Image

വേദനാജനകമെങ്കിലും റംസാനെ ഹൃദ്യമായി വരവേല്‍ക്കാം: സല്‍മാന്‍ രാജാവ്

Published on 24 April, 2020
 വേദനാജനകമെങ്കിലും റംസാനെ ഹൃദ്യമായി വരവേല്‍ക്കാം: സല്‍മാന്‍ രാജാവ്

റിയാദ്: കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൂട്ടംകൂടിയുള്ള ആരാധനകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ദുഃഖസാന്ദ്രമായ ഈ സമയത്ത് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് സല്‍മാന്‍ രാജാവ് റംസാന്‍ ആശംസകള്‍ നേര്‍ന്നു. പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ നടക്കാത്ത അത്യന്തം വേദനാജനകമായ ഈ സമയത്ത് പരിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കേണ്ടി വന്നത് ഏറെ പ്രയാസപ്പെടുത്തുന്നതായും എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ഹൃദയപൂര്‍വം ഈ പുണ്യമാസത്തെ സ്വാഗതം ചെയ്യുന്നതായും സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് രാജാവ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സൗദി അറേബ്യയില്‍ റംസാന്‍ വ്രതം ആരംഭിച്ചത്.

കൊറോണ വൈറസ് ഭയാനകമായ പകര്‍ച്ചവ്യാധിയായി ലോകം മുഴുവന്‍ പിടിച്ചടക്കി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അത്യന്തം പ്രയാസകരമായ ഈ സമയത്തെ അതിജീവിക്കാന്‍ നാം ഏറെ കഠിനമായി പ്രയത്നിക്കേണ്ടതിന്റെ ആവശ്യകത സല്‍മാന്‍ രാജാവിന് വേണ്ടി ആക്റ്റിംഗ് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി മാജിദ് അല്‍ഖസബി വായിച്ച സന്ദേശത്തില്‍ എടുത്തു പറഞ്ഞു.

പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പള്ളികളടക്കം അടച്ചു പൂട്ടുകയും അനുഷ്ടാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വന്നതില്‍ സല്‍മാന്‍ രാജാവ് ഖേദം പ്രകടിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധ മാസത്തെ വരവേല്‍ക്കുന്നത് പോലും എന്നെ വേദനിപ്പിക്കുന്നു. തറാവീഹ്, ഖിയാമുല്ലേല്‍ പ്രാര്‍ത്ഥനകള്‍ പോലും അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിയന്ത്രിക്കേണ്ടി വന്നു. സാധാരണ പ്രാര്‍ത്ഥനകളും നടത്താന്‍ സാധിക്കാതെ വന്നിരിക്കുന്നു. കോറോണയെ തുരത്താന്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ല. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ അവരുടെ ക്ഷേമം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്.

ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ മനുഷ്യരാശിയുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ഏറെ പ്രാധാന്യം നല്‍കുന്നു. വിദേശി എന്നോ സ്വദേശി എന്നോ വ്യത്യാസമില്ലാതെ രാജ്യത്ത് ജീവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സംരക്ഷണം നല്‍കാനുള്ള അശ്രാന്ത പരിശ്രമങ്ങളിലാണ് നമ്മള്‍. അതിനായി ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്.
പരിശുദ്ധ ഹറമുകളുടെ സംരക്ഷണവും ഒരു പോലെ പ്രാധാന്യമേറിയതാണ്. അവിടെ എത്തുന്ന ഓരോരുത്തരുടെയും ജീവനും ആരോഗ്യവും തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടണം. അവിടെ എത്തുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ സംരക്ഷണത്തിനായി കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട്. ലോകരാജ്യങ്ങളുടെ പ്രശംസ ഈ വിഷയത്തില്‍ നമുക്ക് ലഭിച്ചിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്. കൊറോണ അതിഭീകരമായാണ് ലോകത്ത് വ്യാപിക്കുന്നത്. അതിന്റെ കണ്ണികളാവാതിരിക്കാന്‍ നമുക്ക് സാധിക്കണം. വൈറസ് വ്യാപനം പരിമിതപ്പെടുത്താനുള്ള രാജ്യത്തെ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള നടപടികളില്‍ സംതൃപ്തനാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സേവനം നല്‍കുന്നതോടൊപ്പം ലോകരാഷ്ട്രങ്ങളില്‍ ഈ വൈറസ് വ്യാപനം തടയുന്നതിന് അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയും സൗദി അറേബ്യ നല്‍കുന്നുണ്ട്. സാമ്പത്തികമായും മനസികമായുമുള്ള പിന്തുണയാണ് സൗദി യു എന്‍ ഏജന്‍സികള്‍ക്കും ലോകാരോഗ്യ സംഘടനക്കും ഇതിനായി നല്കുന്നത്.

അതിര്‍ത്തികളില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി രാജ്യത്തെ കാക്കുന്ന സുരക്ഷാഭടന്മാരോട് എല്ലാവിധ നന്ദിയും രാജാവ് രേഖപ്പെടുത്തി. അള്ളാഹു നിങ്ങളുടെ ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക് തക്ക പ്രതിഫലം നല്‍കട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക