Image

മഹാമാരിക്കിടയിലെ ഒരു മഹാപാതകം (സുരേന്ദ്രന്‍ നായര്‍)

Published on 25 April, 2020
മഹാമാരിക്കിടയിലെ ഒരു മഹാപാതകം (സുരേന്ദ്രന്‍ നായര്‍)
മഹാരാഷ്ട്രയിലെ പല്‍ഘാര്‍ എന്ന ഗ്രാമത്തില്‍ രണ്ടു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആള്‍ക്കൂട്ടം വഴിയില്‍ തടഞ്ഞുനിര്‍ത്തി അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം നിയമപാലകരെയോ ഭരണാധികാരികളെയോ അതിലുപരി വാര്‍ത്താ മാധ്യമങ്ങളെയോ കാര്യമായി അലോസരപ്പെടുത്തിയതായി കാണുന്നില്ല. കൊലപാതകങ്ങളുടെ പിന്നിലെ ദുരൂഹത ഇനിയും വ്യക്തമായിട്ടില്ല.

നിയമവാഴ്ച നിലനില്‍ക്കുന്ന ഏതു സമൂഹത്തിലും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപരിഷ്‌കൃതവും അപലപനീയവുമാണ്. ലൗകിക ജീവിതത്തിലെ ദൈനംദിന വ്യവഹാരങ്ങളില്‍ ഇടപെടാതെ സഹാനുഭൂതിയും സഹവര്‍ത്തിത്വവും പുലര്‍ത്തി ആത്മാന്വേഷണ പാതയില്‍ ചരിക്കുന്ന രണ്ടു സന്യാസിമാരെയാണ് സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ബലം പ്രയോഗിച്ചു പിടിച്ചിറക്കി അടിച്ചും ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തിയത്. സമാനതയില്ലാത്ത ഈ ഹിംസയാണ് സമൂഹ മനസാക്ഷിയെ പിടിച്ചുലക്കുന്നതു.

സൂറത്തില്‍ നടക്കുന്ന തങ്ങളുടെ ഗുരുവിന്റെ സമാധിയോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ നാസിക്കില്‍ നിന്നും യാത്ര പുറപ്പെട്ട ഈ സാധുക്കളെ സമീപ ഗ്രാമങ്ങളില്‍ നിന്നും ഭ്രാന്തമായ ആവേശത്തോടെ സംഘടിച്ചെത്തിയ ജനക്കൂട്ടം റോഡില്‍ തടഞ്ഞപ്പോള്‍ തന്നെ ആരോ വിവരം നില്കിയതനുസരിച്ചു പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. പ്രാണരക്ഷാര്‍ത്ഥം പോലീസിന്റെ പാദങ്ങളില്‍ ഈ നിരപരാധികള്‍ അഭയം തേടിയെങ്കിലും പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അക്രമികള്‍ മൂന്നുപേരെയും മൃഗീയമായി ആരും കോല നടത്തുകയാണുണ്ടായത്.

ലഭ്യമാകുന്ന ഈ വിവരങ്ങള്‍ സംഭവം യാദൃശ്ചികമായി ഉണ്ടായതല്ലെന്നും ദുരൂഹമായ നീക്കങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നതായും സംശയങ്ങള്‍ ജനിപ്പിക്കുന്നു. കൊല നടത്തിയവര്‍ക്ക് യാതൊരു മുന്‍ പരിചയവുമില്ലാത്ത ഈ സന്യാസിമാര്‍ കാവി വസ്ത്രം അണിഞ്ഞിരുന്നതോ, അക്രമികള്‍ക്ക് ലഭിച്ച അജ്ഞത നിര്‍ദ്ദേശങ്ങളോ ആയിരിക്കാം കൊലപാതകങ്ങള്‍ക്ക് കാരണമെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിലേതു കാരണമായാലും അക്ഷന്തവ്യമായ ഈ കുറ്റകൃത്യം ഭരണാധികാരികളും മുഖ്യധാരാ മാധ്യമങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിച്ചില്ലായെങ്കില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഈ സംഭവം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സന്ദേശമില്ല.

സംസ്ഥാനം ഭരിക്കുന്ന ശിവസേന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനകം നൂറിലേറെപേരെ അറസ്റ്റുചെയ്യുകയും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കരുതെന്നു പ്രതിപക്ഷത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വര്‍ഗീയവല്‍ക്കരിക്കരുത് എന്ന ആവശ്യം അംഗീകരിക്കാമെങ്കിലും ആ പ്രദേശത്തു നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആ ആവശ്യത്തെ പൂര്‍ണ്ണമായി സാധൂകരിക്കുന്നില്ല.

ഒരു കാലത്തു ബോംബെ നഗരത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ സംസ്ഥാനത്തുനിന്നും പൂര്‍ണ്ണമായി അരങ്ങു ഒഴിഞ്ഞിട്ടില്ലായെന്നതിനു തെളിവാണ് സി പി എമ്മിന്റെ ഏക സ്ഥാനാര്‍ഥി ഈ പ്രദേശത്തു വിജയിച്ചു എം എല്‍ എ ആയിരിക്കുന്നത്.മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ മനുഷ്യ കുരുതിയെ അപലപിക്കാനോ നിയമ നടപടികളെ സഹായിക്കാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സജീവമാകുന്നില്ലായെന്നത് കാര്യത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

ആദിവാസികളും പിന്നോക്കക്കാരും അധിവസിക്കുന്ന ഈ മേഖലയില്‍ സംഘടിതമായ മതംമാറ്റ നീക്കങ്ങളും അതുമായി ബന്ധപ്പെട്ട സംഘര്ഷങ്ങളും കുറെ കാലമായി നിത്യ സംഭവങ്ങള്‍ ആണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. മതപരിവര്‍ത്തനം പ്രലോഭിതവും നിര്ബന്ധിതവുമാകുമ്പോള്‍ അവിടങ്ങളില്‍ സംഘര്ഷങ്ങള്‍ പതിവാകും,നിക്ഷിപ്ത താത്പര്യത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവിടെ നിസ്സംഗത പാലിക്കുമ്പോള്‍ പലപ്പോളും കാര്യങ്ങള്‍ കൂടുതല്‍ ഉഷാറാകാറുമുണ്ട്.

ആര്‍ഷഭാരത പരമ്പരയുടെ ഭാഗമായ സന്യാസിമാരെയോ കാവി വസ്ത്ര ധാരികളെയോ ലക്ഷ്യംവെക്കുന്ന രാഷ്ട്രിയവും മതപരവുമായ പ്രാദേശിക സമസ്യകള്‍ ഒരിക്കലും ആശാസ്യമല്ല. അത്തരം നീക്കങ്ങള്‍ തുടക്കത്തിലേ അവസാനിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്.

ലോകത്തെവിടെയും എന്നപോലെ ഭാരതവും ഒരു മഹാമാരിയുടെ കെടുതിയിലുടെ കടന്നുപോകുമ്പോള്‍ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വഴിതിരിച്ചു വിടാനുതകുന്ന ഈ സംഭവത്തിലെ മുഴുവന്‍ കുറ്റവാളികളെയും അതിനു പിന്നിലെ ഗൂഢാലോചനയെയും എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.
Join WhatsApp News
Indian American 2020-04-25 18:29:43
വെറുപ്പും അക്രമവും ആശയമായി സ്വീകരിച്ചിരിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ഇപ്പോള്‍ നൊന്തിരിക്കുന്നു. ഗ്രഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളെയും കൊന്നപ്പോള്‍, ഗുജറാത്തില്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ ഓറിസയിലെ ഡാംഗ് ജില്ലയില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ ക്രൈസ്തവരെയും ദളിതരെയും റോഡിലിട്ടു ചവിട്ടി കൊല്ലുമ്പോള്‍ ഒന്നും ഒരു ധാര്‍മ്മിക രോഷവും കണ്ടിട്ടില്ല. എന്നല്ല, ഇത്തരം അതിക്രമങ്ങളൂടെ മഹത്വത്തിലാണു ബി.ജെ.പി. അധികാരത്തില്‍ കയറിയതും. രാജ്യമൊട്ടാകെ യാതൊരു തയ്യാറെടുപ്പുമില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നൂറു കണക്കിനു മൈല്‍ നടന്നും പട്ടിണി കിടന്നും എത്ര പേര്‍ മരിച്ചു? അവരുടേ മരണം ഗോസ്വാമിമാരും ഉന്നത ജാതിക്കാരും കാണില്ല. ഇനി പാല്ഘറിലെ കൊന്നവരും കൊല്ലപ്പെട്ടവരും ഹിന്ദുക്കളാണ്. 101 പേരുടേ പേരും സ്റ്റേറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുസ്ലിമൊ ക്രിസ്ത്യാനിയൊ അതിലില്ല. പിന്നെ മതം മാറ്റം മുതല്‍ കമ്യൂണീസം വരെ എങ്ങനെ കയറി വന്നു? പിന്നെ മഹാരാഷ്ട്ര ഭരിക്കുന്നത് ബി.ജെ.പിയുടെ ഇന്നലെ വരെയുള്ള പങ്കാളി ശിവസേനയാണ്. അത് മറക്കണ്ട. എല്ലാ കൂട്ടക്കൊലയേയും നിയമ ലംഘനത്തേയും എതിര്‍ക്കുക. മതം തിരിച്ചുള്ള ഈ കളി ശരിയല്ല സാറേ.
Udayabhanu Panickar 2020-04-26 19:09:03
‘ കള്ളം എഴുതുന്നവർക്കു മുഖം മൂടി അത്യവശ്യം ആണെന്നു തെളിഞ്ഞു.
കള്ളന്‍ കള്ളന്‍ എന്ന് കൂവി ... 2020-04-26 19:33:24
കള്ളന്‍ കള്ളന്‍ എന്ന് കൂവി ഒരുവന്‍റെ പുറകെ ഓടിയാല്‍, ആള്‍ക്കാര്‍ കൂടുമ്പോള്‍ മുന്നില്‍ ഓടിയവന്‍ തിരിഞ്ഞു ഓടി കള്ളന്‍ കള്ളന്‍ എന്ന് കൂവിയാല്‍ ...അതിനാല്‍ സൂഷിക്കുക മോനെ; മറ്റുള്ളവരെ വിധിക്കും മുമ്പേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക