായം തുടങ്ങുന്നതിന് മുന്‍പുള്ള പേജിലെ ചെറിയ കുറിപ്പ് ഞാന്‍ വായിച്ചു

This earth is His, to him belong to those vast and boundless skies.

Both seas  within him rest  and yet in that small pool He lies.

(Atharva Veda Book 4 Hymn 16)

 

'ഈ ഭൂമി അവന്റേതാണ്, വിശാലവും അതിരുകളില്ലാത്തതുമായ ആകാശങ്ങള്‍ അവന്റേതാണ്. അവന്റെ ഉള്ളില്‍  രണ്ട് സമുദ്രങ്ങളും വിശ്രമിക്കുന്നു, എന്നിട്ടും അവന്‍ കിടക്കുന്നത് ആ ചെറിയ കുളത്തിലാണ്'

 

എന്റെ മുന്നില്‍ വന്ന് മുഖം നിറയെ ചിരിയുമായി വെറോണിക്ക ചോദിക്കും പോലെ തോന്നി..

 

ഹ്യൂമാണിറ്റി. മനുഷ്യത്വശാസ്ത്രമെന്നൊരു പുസ്തകമുണ്ട്...

വായിച്ചിട്ടുണ്ടോ   ഉണ്ണിച്ചേട്ടാ?

 

പലരും  വായിച്ചിട്ടുണ്ടാവില്ല. പലര്‍ക്കും സമയോമുണ്ടാവില്ല..

എന്നെ പോലെ..



വെറോണിക്ക  (ചെറുകഥ:  രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക